ഉക്രൈനെ രക്തരൂക്ഷിതമാക്കി റഷ്യൻ സൈനിക നടപടി

2022 മാർച്ച് മാസം. ഉക്രൈനിലെ ബുച്ചയുടെ തെരുവുകൾ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു. എങ്ങും മരണത്തിന്റെ ഗന്ധം. രക്തരൂക്ഷിതമായ തെരുവുകൾ. നിലവിളികൾ പ്രതിധ്വനിക്കുന്ന നഗരം. ഉക്രൈനു മേൽ റഷ്യ നടത്തിയ ക്രൂരതയുടെ മുഖമായിരുന്നു ബുച്ചയിലെ മൃതദേഹങ്ങൾ നിറഞ്ഞ ആ തെരുവുകൾ. സമാധാനം ആഗ്രഹിക്കുന്ന സാധാരണ ജനതയ്ക്കു മേൽ റഷ്യ നടത്തിയ ക്ഷമിക്കാനാവാത്ത ക്രൂരകൃത്യം.

റഷ്യൻ സൈന്യത്തെ കാട്ടിക്കൊടുത്തവരെയും അവർക്കെതിരെ പോരാടിയവരെയും ഉക്രൈൻ സേനയെ സഹായിച്ചവരെയുമെല്ലാം അവർ നിശേഷം കൊന്നുതള്ളി. സ്ത്രീകളെന്നോ, കുട്ടികളെന്നോ, വൃദ്ധരെന്നോ യാതൊരു വ്യത്യാസവുമില്ലാതെ. അതിന് റഷ്യൻ സൈന്യം നൽകിയ പേരാണ് ക്ലെൻസിംഗ് അഥവാ ശുദ്ധീകരണം!

ബുച്ച കീഴടങ്ങിയ ദിനം

2022 മാർച്ച് 3. റഷ്യൻ സേനയുടെ ടാങ്കുകളുടെ ഇരമ്പൽ കേട്ട ദിവസം. രാത്രിയോടു കൂടി ബുച്ച റഷ്യൻ സേനയുടെ അധീനതയിലായി. വലിയ ആയുധസന്നാഹങ്ങളുമായി വന്ന ശത്രുക്കളുടെ മുൻപിൽ എണ്ണത്തിൽ ചെറുതും പരിമിതമായ ആയുധങ്ങളുമായി നിന്ന ഉക്രൈൻ സേനക്കും വോളന്റിയേഴ്സിനും പിടിച്ചുനിൽക്കാനായില്ല. വലിയ ചെറുത്തുനിൽപ്പൊന്നുമില്ലാതെ ബുച്ച റഷ്യൻ ബൂട്ടുകൾക്കടിയിലമർന്നു. 144 യാബ്ലുൻസ്‌ക സ്ട്രീറ്റിലെ ഒരു വ്യാപാരസമുച്ചയം അവരുടെ താൽക്കാലിക ആസ്ഥാനമായി മാറി. ലോകത്തെ ഞെട്ടിച്ച ക്രൂരതയുടെ കേന്ദ്രമാവുകയായിരുന്നു 144 യാബ്ലുൻസ്‌ക സ്ട്രീറ്റ്. പിറ്റേ ദിവസം മുതൽ അവർ തങ്ങളുടെ ശുദ്ധീകരണപ്രവൃത്തികൾ തുടങ്ങി. ഒരോ വീടുകളും കയറിയിറങ്ങി തങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നവരെയെല്ലാം അവർ പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്യലും ഡോക്യൂമെന്റുകളും മൊബൈൽ ഫോണുകളും പരിശോധിച്ചാണ് അവർ ഇരകളെ കണ്ടെത്തിയത്. വീടുകളിൽ അതിക്രമിച്ചു കയറിയ സൈനികർ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഭക്ഷണം, മദ്യം എന്നിവ മോഷ്ടിക്കുകയും ചെയ്തു.

തോക്കിൻമുനയിൽ നനഞ്ഞ മഞ്ഞ് വീണുകിടന്ന റോഡിലൂടെ കൈകൾ ബന്ധിച്ച് നഗ്നപാദരായി അവരെ റഷ്യൻസിന്റെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. കുറ്റം തെളിയിക്കപ്പെട്ടവരെ ഉടൻ തന്നെ വെടിയുതിർത്ത് കൊലപ്പെടുത്തി. പരസ്യമായി വധശിക്ഷകൾ നടപ്പാക്കിയ അവർ നാസി അടിച്ചമർത്തലിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുകയാണെന്നാണ് ജനങ്ങളോട് പറഞ്ഞിരുന്നത്.

ക്രൂരതയുടെ കേന്ദ്രമായി മാറിയ 144 യാബ്ലുൻസ്‌ക സ്ട്രീറ്റ്

തെരുവുകളിൽ ചിതറിക്കിടന്നതും കുഴിമാടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നതുമായ മൃതദേഹങ്ങൾ. ഇതു തന്നെ ധാരാളമായിരുന്നു, ഇതൊരു കൂട്ടക്കൊലയായിരുന്നെന്ന് മനസിലാക്കാൻ. അന്ന് ബുച്ചയിൽ സംഭവിച്ചതിനെ റഷ്യൻ സൈന്യം വിളിച്ചത് ശുദ്ധീകരണം എന്നാണ്. തങ്ങൾക്കു തടസമായി നിൽക്കുന്ന എല്ലാത്തിനെയും ഉന്മൂലനം ചെയ്യുന്ന ഒരുതരം ക്രൂരമായ ശുദ്ധീകരണം. ചോർത്തിയ ഫോൺ സംഭാഷണങ്ങളിൽ നിന്നുമാണ് ഈ ക്രൂരതയുടെ വിവരം ലോകത്തിനു മുന്നിൽ വെളിപ്പെട്ടു കിട്ടിയത്. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾ തയ്യാറാക്കിയ പട്ടികയിൽ തങ്ങൾക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന ആളുകളുടെ പേരുകൾ, ഉക്രൈൻ സൈന്യത്തെ സഹായിക്കുന്നവർ, വോളന്റിയേഴ്‌സ് എന്നിവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷ മരണമായിരുന്നു.

ഉക്രൈൻ ജനതയുടെ പ്രതിരോധത്തെ നിർവീര്യമാക്കാനും പ്രദേശവാസികളെ ഭയപ്പെടുത്താനുമുള്ള തന്ത്രം. അതായിരുന്നു 144 യാബ്ലുൻസ്‌ക സ്ട്രീറ്റിനെ രക്തമയമാക്കിയത്. റഷ്യൻ സൈന്യം മുൻപും ഈ യുദ്ധമുറ ഉപയോഗിച്ചിരുന്നു. 144 യാബ്ലുൻസ്കയിലെ അക്രമത്തിന് ഉത്തരവാദികൾ 76-ാം ഗാർഡ്സ് എയർബോൺ അസോൾട്ട് ഡിവിഷനിലെ സൈനികരായിരുന്നു. യബ്ലുൻസ്‌ക തെരുവിൽ മാത്രം 40- ഓളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ട്രൂബയുടെ നീതിക്കായുള്ള പോരാട്ടം

ഭർത്താവിനെ നഷ്ടപ്പെട്ട ട്രൂബ എന്ന സ്ത്രീയും 144 യബ്ലുൻസ്കയിൽ കൊല്ലപ്പെട്ട മറ്റ് രണ്ട് ആളുകളുടെ ബന്ധുക്കളും ചേർന്ന് യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ റഷ്യക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. തന്റെ ഭർത്താവ് മരിച്ചതെങ്ങനെയെന്ന് ലോകം തിരിച്ചറിയണമെന്നാണ് ട്രൂബയുടെ ആഗ്രഹം. അവരുടെ ഭർത്താവിന്റെ മൃതദേഹം, കൊല്ലപ്പെട്ട് ആഴ്ചകൾക്കു ശേഷം ചവറ്റുകുട്ടകൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.

“എല്ലാ പരിഷ്കൃതരാജ്യങ്ങളും ഇത് കൊലപാതകമാണെന്ന് തിരിച്ചറിയണം. ഇതൊരു കെട്ടുകഥയല്ലെന്നും യഥാർത്ഥത്തിൽ സംഭവിച്ചതാണെന്നും തെളിയിക്കണം. അതാണെന്റെ ആഗ്രഹം” – ട്രൂബ വിതുമ്പി.

മരിയ ജോസ് 
മരിയ ജോസ്

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.