ദുരന്തങ്ങൾ തീമഴ പോലെ പെയ്തിറങ്ങുന്ന ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതം 

അനവധി ദുരന്തങ്ങളിലൂടെ കടന്നു പോകുന്ന സമൂഹമാണ് കോപ്റ്റിക് ക്രിസ്ത്യാനികളുടേത്. ഏറ്റവും ഒടുവിലായി, ഞായറാഴ്ച ദൈവാലയത്തിലെ അഗ്നിബാധയിൽ 41 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ന്യൂനപക്ഷസമൂഹം എന്ന നിലയിൽ ഇവർ വലിയ പീഡനങ്ങൾ അനുഭവിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തിനു ശേഷം ഈജിപ്തിൽ ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരുന്നു. തീവ്രവാദികളുടെ ലക്ഷ്യം തന്നെ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു. ദുരന്തങ്ങൾ തീമഴ പോലെ പെയ്തിറങ്ങുന്ന കോപ്റ്റിക് ക്രൈസ്തവരുടെ ജീവിതത്തിലൂടെ…    

ലോകം നിറകണ്ണുകളോടെയാണ് ഈജിപ്തിലേക്ക് നോക്കുന്നത്. ഞായറാഴ്ച, കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയത്തിൽ സംഭവിച്ച അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട 41 പേരുടെ കുടുംബങ്ങളുടെ, പ്രിയപ്പെട്ടവരുടെ, സുഹൃത്തുക്കളുടെ നിലവിളികൾ ഇനിയും ലോകത്തിന്റെ മനഃസാക്ഷിക്കു മുന്നിൽ  കെട്ടടങ്ങിയിട്ടില്ല. പീഡനങ്ങൾക്കും വിവേചനകൾക്കും അവഗണനകൾക്കും മുന്നിൽ സധൈര്യം ക്രിസ്തുസുവിശേഷത്തെ പ്രഖ്യാപിച്ച, നെഞ്ചോട് ചേർത്തുപിടിച്ച ഒരു സമൂഹത്തിന്റെ ആന്തരികശക്തിക്കുമേൽ ഏറ്റ ഒരു പ്രഹരമായി മാറിയിരിക്കുകയാണ് ഈ ദുരന്തം. അഗ്നിബാധയിൽ മരണമടഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ നെഞ്ചേറ്റിയ ഈ ക്രൈസ്തവസമൂഹത്തിന് പ്രാർത്ഥനയോടെ പിന്തുണയേക്കാം. ഒപ്പം അറിയാം, കോപ്റ്റിക് ക്രൈസ്തവരെയും അവർക്ക് നേരിടേണ്ടിവരുന്ന പീഡനവഴികളെയും…

എന്താണ് കോപ്റ്റിക് സഭ?

ആറു മുതൽ 11 ദശലക്ഷം വരെ അംഗങ്ങളുള്ള ഈജിപ്തിലെ പ്രധാന ക്രിസ്ത്യൻ സമൂഹമാണ് കോപ്റ്റിക് ഓർത്തഡോക്സ് സഭ. കൂടുതൽ കോപ്റ്റിക് ക്രൈസ്തവരും ഈജിപ്തിലാണ് ജീവിക്കുന്നതെങ്കിലും ഈജിപ്തിനു പുറത്ത് ഏകദേശം ഒരു ദശലക്ഷം അംഗങ്ങളുണ്ട്. യുഎസ് -ൽ നൂറിലധികം പള്ളികളും യുകെ-യിൽ ഒരു കത്തീഡ്രലുമുണ്ട് കോപ്റ്റിക് ഓർത്തഡോക്സ് സഭയുടേതായി. അപ്പസ്തോലനായ വി. മർക്കോസ്, ഈജിപ്ത് സന്ദർശിച്ചതായി പറയപ്പെടുന്ന എ.ഡി. 50-ലാണ് തങ്ങളുടെ കോപ്റ്റിക് ക്രൈസ്തവ സമൂഹം ആരംഭിച്ചതെന്ന് കോപ്‌റ്റിക് ക്രൈസ്തവർ വിശ്വസിക്കുന്നു.

യേശുക്രിസ്തുവിന്റെ മാനുഷികവും ദൈവികവുമായ സ്വഭാവത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ തർക്കം മൂലം 451-ലെ കാൽസിഡോൺ കൗൺസിലിനെ എതിർക്കുകയും, കോപ്റ്റിക് സഭ കത്തോലിക്കാ സഭയുമായി പിരിയുകയും ചെയ്തു. കോപ്റ്റിക് ഓർത്തഡോക്സ് സഭ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ അംഗീകരിക്കുന്നില്ല. പകരം അലക്സാണ്ട്രിയയിലെ ബിഷപ്പും വി. മാർക്കോസിൽ നിന്ന് അപ്പസ്തോലിക പിന്തുടർച്ച അവകാശപ്പെടുന്നതുമായ നേതൃത്വമുണ്ട് ഈ സഭയ്ക്ക്. കെയ്‌റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലക്സാണ്ട്രിയയിലെ മാർപാപ്പയാണ് കോപ്റ്റിക് സഭയെ നയിക്കുന്നത്.

കോപ്റ്റിക് സഭയിൽ കത്തോലിക്കാ സഭയിലെ വിശുദ്ധ കുർബാനക്കു സമാനമായ ആരാധനയുടെ ഏറ്റവും ഉയർന്ന രൂപമാണ് ദിവ്യ ആരാധനക്രമം. ഓറിയന്റൽ ഓർത്തഡോക്സ് സഭയായ കോപ്റ്റിക് ഓർത്തഡോക്സ് സഭയും കോപ്റ്റിക് കത്തോലിക്കാ സഭയും ഒന്നല്ല. കോപ്റ്റിക് കത്തോലിക്കാ സഭ റോമുമായി പൂർണ്ണമായ കൂട്ടായ്മയിലുള്ള പൗരസ്ത്യസഭയാണ്. ഈജിപ്തിലെ മൊത്തം ജനസംഖ്യയുടെ 10% വരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ ഭൂരിഭാഗവും കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളും ഏതാനും മരോനൈറ്റ്, ലാറ്റിൻ ക്രൈസ്തവരുമുണ്ട്.

സ്ഫോടനങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പരകൾക്ക് സാക്ഷികളായ സമൂഹം  

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തിനു ശേഷം ഈജിപ്തിൽ കോപ്റ്റിക് ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു. പലപ്പോഴും തീവ്രവാദികളുടെ ലക്ഷ്യം തന്നെ ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു. തീവ്രമുസ്ളീങ്ങൾക്കിടയിലുള്ള പൊതുവായ ക്രിസ്ത്യൻ വിരുദ്ധ വികാരത്തിനപ്പുറം നിൽക്കുന്ന ചില ഘടകങ്ങളുണ്ട് ഈ ക്രൈസ്തവ പീഡനത്തിന്റെ ചരിത്രത്തിൽ. 2013-ലെ സൈനിക അട്ടിമറിയിലൂടെ മുസ്ലിം  ബ്രദർഹുഡിനെ പുറത്താക്കി ഭരണത്തിലെത്തിയ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി അധികാരത്തിലെത്തുന്നതിന് ക്രൈസ്തവരുടെ പിന്തുണ കാരണമായി എന്ന് ഈജിപ്തിലെ മുസ്ലീങ്ങൾ ആരോപിക്കുന്നു. ഈ ഒരു കാരണത്താൽ തന്നെ ഇവർക്ക് കോപ്റ്റിക് ക്രൈസ്തവരോട് അടങ്ങാത്ത പകയുണ്ട്.

ഈ പകയുടെ പിന്തുടർച്ചയാണ് ലിബിയയിലെ 21 കോപ്റ്റിക് യുവാക്കളെ കഴുത്തറത്ത് കൊലപ്പെടുത്തുന്ന ദാരുണസംഭവത്തിലേക്ക് നയിച്ചത്. 2015 ഫെബ്രുവരി മാസത്തിലാണ് ലിബിയയിലെ 21 കോപ്റ്റിക് ക്രൈസ്തവരെ തീവ്രവാദികൾ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഈ യുവാക്കൾ കോപ്റ്റിക് സഭയിൽ വിശുദ്ധരായ രക്തസാക്ഷികളായിട്ടാണ് ഇന്ന് അറിയപ്പെടുന്നത്. അവിടം കൊണ്ടും തീർന്നില്ല ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ. 2016 ഡിസംബറിൽ കെയ്‌റോയിലെ സെന്റ് മാർക്‌സ് കോപ്‌റ്റിക് ഓർത്തഡോക്‌സ് കത്തീഡ്രലിലുണ്ടായ സ്‌ഫോടനത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. കൂടാതെ, ഭീകരർ ഈജിപ്തിലെ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തിറക്കുകയും ചെയ്തു.

അടുത്ത വർഷവും ക്രൈസ്തവരെ കാത്തിരുന്നത് വലിയ ഒരു ആക്രമണമായിരുന്നു. 2017-ലെ ഓശാന ഞായറാഴ്ച, ഈജിപ്തിലെ കോപ്റ്റിക് പള്ളികളിൽ നടന്ന രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ സ്‌ഫോടനങ്ങളിൽ 47 പേരുടെ ജീവനാണ് പൊലിഞ്ഞത്. 2018 നവംബറിൽ, കെയ്‌റോയ്ക്ക് തെക്ക് ഒരു മരുഭൂമിയിലെ ആശ്രമത്തിലേക്ക് കോപ്റ്റിക് ക്രിസ്ത്യൻ തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തി. ഈ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നും വേദനയോടെ മാത്രമേ ഈ ആക്രമണങ്ങൾ ഈജിപ്തിലെ ക്രൈസ്തവർക്ക് ഓർക്കാൻ കഴിയുകയുള്ളൂ.

കൂടാതെ, കോവിഡ് മഹാമാരിയുടെ സമയത്ത്, കോപ്റ്റിക് ക്രിസ്ത്യൻ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടു പോയി ബലമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തതുമായ അനുഭവങ്ങൾ ചില ക്രിസ്ത്യൻ സമൂഹങ്ങൾ നേരിട്ടതായും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

അവസാനിക്കുമോ ഈ പീഡന പരമ്പര?

പ്രസിഡന്റ് എൽ-സിസിയുടെ കീഴിലുള്ള നിലവിലെ ഈജിപ്ഷ്യൻ സർക്കാർ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളെ അപലപിക്കുകയും രാജ്യത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദേശീയ സർക്കാരിന് മേൽകൈ  ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ ക്രിസ്ത്യാനികൾ പീഡനങ്ങൾ നേരിടുന്നുണ്ട്. ക്രൂരമായ അതിക്രമങ്ങളുടെ രൂപത്തിൽ മാത്രമല്ല ഇത് ചിലപ്പോൾ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്ന സർക്കാർ നിയന്ത്രണങ്ങളുടെ രൂപത്തിലും സംഭവിക്കുന്നു. അതിന് ഉദാഹരണമാണ് ദൈവാലയങ്ങളുടെ നിർമ്മാണത്തിനും മറ്റും അനുമതി നൽകാതിരിക്കുകയും അതിന് കാലതാമസം വരുത്തുകയും ചെയ്യുന്ന സർക്കാർ നടപടികൾ.

ദൈവാലയ നിർമ്മാണങ്ങളിലും മറ്റും ഉണ്ടായിരുന്ന പഴയ നിയന്ത്രണങ്ങൾ പലതും 2016-ൽ റദ്ദാക്കിയെങ്കിലും, വിമർശകർ ഇപ്പോഴും പറയുന്നത്, പള്ളികൾ പണിയുന്നതിനോ, നന്നാക്കുന്നതിനോ ഉള്ള മിക്ക അപേക്ഷകളും നിരസിക്കപ്പെടുന്നു എന്നാണ്. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ നിന്നോ, ക്രിസ്ത്യാനികൾ ചെറിയ ന്യൂനപക്ഷമായുള്ള പ്രദേശങ്ങളിൽ നിന്നുള്ള അഭ്യർത്ഥനകൾ നിരസിക്കപ്പെടുന്നു. 2021 ജൂൺ 24-ന് കാത്തലിക് ചാരിറ്റി ഫൗണ്ടേഷൻ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് യുണൈറ്റഡ് സ്റ്റേറ്റ്സി’ന് നൽകിയ റിപ്പോർട്ടിൽ, ക്രിസ്ത്യാനികൾ പല മേഖലകളിലും പ്രാതിനിധ്യം കുറഞ്ഞവരാണെന്നും ഭരണപരമായ സ്ഥാനങ്ങളിൽ പുറന്തള്ളപ്പെടുകയാണെന്നും കോപ്റ്റിക് ബിഷപ്പ് കിറില്ലോസ് വില്യം സമാന വ്യക്തമാക്കിയിരുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.