വൈകല്യങ്ങൾ ഉള്ളവരോട് സുവിശേഷം പ്രഘോഷിക്കുന്ന ബധിരനും അന്ധനുമായ വൈദികൻ

ബധിരനും അന്ധനുമായ ഒരു കത്തോലിക്കാ വൈദികനാണ് ഫാ. സിറിൽ ആക്‌സൽറോഡ്. അദ്ദേഹത്തിന് 80 വയസ്സുണ്ട്. റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിൽപെട്ട ഈ വൈദികൻ ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്. അവിടെ തന്നെപ്പോലെ തന്നെ കേൾക്കാനോ, കാണാനോ കഴിയാത്ത ആളുകൾക്കിടയിൽ തന്റെ അജപാലന ശുശ്രൂഷ അദ്ദേഹം നിർവ്വഹിക്കുകയാണ്.

“വൈകല്യങ്ങളുള്ളവരുടെ ജീവിതം ദുരിതപൂർണ്ണമാണ് എന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഈ വൈകല്യങ്ങൾ എനിക്കു നൽകിയത് പുതിയൊരു ജീവിതരീതിയാണ്. തീർച്ചയായും ഈ ജീവിതത്തിൽ നിരാശകളും സന്തോഷങ്ങളുമുണ്ട്. ബധിരതയും അന്ധതയുമാണ് എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട അധ്യാപകർ” – ഫാ. സിറിൽ പറയുന്നു.

ഫാ. സിറിൽ ജനിച്ചപ്പോൾ അന്ധനായിരുന്നില്ല; പക്ഷേ, ബധിരനായിരുന്നു. ഒപ്പം തന്നെ അഷേർസ് സിൻഡ്രം എന്ന രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ രോഗമാണ് പിൽക്കാലത്ത് ഈ വൈദികനെ അന്ധനാക്കിയത്.

തന്റെ ബധിരതയും അന്ധതയും ദൈവത്തിൽ നിന്നുള്ള സമ്മാനങ്ങളാണെന്നാണ് സിറിൽ അച്ചൻ പറയുന്നത്. ഇതുപോലെ വൈകല്യങ്ങളുള്ളവരെ മനസിലാക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ഈ വൈദികന് സാധിക്കുന്നുണ്ട്. തങ്ങൾക്ക് ലഭിച്ചിട്ടുള്ളത് കുറവല്ല, ദൈവത്തിന്റെ പ്രത്യേക കൈയ്യൊപ്പാണെന്നും ഈ വൈദികൻ അവരോട് പറയാറുണ്ട്. ഈ ലോകവുമായി അവരെ പൊരുത്തപ്പെടുത്താൻ തന്ന ഒരു പാലമാണെന്നാണ് സിറിൽ അച്ചൻ പറയുന്നത്.

ഫാ. സിറിൽ സൗത്ത് ആഫ്രിക്കയിലെ ദരിദ്രമായ ഒരു യഹൂദ കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടു തന്നെ ഒരുപാട് വിവേചനങ്ങൾ അദ്ദേഹത്തിന് നേരിൽ കാണേണ്ടതായും അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്. ശ്രവണവൈകല്യമുള്ള കുട്ടികളെ സഹായിക്കാൻ അദ്ദേഹം കൂടുതൽ താൽപര്യം ആർജ്ജിച്ചത് തന്റെ ജന്മനാടായ ദക്ഷിണാഫ്രിക്കയിൽലെ വർണ്ണവിവേചന കാലത്താണ്. വംശീയതയുടെയും വേർതിരിവിന്റെയും കാലഘട്ടത്തിൽ ബധിരരായ കറുത്ത വർഗ്ഗക്കാരായ കുട്ടികളുടെ അവകാശങ്ങൾക്കായി സിറിൽ അച്ചൻ വാദിച്ചിട്ടുണ്ട്.

15 വയസു വരെ അദ്ദേഹം ഒരു യഹൂദ മതവിശ്വാസിയായാണ് ജീവിച്ചത്. തുടർന്ന് റബ്ബി ആകാൻ ആഗ്രഹിച്ച അദ്ദേഹം ബധിരത എന്ന വൈകല്യത്താൽ ഒഴിവാക്കപ്പെടുകയായിരുന്നു. അദ്ദേഹം കത്തോലിക്കാ സ്‌കൂളിലാണ് പഠിച്ചത്. തുടർന്ന് അദ്ദേഹം ഒരു കത്തോലിക്കാനാവുകയും വൈദികനാകാൻ തീരുമാനിക്കുകയുമായിരുന്നു.

ഈ വൈദികൻ തന്റെ ജീവിതകാലത്ത് രണ്ട് മാർപാപ്പാമാരെ സന്ദർശിച്ചിട്ടുണ്ട്. 1971-ലാണ് അദ്ദേഹം പോൾ ആറാമൻ പാപ്പായെ കാണുന്നത്. അന്ന് സിറിൽ അച്ചൻ അന്ധനായിരുന്നില്ല. പോൾ ആറാമൻ പാപ്പാ കാണുന്ന ആദ്യത്തെ ബധിര വൈദികനായിരുന്നു ഫാ. സിറിൽ. മാർപാപ്പ അദ്ദേഹത്തെ ആശ്ലേഷിക്കുകയും ഈ വൈദികൻ സഭക്കു ലഭിച്ച മഹത്തായ സമ്മാനമാണെന്ന് പ്രസ്താവിക്കുകയും ചെയ്‌തു. “പോയി ബധിരരോട് ദൈവസ്നേഹം പ്രസംഗിക്കൂ” – പോൾ ആറാമൻ പാപ്പാ സിറിൽ അച്ചനോട് പറഞ്ഞു. ഈ കൂടിക്കാഴ്ച ഫാ. സിറിളിന് ഏറെ സന്തോഷമേകി.

2014- ൽ ഒരു പൊതുസദസ്സിൽ വച്ചാണ് സിറിൽ അച്ചൻ ഫ്രാൻസിസ് പാപ്പായെ കാണുന്നത്. ലോകത്തിന് ദൈവം നൽകിയ സമ്മാനമെന്ന നിലയിൽ വൈകല്യങ്ങളെക്കുറിച്ച് അദ്ദേഹം പാപ്പായുമായി സംസാരിച്ചു, അതിനു ശേഷം ഇരുവരും ആലിംഗനം ചെയ്തു. തുടർന്ന് ഫാ. സിറിളിൽ നിന്നും മാർപാപ്പ ആശിർവാദം സ്വീകരിച്ചു. പിന്നീട്, 2016- ൽ കരുണയുടെ വർഷത്തിലും അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു. അന്നും മാർപാപ്പ അദ്ദേഹത്തിൽ നിന്ന് ആശിർവാദം സ്വീകരിച്ചിരുന്നു.

കൊറോണ പകർച്ചവ്യാധിയാണ് അദ്ദേഹത്തിന്റെ യാത്രകൾക്ക് താഴിട്ടത്. അതിനു മുൻപ് അദ്ദേഹം അനേകം സ്ഥലങ്ങൾ സന്ദർശിക്കുകയും വൈകല്യങ്ങൾ ഉള്ളവരോട് ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുകയും ചെയ്തിരുന്നു. സൗത്ത് ആഫ്രിക്കയിൽ മാത്രമല്ല, ഹോങ്കോങ്ങിലും മക്കാവുവിലും അദ്ദേഹം സുവിശേഷം പ്രഘോഷിക്കാനായി പോയിട്ടുണ്ട്. എന്നാൽ ഇപ്പോഴും അദ്ദേഹം ചിത്രരചനയിലൂടെയും പുസ്തകങ്ങളിലൂടെയും ദൈവസ്നേഹത്തെക്കുറിച്ച് പ്രഘോഷിക്കുന്നുണ്ട്.

“സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിൽ സുവിശേഷപ്രഘോഷണവും സേവനങ്ങളും നൽകിക്കൊണ്ട് ഞാൻ വർഷങ്ങളോളം ചെലവഴിച്ചു. എന്റെ യാത്ര ഇപ്പോൾ പൂർത്തീകരിച്ചതായി എനിക്ക് തോന്നുന്നു, എന്റെ പ്രായം കാരണം വീണ്ടും യാത്ര ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല” – ഫാ. സിറിൽ പറയുന്നു.

വൈകല്യങ്ങൾ ജീവിതത്തിൽ തടസങ്ങളാണെന്നു ചിന്തിക്കുന്ന എല്ലാവർക്കും ഫാ. സിറിലിന്റെ ജീവിതം പ്രചോദനമാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.