വാഴ്ത്തപ്പെട്ട പിയോട്ടർ എഡ്വേർഡ് ഡാങ്കോവ്സ്കി: ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലെ ക്രിസ്തുവിന്റെ പോരാളി

രണ്ടാം ലോക മഹായുദ്ധകാലത്തെ 108 രക്തസാക്ഷികളിൽ ഒരാളായ പോളിഷ് കത്തോലിക്കാ വൈദികനാണ് വാഴ്ത്തപ്പെട്ട പിയോട്ടർ എഡ്വേർഡ് ഡാങ്കോവ്സ്കി. വി. മാക്സിമില്യൻ കോൾബെയെപ്പോലെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽ ക്രിസ്തുവിനായി തന്റെ ജീവിതം കൊണ്ട് സാക്ഷ്യം വഹിച്ച ഒരു തടവുകാരനായിരുന്നു അദ്ദേഹം. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയ ഈ വിശുദ്ധജീവിതത്തെ നമുക്കും അറിയാം…

പോളണ്ടിന്റെ പുത്രൻ

ഇരുണ്ട അനുഭവങ്ങളുടെ ഇടനാഴിയിലൂടെ വർഷങ്ങളോളം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ഒരു രാജ്യമായിരുന്നു പോളണ്ട്. അടിച്ചമർത്തപ്പെട്ടും പീഡിപ്പിക്കപ്പെട്ടും കശാപ്പു ചെയ്യപ്പെട്ടും നാടുകടത്തപ്പെട്ടും യൂറോപ്പിന്റെ ഭൂപടത്തിൽ നിന്നുപോലും തുടച്ചുനീക്കപ്പെട്ടും നടന്നുനീങ്ങിയ ഒരു ചരിത്രമുണ്ട് പോളണ്ടിന്. എങ്കിലും ഒരു ഫീനീക്സ് പക്ഷിയെപ്പോലെ പ്രതിസന്ധികളെ അതിജീവിച്ച് ആ രാജ്യം പറന്നുയർന്നു. ഈ ഉയിർത്തെഴുന്നേൽപ്പിന് പോളണ്ടിനെ പ്രാപ്തയാക്കിയതിൽ കത്തോലിക്കാ വിശ്വാസത്തിനും വലിയ പങ്കുണ്ട്. അനേകം രക്തസാക്ഷികളുടെ നിണമണിഞ്ഞ ഈ മണ്ണിലാണ് വാഴ്ത്തപ്പെട്ട പിയോട്ടർ എഡ്വേർഡ് ഡാങ്കോവ്സ്കിയുടെയും ജനനം.

ബാല്യവും ജീവിതവും

1908 ജൂൺ 21-ന് പോളണ്ടിലെ ജോർദാനോവ് എന്ന സ്ഥലത്ത് ഒരു ചെരുപ്പുനിർമ്മാതാവിന്റെ മകനായാണ് എഡ്വേർഡിന്റെ ജനനം. തന്റെ ബിരുദപഠനം പൂർത്തിയാക്കിയ ഡാങ്കോവ്സ്കി, 1926-ൽ ക്രാക്കോവ് അതിരൂപതയുടെ സെമിനാരിയിൽ ചേർന്നു. വൈദികപഠനം പൂർത്തിയാക്കി 1931-ൽ പുരോഹിതനായി. തുടർന്ന് അതിരൂപതയിലെ പല ഇടവകകളിലും വൈദികനായി ശുശ്രൂഷ ആരംഭിച്ചു. അധ്യാപകനായും കുമ്പസാരക്കാരനായും സാമൂഹ്യപ്രവർത്തങ്ങളിൽ സജീവസാന്നിധ്യമായും ഫാ. ഡാങ്കോവ്സ്കി നിറഞ്ഞുനിന്നു.

നിർഭയനായ പോരാളി

1939 സെപ്റ്റംബറിൽ പോളണ്ടിനെ ആക്രമിച്ചുകൊണ്ട് ജർമ്മനി രണ്ടാം ലോക മഹായുദ്ധത്തിന് തുടക്കമിട്ട കാലം. ഫാ. ഡാങ്കോവ്സ്കി നിരോധനങ്ങളെ വകവയ്ക്കാതെ തന്റെ അജപാലന ശുശ്രൂഷ രഹസ്യമായി തുടർന്നു. കൂടാതെ, അദ്ദേഹം തന്റെ സഹോദരൻ സ്റ്റനിസ്ലാസിനൊപ്പം പോളണ്ടിന്റെ ചെറുത്തുനിൽപ്പിൽ പങ്കുചേർന്നു. ‘ജോർദാൻ’ എന്ന ഓമനപ്പേരിൽ പോളിഷ് ചെറുത്തുനിൽപ്പ് സജീവമാക്കാൻ അദ്ദേഹം ശ്രമിച്ചു. ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളിലെ മറ്റ് പ്രതിരോധശൃംഖലകളുമായി അതിർത്തിക്കപ്പുറവും കാർപാത്തിയൻ പർവ്വതനിരകളിലൂടെയും ആശയവിനിമയം നടത്തുന്നത് സാധ്യമാക്കുന്നതിന് ഒരു രഹസ്യ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചു. കൂടാതെ, ലഘുലേഖകൾ എഡിറ്റ് ചെയ്യാനും അദ്ദേഹം സഹായിച്ചു. ഏറ്റവും അപകടകരമായ ദൗത്യങ്ങളായിരുന്നിട്ടു കൂടി അദ്ദേഹം അതിൽ പങ്കുചേർന്നു. ഇത്തരം ചെറുത്തുനിൽപ്പുകളെയും രഹസ്യ റേഡിയോ വിനിമയങ്ങളെയും പൂർണ്ണമായും തുടച്ചുനീക്കാനുള്ള ശ്രമത്തിൽ ജർമ്മൻ അധിനിവേശ ശക്തികളുടെ നോട്ടപ്പുള്ളിയായിത്തീർന്നിരുന്നു ഫാ. ഡാങ്കോവ്സ്കി. 1941 മേയ് 10-ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.

തടവുദിനങ്ങൾ

ടാർനോവിലെ ഒരു ജയിലിൽ തടവിലാക്കപ്പെട്ട ഫാ. ഡാങ്കോവ്സ്കി നിരവധി പീഡനങ്ങൾക്ക് ഇരയായി. 1941 ഡിസംബറിൽ അദ്ദേഹത്തെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലേക്കു മാറ്റുകയും ഐ ജി ഫാർബെൻ എന്ന ജർമ്മൻ ഫാക്ടറിയിലെ നിർബന്ധിത തൊഴിലാളിസംഘത്തിൽ ചേർക്കുകയും ചെയ്തു. വിശ്രമമില്ലാത്ത അധികജോലികൾ കൊണ്ടും ക്രൂരമായ പീഡനങ്ങൾ കൊണ്ടും കഠിനമായ തണുപ്പു കൊണ്ടും ഭക്ഷണത്തിന്റെയും പ്രാഥമികസൗകര്യങ്ങളുടെയും അഭാവം കൊണ്ടും അദ്ദേഹം ശാരീരികമായി തീർത്തും അവശനായി. നിരന്തര ദുരന്താനുഭവങ്ങളും മരണം മണക്കുന്ന ചുറ്റുപാടുകളും അനേകം തടവുകാരുടെ മാനസികനില താറുമാറാക്കി. മരണത്തെ അതിജീവിക്കാൻ ഭക്ഷണത്തിനായി മൃഗങ്ങളെപ്പോലെ പരസ്പരം കടിച്ചുകീറി. ഇതെല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചെങ്കിലും വിശ്വാസത്തിന്റെ കരുത്തിൽ സഹതടവുകാർക്ക് അദ്ദേഹം ശക്തിയും പ്രത്യാശയും പകർന്ന് കൂടെ നിന്നു.

മരണമുഖത്തേക്ക്‌

മനുഷ്യത്വരഹിതമായ പീഡനങ്ങളുടെ തുടർക്കഥയായി 1942 ഡിസംബർ മൂന്നിന് ഫാ. ഡാങ്കോവ്സ്കിയെ ഗ്യാസ് ചേമ്പറിലേക്ക് കൊണ്ടുപോയി. ക്രിസ്തുവിന്റെ ധീരനായ ആ പോരാളി തന്റെ സഹതടവുകാരോട് ഇപ്രകാരം പറഞ്ഞാണ് മരണത്തിലേക്ക്  യാത്രയായത് – “നമുക്കിനി ദൈവരാജ്യത്ത് കണ്ടുമുട്ടാം.” മരണം വരിക്കാനൊരുങ്ങുന്ന അവസാന നിമിഷങ്ങളിൽ പോലും പ്രത്യാശയുടെ വാക്കുകൾ കൊണ്ട് സഹതടവുകാരെ ശക്തരാക്കിയ പിയോട്ടർ എഡ്വേർഡ് ഡാങ്കോവ്സ്കി എന്ന പുരോഹിതൻ ക്രിസ്തുവിന്റെ യഥാർത്ഥ പോരാളിയായിരുന്നു. ഒരു പ്രത്യാശയുടെ പോരാളി.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.