‘ഉദയാ കോളനി’യിൽ പ്രകാശം തെളിച്ചവർ 

സി. സൗമ്യ DSHJ

ഒരു മഴ പെയ്താൽ ചോർന്നൊലിക്കാമായിരുന്ന ഉദയാ കോളനിയിലെ വീടുകൾ ഇന്ന് ഇരുനില വീടുകളാണ്. ഒറ്റമുറി വീട്ടിൽ നിന്നും ഇരുനില വീട്ടിലേക്കുള്ള അവരുടെ വളർച്ചയിൽ ഒപ്പം നിന്നത് ‘അഗതികളുടെ സഹോദരിമാർ’ (എസ് ഡി) എന്ന സന്യാസിനീ സമൂഹത്തിലെ സന്യാസിനിമാരായിരുന്നു. വളരെ ദുരിതപൂർണ്ണമായ കോളനി നിവാസികളുടെ ജീവിതത്തിൽ വെളിച്ചം പകർന്ന എറണാകുളം സെന്റ് മേരീസ് പ്രോവിൻസിൽപെട്ട സി. അനീഷ അറയ്ക്കൽ എസ്.ഡി. തന്റെ അനുഭവങ്ങൾ ലൈഫ് ഡേ -യുമായി പങ്കുവയ്ക്കുന്നു.

കഴിഞ്ഞ ആറു വർഷമായി ഉദയാ കോളനിയിൽ സി. അനീഷ ഉണ്ട്. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനും സൗത്ത് റയിൽവേ സ്റ്റേഷനും ഇടയ്ക്കായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഉദയാ കോളനി. എറണാകുളം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലൊക്കെ പുറമ്പോക്കിൽ താമസിച്ചിരുന്നവരെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി (GCDA) പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാൽപത് വർഷങ്ങൾക്ക് മുൻപ് ഈ കോളനി രൂപം കൊണ്ടത്. സൗത്ത് റെയിൽവേ സ്റ്റേഷന് അടുത്തായി സ്ഥിതിചെയ്യുന്ന കോളനിയിൽ ആകെ 125 വീടുകളാണുള്ളത്. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെ കടന്നുപോയ കോളനി നിവാസികളുടെ ഇടയിലേക്ക് ബ്രദർ മാവുരൂസിന്റെ ആവശ്യപ്രകാരമാണ് എസ്.ഡി. സന്യാസിമാർ കടന്നുവരുന്നത്. മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സിസ്റ്റർമാർ ഈ കോളനിയിലെത്തുന്നത്.

30 വർഷങ്ങൾക്കു മുൻപ് അധ്യാപന ജോലി രാജി വച്ച് കോളനിയിലേക്ക്  

പാവങ്ങളിലേക്കും അവഗണിക്കപ്പെട്ടിരിക്കുന്നവരിലേക്കും ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകത  എസ്.ഡി. സിസ്റ്റേഴ്സിന് നന്നായറിയാം. കാരണം, അവർ അറിയപ്പെടുന്നതു തന്നെ ‘അഗതികളുടെ സഹോദരിമാർ’ എന്ന പേരിലാണല്ലോ. അതിനാലാണ് ഉദയാ കോളനിയുടെ അവസ്ഥ അറിഞ്ഞു അവിടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം വന്നപ്പോൾ ഉടനടി ഈ സന്യാസിനിമാർ അതിനു തയ്യാറായത്.

30 വർഷങ്ങൾക്കു മുൻപ് ഈ കോളനിയിലേക്ക് കടന്നുവന്ന സന്യാസിനിമാർ സി. റിഡംപ്റ്റ, സി. നവീന എന്നീ രണ്ടു പേരായിരുന്നു. നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്നു സി. റിഡംപ്റ്റ.  സി. നവീനയാകട്ടെ, സ്‌കൂൾ അധ്യാപികയും. തങ്ങളുടെ ജോലി രാജി വച്ചാണ് അവർ ഈ കോളനിയിലേക്ക് എത്തിയത്. കോളനിക്കുള്ളിൽ തന്നെയുള്ള ഒരുചെറിയ വീട്ടിൽ താമസിച്ചുകൊണ്ടായിരുന്നു അവരുടെ പ്രവർത്തനങ്ങളുടെ തുടക്കം.

ഉദയാ കോളനിയുടെ മുൻപുള്ള അവസ്ഥ

ഈ കോളനിയുടെ വർഷങ്ങൾക്കു മുൻപുള്ള അവസ്ഥ ഇന്ന് കാണുന്നതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ‘അന്ധകാര കോളനി’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ കോളനിയിലേക്ക് പുറത്ത് നിന്നുള്ളവർ പ്രവേശിക്കുകയില്ല. അവർക്ക് ഈ കോളനിക്കുള്ളിൽ കടക്കുവാൻ ഭയമായിരുന്നു. കാരണം, പല തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് അടിമപ്പെട്ടിരുന്നവരായിരുന്നു മുൻപ് ഇവിടെ ഉണ്ടായിരുന്നവർ. നോർത്ത് – സൗത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പോക്കറ്റ് റോഡ് ഈ കോളനിക്കുള്ളിലൂടെ ഉണ്ട്. എന്നാൽ, ആളുകൾ പൊതുവേ ഈ വഴി തിരഞ്ഞെടുക്കാറില്ല. ഈ സ്ഥലത്തിന്റെ അപകടാവസ്ഥ തന്നെയാണ് അതിനു കാരണം.

ഇങ്ങനെയുള്ള ഒരു സ്ഥലത്തേക്കാണ് മുപ്പത് വർഷങ്ങൾക്ക് മുൻപ്  സി. റിഡംപ്റ്റയും സി. നവീനയും എത്തുന്നത്. കോളനി നിവാസികൾ താമസിച്ചിരുന്നതുപോലെയുള്ള ഒരു ഒറ്റമുറി വീട്ടിൽ തന്നെയായിരുന്നു സിസ്റ്റർമാരുടെ താമസം. സിസ്റ്റേഴ്സിന്റെ സാന്നിധ്യം തന്നെ കോളനി നിവാസികളുടെ ഇടയിൽ വലിയ മാറ്റത്തിന് കാരണമായി. സിസ്റ്റർമാർ ഉള്ളതുകൊണ്ട് വഴക്കിടാനോ, ചീത്ത വിളിക്കാനോ പറ്റാത്ത സാഹചര്യം.

ഈ രണ്ടു സന്യാസിനിമാരും നല്ല ധൈര്യമുള്ളവരായിരുന്നു. അവർ കോളനിയിലെ ഓരോ ഭവനത്തിലും കയറിയിറങ്ങി അവരുടെ അവസ്ഥ മനസിലാക്കി. അവിടെയുള്ള കുട്ടികൾ സ്‌കൂളുകളിൽ ഒന്നും പോകുന്നില്ലെന്ന് സിസ്റ്റർമാർ തിരിച്ചറിഞ്ഞു. ലോട്ടറി വിൽപ്പനയോ, കളിയോ ഒക്കെയായി രാവിലെ മുതൽ കുട്ടികൾ അലഞ്ഞു തിരിഞ്ഞു നടക്കും. മറ്റൊരു കാര്യം ഇവർ തങ്ങളുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്തിരുന്നില്ല എന്നതാണ്. ഇത് മനസിലാക്കിയ സന്യാസിനിമാർ, പഠനം ഉപേക്ഷിച്ചു നടന്ന കുട്ടികളെ അടുത്തുള്ള സ്‌കൂളിൽ ചേർത്തു. വീടുകളിൽ ഭക്ഷണം ഉണ്ടാക്കുന്ന രീതി വളർത്തിയെടുക്കാൻ പരിശ്രമിച്ചു. സ്‌കൂളിൽ പഠിക്കാൻ പോകുന്ന കുട്ടികൾക്ക് സിസ്റ്റർമാർ ട്യൂഷൻ എടുക്കാനും തുടങ്ങി.

ട്യൂഷനു വരുന്ന കുട്ടികളുടെ എണ്ണം കൂടിയപ്പോൾ സ്ഥലം തികയാതെ വന്നു. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ സഹായത്തോടെ (കൊച്ചിയുടെ നഗരവികസനത്തിന്റെ കാര്യാലയം) 13 സെന്റ് സ്ഥലം സിസ്റ്റർമാർ സ്വന്തമായി വാങ്ങിച്ചു. കുട്ടികൾക്ക് ട്യൂഷനുള്ള സൗകര്യമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം.

ദാരിദ്ര്യവും ബുദ്ധിമുട്ടും നിറഞ്ഞ ഒരു സാഹചര്യത്തിൽ നിന്നുമായിരുന്നു ഈ കുഞ്ഞുങ്ങളുടെ വരവ്. അതിനാൽ, ആദ്യകാലങ്ങളിൽ ട്യൂഷ്യനായി വരുന്ന കുട്ടികൾക്ക് പോഷകാഹാരമുള്ള ഭക്ഷണം നൽകി. കുട്ടികൾക്ക് ബാന്റ്, ചെണ്ട എന്നിവയുടെ പരിശീലനവും പെൺകുട്ടികളെ സ്വയം പര്യാപ്തരാക്കാനായി അവർക്ക് സ്വയം തൊഴിൽ പരിശീലനവും നൽകി. അവധിക്കാലത്ത് കൂടുതൽ സമയവും ഈ കുട്ടികൾ സിസ്റ്റർമാരോടൊപ്പം സമയം ചിലവഴിച്ചു. മോട്ടിവേഷൻ ക്ലാസുകളും വ്യത്യസ്ത പ്രോഗ്രാമുമായി കുട്ടികൾ സിസ്റ്റർമാരുടെ കൂടെ തന്നെ തുടർന്നു. രാത്രി പത്തു മണി വരെ ആളുകൾ ഈ സ്ഥലത്ത് ഉണ്ടാകുമായിരുന്നു.

പേടിപ്പെടുത്തുന്ന സ്ഥലത്ത് നിന്നും സംരക്ഷ നൽകുന്ന ഇടമായി മാറിയ കോളനി 

ഇവിടെയുള്ള താമസം ക്രമേണ മറ്റേതൊരു സ്ഥലത്തേക്കാളും സുരക്ഷിതമായ സ്ഥലമായി മാറി. കാരണം, ഇവിടെയുള്ളവർ തന്നെ ഈ സിസ്റ്റേഴ്സിന്റെ സംരക്ഷകരായി മാറി. എട്ടു-പത്തു വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു മാതാവിന്റെ ഗ്രോട്ടോ പണിതു. “മാതാവിന്റെ ഒരു സാന്നിധ്യം ഈ കോളനിയിലുണ്ട്. ആളുകൾ എന്ത് പരിപാടിക്കു പോയാലും ഈ മാതാവിന്റെ അടുത്തു വന്ന് പ്രാർത്ഥിച്ചിട്ടേ പോകാറുള്ളൂ. നാനാജാതി മതസ്ഥരായവർക്ക് വലിയ ഭക്തിയാണ് ഈ മാതാവിനോട്. കോർപ്പറേഷനിൽ വേസ്റ്റ് എടുക്കുന്ന ജോലിയാണ് ഇവിടെയുള്ള മിക്കവരും ചെയ്യുന്നത്. രാത്രി പന്ത്രണ്ടു മണിക്കൊക്കെയാണ് ഇവർ ജോലിക്ക് പോകുന്നത്. എല്ലാ ദിവസവും ഇവർ മാതാവിന്റെ അടുത്ത് വന്ന് പ്രാർത്ഥിച്ചിട്ടേ ജോലിക്ക് പോകാറുള്ളൂ. ഒരു ദിവസം പോലും മാതാവിന്റെ ഗ്രോട്ടോയിൽ ലൈറ്റ് ഇടാൻ മറക്കുകയോ, കൊന്ത മുടങ്ങുകയോ ചെയ്താൽ അവർ അറിയും. ഇന്നെന്താ ജപമാല ചൊല്ലാത്തത് എന്നവർ ചോദിക്കും.” – സിസ്റ്റർ അനീഷ പറയുന്നു.

ഒറ്റമുറി വീട്ടിൽ നിന്നും വെള്ളം കയറാത്ത ഒരു വീട് എന്ന സ്വപ്‌നം

ആറര വർഷം മുൻപാണ് സി. അനീഷ ഈ കോളനിയിലേക്കു വരുന്നത്. രണ്ടു ദിവസം മഴ പെയ്താൽ വെള്ളം കയറുന്ന അവസ്ഥയാണ് ഈ കോളനിയിലെ വീടുകൾക്കുള്ളത്. കനാലിലെ വെള്ളം ഡ്രൈനേജിൽ കൂടി ഒഴുകി വീടുകളിലേക്കു കയറും. പിന്നീടവിടെ ഭക്ഷണം ഉണ്ടാക്കാനോ, താമസിക്കാനോ ഒന്നും പറ്റാത്ത അവസ്ഥയാണ്. മുൻപ് എല്ലാ വീടുകളും ഒറ്റമുറി വീടുകളായിരുന്നു. മഴ പെയ്താൽ മിക്ക വീടുകളും ചോർന്നൊലിക്കും. അപ്പോൾ പിന്നെ പ്രളയവും കൂടി വന്നാലുള്ള അവസ്ഥയോ?

ഇങ്ങനെ പ്രളയം വരുമ്പോൾ ഇവിടുള്ളവർ ക്യാമ്പുകളിലായി താമസിക്കുന്നത് ഈ സിസ്റ്റേഴ്സിന്റെ അടുത്താണ്. അപ്പോൾ എല്ലാവർക്കുമായി ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കും. അടുത്ത്, വെള്ളം കയറിയ ഒറ്റപ്പെട്ട കോളനികൾ ഉണ്ടെങ്കിൽ ഭക്ഷണം ഉണ്ടാക്കി അവിടെ കൊണ്ടുപോയി കൊടുക്കും. അങ്ങനെയുള്ള ദുരിതപൂർണ്ണമായ ഒരു സാഹചര്യത്തിലൂടെയാണ് കോളനി നിവാസികൾ കടന്നുപോയത്. മുൻപും വീടുപണിക്കായുള്ള നിരവധി പരിശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ, ഒന്നും ഫലസമാപ്തിയിലെത്തിയില്ല.

ഒറ്റമുറി വീട്ടിൽ കഴിയുന്നവരുടെ ദുരിതപൂർണ്ണമായ സാഹചര്യം മനസിലാക്കി, അവർക്ക് ‘സുരക്ഷിതമായ ഒരു വീട്’ ഒരുക്കണം എന്ന് സി. അനീഷ തീരുമാനിച്ചു. മുൻപ് ഇവിടെയുണ്ടായിരുന്ന സിസ്റ്റേഴ്സും വീട് പണിക്കായുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. അതിനു സഹായകമാകുന്ന പദ്ധതികളെക്കുറിച്ചൊക്കെ അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. പല ആപ്ലിക്കേഷനുകളും നൽകി. എന്നാൽ, ആരും തന്നെ ഈ ആപ്ലിക്കേഷനുകൾ കണ്ടതായി പോലും നടിച്ചില്ല.

അങ്ങനെയിരിക്കെയാണ് ‘പ്രൈം മിനിസ്റ്റര്‍ ആവാസ് യോജന’ എന്ന ഒരു പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഇവിടം ചതുപ്പ് നിലമാണ്‌. അതിനാല്‍ തന്നെ ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പണം കൊണ്ടു മാത്രം ഒരു വീടുപണി പൂര്‍ത്തിയാകുകയില്ല. അതിനാൽ സിസ്റ്റർ അവരോട് പറഞ്ഞു: ” ‘പ്രൈം മിനിസ്റ്റര്‍ ആവാസ് യോജന’ പദ്ധതിയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വീടുപണി തുടങ്ങുക. രണ്ടു ലക്ഷം രൂപ ഞാൻ കണ്ടെത്തി തരാം.” എന്നാൽ, അതുകൊണ്ടും പണം തികയില്ല. കോളനി നിവാസികൾക്ക് ഒരാൾക്ക് മുക്കാല്‍ സെന്റ്‌ ഭൂമി മാത്രമേ ഉള്ളൂ. അതിനാൽ ലോൺ കിട്ടാനുള്ള സാഹചര്യവും ബുദ്ധിമുട്ടാണ്. പലയിടങ്ങളിൽ അന്വേഷിച്ചതിന്റെ ഫലമായി കോർപ്പറേറ്റ് ബാങ്കിൽ നിന്നും ലോൺ ലഭിക്കുമെന്ന് മനസിലായി. പലിശയായി കുറച്ചു  പണം കൂടുതൽ അടക്കേണ്ടി വരും എന്നുമാത്രം. ഇവിടെയുള്ളവരുടെ കൈയിൽ പണമുണ്ട്. കാരണം, അവർ എല്ലാ ദിവസവും ജോലിക്ക് പോകുന്നവരാണ്. എന്നാൽ, ആ പണം എങ്ങനെ ഉപയോഗിക്കണം എന്ന് ഇവർക്കറിയില്ല.

വീടുപണിക്ക് സമ്മതമറിയിച്ചുകൊണ്ട് ആദ്യം നാലു കുടുംബങ്ങളാണ് മുമ്പോട്ട് വന്നത്. ഈ നാലു കുടുംബങ്ങളുടെയും വീടുപണി കഴിയുന്ന സമയത്താണ് 2018 -ലെ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഈ വെള്ളപ്പൊക്കത്തിൽ പുതുതായി പണിത നാല് വീടുകളിൽ വെള്ളം കയറിയില്ല. ഇത് മനസിലാക്കിയപ്പോൾ മറ്റ് കുടുംബങ്ങൾക്കും ആത്മവിശ്വാസമായി. അങ്ങനെ ആ കോളനിയിലെ മറ്റ് കുടുംബങ്ങളും വീട് പണിക്കായുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് മുൻപോട്ട് വന്നു. ഈ വീടുകൾ പണിയുന്നതിനാവശ്യമായ പണം കണ്ടെത്തിയത് വ്യത്യസ്ത ഇടങ്ങളിൽ നിന്നാണ്. ‘പ്രൈം മിനിസ്റ്റര്‍ ആവാസ് യോജന’ പദ്ധതി വഴി രണ്ടു ലക്ഷം രൂപ ലഭിച്ചു. സി. അനീഷ, രണ്ടു ലക്ഷം രൂപ വിവിധയിടങ്ങളിൽ നിന്നായി സംഘടിപ്പിച്ചു കൊടുത്തു. ബാക്കിയുള്ള മൂന്ന് ലക്ഷം രൂപയാണ് ലോണായി എടുത്തു.

എസ്.ഡി. സന്യാസിനീ സമൂഹത്തിന്റെ സഹായം

എസ്.ഡി സന്യാസിനീ സമൂഹത്തിന്റെ എല്ലാവിധ സപ്പോർട്ടും പ്രോത്സാഹനവും ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് ഈ ഭവന നിർമ്മാണത്തിന് ഇവരോടൊപ്പം നിൽക്കാൻ സാധിച്ചതെന്ന് സി. അനീഷ വെളിപ്പെടുത്തുന്നു.

എസ്.ഡി. സന്യാസിനീ സമൂഹത്തിൽ നിന്നും ഭവന നിർമ്മാണത്തിനായി നൽകിയത് പത്തര ലക്ഷം രൂപയാണ്. വീടുപണിയുടെ അവസാനഘട്ടമായപ്പോഴേക്കും കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി. അപ്പോൾ സന്യാസ സമൂഹം പറഞ്ഞത് ഇപ്രകാരമാണ്: “ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോ. സാമ്പത്തിക ബുദ്ധിമുട്ട് ബാക്കിയുള്ളത് പ്രൊവിൻസ് ഏറ്റെടുത്തോളം” .

വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ  ഒരു കോടി ഇരുപത്തിയൊന്നു ലക്ഷം രൂപ വിവിധയിടങ്ങളിൽ നിന്നായി സിസ്റ്റർ കണ്ടെത്തി നൽകി. അങ്ങനെയാണ് 64 വീടുകൾക്ക് മൊത്തത്തിൽ ഫണ്ട് നൽകാൻ സാധിച്ചത്. സി. അനീഷയുടെ കൂടെ ഈ ഭവന നിർമ്മാണത്തിന്റെ എല്ലാ സമയങ്ങളിലും കൂടെയുണ്ടായിരുന്ന രണ്ടു പേരാണ് സി. ജോസൽമാ, സി. അഞ്ജലി ജോസ് എന്നിവർ. ഇനി ബാക്കിയുള്ള പദ്ധതികളെല്ലാം ഒരു കമ്മറ്റി രൂപപ്പെടുത്തി അതിന്റെ കീഴിലാക്കിയിരിക്കുകയാണ്. ഈ പ്രൊജക്റ്റ് സോഷ്യൽ സെന്ററിന്റെ കീഴിലാക്കി. അങ്ങനെ ഒരു ടീമായി പ്രവർത്തനങ്ങൾ തുടരാനാണ് പദ്ധതിയിടുന്നത്.

സന്യാസിനീ സമൂഹത്തിന്റെ സിദ്ധിയുടെ പുതിയ ആവിഷ്ക്കാരം ലോകത്തിൽ കൊണ്ടുവരാൻ സാധിച്ചതിൽ സിസ്റ്ററിന് അതിയായ സന്തോഷമുണ്ട്. ദൈവം ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യണം എന്ന ആഗ്രഹത്തോടെ ഇപ്പോൾ മാനന്തവാടിയിൽ തന്റെ പുതിയ കർമ്മമണ്ഡലങ്ങളിൽ പ്രവർത്തനനിരതയായിരിക്കുകയാണ് സി. അനീഷ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.