ട്വിറ്ററിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന കാൻസർ പോരാളി

ജാവിയേർ, 35 വയസ് പ്രായമുള്ള ഒരു സൈക്കോളജിസ്റ്റും ഒരു കുട്ടിയുടെ പിതാവുമാണ്. കാൻസറിനോട് മല്ലിടുന്ന അദ്ദേഹത്തെ ആരും ഇതുവരെയും നിരാശനായി കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതം രോഗത്തോടുള്ള പോരാട്ടം മാത്രമല്ല പിന്നെയോ, സഹനങ്ങളിലും അദ്ദേഹം ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ്. കുരിശുകൾ വഹിക്കേണ്ടവരാണ് ക്രൈസ്തവർ എന്ന് തന്റെ ട്വിറ്റർ സന്ദേശങ്ങളിലൂടെ അദ്ദേഹം ലോകത്തോട് വിളിച്ചുപറയുകയാണ്.

സഹനങ്ങളിലും പ്രത്യാശ കൈവിടാതെ ജീവിക്കാനുള്ള കൃപ ചെറുപ്പത്തിൽ തന്നെ ജാവിയേർ നേടിയിട്ടുണ്ട്. ജാവിയേറിന് 22 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ അമ്മ ആത്മഹത്യ ചെയ്യുന്നത്. “താങ്ങാനാവാത്ത മാനസിക സമ്മർദ്ദം ആയിരുന്നു എന്റെ അമ്മ ആത്മഹത്യ ചെയ്യാനുള്ള കാരണം. അമ്മയുടെ വേർപാട് എന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തി, മുറിപ്പെടുത്തി. എത്ര ശ്രമിച്ചിട്ടും അമ്മയോട് പൂർണ്ണമായി ക്ഷമിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല; പക്ഷേ അമ്മയോട് ക്ഷമിക്കണമെന്ന് മനസ്സിൽ അതിയായ ആഗ്രഹവും. അങ്ങനെ അമ്മയുടെ ആത്മാവിനു വേണ്ടി ഞാൻ ശക്തമായി പ്രാർത്ഥിക്കാൻ തുടങ്ങി. ക്രമേണ അമ്മയോട് ക്ഷമിക്കാൻ എനിക്കു സാധിച്ചു. ക്ഷമിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സ്വാതന്ത്ര്യവുമാണ് എന്റെ മനസ്സിന് അനുഭവപ്പെട്ടത്” – ജാവിയേർ പറയുന്നു.

ജാവിയേറിന്റെ മകന് വെറും എട്ട് മാസം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിന് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്; അതും രണ്ടാം തവണ. ഏഴു മാസത്തോളം ചികിത്സയിലായിരുന്നു ജാവിയേർ. കൈകൾ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ. ദൈവത്തിൽ മാത്രം വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ദിവസങ്ങളായിരുന്നു അത്. ഒടുവിൽ അദ്ദേഹത്തിന്റെ കൈകൾ ഏകദേശം ചലനയോഗ്യമായി. എന്നാൽ ഇതിന്റെ ഏറ്റവും വലിയ അനന്തരഫലമെന്നു പറയുന്നത് അദ്ദേഹത്തിന് തന്റെ മകനെ അധികനേരം കൈകളിൽ എടുക്കാൻ സാധിക്കുന്നില്ല എന്നുള്ളതായിരുന്നു.

ആശുപത്രിക്കിടക്കയിലും അദ്ദേഹം വിശ്വാസം കൈവിട്ടില്ല. രോഗാവസ്ഥയിലും തന്നെ ശക്തിപ്പെടുത്തുന്ന ക്രിസ്തുവിനെ അദ്ദേഹം ട്വിറ്ററിലൂടെ ലോകത്തിന് പകർന്നു നൽകി. ട്വിറ്ററിൽ ജാവിയേറിന് ധാരാളം ഫോളോവേഴ്സ് ഉണ്ട്. സമൂഹ്യമാധ്യമങ്ങളുടെ ഗുണദോഷങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിയാം. എന്നാൽ സമൂഹ്യമാധ്യമങ്ങളെ, കാര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാനുള്ള ഒരു വേദിയായിട്ടാണ് അദ്ദേഹം കണ്ടത്. തന്റെ ജീവിതത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും സഹനങ്ങളെക്കുറിച്ചും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവയ്ക്കാൻ തുടങ്ങി. ഇത് മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. രോഗക്കിടക്കയിലും ജാവിയേറിന് ജീവിതത്തെക്കുറിച്ച് പ്രത്യാശയുണ്ടായിരുന്നു. അതിനായി ജാവിയേർ ആശ്രയിച്ചതോ, പരിശുദ്ധ അമ്മയിലും. അദ്ദേഹം എന്നും ജപമാല ചൊല്ലി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുമായിരുന്നു.

സഹനങ്ങളിൽ തളർന്നുപോകാതെ, ദൈവത്തിൽ പ്രത്യാശയർപ്പിച്ച് മുന്നോട്ട് പോകാൻ ജാവിയേറിന്റെ ട്വിറ്റർ സന്ദേശങ്ങൾ അനേകർക്ക് പ്രചോദനമേകുന്നുണ്ട്. പലരും ട്വിറ്റർ സന്ദേശങ്ങൾ കണ്ട് ജാവിയേറിനു വേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട്. “നമ്മെ വ്യക്തിപരമായി പരിചയമില്ലാത്ത ആളുകൾ പോലും നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് എന്നറിയുന്നത് നമ്മെ മാനസികമായി ബലപ്പെടുത്തും” – ജാവിയേർ പറയുന്നു. അവർക്കു വേണ്ടി ആശുപത്രിയിൽക്കിടക്കയിൽ വച്ച് ജാവിയേറും പ്രാർത്ഥിച്ചിരുന്നു. പലപ്പോഴും ജാവിയേർ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്ന അദ്ദേഹത്തിന്റെ സഹനങ്ങളും പ്രാർത്ഥനകളും പലരേയും ക്രിസ്തുവിലേക്ക് ആകർഷിച്ചിട്ടുണ്ടത്രേ.

ട്വിറ്ററിലൂടെയാണ് ലോകം അദ്ദേഹത്തോട് സംസാരിക്കുന്നതും. സഹനങ്ങളിൽ എങ്ങനെയാണ് ക്രിസ്തുവിനെ കണ്ടെത്തിയത് എന്ന ചോദ്യത്തിന്, എന്നും ദേവാലയങ്ങളിൽ കാണുന്ന കുരിശിനെ സ്വന്തം ജീവിതത്തിൽ സ്വീകരിക്കണം എന്നായിരുന്നു ജാവിയേറിന്റെ മറുപടി. പലപ്പോഴും അതത്ര എളുപ്പമായിരുന്നില്ല. നമ്മുടെ സഹനമാണ് ക്രിസ്തുവിനോട് നമ്മെ ഐക്യപ്പെടുത്തുന്നത്. അതു മാത്രമല്ല, സഹനങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്താൻ കഴിയുന്നതും ഒരു കൃപയാണ്. വേദനകളിൽ പലപ്പോഴും നമ്മൾ നമ്മിലേക്ക് മാത്രമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ ആ വേദനകളിൽ ദൈവവും നമ്മോടൊപ്പം സഹിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണ് നമ്മുടെ യഥാർത്ഥ സന്തോഷം അടങ്ങിയിരിക്കുന്നത്. ജീവിതത്തിലെ ചില പരീക്ഷണങ്ങളിൽ നമ്മൾ തളർന്നുപോയേക്കാം. എന്നാൽ കുരിശിൽ നമുക്കു വേണ്ടി മരിച്ച ക്രിസ്തു നമ്മെയും അവിടുത്തോട് ചേർത്ത് ഉയർത്തുന്നു. സഹനം ഒരു കൃപയാണ്. ആ കൃപ നമുക്ക് ലഭിക്കുന്നതോ, കൂദാശകളിൽ നിന്നും.

നമ്മൾ ദിനംപ്രതി കാണുന്ന മാധ്യമസന്ദേശങ്ങൾ, പരസ്യങ്ങൾ ഇവയെല്ലാം ജീവിതം സന്തോഷിക്കാനുള്ളത് മാത്രമാണെന്നാണ് കാണിച്ചുതരുന്നത്. എന്നാൽ ജീവിതം സുഖ-ദുഃഖസമ്മിശ്രമാണ്. സഹനങ്ങളെ നമ്മൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിലാശ്രയിച്ചിരിക്കും നമ്മുടെ സന്തോഷം. ജീവിതത്തിൽ വീഴ്ചകളും പരാജയങ്ങളും സംഭവിക്കുമ്പോൾ ഇന്നത്തെ തലമുറ തളർന്നുപോകുന്നു. സന്തോഷമുണ്ടാകാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഈ ഓട്ടത്തിൽ അവർ ബന്ധങ്ങളെയും സഹോദരങ്ങളെയും മറന്നുപോകുന്നു. കുരിശിനെയും ഉത്ഥിതനായ ക്രിസ്തുവിനെയും നാം ഒരുപോലെ ജീവിതത്തിൽ സ്വീകരിക്കണം. അങ്ങനെയാണ് യഥാർത്ഥ ക്രിസ്തുവിശ്വാസികൾ എന്നും ജാവിയേർ ഓർമ്മിപ്പിക്കുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.