ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന ഇറാക്കില്‍ ഇപ്പോള്‍ വിശ്വാസത്തിന്റെ കാറ്റ്; ഖരാഖോഷിലെ 121 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നൽകുന്ന പ്രതീക്ഷ

അടുത്തിടെ ഖാരഖോഷിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ 121 കുട്ടികളാണ് ആദ്യകുർബാന സ്വീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കീഴിലുള്ള ജിഹാദി ആക്രമണത്തിന്റെയും ഭീകരതയുടെയും ഇരുണ്ട വർഷങ്ങളിലൂടെ കടന്നുപോയ നഗരവാസികൾക്ക് ഇത് പ്രതീക്ഷ പകരുന്ന ഒന്നാണ്. ഇറാക്കിലെ ക്രൈസ്തവർക്ക് ഈ ദിവസം വലിയ ആഹ്ളാദത്തിന്റെ നിമിഷങ്ങളായിരുന്നു. എന്നാൽ വർഷങ്ങളായി അവർ അനുഭവിച്ച ദുരിതങ്ങൾ കുറച്ചൊന്നുമല്ല.

ക്രൈസ്തവ പീഡനത്തിന്റെ പ്രതീകമായി ‘അടഞ്ഞ ദൈവാലയങ്ങൾ’

2003 മുതൽ 2011 വരെ നീണ്ട ആഭ്യന്തരയുദ്ധത്തെ തുടർന്നാണ് ഇറാഖിലെ അസ്സീറിയൻ ക്രൈസ്തവർ കൂട്ടത്തോടെ പലായനം ചെയ്യാൻ തുടങ്ങിയത്. 2014 ആഗസ്റ്റിൽ വടക്കൻ ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശത്തെ തുടർന്ന് ശേഷിക്കുന്ന ഇറാഖി ക്രൈസ്തവരിൽ നാലിലൊന്നും അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്‌തു. മൊസൂളിന്റെ പതനത്തിനു ശേഷം, 2014 ജൂലൈ 19-നു മുൻപായി നഗരത്തിൽ താമസിക്കുന്ന ക്രൈസ്തവർ ഇസ്ലാം മതം സ്വീകരിക്കണമെന്നും ഒപ്പം തന്നെ ജിസിയ (നികുതി) നൽകണമെന്നും അല്ലെങ്കിൽ വധശിക്ഷക്ക് വിധിക്കപ്പെടുമെന്നും ഐഎസ് അറിയിച്ചു. ഈ നിബന്ധനകൾ പാലിക്കാൻ സമ്മതിക്കാത്ത ക്രൈസ്തവർ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇസ്ലാമിക ഖിലാഫത്തിന്റെ അതിരുകൾ വിട്ടുപോകണമെന്നും ഇസ്ലാമിക നേതാക്കൾ മുന്നറിയിപ്പ് നൽകി. ഈ താക്കീത്, മൊസൂളിൽ നിന്നുള്ള അസ്സീറിയൻ ക്രൈസ്തവരുടെ കൂട്ടപലായനത്തിനു കാരണമായി. അങ്ങനെ 1,800 വർഷമായി മൊസൂളിൽ ഉണ്ടായിരുന്ന ക്രിസ്ത്യൻ സാന്നിധ്യത്തിന് അവസാനമായി.

ക്രൈസ്തവരില്ലാതെ ശൂന്യമായ ഖരാഖോഷ് നഗരം

2014 ആഗസ്റ്റ് ഏഴോടെ ഇറാഖിയൻ നഗരങ്ങളായ ഖരാഖോഷ്, ടെൽ കെപ്പെ, ബാർട്ടല്ല, കരംലിഷ് എന്നിവയും ഐഎസ് പിടിച്ചെടുത്തു. ഇത് വീണ്ടും ക്രൈസ്തവരുടെ പലായനത്തിനു കാരണമായി. ഖരാഖോഷ് നഗരം ഐഎസ് ആക്രമിച്ചതിനെ തുടർന്ന് ഒരു ലക്ഷത്തിലധികം ഇറാഖി ക്രൈസ്തവർ അവരുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായി.

ഇറാഖിലെ ഏറ്റവും വലിയ ക്രൈസ്തവ നഗരമായിരുന്നു മൊസൂളിൽ നിന്ന് 20 മൈൽ കിഴക്കായി സ്ഥിതിചെയ്യുന്ന ഖരാഖോഷ് നഗരം. അവിടുത്തെ 50,000 നിവാസികളിൽ 90 ശതമാനവും ക്രൈസ്തവരായിരുന്നു. 2014- നും 2016- നുമിടയിൽ ജിഹാദികൾ ഈ നഗരത്തിലെ കാത്തലിക് കത്തീഡ്രൽ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയം ഷൂട്ടിംഗ് പരിശീലനത്തിനായി ഉപയോഗിച്ചു. അങ്ങനെ ഈ ദേവാലയത്തിന് ധാരാളം നാശനഷ്ടങ്ങളും സംഭവിച്ചു. മാത്രമല്ല, സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ ബെൽ ടവറും ഐഎസ് തകർത്തിരുന്നു.

മരണത്തേക്കാൾ ശക്തമായി വിശ്വാസം നെഞ്ചോടു ചേർക്കുന്ന ഖരാഖോഷ് നിവാസികൾ

2016 ഒക്ടോബറിൽ ഇറാഖി സേനക്കും അവരുടെ സഖ്യകക്ഷികൾക്കും നഗരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞതിനു ശേഷം പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ക്രൈസ്തവരാണ് അവരുടെ മാതൃനഗരങ്ങളിലേക്ക് തിരികെ വന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പലായനം ചെയ്ത 11,111 ക്രൈസ്തവ കുടുംബങ്ങളിൽ പകുതിയോളം പേർ ഖരാഖോഷിലേക്ക് മടങ്ങി. ഫ്രാൻസിസ് പാപ്പായുടെ ഇറാക്ക് സന്ദർശനത്തിലും അദ്ദേഹം ഖരാഖോഷ് നഗരം പ്രത്യേകം ആശിർവദിച്ചിരുന്നു. മാർച്ച് മാസത്തിൽ നടത്തിയ ഈ സന്ദർശനത്തിൽ, തകർന്നുകിടക്കുന്ന ദേവാലയങ്ങൾ പുനർനിർമ്മിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വിശ്വാസം മരണത്തേക്കാളും ശക്തമാണെന്നു തെളിയിക്കാൻ പ്രാദേശിക ക്രൈസ്തവസമൂഹം ഈ ദേവാലയങ്ങൾ പുനർനിർമ്മിച്ചു.

“ഞങ്ങളുടെ പട്ടണങ്ങളിലേക്ക് ഞങ്ങൾ മടങ്ങിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൽ ലഭ്യമാക്കാനായി ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”- മാധ്യമപ്രവർത്തകനും കവിയുമായ നംറൂദ് കഷാ പറഞ്ഞു.

രണ്ടു മാസം മുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഖരാഖോഷിലെ ക്രൈസ്തവർക്ക് ഇപ്പോൾ സന്തോഷവും പ്രത്യാശയുമാണ്. കാരണം, അടുത്തിടെ നഗരത്തിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ 121 കുട്ടികളാണ് ആദ്യകുർബാന സ്വീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കീഴിലുള്ള ജിഹാദി ആക്രമണത്തിന്റെയും ഭീകരതയുടെയും ഇരുണ്ട വർഷങ്ങളിലൂടെ കടന്നുപോയ നഗരവാസികൾക്ക് ഇതൊരു പ്രകാശകിരണമാണ്. ഖരാഖോഷിലെ കാത്തലിക് കത്തീഡ്രൽ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷനിലെ ഇടവക വികാരിയായ ഫാ. മജീദ് അട്ടല്ലയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഇറാക്കിലെ ക്രൈസ്തവർക്ക് ഈ ദിവസം വളരെ വലിയ ആഘോഷത്തിന്റെയും പങ്കിടലിന്റെയും അന്തരീക്ഷമാണ് സൃഷ്ടിച്ചത്.

“രണ്ട് ദേവാലയങ്ങളിലെ കുട്ടികളാണ് ഇപ്പോൾ ആദ്യകുർബാന സ്വീകരണം നടത്തിയത്. 121 കുട്ടികളുണ്ടായിരുന്നു; ഏഴ് ദേവാലയങ്ങളിൽ ഇനിയും നടത്താനുണ്ട്. ഇത് ആദ്യഘട്ടമാണ്. 400 കുട്ടികളാണ് ഇനിയും ആദ്യകുർബാന സ്വീകരണത്തിനായി കാത്തിരിക്കുന്നത്” – ഫാ.മജീദ് അട്ടല്ല പറഞ്ഞു. ഈ കുട്ടികൾ ഭാവിയുടെ പ്രതീക്ഷകളാണ്.

ഫ്രാൻസിസ് പാപ്പായെ സംബന്ധിച്ചിടത്തോളം ഇറാക്കിലെ ക്രൈസ്തവർക്ക് എല്ലാം വീണ്ടും തുടങ്ങാനുള്ള സമയമാണ്. പ്രാർത്ഥനകളും സഹായങ്ങളുമായി കത്തോലിക്കാ സഭയും അവരോടൊപ്പമുണ്ടെന്ന് പാപ്പാ പറഞ്ഞു. “സ്നേഹത്തിൽ നിലനിൽക്കാനും ക്രൈസ്തവനായി തുടരാനും ക്ഷമ വളരെ ആവശ്യമാണ്” – പാപ്പാ പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.