50 നോമ്പ് ധ്യാനം 27: കുരിശ് – രക്ഷയുടെ അടയാളം

സഭയുടെ 1554 -ലെ വേദോപദേശ പുസ്തകത്തില്‍ രണ്ടാമതായി കൊടുത്തിരിക്കുന്ന ചോദ്യം, “നസ്രാണിക്കുള്ള അടയാളം എന്ത്?” എന്നതാണ്. അതിനു കൊടുത്തിരിക്കുന്ന ഉത്തരം നമ്മുടെ പാപങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ വേണ്ടി ‘യേശുക്രിസ്തു വ്യസനപ്പെട്ട കുരിശ്’ എന്നാണ്.

കുരിശ് ക്രിസ്ത്യാനികളുടെ അടയാളവും ആത്മീയതയുടെ പ്രതീകവുമാണ്. കുരിശിനോടുള്ള സമര്‍പ്പണവും വിധേയത്വവുമാണ് ഓരോ ക്രിസ്ത്യാനിയുടെയും മുഖമുദ്ര. പ്രത്യക്ഷത്തില്‍ അത്ര ശുഭകരമായ ഒരു അടയാളമല്ല കുരിശ്. വിജയിച്ചവര്‍ക്കു കൊടുക്കുന്ന പാരിതോഷികമല്ലല്ലോ കുരിശ്! ഒരു മനുഷ്യന് കൊടുക്കാവുന്ന ഭൂമിയിലെ ഏറ്റവും കഠിനമായ ശിക്ഷകളിലൊന്നാണത്.

കുരിശില്‍ തറയ്ക്കല്‍ ബി.സി. 6-ാം നൂറ്റാണ്ട് മുതല്‍ ക്രിസ്തുവിനു ശേഷം 5-ാം നൂറ്റാണ്ടു വരെ പേര്‍ഷ്യന്‍ – റോമാ സാമ്രാജ്യങ്ങളിലും മറ്റ് ചിലയിടങ്ങളിലും നിലവിലിരുന്ന വധശിക്ഷാ രീതിയാണ്. വിപ്ലവകാരികള്‍, രാജ്യദ്രോഹികള്‍, കൊള്ളക്കാര്‍, അടിമകള്‍, വിദേശികള്‍ മുതലായവരെ ശിക്ഷിക്കുന്നതിനാണ് മുഖ്യമായും കുരിശിലെ തൂക്കിക്കൊല്ലല്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആയിരക്കണക്കിന് ആളുകളെ ക്രിസ്തുവിനു മുമ്പ് കുരിശില്‍ തറച്ചതിന് ചരിത്രം സാക്ഷിയാണ്. കുരിശില്‍ തൂങ്ങിമരിച്ച ക്രിസ്തുവിനോടുള്ള ആദരസൂചകമായാണ് മാനസാന്തരത്തിനുശേഷം കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തില്‍ കുരിശിലെ വധശിക്ഷ നിര്‍ത്തലാക്കിയത്.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്തുമതം ഔദ്യോഗികമായി സ്വീകരിക്കപ്പെട്ടതോടെയാണ് കുരിശിന് വ്യാപകമായ പ്രചാരം ലഭിച്ചത്. ഐക്കണോഗ്രാഫിയിലും കുരിശിന്റെ സാന്നിധ്യം പ്രകടമായത് അതിനുശേഷമാണ്. ചക്രവര്‍ത്തിക്കുണ്ടായ ‘കുരിശ് ദര്‍ശനവും’ അമ്മയായ ഹെലേന രാജ്ഞി ഈശോയുടെ കുരിശ് കണ്ടെത്തിയതും കുരിശിന്റെ വണക്കം ആരംഭിക്കുന്നതിനിടയാക്കി. ആദ്യ രണ്ടു നൂറ്റാണ്ടുകളില്‍ കുരിശ്, മതചിത്രമായി സ്വീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് അത്യധികം ആശങ്കയും ഭയവുമുണ്ടായിരുന്നു.
എന്നിരുന്നാലും ക്രിസ്ത്യാനികള്‍ കുരിശിനെ രഹസ്യത്തില്‍ വണങ്ങുകയും ആരാധിക്കുകയും ചെയ്തിരുന്നു. അക്കാരണം കൊണ്ട്, സഭാപിതാവായ തെര്‍ത്തുല്യന്‍ സൂചിപ്പിക്കുന്നതുപോലെ, ക്രിസ്തുമതവിശ്വാസികളുടെ സമൂഹത്തെ “കുരിശന്റെ ഭക്തര്‍” “കുരിശിന്റെ ആരാധകര്‍” എന്ന് വിശേഷിപ്പിക്കുന്നു. ക്രിസ്ത്യാനികള്‍ കൂടെക്കൂടെ അവരുടെ നെറ്റിയില്‍ കുരിശടയാളം വരച്ചിരുന്നുവെന്നും പറയപ്പെടുന്നു. പക്ഷേ, ആറാം നൂറ്റാണ്ടിനു ശേഷമാണ് ക്രൂശിതരൂപം ഉപയോഗത്തില്‍ കാണുന്നത്.

അളവും ആകൃതിയും പലതാണെങ്കിലും കുരിശിന്റെ രഹസ്യം ഒന്നാണ്. ക്രിസ്തുവിന്റെ അതുല്യബലിയാണ് കുരിശ് ഓര്‍മ്മിപ്പിക്കുന്നത് (CCC 162). മനുഷ്യരെ വീണ്ടെടുക്കാന്‍ വേണ്ടി തന്റെ പ്രിയപുത്രനെ ബലിയായി കൊടുക്കുന്ന പിതാവായ ദൈവത്തിന്റെ അപരിമേയമായ സ്‌നേഹം കുരിശ് വെളിപ്പെടുത്തുന്നു. കുരിശിലെ യാഗം ഈ ഭൂമിയിലെ ഏറ്റവും തീവ്രതയുള്ള സ്‌നേഹത്തിന്റെ ഓര്‍മ്മക്കുറിപ്പാണ്. മനുഷ്യരെ രക്ഷിക്കാന്‍ മനുഷ്യപുത്രനെ ബലികൊടുക്കുന്ന സ്‌നേഹരഹസ്യമാണ് കുരിശിന്റെ രഹസ്യം.

ദൈവത്തെക്കുറിച്ച് അന്നുവരെ നിലവിലിരുന്ന സകല ധാരണകളെയും ചിന്തകളെയും കീഴ്‌മേല്‍ മറിച്ചതാണ് കുരിശ്. സര്‍വ്വശക്തനായ ദൈവമാണ് കുരിശില്‍ പിടഞ്ഞുമരിക്കുന്നത്. അത്ര ഉന്നതിയില്‍ നിന്ന ദൈവം എത്രയോ താഴ്മയുള്ളവനായി മാറുന്നു. മരത്തില്‍ തൂക്കപ്പെടുന്നവനെ ശപിക്കപ്പെട്ടവനായി കണക്കാക്കിയിരുന്നു (ഗലാ. 3:13). നമ്മെ രക്ഷിക്കാന്‍ ക്രിസ്തു ശപിക്കപ്പെട്ടവനായിത്തീര്‍ന്നു. നമ്മെപ്രതി അവന്‍ നിന്ദനങ്ങളും അപമാനങ്ങളും ഏറ്റു. പക്ഷേ, ആ കുരിശ് ലോകത്തിന്റെ രക്ഷയുടെ അടയാളമായി മാറി. ശാപത്തിന്റെ അടയാളമായ കുരിശ് ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായി (1 കോറി. 1:24).

കുരിശ് ചരിത്രത്തിലെ വെറുമൊരു സംഭവമല്ല; മറിച്ച്, ഭൂമിയുടെ തന്നെ മുഖഛായ മാറാന്‍ കാരണമായതാണ്. നെടുകെയും കുറുകെയും വയ്ക്കുന്ന രണ്ട് തടിക്കഷണങ്ങളെ ചരിത്രം രക്ഷയുടെ അടയാളമാക്കി. മനുഷ്യരുടെ അഭയവും ലോകത്തിന്റെ പ്രതീകവും ഇനി മുതല്‍ കുരിശിലാണ്. ഭൂമിയുടെ അടിസ്ഥാനം ഇനി മുതല്‍ കുരിശാണ്. സകലതിനെയും രക്ഷിക്കുന്നതും വീണ്ടെടുക്കുന്നതും കുരിശാണ്. അതുകൊണ്ടാണ് ”ഞങ്ങളുടെ ഏകപ്രത്യാശയായ കുരിശേ വാഴ്ക” എന്ന് പാടിക്കൊണ്ട് സഭ കുരിശിനെ വണങ്ങുന്നത്.

കുരിശിന്റെ വിജയം ഉയിര്‍പ്പിലായിരുന്നല്ലോ. അത് പുതിയ സന്തോഷത്തിന്റെ അനുഭവമാണ്. സന്തോഷത്തിന്റെ ഉറവിടം പോലും കുരിശാണെന്ന് നമ്മെ പഠിപ്പിക്കുന്നു. അപ്രകാരം ക്രിസ്തുവിന്റെ മരണം മേന്മയുള്ള സന്തോഷത്തെക്കുറിച്ചുള്ള ഒരു നിര്‍വ്വചനം കൂടിയായി. മനുഷ്യനെ പാപത്തിന്റെയും മരണത്തിന്റെയും ചങ്ങലകളില്‍ നിന്ന് സ്വതന്ത്രനാക്കിയത് ക്രൂശിതനാണ്. പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മാനുഷികസുഖങ്ങളുടെ സന്തോഷങ്ങളെ വിമലീകരിക്കാന്‍ കുരിശിനേ സാധിക്കൂ. ആഗ്രഹങ്ങള്‍ ഉപേക്ഷിക്കാനല്ല മറിച്ച്, ദൈവത്തിന്റെ ഇഷ്ടത്തിനും നിയമത്തിനും വിധേയമാക്കാനാണ് കുരിശ് ആവശ്യപ്പെടുന്നത് (റോമ 8:1-17).

കുരിശ് നമ്മുടെ സന്തോഷങ്ങളെ ഇല്ലാതാക്കാനല്ല അവയെ പരാജയങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാനും അതുവഴി ഒരിക്കലും നശിക്കാത്ത ആനന്ദം അന്വേഷിക്കാനും കണ്ടെത്താനുമാണ് പ്രേരിപ്പിക്കുന്നത്. ഇടറുന്നവര്‍ക്കും വീഴുന്നവര്‍ക്കും കുരിശ് വലിയ പ്രതീകമാണ്. കുരിശ് അവര്‍ക്ക് ക്ഷമയുടെയും കാരുണ്യത്തിന്റെയും ഒടുങ്ങാത്ത അച്ചാരമാണ്. കാല്‍വരിയില്‍ ജന്മം കൊണ്ട നല്ല കള്ളന്‍ ആ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ്. കുരിശില്‍ അഴുകിത്തീരാത്ത വീഴ്ചകളില്ല. കുരിശിന്റെ പൊറുതി ലോകാന്ത്യം വരെ നീളുന്നതാണ്. പെസഹാ രഹസ്യത്തില്‍ പങ്കാളിയാകാനുള്ള സാധ്യത കുരിശ് ഓരോരുത്തര്‍ക്കും നല്‍കുന്നുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയതാണ് മറ്റേ കള്ളന് പറ്റിയ അപകടം.

അടുത്തകാലത്ത് യൂറോപ്പിലെ ഒരു സഭ പരസ്യകമ്പനിയോട് ഈസ്റ്ററിനോടനുബന്ധിച്ച് എങ്ങനെ ക്രിസ്തീയസന്ദേശം അവതരിപ്പിക്കണമെന്നതിനെക്കുറിച്ച് ഉപദേശം ആരാഞ്ഞപ്പോള്‍ ലഭിച്ച മറുപടി നമ്മെ ഭയപ്പെടുത്തുന്നതാണ്. ”കുരിശിന്റെ പ്രതീകത്തെ ഇല്ലായ്മ ചെയ്യുക, അത് പഴഞ്ചനും ദുഃഖസൂചകവുമാണ്.” ആധുനിക ലോകം അന്വേഷിക്കുന്നത് കുരിശ് ഇല്ലാത്ത ജീവിതമാണ്. നവസാങ്കേതിക വിദ്യകളും കണ്ടുപിടുത്തങ്ങളും മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സങ്കടങ്ങളും സഹനങ്ങളുമില്ലാത്ത സുഖകരമായ നിമിഷങ്ങളാണ്. കുരിശിന്റെ ഗീതങ്ങള്‍ പാടാന്‍ ആരും ആഗ്രഹിക്കുന്നില്ല. ഏവര്‍ക്കും പ്രിയപ്പെട്ടത് സന്തോഷത്തിന്റെ വരികള്‍ മാത്രം.

കുരിശിനെ മാറ്റിനിര്‍ത്തിയുള്ള ജീവിതം സാധ്യമല്ല. സഹനങ്ങളും സന്തോഷവും ജീവിതത്തിലെ സയാമിസ് ഇരട്ടകളാണ്. ഈശോ പറഞ്ഞത് കുരിശ് എടുത്ത് അനുഗമിക്കാനാണ് (മത്തായി 16:24) പുണ്യവതിയായ ലീമായിലെ റോസ് പറയുന്നു: ”പറുദീസായിലേക്കുള്ള ഏറ്റവും സത്യമായ ഗോവണി ഇതാണ്, സ്വര്‍ഗ്ഗത്തിലേക്ക് കയറാന്‍ കുരിശല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.” കുരിശ് ചേര്‍ത്തുപിടിച്ച് പൗലോസ് ശ്ലീഹായെപ്പോലെ അഭിമാനം കൊള്ളുമ്പോഴാണ് (ഗലാ. 6:14) കുരിശിന്റെ രഹസ്യം നമ്മിലൂടെ നിറവേറ്റപ്പെടുക.

വരൂ, നമുക്ക് കുരിശിനെ പ്രണയിക്കാം. കുരിശില്‍ ഊറ്റം കൊള്ളാം.

ഫാ. ഷിനു ഉതുപ്പാന്‍