വെളിച്ചം തെളിച്ച ‘വിളക്ക്’: അപൂർവ്വ ഗസൽ സന്ധ്യക്ക് സാക്ഷ്യം വഹിച്ച് പാലാ

സി. സൗമ്യ DSHJ

മഴയുടെ തണുപ്പും നനവുമുള്ള ഏപ്രിൽ പതിനൊന്നിലെ സായംസന്ധ്യക്ക് പതിവിലും കൂടുതൽ ഇരുട്ടായിരുന്നു. എന്നാൽ പാലാ സെന്റ് തോമസ് എ.സി ഓഡിറ്റോറിയത്തിൽ അണയാതെ ഒരു ‘വിളക്ക്’ കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നു. ഫാ. സൈജു തുരുത്തി എം.സി.ബി.എസ് -ന്റെയും സിബിച്ചൻ ഇരിട്ടിയുടെയും നേതൃത്വത്തിലുള്ള ‘വിളക്ക്’ എന്ന ക്രിസ്ത്യൻ ഗസൽ ആയിരുന്നു അത്. ക്രിസ്ത്യൻ ഗസൽ സന്ധ്യയുടെ വെളിച്ചത്തിലേക്ക് 250 -ഓളം പേരാണ് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്നത്. വിശുദ്ധ വാരത്തിന്റെ ചൈതന്യം നിറയ്ക്കുന്ന ഗാനങ്ങളും ധ്യാനചിന്തകളും കോര്‍ത്തിണക്കിയ ഈ ക്രിസ്ത്യൻ ഗസലിൽ പങ്കെടുത്തവർക്ക് സംഗീത അനുഭവം മാത്രമല്ല, ആത്മീയ ഉണർവ്വും ലഭിച്ചുവെന്ന് നിസംശയം പറയാം. മലയാള ക്രിസ്ത്യൻ സംഗീതരംഗത്തിന് എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ സംഭാവനയായി ഈ സംരംഭത്തെ കാണാൻ സാധിക്കും.

മലയാള ക്രിസ്ത്യൻ സംഗീതരംഗത്ത് ആദ്യമായി ‘ക്രിസ്ത്യൻ ഗസൽ’ എന്ന ആശയം പരിചയപ്പെടുത്തിയ വ്യക്തികളാണ് ഫാ. സൈജു തുരുത്തിയിലും ശ്രീ. സിബിച്ചന്‍ ഇരിട്ടിയും. കേരളത്തിലെ തന്നെ ആറാമത്തെ ക്രിസ്ത്യൻ ഗസൽ സന്ധ്യയായിരുന്നു ഏപ്രിൽ 11 -ന് പാലായിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്നത്. ശ്രുതിമധുരമായ ആലാപനത്തോടൊപ്പം, ഈശോയെ മരണത്തിനു വിധിക്കുന്നതു മുതൽ കുരിശുമരണം വരെയുള്ള പീഡാനുഭവ രഹസ്യങ്ങളെ ധ്യാനിക്കാനും കുരിശിന്റെ വഴികളിൽ കണ്ടുമുട്ടിയ വ്യക്തികളെ ധ്യാനവിഷയമാക്കാനും ആത്മശോധന ചെയ്യാനും ഈ ഗസൽസന്ധ്യ അവസരമൊരുക്കി.

‘വിളക്ക്’ എന്ന ആറാമത് ക്രിസ്ത്യന്‍ ഗസലിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പാലാ എംഎല്‍എ ശ്രീ. മാണി സി. കാപ്പന്‍ ആണ്. എം.സി.ബി.എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡൊമിനിക് മുണ്ടാട്ട്, സിനിമ സംവിധായകനും നടനുമായ ശ്രീ. ജോണി ആന്‍റണി എന്നിവർ ഈ ക്രിസ്ത്യൻ ഗസല്‍ സന്ധ്യക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. നിരവധി സന്യാസ സമൂഹങ്ങളിലെ സുപ്പീരിയർ ജനറലുമാർ, പ്രൊവിൻഷ്യലുമാർ വൈദികർ, സന്യസ്തർ, അത്മായർ തുടങ്ങിയ നിരവധി പേരാണ് ഈ ഗസല്‍ സന്ധ്യയില്‍ പങ്കെടുക്കാനെത്തിയത്.

‘ക്രിസ്ത്യൻ ഗസൽ’ എന്ന ആശയത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ വൈദികന്‍

അറബി സാഹിത്യശാഖയിലെ ഏറ്റവും ജനപ്രിയ പദ്യവിഭാഗമാണ് ഗസൽ. വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ശാന്തവും വർണ്ണനയുമുള്ള വരികളാണ് ഗസലിൽ ഉപയോഗിക്കുന്നത്. ഗസലുകളുടെ തുടക്കം പത്താം നൂറ്റാണ്ടിൽ ഇറാനിലാണെന്ന് കരുതിപ്പോരുന്നു. സാഹിത്യഭംഗി കൊണ്ടും ശ്രുതിമധുരമായ ഈണങ്ങൾ കൊണ്ടും സമ്പന്നമാണ് ഗസലുകൾ. അതുകൊണ്ടു തന്നെ അത് കേൾവിക്കാരുടെ മനസ് മാത്രമല്ല, ഹൃദയവും കുളിർപ്പിക്കുന്നു. മലയാളത്തിലേക്ക് ഗസല്‍ കടന്നുവന്നത് സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിലൂടെയാണ്.

‘ക്രിസ്ത്യന്‍ ഗസല്‍’ എന്ന ആശയത്തെ വളർത്തിയെടുത്തതും മലയാളികൾക്ക് പരിചയപ്പെടുത്തിയതും ഫാ. സൈജുവാണ്. ഇത് ശ്രോതാക്കളിലേക്ക് എത്തിയതോ, സിബിച്ചൻ ഇരിട്ടിയുടെ ശബ്ദത്തിലൂടെയും. ക്രിസ്ത്യൻ ഗസലുകളിൽ ഉൾപ്പെടുന്നത് ശ്രുതിമാധുര്യമുള്ള ക്രിസ്ത്യൻ ഗാനങ്ങളാണ്. ശാന്തവും വര്‍ണ്ണനയുമുള്ള വരികള്‍ അവയ്ക്ക് അഴകും മിഴിവുമേകുന്നു. ക്രിസ്ത്യൻ ഗാനരംഗത്തു തന്നെ ഈ ഗസലുകൾ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

പ്രകൃതിയെ ആത്മമിത്രമാക്കിയ വൈദികനും ‘ആത്മ സെന്ററും’

മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി പ്രകൃതിയില്‍ തന്നെ ദൈവം ചില നിക്ഷേപങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. മാനസിക ആരോഗ്യവും ആത്മീയ ഉണര്‍വ്വും ഉപേക്ഷിച്ച് ജീവിക്കാനുള്ള തത്രപ്പാടിനും ധനസമ്പാദനത്തിനുള്ള അലച്ചിലുകള്‍ക്കുമൊടുവില്‍ രോഗങ്ങള്‍ പിടിപെടുമ്പോള്‍ മനുഷ്യര്‍ തങ്ങളുടെ ഓട്ടത്തിന്റെ വേഗത കുറയ്ക്കുന്നു. അപ്പോഴാണ് അവർ തങ്ങളുടെ രോഗാവസ്ഥക്ക് പരിഹാരമാർഗ്ഗങ്ങൾ അന്വേഷിച്ചു തുടങ്ങുന്നത്.

തീർച്ചയായും നാം അറിഞ്ഞിരിക്കേണ്ട, പരിചയപ്പെടേണ്ട ഒരിടം തന്നെയാണ് കോട്ടയം ജില്ലയിലെ ആനിക്കാടുള്ള ഔഷധത്തോട്ടവും ആത്മ റിജുവനേഷന്‍ സെന്ററും. ഈ സെന്ററിന്റെ ഡയറക്ടറായ ഫാ. സൈജു തുരുത്തിയില്‍ നല്‍കിവരുന്ന നിർദ്ദേശങ്ങളും ഭക്ഷണക്രമങ്ങളും ജീവിതശൈലികളും ആത്മീയ – മാനസിക – ശാരീരികബലം നേടുന്നതിന് നിരവധിപ്പേരെ ഇതിനോടകം സഹായിച്ചു കഴിഞ്ഞു.

ആത്മ സെന്ററിന്റെ കോമ്പൗണ്ടില്‍ ഒന്നരയേക്കറിലാണ് ഔഷധത്തോട്ടം നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഫാ. സൈജുവിന്റെ രാപ്പകലില്ലാത്ത അദ്ധ്വാനമാണ് ഇതിനു പിന്നില്‍. വൈദികര്‍ക്കും കുടുംബങ്ങള്‍ക്കും വന്ന് ധ്യാനിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രകൃതിയോട് ഇണങ്ങിച്ചേർന്നു കൊണ്ട് ആത്മീയമായും മാനസികമായും ശാരീരികമായും നവീകരിക്കപ്പെടാനുള്ള അവസരം ഈ ‘ആത്മ സെന്ററി’ൽ നിന്നും ലഭിക്കുന്നു. അനേക വര്‍ഷത്തെ അനുഭവങ്ങളിലൂടെ ആത്മീയതയേയും ആരോഗ്യത്തേയും അടുത്തറിഞ്ഞിട്ടുള്ള ഫാ. സൈജു തുരുത്തിയിലിന്റെ കഠിനാദ്ധ്വാനവും ദീർഘവീക്ഷണവുമാണ് ഈ ആശ്രമത്തെ ഇന്നും ‘പച്ച’കെടാതെ നിലനിർത്തുന്നത്. ആത്മീയതയിലൂടെ ആരോഗ്യവും ആരോഗ്യത്തിലൂടെ ആത്മീയതയും കൈവരിക്കാന്‍ സഹായിക്കുന്ന ഒരിടം. ഒരു വാചകത്തില്‍ പറഞ്ഞാല്‍ ഇതാണ് ആത്മ റിജുവനേഷന്‍ സെന്റര്‍.

സിബിച്ചന്‍ ഇരിട്ടി എന്ന സംഗീതപ്രതിഭ

തന്റെ സ്വതസിദ്ധമായ സംഗീതം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ക്രിസ്ത്യന്‍ ഗസല്‍ സന്ധ്യയെ ധന്യമാക്കിയ സിബിച്ചന്‍, കണ്ണൂര്‍ ഇരിട്ടിയില്‍ ‘മന്ത്ര അക്കാദമി’ ഓഫ് മ്യൂസിക് എന്ന സംഗീത സ്‌കൂളും ‘മന്ത്ര ഓഡിയോ ഡിജിറ്റല്‍’ എന്ന റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും നടത്തുകയാണ്. ഒപ്പം, ആത്മ റിജുവനേഷന്‍ സെന്ററുമായി ചേര്‍ന്ന് ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗസല്‍ പരിപാടികളും ചെയ്യുന്നു. ബാബുരാജിന്റെയും ഹരിഹരന്റെയും പാട്ടുകള്‍ ഉള്‍പ്പെടുത്തി സാധാരണ ഗസല്‍ പ്രോഗ്രാമുകളും അദ്ദേഹം നടത്തുന്നുണ്ട്. ശാലോമിന്റെ തീം സോങ്ങിന് സംഗീതം ചെയ്തതും മുപ്പത് ആല്‍ബങ്ങളിലായി മുന്നൂറോളം ഗാനങ്ങള്‍ക്ക് സംഗീതം നിർവ്വഹിച്ചതും ആത്മീയയാത്ര ചാനലിന്റെ തീം സോംഗ് കമ്പോസ് ചെയ്തതും സിബിച്ചൻ തന്നെ. ‘അമ്മ മടിയിലിരുത്തി വിരലാല്‍ കുരിശു വരപ്പിച്ച സന്ധ്യകളും’ എന്ന നിത്യഹരിത ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നതും സിബിച്ചനാണ്.

പിഒസി -യുടെ ഓഡിയോ ബൈബിളില്‍ ചേര്‍ത്തിട്ടുള്ള സങ്കീര്‍ത്തനങ്ങളില്‍ മുക്കാല്‍ ഭാഗവും സിബിച്ചന്‍ സംഗീതം നല്‍കിയവയാണ്. അതുകൂടാതെ, 150 സങ്കീര്‍ത്തനങ്ങളും കമ്പോസ് ചെയ്ത് സങ്കീര്‍ത്തനങ്ങള്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലും പബ്ലിഷ് ചെയ്തു. ഒറ്റ പ്രോജക്ടില്‍ സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ സംഗീതരൂപത്തിലാക്കുക എന്നത് മലയാളത്തിലെന്നല്ല, ലോകത്തില്‍ തന്നെ ആദ്യമാണ്. ഇതുപോലെ സംഗീതലോകത്തിനു നല്‍കിയ ശ്രദ്ധേയ സംഭാവനകള്‍ക്കുള്ള അംഗീകാരമായി 2018 -ല്‍ കെസിബിസി -യുടെ സര്‍ഗ്ഗപ്രതിഭ അവാര്‍ഡും സിബിച്ചനെ തേടിയെത്തി.

‘വിളക്കിന്’ ജ്വാല പകര്‍ന്ന ക്രിസ്ത്യന്‍ ഗസലുകള്‍

രണ്ടു മണിക്കൂർ നീണ്ടുനിന്ന ക്രിസ്ത്യൻ ഗസൽ സന്ധ്യയിൽ ആലപിച്ചത് പന്ത്രണ്ടോളം ഗാനങ്ങളാണ്. ഈ ഗാനത്തിലൂടെയും ധ്യാനചിന്തകളിലൂടെയും സദസും ഈശോയുടെ പീഡാനുഭവ വഴികളിലൂടെ യാത്ര ചെയ്തു. എല്ലാം ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടുള്ള ‘എന്റെ ദൈവമേ… എന്റെ സ്നേഹമേ… എന്റെ ജീവിതം നിനക്കേകിടാം…’ എന്ന ഗാനത്തോടെയാണ് ഗസൽ സന്ധ്യ ആരംഭിച്ചത്. ഫാ. സൈജു ആലപിച്ച ഉയിർപ്പിന്റെ സന്ദേശം പകരുന്ന ‘പൊന്നൊളിയിൽ കല്ലറയിൽ മിന്നുന്നു…’ എന്ന ഗാനത്തോടെ ഈ ഗസൽ സന്ധ്യ അവസാനിച്ചു. കൂടാതെ സിബിച്ചൻ ആലപിച്ച ‘ഈ മരുവിൽ സ്നേഹത്തണല്…’ ‘കുരിശോളം ഉയരുന്ന സ്നേഹം…’ ഒരു നാളിലെൻ…’, ‘ഉലഞ്ഞുവോ വീണ്ടും…’, ‘മഴമേഘം പോലെ…’, ‘നീഹാരമുതിരുമീ…’, ‘നിന്നെത്തേടി…’, ‘ഇതാണെന്റെ പ്രാർത്ഥന…’, ‘മുറിവുകളേറുന്ന…’, ‘പാതയും നീയേ…’ എന്നിവയും ഈ ഗാനോപഹാരത്തിൽ ഉൾപ്പെടുന്നു. ഈ ഗസൽ സന്ധ്യയിൽ സംഗീത ഉപകരണങ്ങൾ വായിച്ചത്: സുമിത്ത് (തബല), ബിജു (ഫ്ലൂട്ട്), ജയൻ (കീ ബോർഡ്) ജോജോ (റിഥം കബോസർ) എന്നിവരാണ്.

എം.സി.ബി.എസ്. എമ്മാവൂസ് പ്രോവിന്‍സിന്റെ മേല്‍നോട്ടത്തിലാണ് ഈ ഗസൽ സന്ധ്യ സംഘടിപ്പിക്കപ്പെട്ടത്. ഇതിന്റെ പ്രവര്‍ത്തനത്തിന് എല്ലാവിധ സഹായവും പ്രോത്സാഹനവും നൽകി വൈദികരും മറ്റ് സഹകാരികളും ഒപ്പമുണ്ടായിരുന്നു. ലൈഫ് ഡേ ഓൺലൈൻ പത്രത്തിന്റെയും ക്രിസ്റ്റോൺ മീഡിയയുടെയും കലാ ഗ്രാമത്തിന്റെയും ആഭിമുഖ്യത്തിലാണ് ഈ ഗസൽ സന്ധ്യ പാലായിൽ അരങ്ങേറിയത്.

ഗസൽ സന്ധ്യ അവസാനിച്ചപ്പോഴും ഓഡിറ്റോറിയത്തിനു പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. തണുപ്പുള്ള, ശാന്തമായ ആ അന്തരീക്ഷത്തിൽ ഏവരുടെയും മനസ്സിൽ ‘വിളക്ക്’ അപ്പോഴും തെളിമയോടെ കത്തിജ്ജ്വലിക്കുന്നുണ്ടായിരുന്നു. ഈ വിശുദ്ധ വാരത്തിൽ നാമാകുന്ന വിളക്കിലെ സ്നേഹത്തിന്റെ, നന്മയുടെ എണ്ണ വറ്റാതെ തെളിമയോടെ കാത്തുസൂക്ഷിക്കാൻ ഇടവരട്ടെ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.