

ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കായി കാശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തുകയാണ് മലങ്കര കത്തോലിക്ക സഭയിലെ നാലഞ്ചിറ സെന്റ് മേരീസ് മേജർ സെമിനാരിയിലെ ദൈവശാസ്ത്ര വിദ്യാർത്ഥിയായ ബ്രദർ അരുൺ പുതുപ്പറമ്പൻ.
2022 ജനുവരി ഒന്നിന് തിരുവല്ലയിൽ നിന്നും ആരംഭിച്ച കാശ്മീർ യാത്ര 1050 കിലോമീറ്ററുകൾ പിന്നിട്ട് ഇപ്പോൾ മഹാരാഷ്ട്രയിലെ കോലാപൂർ എന്ന സ്ഥലത്ത് എത്തിനിൽക്കുകയാണ്. ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം എന്നും തന്റെ യാത്ര ആരംഭിക്കുന്നത്. കാശ്മീറിലേക്ക് സൈക്കിൾ യാത്ര ചെയ്യാനുണ്ടായ സാഹചര്യം ബ്രദർ അരുൺ പുതുപ്പറമ്പൻ ലൈഫ് ഡേ -യുമായി പങ്കുവയ്ക്കുന്നു.
ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി സ്വദേശിയായ ബ്രദർ അരുണിന് ഈ യാത്ര കൊണ്ട് ഒരു ലക്ഷ്യമുണ്ട്. ‘അബോർഷൻ നിർത്തൂ; ജീവൻ സംരക്ഷിക്കൂ’ എന്ന സന്ദേശം പകരുക എന്നതാണ് ഈ യാത്രയുടെ സന്ദേശം. മൂന്നു മാസങ്ങൾക്കുള്ളിൽ കാശ്മീരിൽ എത്താനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഈ സൈക്കിൾ യാത്രക്ക് മൂന്നു ലക്ഷ്യങ്ങളാണുള്ളത്.
1. ഗർഭഛിദ്രത്തിലൂടെ ജീവൻ നഷ്ടപ്പെട്ട അനേകം കുഞ്ഞുങ്ങൾ
2. പിഞ്ചുകുഞ്ഞുങ്ങളെ ഗർഭഛിദ്രത്തിലൂടെ കൊല്ലാൻ കൂട്ടു നിന്നവർ
3. ഗർഭഛിദ്രത്തിനു ശേഷം ചെയ്തുപോയ തെറ്റിനെക്കുറിച്ച് വേദനിക്കുന്നവർ
ഇവർക്കെല്ലാമായി പ്രാർത്ഥിക്കുക. തന്റെ ദീർഘനാളത്തെ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈ യാത്രയിലൂടെ ഇപ്പോൾ കൈവന്നിരിക്കുന്നത് എന്ന് ബ്രദർ അരുൺ പറയുന്നു.
“ഭ്രൂണഹത്യക്ക് വിധേയമായി ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചുള്ള ചിന്ത എന്റെ മനസിനെ ഇടയ്ക്കിടെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. അവരെ സംരക്ഷിക്കാനുള്ള ഒരു ആശയം ഈ യാത്രയുടെ തീം – ‘അബോർഷൻ നിർത്തൂ; ജീവൻ സംരക്ഷിക്കൂ’ – ആയി തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്” – ബ്രദർ അരുൺ വെളിപ്പെടുത്തുന്നു.
ദിവസവും 65 കിലോമീറ്ററുകളാണ് ബ്രദർ അരുൺ സൈക്കിൾ യാത്ര ചെയ്യുന്നത്. അങ്ങനെ മൂന്നു മാസങ്ങൾക്കുള്ളിൽ കാശ്മീരിൽ എത്തിച്ചേരുകയാണ് ലക്ഷ്യം. ഈ യാത്രയിൽ ബ്രദറിന് പിന്തുണയുമായി നിരവധി ആൾക്കാരെ കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. സഞ്ചാരപ്രേമികളായ ആളുകൾ ചിലയിടങ്ങളിൽ അദ്ദേഹത്തിന്റെ ഭക്ഷണച്ചിലവുകൾ പോലും വഹിക്കാറുണ്ട്. അങ്ങനെ വഴിനീളെ ചെറുതും വലുതുമയെ ഒട്ടേറെ കരുതലിന്റെ ഇടങ്ങൾ ദൈവം തനിക്കായി കരുതിവച്ചിട്ടുണ്ടെന്നാണ് അരുൺ ബ്രദർ പറയുന്നത്.
നന്ദി പറയാൻ അദ്ദേഹത്തിന്റെ മുൻപിൽ ഒരു നീണ്ട നിര തന്നെയുണ്ട്. അതിലൊന്ന് ബ്രദർ അരുൺ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “കർണാടകയിൽ വച്ച് വെള്ളം കുടിക്കാൻ ഒരു കടയിൽ കയറിയപ്പോൾ ഒരു ചേട്ടൻ എന്റെ അടുത്തു വന്നു ചോദിച്ചു: “എവിടേക്കാണ് യാത്ര?” അറിയാവുന്ന ഹിന്ദി ഒക്കെ വച്ച് ഞാൻ എന്റെ യാത്രയുടെ ലക്ഷ്യം അദ്ദേഹത്തോടു പറഞ്ഞു. അത് കേട്ട അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും എന്റെ ഭക്ഷണത്തിന്റെ പൈസയും കൊടുത്ത് ആശംസയും അറിയിച്ച ശേഷമാണ് മടങ്ങിയത്.”
കുന്നംകുളത്ത് ആകാശ് ചേട്ടൻ, സജി ചേട്ടൻ, കോഴിക്കോട് വച്ചു കണ്ട ഡാനി, അരുൺ തുടങ്ങി നിരവധി ആളുകൾ സഹായിച്ചു. ‘ഒരു നേരത്തെ ആഹാരം എന്റെ വക’ എന്നു പറഞ്ഞു രൂപ വച്ചു നീട്ടിയവർ. ഗോവയിൽ വച്ചു കണ്ട ദമ്പതികൾ അവരുടെ കാർ നിർത്തി കൂൾഡ്രിങ്ക്സ് വാങ്ങി നൽകിയത്… ഇങ്ങനെ സഹായിച്ചവരിൽ ഓരോരുത്തരുടെയും പേര് ഓർമ്മയിൽ സൂക്ഷിക്കുകയാണ് ബ്രദർ അരുൺ.
ഇതുവരെ തടസങ്ങൾ ഒന്നുമില്ലാതെ കാശ്മീർ യാത്ര പുരോഗമിക്കുകയാണ്. ദൈവനിയോഗമെന്നാണ് ഈ യാത്രയെ ബ്രദർ വിശേഷിപ്പിക്കുന്നത്. ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കായി എന്നും പ്രാർത്ഥിക്കുന്നതു കൊണ്ടാവും ചില നേരങ്ങളിൽ ഇത്തരം കുഞ്ഞുങ്ങൾ യാത്രയിൽ തന്നോട് സംസാരിക്കുന്നതായി തോന്നാറുണ്ട് എന്നും ബ്രദർ പറയുന്നു.
ഇനിയും ഏറെ കാതം യാത്ര ചെയ്യാനുണ്ട് ബ്രദർ അരുണിന്. പ്രതിബന്ധങ്ങളൊക്കെ ഉണ്ടാകാമെങ്കിലും ഈ യാത്രയിൽ ‘അബോർഷൻ നിർത്തൂ; ജീവൻ സംരക്ഷിക്കൂ’ എന്ന സന്ദേശം പകരുന്നതിനായി അദ്ദേഹം തന്റെ യാത്ര തുടരുന്നു.
രഞ്ജിൻ ജെ. തരകൻ