“എനിക്ക് കൂട്ടായി ക്രിസ്തു ഉണ്ടല്ലോ”: കാലുകൾ ഇല്ലെങ്കിലും അമർ ഇന്ന് നിരാശനല്ല

മിഡിൽ ഈസ്റ്റുകാരനായ അമറിന്, അദ്ദേഹത്തിന്റെ ഒൻപതാം വയസു മുതൽ കാലുകൾ ചലിച്ചിട്ടില്ല. ഇന്ന് അദ്ദേഹത്തിന് 46 വയസുണ്ട്. ഷൂസുകൾ വില്പന നടത്തിക്കൊണ്ടാണ് കാലുകളിലാത്ത അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത്. പലയിടങ്ങളിലും വികലാംഗർ മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടി ഭിക്ഷയടുത്താണ് ജീവിക്കുന്നത്. എന്നാൽ ക്രൈസ്തവ വിശ്വാസിയായ അമർ തന്റെ ഉള്ള ആരോഗ്യം ഉപയോഗിച്ച് ജോലി ചെയ്തു ജീവിക്കുകയാണ്. അതും ഒരു ക്രിസ്ത്യാനിക്ക് ജീവിക്കാൻ പ്രയാസമുള്ള മിഡിൽ ഈസ്റ്റിൽ.

തനിക്ക് സ്വാധീനമുള്ള കാലുകൾ ഇല്ല എന്ന വസ്തുത ചെറുപ്പം മുതലേ അദ്ദേഹത്തെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ജീവിക്കുന്നതു പോലെ സാധാരണ ജീവിതം തനിക്ക് സാധ്യമല്ലല്ലോ എന്നായിരുന്നു അമറിന്റെ ചിന്ത.

അദ്ദേഹത്തിന് ചൂണ്ടയിടാൻ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ, തടാകത്തിൽ മീൻപിടിക്കാനായി ധാരാളം സമയം അദ്ദേഹം ചെലവഴിക്കുമായിരുന്നു. അവിടെ വച്ചാണ് അമർ, സമാനെ ആദ്യമായി കാണുന്നത്. അവർ പരസ്പരം ഒരുപാട് സംസാരിച്ചിരുന്നു. പതിയെ അവർ നല്ല സുഹൃത്തുക്കളായി മാറി. സമാൻ ഒരു ക്രൈസ്തവനായിരുന്നു. സമാനിൽ നിന്നാണ് ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അമർ അറിയുന്നത്. അമറിനെ അത് ഏറെ ആകർഷിച്ചു. എന്നാൽ സമാൻ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അധികമൊന്നും അമറിനോട് സംസാരിച്ചിട്ടില്ല. എങ്കിലും സമാൻ വളരെ നല്ലൊരു ക്രൈസ്തവനാണെന്നാണ് അമർ പറയുന്നത്.

2003-നു ശേഷമാണ് അമറിന്റെ മാതൃരാജ്യത്ത് ഇന്റർനെറ്റ് സൗകര്യമൊക്കെ ലഭ്യമായത്. അന്നു മുതൽ അമർ ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ഇൻറർനെറ്റിൽ പരതി ക്രിസ്തുവിനെക്കുറിച്ച് അറിയാൻ തുടങ്ങി. അമറിന്റെ ജീവിതത്തിൽ പെട്ടെന്നു തന്നെ ഒരു മാറ്റം. ജീവിതത്തെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ടിരുന്ന അമറിൽ വിശ്വാസവും പ്രത്യാശയും നിറഞ്ഞു. കുറവുകളെക്കുറിച്ച് ചിന്തിക്കാതെ തനിക്ക് ദൈവം നല്കിയിട്ടുള്ളതിനെക്കുറിച്ച് അമർ ആ നാളുകളിൽ കൂടുതൽ ബോധവാനായി. അമറിന്റെ ഹൃദയത്തിൽ നിന്ന് നിരാശ പടിയിറങ്ങി.

മിഡിൽ ഈസ്റ്റിൽ ക്രൈസ്തവർ കുറവാണ്. മാത്രമല്ല, ഇസ്ലാമികരാജ്യമായി അറിയപ്പെടുന്ന അവിടെ നിന്ന് പല ക്രൈസ്തവരും പലായനം ചെയ്യുന്ന കഥകളും കുറവല്ല. അങ്ങനെയുള്ള ഒരു സ്ഥലത്തു ജീവിക്കുന്ന അമർ, തനിക്ക് ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. എന്നാൽ ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം അമറിൽ ശക്തമാവുകയായിരുന്നു. തുടർന്ന് അദ്ദേഹം ഒരു സുവിശേഷകനെ കണ്ടുമുട്ടുകയും അദ്ദേഹത്തിൽ നിന്ന് ക്രിസ്തുവിനെക്കുറിച്ച് കൂടുതൽ കേൾക്കാനും പഠിക്കാനും തുടങ്ങുകയും ചെയ്തു.

ഒരിക്കൽ, അമർ കഴുത്തിൽ ധരിച്ചിരുന്ന കുരിശ് ഒരു സൈനികൻ കാണാനിടയായി. ഇത് വീണ്ടും ധരിച്ചാൽ അമറിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിട്ടാണ് സൈനികൻ പോയത്. എങ്കിലും അമർ സന്തോഷവാനാണ്. ക്രിസ്തുവിനെപ്രതിയുള്ള സഹനങ്ങൾ അമറിന്റെ ആത്മശക്തി വർദ്ധിപ്പിക്കുകയാണ്.

സൈനികരുടെ കണ്ണിൽപെടാതെ ഓടിപ്പോകാൻ പോലും അമറിന് സാധിക്കില്ലല്ലോ. അതിനാലാണ് അമറിന് ഒരു വീൽചെയർ വാങ്ങിനല്കാൻ ക്രിസ്ത്യൻ സംഘടന തീരുമാനിച്ചത്. ഇന്ന് അമറിന്റെ സഞ്ചാരം ആ വീൽചെയറിലാണ്. തന്റെ കച്ചവടത്തിനും വീൽ ചെയർ ഒരുപാട് ഉപകാരപ്പെട്ടുവെന്നാണ് അമർ പറയുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.