നൈജീരിയയിൽ തുടരുന്ന ക്രൈസ്തവ കൂട്ടക്കൊലക്ക് അവസാനമില്ലേ?

തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ ജൂൺ അഞ്ചിന് ഒൻഡോ സ്റ്റേറ്റിലെ ഒവോ ടൗണിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ ദൈവാലയത്തിൽ സ്ഫോടകവസ്തുക്കളുമായി തോക്കുധാരികൾ അതിക്രമിച്ചു കയറി ആക്രമണം നടത്തി. പന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാലയത്തിലെ പ്രാർത്ഥനക്കിടെ നടന്ന ആക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയിൽ ഒരു മാസം തന്നെ നിരവധി ആക്രമണങ്ങളാണ് ക്രൈസ്തവർക്കു നേരെ നടക്കുന്നത്.

കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വാർത്തകൾ നൈജീരിയയിൽ നിത്യസംഭവമായി മാറുന്നു. സർക്കാർ പലപ്പോഴും ഈ ആക്രമണങ്ങളോട് മൗനം പാലിക്കുകയാണ്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടു മാത്രം പ്രസിഡന്റ് ഈ ആക്രമണത്തെ അപലപിച്ചു സംസാരിച്ചു. പലതും ഇവിടെ വാർത്തകളേ ആകുന്നില്ല. കൊല്ലപ്പെടുന്നവരുടെ എണ്ണം കൃത്യമായി എത്രയെന്നു പോലും പുറംലോകം അറിയുന്നില്ല. പരിക്കേറ്റവരും കാണാതാകുന്നവരും വളരെയേറെപ്പേർ. നൈജീരിയയിൽ നിന്നും ഉയരുന്ന നിഷ്കളങ്കരായ ക്രൈസ്തവരുടെ നിലവിളി കണ്ടില്ലെന്ന് നടിക്കാൻ നമുക്കാവില്ല. ഇതിനെതിരെ ലോകമനസാക്ഷി ഉണരണം.

വാർത്തകളിൽ ഇടംപിടിക്കാത്ത ക്രൈസ്തവ കൂട്ടക്കുരുതി

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ കൊലപാതക പരമ്പരകൾ തന്നെ അരങ്ങേറിയിട്ടും ആഗോളതലത്തിൽ ഈ സംഭവങ്ങൾ വാർത്തകളേ ആകുന്നില്ല. അപ്രധാനമായ കാര്യങ്ങൾ വലിയ ചർച്ചാവിഷയമാക്കുന്ന സോഷ്യൽ മീഡിയയിൽ നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന കൂട്ടക്കുരുതി ഇടംപിടിക്കുന്നതേ ഇല്ല.

ആഴ്‌ചതോറും നൈജീരിയയിലെ വിവിധയിടങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു. നിരവധി വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോകുന്നത് തുടരുന്നു. ഇക്കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയോ, വാർത്തയാവുകയോ ചെയ്യുന്നില്ല. പുറംലോകം അറിയാതെ നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളും ആക്രമണങ്ങളും ലോകം അറിയണം. ഇവിടെ നിഷ്‌കളങ്കരായ അനേകരുടെ രക്തം ചിന്തപ്പെടുന്നത് ലോകത്തിൽ ചർച്ചയാവേണ്ട വിഷയം തന്നെയാണ്.

ജൂൺ അഞ്ചിന്, പന്തക്കുസ്താ തിരുനാൾ ദിനമായിരുന്നു ഇത്തവണ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. എന്തിനായിരുന്നു ആക്രമണം നടന്നതെന്നോ, കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്കുകളോ വ്യക്തമല്ല. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഈ നികൃഷ്ടമായ കൊലപാതകത്തെ അപലപിച്ചു.

“വളരെ നീചവും പൈശാചികവുമായ ആക്രമണമായിരുന്നു അവിടെ നടന്നത്. പള്ളിക്കകത്ത് വലിയ സ്‌ഫോടനവും വെടിയൊച്ചയും കേട്ടപ്പോൾ ഞാൻ ആ പ്രദേശത്തു കൂടി കടന്നുപോവുകയായിരുന്നു. സംഭവം കണ്ട് ഭയത്തോടെ ഓടിയ ഞാൻ, പള്ളിവളപ്പിൽ ആയുധധാരികളായ അഞ്ചോളം അക്രമികളെ കണ്ടു” – ആക്രമണം നടക്കുമ്പോൾ സംഭവസ്ഥലത്തു കൂടി കടന്നുപോയ ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തുന്നു.

ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങളിൽ കണ്ണടക്കുന്ന രാഷ്ട്രീയ അധികാരികൾ

അധികാരം നിലനിർത്താനും സമ്പത്തിനും വേണ്ടി പാവപ്പെട്ട ജനങ്ങളെ കുരുതി കൊടുക്കുന്ന സ്ഥിതിവിശേഷമാണ് നൈജീരിയയിൽ നടക്കുന്നതെന്ന് പറയാതെ വയ്യ. മതവിധ്വേഷം ആരോപിച്ച് സഹപാഠികളാൽ കൊലചെയ്യപ്പെട്ട ഡെബോറ എന്ന പെൺകുട്ടിക്കും നേരിടേണ്ടി വന്നത് ഈ നീതിനിഷേധം തന്നെയല്ലേ. കൺമുൻപിൽ കൊലയാളികൾ ഉണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല. അറസ്റ്റ് ചെയ്ത രണ്ടു പേരെ മോചിപ്പിക്കാൻ പിന്നീട് അവിടെ നടന്നത് അക്രമപരമ്പര തന്നെയായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ പാവയായി സർക്കാരും പോലീസും മാറിയതിന്റെ ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് അടുത്തിടെ നടന്ന ഈ സംഭവം. ഇരകൾ വീണ്ടും വീണ്ടും ഇരകളായി മാറുന്നതല്ലാതെ ഇവിടെ മറ്റൊന്നും സംഭവിക്കുന്നില്ല.

അൻപതു പേരെ കൊലപ്പെടുത്തിയ അക്രമികളെ കണ്ടെത്താൻ സുരക്ഷാസേനയോട് അഭ്യർത്ഥിച്ചുവെന്നും ഒൻഡോ സംസ്ഥാന ഗവർണർ ഒലുവാരോട്ടിമി അകെരെഡോലു പറയുന്നു. എങ്കിലും നൈജീരിയയിൽ തുടർക്കഥയാകുന്ന തീവ്രവാദ ആക്രമണങ്ങൾ തടയാൻ സർക്കാർ ഒരു നടപടിയും എടുക്കുന്നില്ല.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. കഴിഞ്ഞ ഒരു വർഷത്തിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് ആയിരങ്ങളാണ്. ആക്രമണങ്ങൾ മാത്രമല്ല ഇവിടെ പതിവാകുന്നത്. ഗ്രാമങ്ങൾ റെയ്ഡ് നടത്തി ആളുകളെ കൂട്ടത്തോടെ തട്ടിക്കൊണ്ടു പോകുന്നു. ജനങ്ങളുടെ സ്വത്ത് തട്ടിയെടുക്കൽ, കൃഷി നശിപ്പിക്കൽ, സ്ത്രീകളുടെയും കുട്ടികളുടെയും നേർക്കു നടക്കുന്ന അതിക്രമങ്ങൾ എന്നിവയൊക്കെ നൈജീരിയയിൽ നിന്നുമുയരുന്ന പീഡനത്തിന്റെ കരളലിയിക്കുന്ന വാർത്തകളാണ്. കഴിഞ്ഞയാഴ്ചയാണ് ഇരുപതോളം ക്രൈസ്തവരെ ഐ എസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന ദൃശ്യം പുറത്ത് വന്നത്. കണ്ണീരോടെയല്ലാതെ നമുക്കത് കാണാനാവില്ല.

നൈജീരിയയിൽ കത്തോലിക്കാ സമൂഹം നേരിടുന്ന ക്രൂരതകളെ കണ്ടില്ലെന്നു നടിക്കാൻ നമുക്കാവില്ല. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഇവിടെ കൊല്ലപ്പെടുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ക്രൈസ്തവർ വിശ്വാസത്തെപ്രതി കൊല ചെയ്യപ്പെടുന്ന രാജ്യമാണ് നൈജീരിയ. ക്രിസ്തുവിനെപ്രതി ജീവൻ ത്യജിച്ച ഇവരുടെ ത്യാഗത്തിന് സ്വർഗത്തോളം വിലയുണ്ട് എന്നത് തീർച്ചയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.