‘ഞങ്ങൾ വീട്ടിൽ സ്വീകരിച്ചിരിക്കുന്നത് ക്രിസ്തുവിനെയല്ലേ’ – ഉക്രേനിയൻ അഭയാർത്ഥികളെ സ്വീകരിച്ച കത്തോലിക്ക കുടുംബത്തിന്റെ സാക്ഷ്യം

ഉക്രേനിയക്കാരിയായ ഇറിനയും മകൾ സോഫിയയും ഇന്ന് ഇറ്റലിയിലാണ്. ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങി പത്തു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈ അമ്മ 17-കാരിയായ മകളെയും കൂട്ടി മാതൃനഗരമായ കിവീവിൽ നിന്ന് ഇറ്റലിയിലേക്ക് ബസിൽ യാത്ര പുറപ്പെട്ടു. ഇന്ന് അവർ ഇറ്റലിയിലെ പിയട്രോ – എറികാ ദമ്പതികളുടെ ഭവനത്തിലെ അഭയാർത്ഥികളല്ല, മറിച്ച് അംഗങ്ങളാണ്. ലോക കുടുംബസമ്മേളനത്തിൽ ഈ ദമ്പതികൾ തങ്ങളുടെ ജീവിതസാക്ഷ്യം പങ്കുവച്ചു.

ഉക്രൈൻ വിടാനുള്ള തീരുമാനം കഠിനമായിരുന്നു. എങ്ങനെ രാജ്യം വിടും, ആര് സഹായിക്കും, എന്നിങ്ങനെയുള്ള ചിന്തകൾ ആ കുടുംബത്തെ ആകെ തളർത്തിയിരുന്നു. എങ്കിലും ആ അമ്മയുടെയും മകളുടെയും യാത്രയിൽ അനേകരാണ് അവരെ സഹായിച്ചത്. അവർ സുരക്ഷിതസ്ഥലത്ത് എത്തുന്നതു വരെ ദൈവം അവരുടെ കൂടെ വഴികാട്ടിയായി നിന്നു.

പിയട്രോ – എറികാ ദമ്പതികൾക്ക് ആറ് കുട്ടികളാണുള്ളത്. തങ്ങളെ പരിപാലിക്കുന്ന ദൈവത്തോടുള്ള നന്ദിസൂചകമായാണ് അവർ ഉക്രേനിയൻ കുടുംബത്തെ സ്വഭവനത്തിൽ സ്വീകരിച്ചത്. മക്കളോട് അവർ പറഞ്ഞുവത്രേ, അഭയാർത്ഥികളെ വീട്ടിൽ സ്വീകരിക്കുന്നത് ക്രിസ്തുവിനെ സ്വീകരിക്കുന്നതിനു തുല്യമാണെന്ന്. അതുകൊണ്ട് മക്കൾക്കും യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. തങ്ങളുടെ ഭവനത്തിൽ മറ്റുള്ളവർക്ക് സ്ഥലമൊരുക്കുന്നത് അവർക്കിന്ന് ആനന്ദമാണ്. കാരണം അവർ സ്വീകരിക്കുന്നതും പരിപാലിക്കുന്നതും ക്രിസ്തുവിനെയല്ലേ.

“ഈ കുടുംബം ഞങ്ങളുടെ ഭവനത്തിലുള്ളത് ഒരു അനുഗ്രഹമാണ്” – ദമ്പതികൾ പറയുന്നു. അഭയാർത്ഥികളെ സ്വാഗതം ചെയ്‌ത ഈ കുടുംബത്തിന് ഫ്രാൻസിസ് പാപ്പാ നന്ദി അറിയിച്ചിട്ടുണ്ട്. മനുഷ്യർ പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും സേവിക്കാനും പഠിക്കുന്നത് കുടുംബങ്ങളിൽ നിന്നാണ്.

വി. ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ലോക കുടുംബസമ്മേളനത്തിന് തുടക്കം കുറിച്ചത്. ജൂൺ 22 മുതൽ 26 വരെ റോമിൽ നടക്കുന്നത് പത്താമത്തെ ലോക കുടുംബസമ്മേളനമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.