
മിഡിൽ ഈസ്റ്റിൽ യുദ്ധവും അരാജകത്വവും പടരുമ്പോൾ, ജറുസലേമിലെ സിയോൺ പർവതത്തിലുള്ള ഡോർമിഷൻ ബെനഡിക്റ്റൈൻ ആശ്രമം (Dormition Abbey) മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും അഭയസ്ഥാനമായി മാറുന്നു. മിഡിൽ ഈസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട പുതിയ യുദ്ധത്തിനിടയിൽ, സൈറണുകൾ മുഴങ്ങുമ്പോൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ജൂതന്മാരും ഒരുപോലെ ഈ ആശ്രമത്തിലെ ഷെൽട്ടറുകളിൽ അഭയം തേടുന്നു.
“കഷ്ടപ്പാടുകളുടെ സമുദ്രത്തിലെ പ്രത്യാശയുടെ ദ്വീപ്” എന്നാണ് ആശ്രമാധിപനായ ഫാ. നിക്കോഡെമസ് ഷ്നാബെൽ ഇതിനെ വിശേഷിപ്പിച്ചത്. പരസ്പരം പോരടിക്കുന്ന മതവിഭാഗങ്ങളിൽപ്പെട്ട യുവാക്കൾ ഒരേ മേൽക്കൂരയ്ക്ക് താഴെ ഭയമില്ലാതെ സംസാരിച്ചിരിക്കുന്നത് അദ്ഭുതകരമായ കാഴ്ചയാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
“മാർച്ച് നാലിന്, ഉച്ചകഴിഞ്ഞ് മുഴുവൻ ഒന്നിനു പുറകെ ഒന്നായി അലാറങ്ങൾ മുഴങ്ങി. ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഞങ്ങളോടൊപ്പം ഷെൽട്ടറിൽ ഉണ്ടായിരുന്നു. ഇത് കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും അത് അതിശയകരമായിരുന്നു,” ഫാ. ഷ്നാബെൽ പറഞ്ഞു.
മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പൊലീസ് പല പുണ്യസ്ഥലങ്ങളും അടച്ചെങ്കിലും, ആശ്രമത്തിനുള്ളിൽ പ്രാർഥനകൾക്കും ആരാധനാക്രമങ്ങൾക്കും മുടക്കമില്ല. സ്വന്തം ജീവനേക്കാൾ ഉപരിയായി, യുദ്ധത്തിൽ കഷ്ടപ്പെടുന്ന മറ്റ് കുടുംബങ്ങളെയും കുട്ടികളെയും കുറിച്ചുള്ള ആശങ്കകളാണ് വിവിധ മതസ്ഥരായ സംഘം പങ്കുവച്ചതെന്ന് ഫാ. ഷ്നാബെൽ ഓർമ്മിക്കുന്നു.
യുദ്ധത്തിന്റെ തുടക്കത്തിൽ, ഫ്രാൻസിൽ നിന്നുള്ള ഒരു തീർഥാടന സംഘം ഉൾപ്പെടെ നിരവധി തീർഥാടന സംഘങ്ങൾ ആശ്രമത്തിൽ അഭയം തേടി. എന്നിരുന്നാലും, എല്ലാ തീർഥാടകരും രാജ്യം വിട്ടുവെന്ന് മഠാധിപതി സ്ഥിരീകരിച്ചു.
തീർഥാടന സംഘങ്ങൾ അവരുടെ യാത്രകൾ റദ്ദാക്കിയെങ്കിലും, ഒറ്റപ്പെട്ടെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ ഡോർമിഷൻ ആബി ഇപ്പോഴും സന്നദ്ധമാണെന്ന് ഫാ. ഷ്നാബെൽ വ്യക്തമാക്കി. പ്രാർഥിക്കാനും ശാന്തമായി താമസിക്കാനും ആഗ്രഹിക്കുന്നവർക്കായി ആശ്രമത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ഞങ്ങളുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. താല്പര്യമുള്ളവർക്ക് ഈസ്റ്റർ ആഘോഷങ്ങളിൽ ഞങ്ങളോടൊപ്പം പങ്കുചേരാം,” ഫാ. ഷ്നാബെൽ പറഞ്ഞു. താമസ സൗകര്യത്തിനും ഭക്ഷണപാനീയങ്ങൾക്കും യാതൊരു കുറവുമില്ലെന്നും, ആശങ്കകളില്ലാതെ അതിഥികൾക്ക് ഇവിടെ കഴിയാമെന്നതുമാണ് ആശ്രമത്തിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പുണ്യഭൂമിയിലെ കത്തോലിക്കാ സഭയുടെ വൈവിധ്യമാർന്ന സ്വഭാവത്തെക്കുറിച്ച് ഫാ. ഷ്നാബെൽ വിശദീകരിച്ചു. നൂറ്റാണ്ടുകളായി ഇവിടെ വസിക്കുന്നവരും രാഷ്ട്രീയ സംഘർഷങ്ങളുടെയും കുടിയേറ്റത്തിന്റെയും സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരുമായ അറബ് സംസാരിക്കുന്ന പലസ്തീൻ ക്രിസ്ത്യാനികളാണ് ഇവിടുത്തെ പ്രധാന വിഭാഗം. കൂടാതെ, ജൂത കുടുംബങ്ങളുമായി ആഴത്തിലുള്ള ബന്ധമുള്ള ഹീബ്രു സംസാരിക്കുന്ന ഒരു ചെറിയ വിഭാഗം കത്തോലിക്കരും ഇവിടെയുണ്ട്.
ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ജോലിക്കായി എത്തിയ കത്തോലിക്കരും ഇവിടെയുണ്ട്. ഇവരെ കൂടാതെ സ്കൂളുകളും ആശുപത്രികളും തീർഥാടന കേന്ദ്രങ്ങളും നടത്തുന്ന സന്യാസിമാരും സമർപ്പിതരും തീർഥാടകരും ചേർന്ന് സഭയുടെ സാന്നിധ്യം ഈ നാടിന്റെ എല്ലാ കോണുകളിലും ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും മതത്തിലോ വംശത്തിലോ പെട്ടവർ കൊല്ലപ്പെടുമ്പോൾ അത് മനുഷ്യവർഗത്തിന്റെ ഒന്നാകെയുള്ള പരാജയമാണെന്ന് ഈ പുരോഹിതൻ വിശ്വസിക്കുന്നു. തീർഥാടകർ പലരും മടങ്ങിപ്പോയെങ്കിലും, അഭയം തേടിയെത്തുന്ന ആരെയും സ്വീകരിക്കാൻ ആശ്രമത്തിന്റെ വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. യുദ്ധം നമ്മുടെ ജീവൻ മാത്രമല്ല, നമ്മുടെ ഉള്ളിലെ മനുഷ്യത്വം കൂടി നഷ്ടപ്പെടുത്തുമോ എന്ന വലിയ ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.




