‘കാന്‍സറിനെ തോല്‍പിച്ചു; പൈനാപ്പിള്‍ ചൂടുവെള്ളം. ദയവായി പ്രചരിപ്പിക്കുക’ – ഈ സന്ദേശം സത്യമാണോ? 

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സന്ദേശത്തിന്റെ ഹെഡ് ലൈന്‍ ആണ് മേല്‍പറഞ്ഞ വാചകം. വളരെയധികം ആള്‍ക്കാര്‍ ഇത് എനിക്ക് അയച്ചുതരികയും ഇത് സത്യമാണോ എന്നു ചോദിക്കുകയുമുണ്ടായി. അതിനാലാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്.

രണ്ടു-മൂന്ന് പൈനാപ്പിള്‍ ചെറുതായി അരിഞ്ഞ് അതില്‍ ചൂടുവെള്ളം ചേര്‍ത്ത് അതില്‍ നിന്ന് ദിവസവും കുടിക്കുക. ഇത് എല്ലാത്തരം കാന്‍സറുകള്‍ക്കും പറ്റിയ ചികിത്സയാണ് എന്ന് ICBS ജനറല്‍ ഹോസ്പിറ്റല്‍ പ്രൊഫസര്‍ ഡോ. ഗില്‍ബര്‍ട്ട് എ. കണ്ടുപിടിച്ചു എന്നും ഇത് കുറഞ്ഞത് പത്തു പേര്‍ക്കെങ്കിലും forward ചെയ്യണം എന്നതുമാണ് ഇതിന്റെ സാരാംശം.

ഇതിനെക്കുറിച്ച് ഞാന്‍ ആധികാരികമായ പഠനം നടത്തിയപ്പോള്‍ മനസിലാക്കിയ കാര്യങ്ങള്‍ മൂന്നു ഭാഗങ്ങളായി വിശദീകരിക്കാം.

1. ഈ സന്ദേശത്തിന്റെ ഉറവിടം
2. ഈ സന്ദേശത്തിന്റെ ശാസ്ത്രീയവശം
3. പൈനാപ്പിളിന്റെ യഥാര്‍ത്ഥ ഗുണങ്ങള്‍

1. ഉറവിടം

ഈ വര്‍ഷം ജനുവരി മാസം 11-ാം തീയതി www.thereporters.com.ng എന്ന സൈറ്റിലാണ് ഈ വാര്‍ത്ത 2022 ജനുവരി 11-ന് ആദ്യമായി വരുന്നത്. മലാവി എന്ന ഈസ്റ്റ് ആഫ്രിക്കൻ രാജ്യത്തെ കാനാ (CAANA) എന്ന പട്ടണത്തിലെ ഐ.സി.ബി.എസ് (ICBS) ജനറല്‍ ഹോസ്പിറ്റലിലെ പ്രൊഫ. ഗില്‍ബര്‍ട്ട് എ. ക്വാക്കെ എന്ന ഡോക്ടറുടെ ഉപദേശമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ മലയാളം പരിഭാഷയാണ് ഇപ്പോള്‍ കേരളത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജ് പഠനകാലത്തെ എന്റെ സുഹൃത്തും ജൂനിയറുമായ ജോബി ജോര്‍ജ്, ‘സേവ് ദി ചില്‍ഡ്രന്‍’ എന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി മലാവിയില്‍ കുറേ നാളുകള്‍ ജോലി ചെയ്തിരുന്നത് ഞാൻ ഓർത്തു. ഇതിന്റെ നിജസ്ഥിതി കണ്ടുപിടിക്കാന്‍ ഞാൻ അദ്ദേഹവുമായി ബന്ധപ്പെട്ടു. മാലാവിയില്‍ CHANA എന്നൊരു പട്ടണമോ, ICBS എന്നൊരു ആശുപത്രിയോ ഇല്ല എന്ന് അദ്ദേഹം സ്ഥിരീകരിക്കുകയുണ്ടായി. വിവിധ ഇന്റര്‍നെറ്റ് സെര്‍ച്ചുകളുടെയും ഫലം ഇതു തന്നെയായിരുന്നു. സ്ഥലം തെറ്റാണെങ്കിലും ഇത് എഴുതിയ ഡോക്ടറെക്കുറിച്ച് സെര്‍ച്ച് ചെയ്‌തെങ്കിലും ആ പേരില്‍ ഒരു ഡോക്ടര്‍ പോലുമില്ലാ എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. CHANA എന്ന പേരില്‍ ഈസ്റ്റ് ഏഷ്യ ഭാഗത്ത് ചില സ്ഥലങ്ങളുണ്ട് എന്ന് മനസിലാക്കാന്‍ സാധിച്ചെങ്കിലും അവ പലതും കുഗ്രാമങ്ങളോ, ചെറിയ പട്ടണങ്ങളോ മാത്രമാണ്. അങ്ങനെ നോക്കുമ്പോൾ ഈ സന്ദേശത്തിന്റെ ഉറവിടം തന്നെ വ്യാജമാണ് എന്ന് മനസിലാക്കാം.

2. ഈ സന്ദേശത്തിന്റെ ശാസ്ത്രീയവശം

ചൂടുവെള്ളം ഒഴിക്കുമ്പോള്‍ പൈനാപ്പിളില്‍ നിന്നും വരുന്ന വെള്ളം ആല്‍ക്കലൈന്‍ ആയി മാറുന്നുവെന്നും അത് കാന്‍സറിനെ നശിപ്പിക്കും എന്നതുമാണ് ഈ പോസ്റ്റിന്റെ പിന്നിലുള്ളവർ വാദിക്കുന്നത്. എന്നാല്‍ എത്ര ചൂടുവെള്ളം ഒഴിച്ചാലും പൈനാപ്പിള്‍ വെള്ളം അസിഡിക് മാത്രമാണ്. അതായത് PH Value 3-നും 4-നും ഇടയിൽ (PH Scale Value between 3 & 4).

ഇനി വാദത്തിനു വേണ്ടി ഇത് ആല്‍ക്കലൈന്‍ ആണെന്ന് സമ്മതിച്ചാല്‍ പോലും ഇത് കുടിച്ചാലുടന്‍ ആമാശയത്തില്‍ എത്തുന്നതോടെ അവിടെ ആസിഡുമായി കൂടിച്ചേര്‍ന്ന് നൂട്രലൈസ് ചെയ്യപ്പെടും; ആല്‍ക്കലൈന്‍ ആയി നിലനില്‍ക്കുന്നില്ല.

ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ വിവിധ, പ്രത്യേകിച്ച് രക്തത്തിലെ PH നമ്മുടെ ശ്വാസകോശവും കിഡ്‌നിയും പ്രവര്‍ത്തനക്ഷമമായിരിക്കുന്നിടത്തോളം കാലം മാറ്റം വരുത്താന്‍ സാധിക്കില്ല എന്നതാണ്. (Normal Blood PH 7.35 to 7.45, Normal PH Scale 0 to 14) ആണ്. അതായത് 0.0 ഏറ്റവും അസിഡിക്; 14 ഏറ്റവും ആല്‍ക്കലൈന്‍.

ഒരിക്കല്‍ ‘നേച്ചർ’ (Nature) മാഗസിനില്‍, കാന്‍സര്‍ കോശങ്ങള്‍ അസിഡിക് ആണ് എന്ന ഒരു വാര്‍ത്ത വന്നതിനു ശേഷം പലരും ആല്‍ക്കലി വെള്ളം കുടിച്ചാല്‍ കാന്‍സര്‍ മാറും എന്ന വ്യാജപ്രചരണവുമായി ഇറങ്ങിയിട്ടുണ്ട്. പല സിനിമാതാരങ്ങളും ഇതിന്റെ പരസ്യവുമായി രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ആല്‍ക്കലി വെള്ളം കുടിച്ചാല്‍ ഒന്നും സംഭവിക്കില്ല എന്ന് ഞാന്‍ Blood PH-നെക്കുറിച്ച് പറഞ്ഞതില്‍ നിന്നും മനസിലായിക്കാണുമല്ലോ.

ഇതിനു ശേഷം പറയുന്ന കാര്യങ്ങള്‍, പൈനാപ്പിള്‍ കാന്‍സര്‍ വിരുദ്ധ പദാര്‍ത്ഥങ്ങള്‍ പുറത്തുവിടുന്നു, കാന്‍സര്‍ കോശങ്ങളെ മാത്രം കൊല്ലുന്നു, അത് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നൊക്കെയാണ്. എന്നാല്‍ ഇത് ആര്, എവിടെ, എപ്പോള്‍ തെളിയിച്ചു എന്നോ, ഇത് ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയോ USFDA പോലുള്ള വിദഗ്ദ ഏജന്‍സികളോട് അംഗീകാരം തേടാനോ ഇവര്‍ എന്താണ് ശ്രമിക്കാത്തത് എന്നതും ഇത് വെറും അവകാശവാദങ്ങള്‍ മാത്രമാണ് എന്ന് വെളിവാക്കുന്നു.

അടുത്ത അവകാശവാദം, പൈനാപ്പിളിലുള്ള അമിനോ ആസിഡും പോളിഫിനൈലും വളരെയധികം സ്‌പെഷ്യല്‍ ആണ് എന്ന്. ഒന്നാമതായി, പൈനാപ്പിള്‍ പോലെയുള്ള മിക്ക പഴങ്ങളിലും അമിനോ ആസിഡുകളും പോളിഫിനൈലുകളും പൈനാപ്പിളിലേതിനേക്കാള്‍ കൂടുതലുണ്ട് എന്നതാണ് വാസ്തവം. ഈ  പോളിഫിനൈലുകള്‍ക്ക് ആന്റി ഓക്‌സിഡന്റ് പ്രോസ്‌പെരിറ്റി ഉണ്ട് എന്നത് വാസ്തവമാണെങ്കിലും ഏതെങ്കിലും ആന്റി ഓക്‌സിഡന്റുകള്‍ കഴിച്ച് ഇതുവരെ ഒരു കാന്‍സറും തടയാന്‍ സാധിച്ചിട്ടില്ല എന്നു മാത്രമല്ല, അധികം ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കും എന്നതാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

3. പൈനാപ്പിള്‍ എന്ന ഹെല്‍ത്തി ഫ്രൂട്ട് 

സൗത്ത് അമേരിക്ക, കൃത്യമായി പറഞ്ഞാല്‍ ബ്രസീല്‍ ആണ് പൈനാപ്പിളിന്റെ ജന്മദേശം. കൊളമ്പസ് ആണ് ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്തിച്ചത്. പൈന്‍, കോണ്‍ പോലെ ഇരിക്കുന്നതിനാല്‍ സ്‌പെയിന്‍കാരാണ് ഈ പഴത്തിന് പൈനാപ്പിള്‍ എന്ന് പേരിട്ടത്.

വളരെയധികം ആരോഗ്യപരമായ പ്രയോജനങ്ങളുള്ള ഒരു പഴമാണ് പൈനാപ്പിള്‍. വളരെയധികം നാരുകളുള്ള, വിവിധ വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍ തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് പൈനാപ്പിള്‍. ഫാറ്റ് ഇല്ലാത്ത ധാരാളം ഷുഗര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്ഷീണം മാറ്റാന്‍ ഇത് വളരെ സഹായിക്കും.

ഇനി എപ്പോഴും നാം കേള്‍ക്കുന്ന ഒരു പൈനാപ്പിള്‍ പ്രത്യേകതയാണ്, പൈനാപ്പിള്‍ ദഹനത്തെ സഹായിക്കും എന്നത്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശരീരത്തിനു പുറത്ത് കട്ടിയുള്ള മാംസം മൃദുവാക്കാന്‍ ഇത് പ്രയോജനപ്പെടുത്താറുണ്ട്. അതുപോലെ തന്നെ നീര് കുറയ്ക്കാന്‍ (Anti Inflammatory) ഇത് സഹായിക്കുന്നതായി കണ്ടുവരുന്നു. കൂടുതല്‍ പൈനാപ്പിള്‍ കഴിച്ചാല്‍ വായിലെ തൊലി പോകുന്നത് ഈ എന്‍സൈം കാരണമാണ്. ആന്റിബയോട്ടിക് കഴിക്കുന്നവരും Blood Thinners കഴിക്കുന്നവരും പൈനാപ്പിള്‍ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.