മക്കളെ കൊലപ്പെടുത്തിയ വ്യക്തിയുടെ മുന്നിൽ ക്ഷമയുടെ മഹത്വം വെളിപ്പെടുത്തി ക്രിസ്ത്യൻ ദമ്പതികൾ

ഒരുപാട് മക്കളും സ്വസ്ഥവും സന്തോഷവും നിറഞ്ഞ ഒരു കുടുംബജീവിതവും സ്വപ്നം കണ്ടിരുന്ന ദമ്പതികളായിരുന്നു ഓസ്ട്രേലിയയിൽ നിന്നുള്ള ലൈലയും ഡാനിയേലും. ആ സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് ദൈവം അവരുടെ ജീവിതത്തിലേക്ക് ആറു മാലാഖക്കുഞ്ഞുങ്ങളെ നൽകി. അവരുമായുള്ള സന്തോഷകരമായ ജീവിതത്തിനിടയിലാണ് മൂന്നു മക്കളെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ വിധി തട്ടിയെടുക്കുന്നത്. തങ്ങളുടെ പൊന്നോമന മക്കളുടെ രക്തത്തിൽ കുതിർന്ന മുഖം ഇപ്പോഴും ഈ മാതാപിതാക്കളുടെ കണ്മുൻപിൽ തന്നെയുണ്ട്. അവരുടെ വേദന, കണ്ടുനിൽക്കുന്നവരുടെ പോലും ഹൃദയം തകർക്കും. അത്രയും വേദനയിലും തങ്ങളുടെ മക്കൾ ഇല്ലാതാകാൻ കാരണക്കാരനായ ആ ഡ്രൈവറോട് ക്ഷമിച്ചുകൊണ്ട് ക്രിസ്തീയസ്നേഹത്തിന്റെ മാതൃകയായി മാറുകയാണ് ഈ ദമ്പതികൾ.

2020 ഫെബ്രുവരി മാസം ഒന്നാം തീയതി മക്കളുമായി പുറത്തു പോയതായിരുന്നു ലൈലയും ഡാനിയേലും. അവരുടെ സന്തോഷകരമായ കളിയും ചിരിയും ആസ്വദിച്ചുകൊണ്ട് കുട്ടികൾക്കു സമീപത്തായി ആ മാതാപിതാക്കളും നിന്നു. പെട്ടന്നാണ് അമിതവേഗത്തിൽ ഒരു വാഹനം കുട്ടികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ അമിതവേഗത്തിൽ വാഹനം ഓടിച്ചു കുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. കുട്ടികളുടെ കളിചിരികൾ നിറഞ്ഞ അന്തരീക്ഷം നിലവിളികളാൽ നിറഞ്ഞു.

ലൈലയും ഡാനിയേലും ഒന്നേ നോക്കിയുള്ളൂ. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവരുടെ മക്കളെ. മൂന്ന് മക്കളും ആ അപകടസഥലത്തു വച്ച് തന്നെ മരണപ്പെട്ടു. മറ്റൊരു മകൾക്കു പരിക്കേറ്റു. മക്കളെ നെഞ്ചോടു ചേർക്കുന്ന ഏതൊരു മാതാപിതാക്കളെയും പോലെ ആ ആഘാതം അവർക്കു താങ്ങാൻ കഴിഞ്ഞില്ല. ഒന്നല്ല മൂന്നു മക്കൾ…

കണ്ണടയ്ക്കുമ്പോൾ ഈ മാതാപിതാക്കളുടെ മുന്നിൽ കുഞ്ഞുങ്ങളുടെ നിലവിളികളും രക്തത്തിൽ കുതിർന്ന അവരുടെ മുഖവുമായിരുന്നു. മക്കളെ കൊന്ന ആ ഡ്രൈവറിനോട് ആദ്യം അവർക്ക് ക്ഷമിക്കാൻ കഴിഞ്ഞില്ല. എങ്കിലും തങ്ങളുടെ ആ അവസ്ഥയിലേക്ക് അവർ ദൈവികസഹായം അയക്കുവാൻ പ്രാർത്ഥിച്ചു. ഒടുവിൽ ആ ഡ്രൈവറോട് ക്ഷമിക്കാൻ തക്ക ദൈവനുഭവത്തിലേക്ക് അവർ വളർന്നു.

വേദനക്കിടയിലും ക്ഷമിക്കാൻ തങ്ങൾക്കു കഴിഞ്ഞത് പരിശുദ്ധാത്മാവിന്റെ കൃപയാലാണെന്ന് ലൈല പറയുന്നു. മൂന്നു മക്കളുടെ മരണശേഷം ഈ മാതാപിതാക്കൾ അവരെയോർത്ത് ഒരുപാട് വേദനിച്ചിരുന്നു; കരഞ്ഞിരുന്നു. അത് അവരെ നിരാശയിലേക്കു നയിച്ചു. എന്നാൽ ജീവിതത്തിന്റെ ഒരു പോയിന്റിൽ ആ മക്കൾ തങ്ങളോടൊപ്പം ഉണ്ടെന്നും അവരെ പ്രാർത്ഥനയിലൂടെ സ്വർഗ്ഗത്തിൽ എത്തിക്കുക തങ്ങളുടെ കടമയാണെന്നുമുള്ള വലിയ ബോധ്യത്തിലേക്ക് കൊണ്ടുവരാൻ അവരുടെ ആത്മീയജീവിതത്തിലൂടെ കഴിഞ്ഞു.

അതിനുശേഷം ഈ മാതാപിതാക്കളുടെ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായി. മരണത്തിലൂടെ അകന്നെങ്കിലും തങ്ങളോടൊപ്പം ആയിരിക്കുന്ന ആ മൂന്നു മക്കളെ ചേർത്തുനിർത്തി അവർക്കായി പ്രാർത്ഥിച്ചുകൊണ്ടായിരുന്നു ഇവരുടെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. മറ്റു മക്കളെയും അങ്ങനെ ശീലിപ്പിച്ചു. അപ്പോൾ സ്വർഗ്ഗീയമായ വലിയ ഒരു ശാന്തത ആ കുടുംബത്തിൽ വന്നുചേർന്നു.

കടന്നുപോകുന്ന ഓരോ ചരമവാർഷികവും മരണം മൂലം അകന്നുപോയ തങ്ങളുടെ മക്കളുമായുള്ള കൂട്ടായ്മയുടെ അവസരങ്ങളായി മാറ്റുകയാണ് ഈ മാതാപിതാക്കൾ. നാമെല്ലാവരും സഹനത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു നമുക്കായി സഹിച്ചു. അവന്റെ സഹനം നമുക്ക് പ്രത്യാശയായി മാറിയതു പോലെ ഇന്നത്തെ സഹനങ്ങളെല്ലാം നാളെ സ്വർഗ്ഗത്തിൽ നാം അനുഭവിക്കുന്ന സമാശ്വാസത്തിനായി ഉള്ളതാണെന്ന ബോധ്യം നമുക്ക് ആശ്വാസം പ്രദാനം ചെയ്യും –  ലൈല പറയുന്നു.

“നാമെല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്. വിശുദ്ധയാകണമെങ്കിൽ സന്യാസിനി ആകണമെന്നോ വൈദികനാകണമെന്നോ എന്നൊന്നും ഇല്ല. വേദനകളെ സ്വീകരിച്ചു കൊണ്ടും സഹനങ്ങളിൽ പ്രത്യാശ വിതറിക്കൊണ്ടും നിരുപാധികം ക്ഷമിച്ചു കൊണ്ടും നമുക്ക് വിശുദ്ധരാകാം” – മക്കളെ ഇല്ലാതാക്കിയ വ്യക്തിയോട് ക്ഷമിച്ച മാതാപിതാക്കളുടെ ഈ വാക്കുകൾ ലോകത്തിനു മുന്നിൽ ക്ഷയുടെ പുതുതരംഗം തീർക്കുകയാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.