പുതിയ പാപ്പയും വെല്ലുവിളികളും

ലെയോ 14- മന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുതിയ പാപ്പയുടെ മുന്‍പില്‍ നിരവധി വെല്ലുവിളികളാണ് ഉള്ളത്. അവയില്‍ ചിലതിലൂടെ നമുക്ക് കടന്നുപോകാം.

1. രാഷ്ട്രീയ നിലപാടുകൾ

സാമ്പത്തികശാസ്ത്രം മുതൽ കുടിയേറ്റനയം വരെയുള്ള രാഷ്ട്രീയചർച്ചകളിൽ പുതിയ പാപ്പ ഏതു നിലപാടാണ് സ്വീകരിക്കുക എന്നത് ശ്രദ്ധേയമായ വിഷയമാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നിർദേശത്തിന്റെ ഫലമായി, പാവപ്പെട്ടവരെയും ദുർബലരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സഹായിക്കുന്നതിനായി കത്തോലിക്ക സഭ വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ വീക്ഷണങ്ങൾ പുതിയ പാപ്പ തുടരുമോ എന്നതും ശ്രദ്ധേയമാണ്.

2. ജീവനെയും വിവാഹത്തെയും കുറിച്ചുള്ള പഠനങ്ങൾ  

ജീവന്‍, വിവാഹം, ഗർഭഛിദ്രം, ഗർഭനിരോധന മാർഗങ്ങൾ, ദയാവധം എന്നിവയെക്കുറിച്ച് വളരെ കൃത്യമായ നിലപാട് കത്തോലിക്ക സഭയ്ക്കുണ്ട്. എന്നാല്‍ സെക്കുലര്‍ ലോകത്തിന്റെ വീക്ഷണത്തില്‍നിന്നും വിഭിന്നമാണത്. ഈ സാഹചര്യത്തില്‍ സഭയുടെ നിലപാട് കൂടുതല്‍ ശക്തമായി ലോകത്തോടു വിളിച്ചുപറയാനുള്ള ഉത്തരവാദിത്വവും ധീരതയും പാപ്പയില്‍ നിക്ഷിപ്തമാണ്.

3. വൈദികര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ സ്വീകരിക്കുന്ന നിലപാട് 

ലൈംഗികചൂഷണം നടത്തിയ വൈദികർക്കെതിരെ ഫ്രാൻസിസ് പാപ്പ കർശനമായ നിലപാടെടുത്തു. ഇത്തരം ദുരുപയോഗങ്ങൾ മറച്ചുവച്ചതിന് ചില ബിഷപ്പുമാരെയും അദ്ദേഹം നീക്കം ചെയ്തു. പുതിയ പാപ്പയും അഭിമുഖീകരിക്കുന്ന ഒരു നിർണ്ണായക പ്രശ്നം, ഈ വിഷയം നീതിപൂര്‍വം കൈകാര്യം ചെയ്യുക എന്നതു തന്നെയാണ്.

4. വത്തിക്കാന്റെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ

ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് സാമ്പത്തിക പരിഷ്കരണത്തിൽ ചില നിർണ്ണായക മാറ്റങ്ങൾ ഉണ്ടായിരുന്നു. അത് കാര്യങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുകയും കൂടുതൽ സുതാര്യത ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ വത്തിക്കാന്റെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ചില വെല്ലുവിളികൾ അവശേഷിക്കുന്നുണ്ട്. 2014 ൽ ഫ്രാൻസിസ് പാപ്പ ആരംഭിച്ച ഘടനാപരമായ പരിഷ്കാരങ്ങൾ പുതിയ പോപ്പ്‌ എങ്ങനെ തുടരും എന്നത് ലോകം ആകാംക്ഷയോടെ നോക്കുന്ന കാര്യമാണ്.

5. മറ്റു മതങ്ങളില്‍ നിന്നുണ്ടാകുന്ന തീവ്രവാദ ഭീഷണിയെ നേരിടുക

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍, പ്രത്യേകിച്ച് കത്തോലിക്കര്‍ തീവ്ര മതവിഭാഗങ്ങളില്‍നിന്നും ഭീഷണി നേരിടുന്നുണ്ട്. വിവിധ തീവ്ര ഇസ്ലാമിക സംഘടകളില്‍നിന്നും വലിയ ഭീഷണിയാണ് ക്രൈസ്തവര്‍ നേരിടുന്നത്. നൈജീരിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്‌. പല ക്രൈസ്തവഭൂരിപക്ഷ രാജ്യങ്ങളിലും ഇപ്പോള്‍ വര്‍ധിച്ചുവരുന്ന മറ്റു മതങ്ങളില്‍പെട്ടവരുടെ എണ്ണവും വെല്ലുവിളി ഉയര്‍ത്തുന്നു. കത്തോലിക്ക സഭ ഉപേക്ഷിക്കുന്ന ആളുകളുടെ എണ്ണവും ഒരു പ്രശ്നമാണ്.

6. പാരമ്പര്യവാദവും പുരോഗമന ചിന്താഗതിയും

പാരമ്പര്യവാദം ഉയര്‍ത്തുന്ന ഒരു വിഭാഗവും പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന മറ്റൊരു വിഭാഗവും എപ്പോഴും കത്തോലിക്ക സഭയിലുണ്ട്. ഈ രണ്ട് ചിന്താഗതിക്കാരെയും ഒരുമിച്ചുകൊണ്ടുപോകുക എന്നത് പുതിയ പാപ്പയുടെ മുന്‍പിലെ ഒരു വെല്ലുവിളിയാണ്.

7. എല്‍ ജി ബി റ്റി ക്യു വിഭാഗങ്ങളോടുള്ള നിലപാട്

എല്‍ ജി ബി റ്റി ക്യു വിഭാഗങ്ങളോടുള്ള നിലപാട് വളരെ പ്രധാനപ്പെട്ട ഒന്നാണ്. “അവരെ വിധിക്കാന്‍ ഞാന്‍ ആരാണ്?” എന്ന, 2013 ലെ ഫ്രാന്‍സിസ് പാപ്പയുടെ ചോദ്യം, എല്‍ ജി ബി റ്റി ക്യു വിഭാഗങ്ങളോട് പാപ്പയ്ക്ക് അനുകൂല നിലപാടാണ്‌ എന്നു ചിന്തിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചിരുന്നു. ഈ വിഷയത്തില്‍ പുതിയ പാപ്പ എന്തു നിലപാടാണ്‌ എടുക്കുക എന്നത് നിര്‍ണ്ണായകമാണ്.

8. ദൈവവിളികള്‍ കുറയുന്നത് 

സന്യാസ-പൗരോഹിത്യത്തിലേക്കുള്ള ദൈവവിളികളുടെ എണ്ണം കുറയുന്നത് വലിയൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ചും സന്യസിനിമാരുടെ എണ്ണത്തിലാണ് കുറവ് സംഭവിക്കുന്നത്‌. 2012 ല്‍ 7,02,529 ആയിരുന്ന കത്തോലിക്ക സന്യസിനിമാരുടെ എണ്ണം  2022 ല്‍ 5,99,229 ആയി കുറഞ്ഞു എന്ന് എ പി റിപ്പോര്‍ട്ട്  ചെയ്യുന്നു. ഇത്തരം വിഷയങ്ങളില്‍ പാപ്പയുടെ അഭിപ്രായവും നിര്‍ദേശവും എല്ലാവരും ശ്രദ്ധയോടെ കാത്തിരിക്കുന്നു.

പ്രശ്നങ്ങളും വെല്ലുവിളികളും ഏറെയുണ്ടെങ്കിലും ഇവയെയെല്ലാം അതിജീവിച്ച് ക്രിസ്തുവിന്റെ സഭയെ മുന്നോട്ടുനയിക്കാന്‍ പുതിയ പാപ്പയ്ക്കു സാധിക്കട്ടെ. കാരണം സഭ ക്രിസ്തുവിന്റെതാണല്ലോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.