‘വണ്ടാനം മെഡിക്കൽ കോളേജിലെ മാലാഖ’ – ആതുരശുശ്രൂഷാരംഗത്തെ വേറിട്ട സാന്നിധ്യം

ഐശ്വര്യ സെബാസ്റ്റ്യൻ

വണ്ടാനം മെഡിക്കൽ കോളേജിലെ മാലാഖ എന്ന് അറിയപ്പെടുന്ന ഒരു നേഴ്‌സുണ്ട്. ഈ മാലാഖ ഒരു നേഴ്‌സ് മാത്രമല്ല, സന്യാസിനിയുമാണ് – സി. മേരി ടോം എസ്.ഡി.

കയ്യിലൊരു ജപമാലയുമായി മാത്രമേ ആ സന്യാസിനിയെ സഹപ്രവർത്തകരും രോഗികളും കണ്ടിട്ടുള്ളൂ. 26 വർഷമായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഈ സിസ്റ്റർ തന്റെ സന്യാസജീവിതത്തെയും സേവനമേഖലയെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ്. മികച്ച നേഴ്‌സിനുള്ള അവാർഡ്  ഉൾപ്പെടെ സ്വന്തമാക്കിയിട്ടുള്ള ഈ സന്യാസിനിയെ ഈ നേഴ്‌സസ് ദിനത്തിൽ ലൈഫ്ഡേയിലൂടെ പരിചയപ്പെടാം.

റീജണൽ കാൻസർ സെന്ററിൽ നിന്നും ആരംഭിച്ച നേഴ്‌സിംഗ് ജോലി

നഴ്സിങ് പഠനം വിജയകരമായി പൂർത്തീകരിച്ച സി. മേരി ആദ്യം ജോലിക്കായി പ്രവേശിച്ചത് തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററിലാണ്. അവിടെ പല പ്രായക്കാരായ കാൻസർ രോഗികളെ സിസ്റ്റർ ശുശ്രൂഷിച്ചിട്ടുണ്ട്. ആ രോഗികൾക്കൊക്കെയും സിസ്റ്റർ നൽകിയത് ഒരു നഴ്സിന്റെ സേവനം മാത്രമല്ല, പിന്നെയോ ഒരു സന്യാസിനിയുടെ ആത്മീയപിന്തുണയുമാണ്.

ഒരു വയസ് മാത്രം പ്രായമുള്ള നേഖയെ സിസ്റ്റർ പരിചയപ്പെടുന്നത് അവിടെ വച്ചായിരുന്നു. നേഖയ്ക്ക് ആറു മാസം മാത്രം പ്രായമുള്ളപ്പോഴാണ് അവളുടെ ചുണ്ടിൽ ഒരു തടിപ്പുള്ളതായി മാതാപിതാക്കൾ ശ്രദ്ധിക്കുന്നത്. ആദ്യമൊന്നും അവർ അതത്ര കാര്യമായി ഗൗനിച്ചില്ല. എന്നാൽ ഇത് കുറയുന്നില്ല എന്നു കണ്ടപ്പോഴാണ് അവർ നേഖയെയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നത്. ഡോക്ടർ തന്ന മരുന്ന് കഴിച്ചിട്ടും തടിപ്പ് കുറയുന്നില്ല. തുടർന്ന് ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ബയോപ്സി നടത്തി, നേഖയ്ക്ക് കാൻസറാണെന്നു സ്ഥിരീകരിച്ചു. വൈകാതെ തന്നെ അവൾ ഓപ്പറേഷനു വിധേയയായി. തുടർന്നുള്ള ചികിത്സക്കായി നേഖയെ മാതാപിതാക്കൾ കൊണ്ടുവന്നതോ, സിസ്റ്റർ സേവനം ചെയ്യുന്ന തിരുവനന്തപുരത്തെ ആർസിസി-യിലേക്കും.

നേഖ ആരുമായി പെട്ടെന്ന് ഇണങ്ങുന്ന കുഞ്ഞല്ല. എന്നാൽ സി. മേരിയോട് എന്തോ ഒരു പ്രത്യേക അടുപ്പം. ഇൻജെക്ഷൻ നൽകുന്നത് സിസ്റ്ററാണെങ്കിൽ മാത്രം അവൾക്ക് തെല്ലും മടിയില്ല. ഇൻജെക്ഷൻ എടുക്കാൻ വരുമ്പോൾ സിസ്റ്റർ അവിടെയുണ്ടോ എന്ന് അവൾ നോക്കും. ആറ് മാസത്തോളം നേഖ ആ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയെല്ലാം കഴിഞ്ഞ് മിടുക്കിയായിട്ടാണ് അവൾ ആശുപത്രിവാസം അവസാനിപ്പിച്ചത്. വർഷങ്ങൾ പലതും കഴിഞ്ഞെങ്കിലും ഇന്നും സിസ്റ്ററിന്റെ ഓർമ്മകളിലും പ്രാർത്ഥനകളിലും നേഖമോൾ നിറഞ്ഞുനിൽക്കുന്നു.

പുഴുവരിക്കുന്ന തലയുമായി ആശുപത്രിയിലേക്കു വന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വയോധികൻ സിസ്റ്ററിന്റെ ഓർമ്മകളിൽ ഇന്നും സജീവമാണ്. തെരുവിൽ കഴിഞ്ഞിരുന്ന ആ വ്യക്തിയെ ശുശ്രൂഷിക്കാൻ ഡോക്ടർ നിയോഗിച്ചതോ സി. മേരിയെയും. സന്തോഷത്തോടെ തന്നെ സിസ്റ്റർ ആ വയോധികന്റെ തലയിലെ പുഴുക്കളെ നീക്കം ചെയ്യുകയും അദ്ദേഹത്തിനു വേണ്ട പരിചരണങ്ങൾ നൽകുകയും ചെയ്‌തു. നീണ്ട നാളത്തെ ആശുപത്രി വാസത്തിനു ശേഷം ആരോഗ്യവാനായി മാറിയ അദ്ദേഹം ആശുപത്രി വിട്ടു.

ഓരോ രോഗികളെ കാണുമ്പോഴും അത് തന്റെ മണവാളനായ ക്രിസ്തു തന്നെയാണെന്നുള്ള ചിന്ത മേരി സിസ്റ്ററെ ഏറെ സ്വാധീനിച്ചിരുന്നു. അത് പ്രായ-മതഭേദമെന്യേ എല്ലാവരെയും ശുശ്രൂഷിക്കാൻ സിസ്റ്ററിന് പ്രചോദനമേകി. നഴ്സിങ് മേഖല മേരി സിസ്റ്ററിന് ഒരിക്കലും ഒരു തൊഴിലായിരുന്നില്ല, മറിച്ച് ഒരു സേവനമായിരുന്നു.

കവിളിൽ കാൻസർ രോഗബാധിതനായ വ്യക്തിയായിരുന്നു വേലായുധൻ. രോഗത്തിന്റെ തീവ്രത മൂലം അദ്ദേഹത്തിന്റെ കവിൾ തുളഞ്ഞുപോവുക വരെ ചെയ്തു. റേഡിയേഷനും മറ്റ് അവശ്യചികിത്സകളും ചെയ്ത അദ്ദേഹത്തെ പാലിയേറ്റീവ് കെയർ സെന്ററിലേക്കാണ് പിന്നീട് കൊണ്ടുപോയത് – എറണാകുളം, ചിറ്റിലപ്പള്ളിയിൽ സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിട്യൂട്സ് സന്യാസ സമൂഹം നടത്തുന്ന ടെർമിനൽ കെയർ കാൻസർ സെന്ററിലേക്ക്. അവിടെ നാലു മാസത്തോളം സിസ്റ്റേഴ്സ് അദ്ദേഹത്തെ ശുശ്രൂഷിച്ചു, ആവശ്യമായ മാനസികപിന്തുണയും നൽകി, നല്ല മരണത്തിനായി അദ്ദേഹത്തെ ഒരുക്കി. അങ്ങനെ അദ്ദേഹം നിത്യസമ്മാനത്തിനു യാത്രയായി.

രോഗികൾക്ക് ആവശ്യം മരുന്നുകളും മികച്ച ചികിത്സകളും മാത്രമല്ല. മരുന്നുകൾ അവരുടെ ശാരീരികബലം മാത്രമേ വർദ്ധിപ്പിക്കുകയുള്ളൂ. എന്നാൽ അവരുടെ മനസ്സിന് വേണ്ട കരുത്ത് നൽകേണ്ടത് രോഗികളെ പരിചരിക്കുന്നവരാണ്. ശരീരം മരുന്നുകളോടും ചികിത്സകളോടും ക്രിയാത്മകമായി പ്രതികരിക്കണമെങ്കിൽ പോസിറ്റീവായി മാത്രം ചിന്തിക്കുന്ന ഒരു മനസ് കൂടി രോഗികൾക്ക് ഉണ്ടാവണം. രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരുടെ കടമയാണ് രോഗികളിൽ പ്രത്യാശ നിറയ്ക്കുക എന്നത്. നഴ്‌സുമാരുടെ ഈ ദൗത്യം പ്രാവർത്തികമാക്കിയ ജീവിതമായിരുന്നു മേരി സിസ്റ്ററിന്റേത്.

വയോധികർക്കും രോഗികൾക്കും ആരോരുമില്ലാത്തവർക്കും വളരെയേറെ സേവനങ്ങൾ ചെയ്യാൻ ഒരു നേഴ്‌സ് എന്ന നിലയിൽ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് സി. മേരി ലൈഫ്ഡേയോട് പറഞ്ഞു. പല ദിവസങ്ങളിലും ഈ സന്യാസിനി മഠത്തിൽ നിന്ന് അധികാരികളുടെ സമ്മതത്തോടെ രോഗികൾക്ക് ഭക്ഷണമെത്തിക്കും. അപ്രതീക്ഷിതമായി ഇത്തരം സഹായങ്ങൾ ലഭിക്കുന്ന രോഗികൾ പുഞ്ചിരിയോടെ സിസ്റ്ററിന് നന്ദി പറയുമ്പോൾ, ക്രിസ്തുവിനെ ശുശ്രൂഷിച്ച സന്തോഷമാണ് ഈ സന്യാസിനിക്ക്.

പി.എസ്.സി പരീക്ഷ വിജയിച്ച് മെഡിക്കൽ കോളേജിലേക്ക്

2005-ലാണ് സി. മേരി പി.എസ്.സി വിജയിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നേഴ്‌സായി ജോലിയിൽ പ്രവേശിച്ചു. അവിടെയും ധാരാളം രോഗികളിൽ ക്രിസ്തുവിന്റെ മുഖം ദർശിച്ച് അവരെ ശുശ്രൂഷിക്കാൻ സിസ്റ്ററിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കൂടുതലും കാൻസർ രോഗികൾക്കിടയിലാണ് ഈ സന്യാസിനി പ്രവർത്തിച്ചിട്ടുള്ളത്.

24 വയസ്സ് പ്രായമുള്ള പ്രമോദ് എന്ന ചെറുപ്പക്കാരനെ മെഡിക്കൽ കോളേജിൽ ശുശ്രൂഷിച്ച അനുഭവങ്ങൾ സി. മേരി ലൈഫ് ഡേയോട് പങ്കുവച്ചു. പ്രമോദിന് ബട്ടക്ക്സിലായിരുന്നു കാൻസർ. ഓപ്പറേഷൻ ചെയ്യാവുന്ന ഒരു സ്റ്റേജ് ആയിരുന്നില്ല. അതുകൊണ്ട് റേഡിയേഷനായി പ്രമോദിനെ ആർസിസി-യിലേക്കു വിട്ടു. എന്നാൽ കാൻസർ രോഗം ശ്വാസകോശത്തിലേക്കും മറ്റും വ്യാപിച്ചതോടെ അവനെ പാലിയേറ്റിവ് കെയർ സെന്ററിലേക്കു മാറ്റി. പല തവണ അവിടെ ചെന്ന് സിസ്റ്റർ പ്രമോദിനെ സന്ദർശിച്ചിട്ടുണ്ട്.

ഒരു ദിവസം രാവിലെ പ്രമോദ് സിസ്റ്ററിനെ ഫോണിൽ വിളിച്ചു. എത്രയും പെട്ടെന്ന് തന്നെ കാണാൻ വരണമെന്നായിരുന്നു അവന്റെ അഭ്യർത്ഥന. എന്നാൽ സിസ്റ്റർ അപ്പോൾ ഡ്യൂട്ടിയിലായിരുന്നു. വീണ്ടും അല്പസമയത്തിനു ശേഷം, പ്രമോദിന്റെ അമ്മ സിസ്റ്ററിനെ വിളിച്ച്, പ്രമോദിന് ശ്വാസതടസമുണ്ടെന്നും തന്റെ മകൻ സിസ്റ്ററിനെ കാണണമെന്ന് നിർബന്ധം പറയുകയാണെന്നും മേരി സിസ്റ്ററിനെ അറിയിച്ചു. അങ്ങനെ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു സിസ്റ്റർ പ്രമോദിനെ കാണാൻ തിടുക്കപ്പെട്ടു പോയി. ഇരുപതു മിനിറ്റ് യാത്രയുണ്ട് പ്രമോദ് താമസിക്കുന്ന പാലിയേറ്റിവ് കെയർ സെന്ററിലേക്ക്. എന്നാൽ സിസ്റ്റർ അവന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപ് അവൻ ഇഹലോകവാസം വെടിഞ്ഞു. ഇന്നും പ്രമോദ് എന്ന ആ ചെറുപ്പക്കാരനെക്കുറിച്ച് ചിന്തിക്കുമ്പോൾ മേരി സിസ്റ്ററിന്റെ മനസ്സിൽ മങ്ങാത്ത ഓർമ്മയാണ് ആ ദിവസം.

അതുപോലെ കാലിൽ കാൻസർ രോഗം ബാധിച്ച അരുൺ എന്ന ചെറുപ്പക്കാരനും മേരി സിസ്റ്ററെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കാൻസർ രോഗം തീവ്രമായപ്പോൾ അരുണിന്റെ കാല് മുറിച്ചുമാറ്റേണ്ടി വന്നു. തുടർന്ന് കീമോതെറാപ്പി തുടങ്ങി. എന്നാൽ ശ്വാസകോശത്തിലേക്ക് കാൻസർ വ്യാപിച്ചു. ശ്വാസതടസം അരുണിൽ ദിനംപ്രതി ശക്തിപ്പെടാൻ തുടങ്ങി. അരുണിന്റെ അച്ഛൻ നേരത്തെ മരണമടഞ്ഞിരുന്നു. അമ്മയും ഇളയ സഹോദരനും അടങ്ങുന്നതാണ് അരുണിന്റെ കുടുംബം. ഗൾഫിൽ ഒരു ജോലി ശരിയായതിനെ തുടർന്ന്, ഇളയ സഹോദരനെ അരുൺ നിർബന്ധിച്ച് ഗൾഫിലേക്ക് വിട്ടു. അങ്ങനെ വീട്ടിൽ അരുണും അമ്മയും മാത്രമായി.

ഒരു ദിവസം രാത്രിയിൽ ആശുപത്രിയിൽ വച്ച് അരുണിന് ശ്വാസതടസ്സം കലശലായി. അരുണിന്റെ അമ്മായിയും അന്ന് ആശുപത്രിയിൽ അരുണിന് ഒപ്പമുണ്ടായിരുന്നു. അമ്മായി വേഗം തന്നെ, അരുണിന് ശ്വാസതടസ്സം വർദ്ധിക്കുകയാണെന്ന് സിസ്റ്ററിനെ അറിയിച്ചു. സിസ്റ്റർ സമയം പാഴാക്കാതെ അരുണിന്റെ അടുത്തേക്ക് വന്നു. അപ്പോഴേക്കും അമ്മയെ അവൻ നിർബന്ധിച്ച് ഉറങ്ങാൻ വിട്ടിരുന്നു. മേരി സിസ്റ്ററെ കണ്ട അരുൺ, സിസ്റ്ററിന്റെ കൈ തന്റെ ഹൃദയത്തോട് ചേർത്തുവച്ചു. പുഞ്ചിരിയോടെ സിസ്റ്ററിന്റെ മുഖത്തേക്ക് ഒന്നു നോക്കി. പിന്നെ മെല്ലെ മിഴികൾ പൂട്ടി. ശാന്തനായി, സമാധാനത്തോടെ അരുൺ ഈ ലോകത്തോട് വിട പറഞ്ഞു.

പത്തു വർഷങ്ങൾ സിസ്റ്ററിന്റെ സേവനമണ്ഡലമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ്. മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി ഓർമ്മകൾ സമ്മാനിച്ച പത്തു വർഷങ്ങളായിരുന്നു അതെന്ന് സി. മേരി ലൈഫ്ഡേയോട് പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനം ചെയ്തുകൊണ്ടിരുന്നപ്പോൾ, 2012-ൽ സിസ്റ്ററിന് മികച്ച നഴ്സിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങൾക്ക് ഒരിക്കലും ജീവിതത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടില്ല മേരി സിസ്റ്റർ. പാവങ്ങളെയും രോഗികളെയും ശുശ്രൂഷിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ നഴ്‌സായ സി. മേരിക്ക്. അതുപോലെ തന്നെ രോഗികളോടുള്ള സ്നേഹവും അടുപ്പവും ആശുപത്രിയുടെ നാല് ചുവരുകൾക്കപ്പുറത്തേക്കും മേരി സിസ്റ്റർ നിലനിർത്തിയിരുന്നു. വേദനിക്കുന്ന രോഗികളോട് സിസ്റ്റർ എപ്പോഴും ഒരു ആത്മീയ അടുപ്പവും പ്രകടിപ്പിച്ചിട്ടുണ്ട്.

സിസ്റ്ററാകാൻ കൊതിച്ച് ആരും കാണാതെ കത്തെഴുതി

പാറമ്പുഴ ബെത്ലെഹം ദേവാലയമാണ് സി. മേരി ടോം എസ്.ഡി-യുടെ ഇടവക. സിജി എന്നായിരുന്നു സി. മേരി ടോമിന്റെ സ്‌കൂളിലെ പേര്. പിതാവ് തോമസ് പി.ഡബ്ല്യൂ.ഡി-യിലെ വർക്ക് സൂപ്രണ്ടായിരുന്നു. അമ്മ മേരിയാകട്ടെ സാധാരണ വീട്ടമ്മയും. പത്താം ക്‌ളാസ് മികച്ച മാർക്കോടെ പാസ്സായ സിജി എന്ന യുവതി സന്യസ്തയാകാനുള്ള തന്റെ ആഗ്രഹം ആദ്യം അറിയിച്ചത് ഇടവക വികാരിയെയാണ്.

വികാരിയച്ചന്റെ ഒരു സഹോദരി അംഗമായിട്ടുള്ള ഡി.എസ്.എഫ്.എസ് സന്യാസ സമൂഹത്തിന്റെ വിലാസം സിജിക്ക് നൽകിയിട്ട്, ആഗ്രഹം അറിയിച്ച് അവർക്കൊരു കത്ത് അയയ്ക്കാൻ അച്ചൻ ആവശ്യപ്പെട്ടു. സിജി വീട്ടിൽ വന്നു. എന്നാൽ ആരോടും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെ അവൾ സന്യാസിനിയാകാനുള്ള തന്റെ ആഗ്രഹം അറിയിച്ച് ഒരു കത്തെഴുതി. എന്നാൽ ആരുമറിയാതെ അതെങ്ങനെ പോസ്റ്റ് ചെയ്യും എന്നതായി സിജിയുടെ അടുത്ത വെല്ലുവിളി.

ആ ദിവസങ്ങളിലാണ് ബി.എഡ്‌ പഠിച്ചുകൊണ്ടിരുന്ന സിജിയുടെ ആന്റി വീട്ടിലേക്കു വരുന്നത്. ഒരു ദിവസം രാവിലെ ആന്റിയോടൊപ്പം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി സിജി ദേവാലയത്തിലേക്ക് പോവുകയായിരുന്നു. ആരും കാണാതെ സിസ്റ്റേഴ്സിനെഴുതിയ കത്തും പോസ്റ്റ് ചെയ്യാനായി സിജി അപ്പോൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. എന്നാൽ ആന്റി അത് കണ്ടുപിടിച്ചു.

ആർക്കുള്ള കത്താണ് അതെന്ന് സിജിയോട് ആന്റി ചോദിച്ചു. ആദ്യം ഒന്ന് പേടിച്ചെങ്കിലും നുണ പറയാൻ സിജി തയ്യാറായില്ല. പതിയെ ആ കത്ത് സിജി ആന്റിക്കു നേരെ നീട്ടി. സന്യാസിനിയാകാൻ ശരിക്കും ഇഷ്ടമാണോയെന്ന് ആന്റി സിജിയോട് ചോദിച്ചപ്പോൾ, തനിക്ക് ഇഷ്ടമാണെന്ന് സിജി മറുപടി നൽകി. അപ്പോഴാണ് ആന്റി സിജിയോട് മറ്റൊരു കാര്യം പറയുന്നത്. ആന്റിക്കും സന്യാസിനിയാകാനാണത്രേ ആഗ്രഹം. എസ്.ഡി സന്യാസ സമൂഹത്തിന്റെ ക്യാമ്പിന് ആന്റി അടുത്ത ദിവസങ്ങളിൽ പോകുന്നുണ്ട്. തന്നോടൊപ്പം വരാൻ ആന്റി സിജിയോട് ആവശ്യപ്പെട്ടു. അങ്ങനെ അവർ രണ്ടു പേരും ഒരുമിച്ച് ക്യാമ്പിനു പോയി. എന്നാൽ സിജിയോട് പ്രീഡിഗ്രി കൂടി കഴിഞ്ഞ് വരാനാണ് സിസ്റ്റേഴ്സ് പറഞ്ഞത്. ഈ പ്രതികരണം സിജിയെ ആദ്യം വേദനിപ്പിച്ചെങ്കിലും ഈശോയെപ്രതി ആ സഹനം ഏറ്റെടുക്കാൻ സിജി തീരുമാനിച്ചു. തുടർന്ന് പ്രീഡിഗ്രി പഠനത്തിനായി കോളേജിൽ ചേർന്നു.

രണ്ട് വർഷത്തെ പഠനകാലത്തും സിജിക്ക് ക്രിസ്തുവിനോടും സന്യസ്തജീവിതത്തോടുമുള്ള സ്നേഹത്തിൽ ഒരു കുറവും അനുഭവപ്പെട്ടിട്ടില്ല. സന്യാസിനിയാകാനുള്ള തന്റെ ആഗ്രഹത്തെ സമർപ്പിച്ച് സിജി എന്നും പ്രാർത്ഥിക്കാറുണ്ടായിരുന്നു. തന്റെ ആഗ്രഹം സത്യമാണെന്നും അത് ക്രിസ്തു നിറവേറ്റുമെന്നും സിജി ഉറച്ചു വിശ്വസിച്ചിരുന്നു.

തുടർന്ന് പഠനം കഴിഞ്ഞ്, 1986-ൽ സിജി എസ്.ഡി സന്യാസ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രൊവിൻസിൽ ചേർന്നു. 1990 ജനുവരി 11-ന് ആദ്യ വ്രതവാഗ്‌ദാനം നടത്തി. തുടർന്ന് സി. മേരിയെ അധികാരികൾ നേഴ്‌സിംഗ് പഠനത്തിനായി ആലുവയിലെ സമരിറ്റൻ സ്‌കൂൾ ഓഫ് നഴ്സിങ്ങിലേക്ക് അയച്ചു. 1994-ൽ നഴ്സിങ് പഠനം പൂർത്തീകരിച്ച സിസ്റ്റർ ആറ് വർഷം തിരുവനന്തപുരം ആർസിസി-യിൽ ജോലി ചെയ്‌തു. 1996 ജനുവരി 20-നാണ് സി. മേരി നിത്യവ്രതവാഗ്‌ദാനം നടത്തി ഈശോയുടെ സ്വന്തമാകുന്നത്. 2000-ൽ സി. മേരിയെ അധികാരികൾ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് പഠനത്തിനും അയച്ചിരുന്നു. തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്നത്.

‘സന്യാസജീവിതം ആനന്ദകരമാണ്’

32 വർഷത്തെ സന്യാസജീവിതത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഈ ജീവിതം തികച്ചും ആനന്ദകരമാണെന്നാണ് മേരി സിസ്റ്റർ ലൈഫ്ഡേയോടു പറഞ്ഞത്. ഈശോയുടെ സ്നേഹത്താൽ സമ്പന്നമാണ് സി. മേരിയുടെ ജീവിതം. കഴിഞ്ഞ ഏഴു വർഷമായി സിസ്റ്റർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഹെഡ് നേഴ്‌സായി സേവനം ചെയ്യുകയാണ്. 2017-ൽ മികച്ച നഴ്സിനുള്ള കൃപ ട്രസ്റ്റിന്റെ അവാർഡും ഈ കാലയളവിൽ സിസ്റ്ററിനെ തേടിയെത്തിയിട്ടുണ്ട്. നെടുമുടിയിലെ നസ്രത്ത്‌ എസ്.ഡി കോൺവെന്റിലാണ് സിസ്റ്റർ ഇപ്പോൾ താമസിക്കുന്നത്.

കയ്യിലൊരു ജപമാലയുമായി മാത്രമേ ആശുപത്രിയിലുള്ളവർ മേരി സിസ്റ്ററിനെ കണ്ടിട്ടുള്ളൂ. ‘മാലാഖ’ എന്നാണ് സഹപ്രവർത്തകരും രോഗികളും സിസ്റ്ററിനെ വിളിക്കുന്നത്. അനേകം രോഗികളെ ശുശ്രൂഷിച്ചും അവർക്കു വേണ്ടി പ്രാർത്ഥിച്ചും കർമ്മനിരതയായി തുടരുന്ന സി. മേരി ടോം എസ്.ഡി-ക്ക് ലൈഫ്ഡേയുടെ നേഴ്‌സസ് ദിനത്തിന്റെ ആശംസകൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.