നൈജീരിയയിൽ കൊല്ലപ്പെട്ട ഡെബോറയെന്ന പെൺകുട്ടി ഒരു പ്രതീകമാണ്; മതഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും  

നൈജീരിയയിൽ ഡെബോറ യാക്കൂബ് സാമുവൽ എന്ന വിദ്യാർത്ഥിനിയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത് ഈ അടുത്ത ദിവസങ്ങളിലാണ്. കൂടെ പഠിക്കുന്ന, ഒരേ കോളേജിലെ തന്നെ വിദ്യാർത്ഥികളാണ് ഈ ക്രൂരകൊലപാതകത്തിനു പിന്നിൽ. വെറും 22 വയസു മാത്രം പ്രായമുള്ള വിദ്യാർത്ഥിനിയെ മതനിന്ദ ആരോപിച്ച് ഏകദേശം അതേ പ്രായത്തിൽ തന്നെയുള്ള വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. അവിടംകൊണ്ടും അവരുടെ വിദ്വേഷം അടങ്ങിയില്ല. ആ പെൺകുട്ടിയുടെ മൃതദേഹം പോലും അവർ കത്തിച്ചുകളഞ്ഞു. നോക്കണം ക്രൂരതയുടെ അങ്ങേയറ്റം.    

സോകോടോയിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ 200 ലെവൽ ഹോം ഇക്കണോമിക്‌സ് വിദ്യാർത്ഥിനിയായിരുന്നു ഡെബോറ സാമുവൽ. മെയ് 12-ന് ഡെബോറ, സമൂഹമാധ്യമങ്ങളിൽ മതനിന്ദാപരമായ കാര്യങ്ങൾ പങ്കുവച്ചു എന്ന് ആരോപിച്ചായിരുന്നു ഇസ്ലാം മതവിശ്വാസികളായ യുവാക്കളുടെ ഒരു സംഘം ഈ പെൺകുട്ടിക്കു നേരെ ആക്രമണം നടത്തിയതും കൊലപ്പെടുത്തിയതും. നൈജീരിയയിലെ നൈജർ സംസ്ഥാനത്തിലെ തുംഗൻ മഗജിയയിൽ നിന്നുള്ളയാളാണ് ഡെബോറ.  ഡെബോറയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് രണ്ടുപേരെയാണ്. കൊലയാളികളെക്കുറിച്ചുള്ള വിശദവിവരം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ദൃശ്യമാണ്. പോലീസ് അറസ്റ്റ് ചെയ്ത രണ്ടുപേരെ മോചിപ്പിക്കാനായി സോക്കോട്ടയിലെങ്ങും വ്യാപകമായ പ്രതിഷേധമാണ്. മനുഷ്യത്വമില്ലായ്മയുടെ അടുത്ത മുഖം!

‘ഞങ്ങൾക്ക് മകളെ നഷ്ടപ്പെടുക മാത്രമല്ല, മൃതദേഹം പോലും അവർ കത്തിച്ചു’: അപ്പന്റെ കണ്ണീര്‍ 

“എന്റെ മകളുടെ ദാരുണമായ മരണത്തിന്റെ ആഘാതത്തിനു പുറമെ അവളുടെ മൃതദേഹം സോകോട്ടോയിൽ നിന്ന് നൈജറിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവേ എനിക്ക് കയ്പേറിയ മറ്റൊരു  അനുഭവവുമുണ്ടായി. എന്റെ മകളുടെ മൃതദേഹം എടുത്ത് ചാർട്ടേഡ് ബസിൽ വീട്ടിലേക്ക് കൊണ്ടുവന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷമായിരുന്നു. അതിന് ഞാൻ അവർക്ക് ധാരാളം പണം നൽകേണ്ടി വന്നു. മൃതദേഹം കത്തിച്ചതിനാൽ, കത്തിയ ശരീരഭാഗങ്ങൾ കൊണ്ടുപോകാൻ എന്നെ സഹായിക്കണമെന്ന് ഞാൻ ആശുപത്രിയിൽ അഭ്യർത്ഥിച്ചു. അതിനും അവർ പണം മേടിക്കുകയും മൃതദേഹം വിട്ടുതരാൻ സാധ്യമല്ലെന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു. ചില രേഖകളിൽ ഒപ്പിട്ട ശേഷമാണ് മകളുടെ മൃതദേഹം വിട്ടുതരാൻ തന്നെ അവർ തയ്യാറായത്. ഒരു പിതാവെന്ന നിലയിൽ ഇതിൽപരം ദുഃഖം ഒരാളുടെ ജീവിതത്തിൽ സംഭവിക്കുമോ?” – ഡെബോറയുടെ പിതാവ് ചോദിക്കുന്നു.

ഡെബോറയുടെ അമ്മ അൽഹെരി ഇമ്മാനുവൽ, ഇത്തരമൊരു ദാരുണസംഭവം തന്റെ മകൾക്ക് സംഭവിച്ചതിനാൽ ഡെബോറയുടെ സഹോദരിമാരെ സ്‌കൂളിലേക്ക് അയക്കാനും ഭയപ്പെടുകയാണ്. ആ കുടുംബത്തിലെ എട്ടു മക്കളിൽ മൂത്ത മകളായിരുന്നു ഡെബോറ.

“ഒരു നല്ല ക്രിസ്ത്യാനി എന്ന നിലയിൽ, ഞാനും കുടുംബവും ഞങ്ങളുടെ മകളുടെ നഷ്ടത്തിൽ കോടതിയിൽ നിന്ന് ഒരു പരിഹാരവും തേടാതെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കാൻ തീരുമാനിക്കുകയാണ്” – ഡെബോറയുടെ പിതാവ് ഇമ്മാനുവൽ ഗാർബ പറയുന്നു. മെയ് 12-ന് നടന്ന കൊലപാതകത്തെ തുടർന്ന് സൊകോട്ടോയിൽ ഉടനീളം ശക്തമായ പ്രതിഷേധം വ്യാപിച്ചിരുന്നു. സംസ്ഥാന സർക്കാർ ഒരാഴ്ചത്തേക്ക് സ്കൂളുകൾ താൽക്കാലികമായി നിർത്തിവച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നും തങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഒന്നും വേണ്ടെന്നും ദൈവം തങ്ങളെ കാത്തുകൊള്ളുമെന്നുമാണ് ഡെബോറയുടെ കുടുംബത്തിന്റെ പ്രതികരണം.

കൊലപാതകത്തെ തുടർന്ന് കത്തോലിക്കാ സ്ഥാപനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു

ഡെബോറയുടെ കൊലപാതകത്തെ തുടർന്ന് നൈജീരിയയിൽ തുടരുന്ന അക്രമസംഭവങ്ങളിൽ സോകോട്ടയിലെ ഹോളി ഫാമിലി കത്തീഡ്രൽ ദൈവാലയവും ആക്രമിക്കപ്പെട്ടു. കൂടാതെ, അവിടെയുള്ള നിരവധി കത്തോലിക്കാ സ്ഥാപനങ്ങൾക്കു നേരെയും ആക്രമണം നടന്നു. ഈ ആക്രമണങ്ങളെല്ലാം നടന്നത്, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച കൊലപാതകികൾ എന്ന് ഉറപ്പുള്ള രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതിനാണ്. അവരെ വിട്ടയക്കാനായി ക്രൈസ്തവ സ്ഥാപങ്ങൾ ആക്രമിച്ചു കൊണ്ടും സോകോട്ടയിലെങ്ങും വ്യാപക പ്രതിഷേധങ്ങൾ നടത്തിയുമാണ് അക്രമികൾ പ്രതികരിച്ചത്. ഈ ആക്രമണങ്ങൾ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും തുടരുകയാണ്.

സോകോട്ടോ രൂപതയിലെ കത്തോലിക്കാ ബിഷപ്പ് മാത്യു കുക്ക, ഡെബോറ യാക്കൂബിന്റെ ദാരുണമായ കൊലപാതകം നടത്തിയ കുറ്റവാളികളെ കണ്ടെത്താനും ഈ വിഷയത്തിൽ നീതി ഉറപ്പാക്കാനും അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

“ഇസ്ലാം മതത്തിൽപെട്ട വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലെ ക്രിസ്ത്യാനികളെ ഇഷ്ടപ്പെടുന്നില്ല. സ്കൂൾ അധികൃതർ നോക്കിനിൽക്കെയാണ് സഹപാഠികൾ ഡെബോറയെ കൊലപ്പെടുത്തുന്നത്. വിദ്യാർത്ഥികളെ തടയാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല” – ഒരു വിദ്യാർത്ഥി പറഞ്ഞു. സ്‌കൂളിലേക്കുള്ള വഴിയും ഡെബോറയുടെ വീട്ടിലേക്കുള്ള വഴിയും മുസ്ലീം വിദ്യാർത്ഥികൾ തടഞ്ഞതിനാൽ ക്രിസ്ത്യാനികൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കുറ്റം ചെയ്ത വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാതെ സ്‌കൂൾ അടച്ചുപൂട്ടാൻ സംസ്ഥാന ഗവർണർ ആവശ്യപ്പെട്ടു.

പ്രതികളെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന അധികൃതർ

ഡെബോറയെ ഡേറ്റ് ചെയ്യാനുള്ള മുസ്ലീം സഹപാഠികളുടെ നിർദ്ദേശം നിരസിച്ചതാണ് ആക്രമണത്തിനു പിന്നിലുള്ള യഥാർത്ഥ കരണമെന്ന് ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അത് പ്രകോപനത്തിലേക്ക് നയിക്കുകയും പിന്നീട് പ്രവാചകനെ അപമാനിച്ചുവെന്ന തരത്തിലേക്ക്  ആരോപിക്കപ്പെടുകയുമായിരുന്നു. ഡെബോറയെ മർദ്ദിച്ചു കൊലപ്പെടുത്തുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിനാൽ, പ്രതികൾക്കെതിരെ കേസെടുക്കാൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ഡെബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് രണ്ട് പ്രതികളെ മാത്രം. എന്നാൽ, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. അതിനെ തുടർന്ന് വീഡിയോയിൽ കുടുങ്ങിയ മറ്റ് പ്രതികളെയും ഉടൻ തന്നെ കേസിൽ ഉൾപ്പെടുത്തുമെന്ന് സംസ്ഥാനത്തെ പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ സനുസി അബൂബക്കർ പറയുന്നു.

“ഡെബോറയെ, സ്‌കൂൾ അധികൃതർ ഒളിപ്പിച്ച സുരക്ഷാമുറിയിൽ നിന്ന് വിദ്യാർത്ഥികൾ ബലമായി പിടിച്ചുകൊണ്ടു പോകുകയും കൊലപ്പെടുത്തുകയും കെട്ടിടം കത്തിക്കുകയും ചെയ്യുകയായിരുന്നു. സ്‌കൂൾ അടച്ചുപൂട്ടുകയും സ്‌കൂൾ പരിസരത്ത് സുരക്ഷക്കായി സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്” –  പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ പറയുന്നു.

സമാധാനം നിലനിർത്താനും നിയമാനുസൃതമായ പ്രവർത്തനങ്ങള്‍ ചെയ്യാനും സംസ്ഥാന പോലീസ് കമ്മീഷണർ കമൽദീൻ ഒകുൻലോല ആളുകളോട് അഭ്യർത്ഥിച്ചതായും പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ കൂട്ടിച്ചേർത്തു. സ്ഥിതി നിയന്ത്രണവിധേയമാണെന്നാമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ വ്യാപകമായി തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും തട്ടിക്കൊണ്ടു പോകലുകൾക്കും ഒരു അറുതി ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. നിരവധി നിഷ്‍കളങ്കരായ ക്രൈസ്തവരുടെ രക്തം വീണ് കുതിർന്ന ആ മണ്ണിൽ കത്തോലിക്കാ വിശ്വാസം കൂടുതൽ തീക്ഷ്ണതയോടെ വളരട്ടെ. ഡെബോറ എന്ന വിദ്യാർത്ഥിനിയുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ.

ഏതായാലും, നൈജീരിയയിൽ കൊല്ലപ്പെട്ട ഡെബോറയെന്ന പെൺകുട്ടി ഒരു പ്രതീകമാണ്; മതഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.