‘ഞാനാണ് അവരുടെ അടുത്ത ലക്ഷ്യം’ – നൈജീരിയയിൽ നിന്നും ഭീതിയോടെ ഒരു ക്രിസ്ത്യൻ പെൺകുട്ടി

“എന്റെ ഗ്രാമത്തിൽ ഒരു പെൺകുട്ടിയും ഇപ്പോൾ അവശേഷിക്കുന്നില്ല. അവരെ നിർബന്ധിച്ച് ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി തീവ്രവാദികൾ തട്ടിക്കൊണ്ടു പോവുകയാണ്” – നൈജീരിയയിൽ നിന്നും വാലറ്റിൻ എന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലാണിത്. തീവ്രവാദികൾ അടുത്തതായി ലക്ഷ്യം വച്ചിരിക്കുന്നത് ഈ പെൺകുട്ടിയെ ആണ്. ക്രിസ്ത്യാനി ആയതിന്റെ പേരിൽ  ഭീതിയോടെയാണ് ഓരോ ദിവസവും ഇവൾക്ക് ജീവിക്കേണ്ടി വരുന്നത്.

2022 ഫെബ്രുവരി 13-ന് കെബ്ബി സ്റ്റേറ്റിലെ സകാബ ഗ്രാമത്തിൽ നിന്ന് 33 പെൺകുട്ടികളെ ഫുലാനി തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി. പെൺകുട്ടികളെല്ലാം ക്രിസ്ത്യാനികളാണെന്ന് പ്രദേശവാസികൾ പറയുന്നു. ഈ വർഷം ആദ്യം സ്വന്തം ഗ്രാമമായ സകാബയിൽ നടന്ന ആക്രമണത്തിൽ നിന്ന് രക്ഷപെട്ട സൊകോട്ടോയിലെ വിദ്യാർത്ഥിയായ വാലറ്റിൻ, വടക്കൻ നൈജീരിയയിൽ പെൺകുട്ടികൾ എങ്ങനെയാണ് പീഡിപ്പിക്കപ്പെടുന്നതെന്നും തന്റെ ജീവനും ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തുന്നു.

വീട്ടിലും സ്‌കൂളിലും വലാറ്റിന് തന്റെ ജീവന് ഭീഷണിയുണ്ട്. ഡെബോറ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതും വാലറ്റിൻ സ്കൂളിൽ പോകുന്ന സോകോട്ടോയിൽ ആണ്. “ഞാൻ 2022 ഓഗസ്റ്റ് പത്തിന് വീണ്ടും സ്‌കൂളിൽ പോകാൻ ആരംഭിച്ചു. ഡെബോറയെ കൊലപ്പെടുത്തിയ വിദ്യാർത്ഥികൾ ജയിലിലാണെന്ന് പറയുന്നുണ്ടെങ്കിലും അത് സത്യമല്ല. അന്നു രാത്രി തന്നെ, അവരിൽ ഒരു വിദ്യാർത്ഥി എന്നെ കാണുകയും ഞാൻ ഡെബോറയുടെ സുഹൃത്തായതിനാൽ എന്നെ കൊല്ലുമെന്ന് പറയുകയും ചെയ്തിരുന്നു. അന്ന് ആ വിദ്യാർത്ഥി തനിച്ചായിരുന്നതിനാൽ ഞാൻ രക്ഷപ്പെടുകയായിരുന്നു” – വാലറ്റിൻ പറയുന്നു.

വാലറ്റിൻ വീട്ടിലേക്ക് മടങ്ങുമ്പോൾ, ഇസ്ലാമിക തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹത്തെ ആക്രമിക്കുകയും നിരവധി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിന് നടന്ന ആക്രമണത്തിനു ശേഷം 14 പെൺകുട്ടികളെയാണ് ഇസ്ലാമിക തീവ്രവാദികൾ പിടികൂടിയത്. ഞാനുൾപ്പെടെ കൂടുതൽ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ തീവ്രവാദികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. “തീവ്രവാദികൾ ഗ്രാമത്തിലുള്ള ഒരാളെയും സ്കൂളിൽ പോയവരെയും തിരയുന്നുണ്ട്. ദൈവം എന്നെ രക്ഷിച്ചു; ഞാൻ രക്ഷപ്പെട്ടു. ഞാനാണ് അവരുടെ അടുത്ത ലക്ഷ്യം” – വാലറ്റിൻ ഭീതിയോടെ വെളിപ്പെടുത്തുന്നു.

ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടിത ഭീകരസംഘടനകളിൽ മാധ്യമങ്ങളും സർക്കാരുകളും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾ തടയാൻ പ്രയാസകരമാണെന്ന് ഐസിസി ഉൾപ്പെടെയുള്ള മനുഷ്യാവകാശ നിരീക്ഷകരും വർഷങ്ങളായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ – യഥാർത്ഥത്തിൽ സാധാരണ ജനങ്ങൾക്ക് വളരെ വലിയ ഭീഷണിയും പ്രത്യേകിച്ച് ക്രിസ്ത്യൻ സമൂഹങ്ങൾക്ക് അപകടകരമായ ഭീഷണിയുമാണ്.

നൈജീരിയയിൽ വർഷങ്ങളായി നടക്കുന്ന വിഭാഗീയ ആക്രമണങ്ങൾ പതിനായിരക്കണക്കിന് ക്രിസ്ത്യൻ കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. സ്കൂൾ യൂണിഫോമോ, പുസ്തകങ്ങളോ, വാഹനമോ, സ്കൂൾ ഫീസോ ആകട്ടെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കാൻ ക്രിസ്ത്യൻ കുടുംബങ്ങൾക്ക് അനുവാദമില്ല. വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്ന നൈജീരിയൻ ക്രിസ്ത്യാനികൾ നേരിടുന്ന പ്രശ്നം വിഭവങ്ങളുടെ അഭാവം മാത്രമല്ല; സുരക്ഷയും കൂടിയാണ്. സർക്കാർ, മുസ്ലീം, ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്‌കൂളുകളിൽ നിന്ന് 2021-ന്റെ ആദ്യ പകുതിയിൽ മാത്രം ഏകദേശം ആയിരത്തോളം സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയി.

വാലറ്റീൻ ഇപ്പോൾ ഗ്രാമത്തിൽ സുരക്ഷിതയായി താമസിക്കുന്നുണ്ടെങ്കിലും അവളുടെ കുടുംബം നിരവധി അക്രമങ്ങൾ അനുഭവിച്ചിട്ടുണ്ട്. “സെപ്റ്റംബറിൽ തീവ്രവാദികൾ എന്റെ സഹോദരനെ തട്ടിക്കൊണ്ടു പോവുകയും ഒരു വലിയ മോചനദ്രവ്യം ആവശ്യപ്പെടും ചെയ്തു. എന്നെ കൊണ്ടുവരാൻ പറഞ്ഞു. അല്ലെങ്കിൽ അവർ വീണ്ടും എന്റെ കുടുംബത്തിനായി വരും. എനിക്ക് ഗ്രാമത്തിൽ നിന്ന് രക്ഷപെടേണ്ടിവന്നു” – അവൾ വേദനയോടെ വെളിപ്പെടുത്തുന്നു.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.