20 വർഷങ്ങൾക്കു ശേഷം നടത്തിയ കുമ്പസാരം ഒരു വ്യക്തിയെ മാനസാന്തരപ്പെടുത്തിയ സംഭവം

ടോമെക് വെഗ്രസിൻ എന്ന പോളണ്ടുകാരൻ, ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച ആളാണ്. എങ്കിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം വിശ്വാസജീവിതത്തിൽ നിന്നും അകന്നു. മദ്യപാനിയായ പിതാവിൽ നിന്നും രക്ഷപെടാൻ വീട്ടിൽ നിന്നും അകന്ന് ഒരു ജീവിതമായിരുന്നു ടോമെക് നയിച്ചിരുന്നത്. വളരെ മിടുക്കനായ ടോമെക് ചെറുപ്പത്തിൽ തന്നെ ഒരു ജോലി കണ്ടെത്തി പണം സമ്പാദിക്കാൻ തുടങ്ങി. ക്രമേണ പാർട്ടികൾ, മദ്യം, മയക്കുമരുന്ന് ഇവയെല്ലാം ടോമെകിന്റെ ജീവിതത്തിന്റെ ഭാഗമായി മാറാൻ തുടങ്ങി.

ദുശീലങ്ങൾക്ക് അടിമപ്പെട്ട ജീവിതത്തിനിടയിൽ ടോമെക്, കാസിയ എന്ന സ്ത്രീയെ കണ്ടെത്തി. കുറവുകൾ ഏറെ ഉണ്ടായിട്ടും കാസിയ അദ്ദേഹത്തിന്റെ നന്മയുടെ വശം കണ്ടു. “ഒരുപാട് ദുശീലങ്ങളും ബലഹീനതകളും ഉണ്ടായിരുന്നിട്ടും അവൻ എന്നോട് കള്ളം പറഞ്ഞില്ല. അവൻ എപ്പോഴും എന്നോട് സത്യസന്ധത പുലർത്തി. അതുകൊണ്ടാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ രൂപമുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞത്” – കാസിയ പറയുന്നു.

ടോമെക്കിനെ കാണുമ്പോൾ ഒരു വിശുദ്ധനെപ്പോലെ തോന്നിക്കുന്നുവെന്ന് കാസിയ പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. വിവാഹം കഴിക്കാതെ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. താമസിയാതെ അവർക്ക് വിക്ടർ എന്ന് പേരുള്ള ഒരു ആൺകുട്ടി ജനിച്ചു.

കുറച്ചു മാസങ്ങൾക്കു ശേഷം ഇവർ ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി മറ്റൊരു നഗരത്തിലേക്ക് താമസം മാറി. ആ സമയത്ത് ടോമെക്ക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെങ്കിലും മദ്യപാനം വളരെ കൂടുതലായിരുന്നു. പുതിയ തരം ആസക്തികളിൽ അദ്ദേഹം അഭയം പ്രാപിച്ചു. “കാസിനോയിൽ കളിക്കുന്നതിനായി പണം ഉണ്ടാക്കാൻ ഞാൻ എന്തും വിറ്റു. ആത്മഹത്യാചിന്തകളുള്ള, വിഭ്രാന്തി പിടിച്ച മനുഷ്യനെപ്പോലെ ആയിമാറി ഞാൻ. എന്റെ കൂടെ താമസിക്കുന്നതു കൊണ്ട് കാസിയയുടെ സുഹൃത്തുക്കൾ അവളെക്കുറിച്ച് ആശങ്കാകുലരായി” – ടോമെക് പറയുന്നു.

എന്നാൽ കാസിയ ടോമെക്കിനെ കുറ്റപ്പെടുത്താതെ തന്റെ ജീവിതപങ്കാളിക്കു വേണ്ടി പ്രാർത്ഥിക്കുകയും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകാൻ ആഗ്രഹിക്കുകയും ചെയ്‌തു. “ദൈവമാണ് ഞങ്ങളുടെ ഏകരക്ഷ എന്ന് എനിക്കറിയാമായിരുന്നു. ഞാൻ ടോമെക്കിനെ സ്നേഹിച്ചു. അതിനാൽ ഈ പ്രശ്നം എങ്ങനെയെങ്കിലും പരിഹരിച്ചു തരണമെന്ന് ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടു. ഞങ്ങൾ വിവാഹിതരാകാത്തതിൽ ഞാൻ ഏറെ അസ്വസ്ഥയായിരുന്നു. എനിക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിഞ്ഞില്ല, അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു” – കാസിയ വെളിപ്പെടുത്തുന്നു. അതിനാൽ അവൾ ടോമെക്കിന് ഒരു അന്ത്യശാസനം നൽകി: “ഒന്നുകിൽ നമ്മൾ വിവാഹം കഴിക്കണം; അല്ലെങ്കിൽ ഞാൻ തിരികെ പോകും.”

ടോമെക്ക് അതനുസരിച്ച് വിവാഹത്തിന് സമ്മതമറിയിച്ചു. അവർ വിവാഹത്തിന് തയ്യാറെടുക്കാൻ തുടങ്ങി. “എന്റെ വിവാഹത്തിന് രണ്ടാഴ്ച മുമ്പ്, എനിക്ക് പെട്ടെന്ന് ബൈബിൾ വായിക്കാനുള്ള ആഗ്രഹമുണ്ടായി. ഞാൻ ദിവസവും നാലോ, അഞ്ചോ മണിക്കൂർ ബൈബിൾ വായിക്കാൻ തുടങ്ങി. ഞാൻ ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. എന്തോ നല്ലത് സംഭവിക്കുന്നതായി എനിക്ക് തോന്നി. ദൈവം എന്നെ അനുരഞ്ജനശുശ്രൂഷക്കായി ഒരുക്കുന്ന സമയമായിരുന്നു അത്” – അദ്ദേഹം പറയുന്നു.

2017 ഒക്ടോബർ 20, അതായത് അവരുടെ വിവാഹത്തിന്റെ തലേ ദിവസം ടോമെക്ക് കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാനൊരുങ്ങി. 20 വർഷങ്ങൾക്കു ശേഷമുള്ള കുമ്പസാരമായിരുന്നു അത്. ജീവിതത്തിൽ ചെയ്തുപോയ എല്ലാ പാപങ്ങളെക്കുറിച്ചും ആത്മാർത്ഥമായി അനുതപിച്ചു, കുമ്പസാരിച്ചു.

“അനുതാപത്തോടെയുള്ള ആ കുമ്പസാരത്തിനു ശേഷം എന്റെ ഹൃദയത്തിൽ അതിയായ സ്നേഹം നിറയുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ കുമ്പസാരത്തിലൂടെ ആസക്തികളിൽ നിന്നും മോചനം പ്രാപിക്കാൻ എനിക്ക് സാധിച്ചു. പരിശുദ്ധാത്മാവ് എന്റെ ജീവിതത്തെ എല്ലാ തിന്മകളിൽ നിന്നും സംരക്ഷിച്ചു. ദൈവം എനിക്ക് ഒരു പുതിയ ഹൃദയവും പുതിയ മനസ്സും നൽകി” – ആ ദിവസങ്ങളെക്കുറിച്ച് ടോമെക്ക് പറയുന്നു.

പ്രതീക്ഷ നഷ്ടപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിച്ച കാസിയ, ദൈവത്തിന് തങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരു അത്ഭുതം പ്രവർത്തിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് സന്തുഷ്ടരായ ഈ ദമ്പതികൾ മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്. അവർ അവരുടെ ജീവിതത്തെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിച്ചു. ഇന്ന് ഇവർ മാതൃകാദമ്പതികളാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.