ഹൈന്ദവമതത്തിൽ നിന്നും ക്രിസ്തുവിശ്വാസത്തിലേക്ക്: വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിന്റെ മാതൃക മാറ്റിമറിച്ച ജീവിതം

വാക്കുകളേക്കാൾ ജീവിതം കൊണ്ട് ഒരാളെ ക്രിസ്തുവിലേക്ക് നയിക്കാനാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവിടെയാണ് വെറും ഏഴ് വയസ് മാത്രമുള്ള കാർലോയ്ക്ക് തന്റെ ജീവിതം കൊണ്ട്, ക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ഒരു മുപ്പതു വയസുകാരനെ സ്വാധീനിക്കാൻ കഴിഞ്ഞത്. ഇതൊരു സാക്ഷ്യമാണ്; മരണത്തെയും അതിജീവിക്കുന്ന സാക്ഷ്യം. തുടർന്ന് വായിക്കാം.

ആഫ്രിക്കൻ ദ്വീപുരാജ്യമായ മഡഗാസ്കറിൽ നിന്ന് ഏകദേശം 500 മൈൽ കിഴക്കോട്ടു മാറി സ്ഥിതിചെയ്യുന്ന മൗറീഷ്യസ് ദ്വീപാണ് മോഹൂറിന്റെ ജന്മദേശം. മൗറീഷ്യസിലെ ഭൂരിഭാഗം ആളുകളും ഹിന്ദുമത വിശ്വാസികളായിരുന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന പുരാതന ഭാഷയായ ക്രിയോൾ സംസാരിക്കുന്നവരും സംസ്കൃതഭാഷ പഠിക്കുന്നവരുമായിരുന്നു അവരിൽ ഏറെ പേരും.

അവിടെ ഹൈന്ദവമതത്തിലെ ഏറ്റവും ഉയർന്ന ജാതിയായ ബ്രാഹ്മണകുലത്തിലാണ് മോഹൂർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ബ്രാഹ്മണ ആചാര്യനായിരുന്നു. കൂടാതെ, മൗറീഷ്യസിലെ ഹിന്ദു അസോസിയേഷന്റെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. തീവ്ര ഹൈന്ദവ വിശ്വാസിയായിരുന്ന മോഹൂറിന്റെ പിതാവ് ഹൈന്ദവ പ്രാർത്ഥനകളെക്കുറിച്ചും തിരുവെഴുത്തുക്കളെക്കുറിച്ചും ഇന്ത്യൻ വേദഗ്രന്ഥങ്ങളെ കുറിച്ചും മോഹൂറിനെ പഠിപ്പിച്ചിരുന്നു.

കൗമാരം ഇന്ത്യയിൽ

മഹാത്മാഗാന്ധി ജനിച്ച നഗരമായ ഗുജറാത്തിൽ തന്റെ മകൻ വിദ്യ അഭ്യസിക്കണമെന്ന ആഗ്രഹം മോഹൂറിന്റെ പിതാവിനുണ്ടായിരുന്നു. അങ്ങനെ മോഹൂർ 16-ാം വയസിൽ ഇന്ത്യയിലെത്തി. മതപരമായ ആചാരങ്ങളിലും ഹൈന്ദവസംസ്കാരത്തിലും ഏറ്റവും മുഴുകി ജീവിച്ച നാളുകളായിരുന്നു ഇന്ത്യയിലെ ദിനങ്ങൾ എന്ന് മോഹൂർ പറയുന്നു.

“ഞാൻ ഒരുപാട് ക്ഷേത്രങ്ങൾ സന്ദർശിച്ചു. ആശ്രമങ്ങളിൽ നിരവധി ആചാര്യന്മാരെ കണ്ടുമുട്ടി. ധാരാളം സന്യാസിമാരെ കണ്ടു. അതെല്ലാം എന്റെ മനസിന് സമാധാനം നൽകിയെങ്കിലും എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഞാൻ ജീവനുള്ള ദൈവത്തെ അന്വേഷിക്കുകയായിരുന്നു” – മോഹൂർ വെളിപ്പെടുത്തുന്നു.

ജീവനുള്ള ദൈവത്തെ തേടിയുള്ള യാത്ര

ഈ യാത്രയിൽ ആകസ്മികമായ പല അനുഭവങ്ങളും മോഹൂറിന്റെ ജീവിതത്തിൽ സംഭവിച്ചു. ഗുജറാത്തിലെ പഠനത്തിനൊടുവിൽ ഇന്ത്യയിൽ താമസം തുടരാനാഗ്രഹിച്ച മോഹൂർ, രാജസ്ഥാനിലെ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് ഫിസിക്സിൽ ബിരുദം നേടി. ഇഗ്ലണ്ടിൽ ബിരുദാനന്ദര ബിരുദം ആരംഭിക്കാൻ ആലോചന നടത്തിക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി, പിതാവിന്റെ മരണവാർത്ത മോഹൂറിനെ തേടിയെത്തിയത്. പിതാവിന്റെ മരണം കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. തുടർപഠനം എന്ന ആഗ്രഹം ഉപേക്ഷിച്ച് കുടുംബത്തിനായി അദ്ധ്വാനിക്കാൻ നിർബന്ധിതനായ മോഹൂർ പിന്നീട്, തന്റെ ജന്മനാടായ മൗറീഷ്യസിൽ ജോലി ചെയ്ത് കുടുംബത്തെ പോറ്റി.

പിതാവിന്റെ മരണശേഷമുള്ള മൗറീഷ്യസിലെ ജീവിതം മോഹൂറിനെ കൂടുതൽ ഭക്തിയിലേക്കും പ്രാർത്ഥനയിലേക്കും നയിച്ചു. “ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നു. പക്ഷേ, പലപ്പോഴും ദുഃഖവും വേദനയും ഞാൻ അനുഭവിച്ചു. ഞാൻ എപ്പോഴും പ്രാർത്ഥിച്ചിട്ടും എന്തുകൊണ്ടാണ് ഈ അവസ്ഥയിൽ തുടരുന്നത്? എന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു” – മോഹൂർ പറയുന്നു.

മൗറീഷ്യസിൽ ജോലി കണ്ടെത്തുക ബുദ്ധിമുട്ടായി തുടങ്ങി. അപ്പോഴാണ് ഇറ്റലിയിൽ ജോലി ചെയ്യാൻ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസകൾ നിർബന്ധമല്ലെന്ന് മോഹൂർ അറിയുന്നത്. അങ്ങനെ 1980-കളുടെ പകുതിയിൽ മോഹൂർ ഇറ്റലിയിലേക്ക് കുടിയേറി. ഇറ്റലിയിൽ എത്തിച്ചേർന്ന മോഹൂറിന് അഞ്ചു വർഷത്തിനൊടുവിൽ അക്വിറ്റസ് കുടുംബത്തിൽ കാർലോയെ പരിചരിക്കാനുള്ള ജോലി ലഭിച്ചു. ദൈവത്തെ തേടിയിറങ്ങിയ മോഹൂറിന്റെ യാത്രയുടെ അവസാനമായിരുന്നു കാർലോയോടൊത്തുള്ള നാളുകൾ.

ആ ഏഴു വയസുകാരനിലൂടെ ദൈവത്തിലേക്ക്

ഒരു ച്യൂയിംഗം സമ്മാനിച്ച് കൂട്ടുകാരായിത്തീർന്ന കാർലോയും മോഹൂറും ഒരുപാട് സമയങ്ങൾ ഒന്നിച്ചു ചെലവഴിച്ചു. നല്ല മഴയുള്ള ദിവസങ്ങളിൽ കാർലോ, ബൈബിളിനെയും വിശുദ്ധരുടെ ജീവിതത്തെയും അടിസ്ഥാനമാക്കിയുള്ള കാർട്ടൂണുകൾ കാണാറുണ്ട്. അപ്പോഴൊക്കെയും കത്തോലിക്കാ വിശ്വാസവുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും മോഹൂറും കാർലോയോടൊപ്പം കൂടും. കാർലോയെ സ്കൂളിലും ദേവാലയത്തിലും കൊണ്ടുപോകുന്നതും അവന്റെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നതും മോഹൂറായിരുന്നു.

“സുന്ദരനായ ഒരു ചെറിയ കുട്ടി. തവിട്ടുനിറത്തിലുള്ള ചുരുണ്ട മുടിയോടു കൂടിയ കാർലോയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. മിലാൻ നഗരത്തിൽ കാണുന്ന ചിത്രങ്ങളിലെയും ശില്പങ്ങളിലെയും കെരൂബുകളെപ്പോലെയായിരുന്നു അവൻ. മനോഹരമായ ഒരു പുഞ്ചിരിയോടു കൂടി എനിക്കൊരു ച്യൂയിംഗം സമ്മാനിക്കാനാണ് ആദ്യം അവൻ എന്റെ അരികിലെത്തിയത്” – കാർലോയെ കണ്ട നിമിഷത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നു.

ഏഴാമത്തെ വയസിലായിരുന്നു കാർലോയുടെ ആദ്യകുർബാന സ്വീകരണം. അത് എന്താണെന്നൊന്നും മോഹൂറിന് മനസിലായിരുന്നില്ല. കുർബാന സ്വീകരണം കഴിഞ്ഞതിനു ശേഷം കാർലോയെ ദേവാലയത്തിൽ കൊണ്ടുപോകുമ്പോൾ, സക്രാരിക്കരികിൽ നിന്ന് ഏറെ നേരം കാർലോ പ്രാർത്ഥിക്കുന്നത് കാണാറുണ്ട്. മോഹൂർ ദേവാലയത്തിന് പുറകിലിരുന്ന് അവനെ ശ്രദ്ധിക്കും.

“പള്ളിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ വലിയ ബഹുമാനത്തോടെയാണ് കാർലോ വ്യാപരിക്കുക. ദൈവം വസിക്കുന്ന ആ സ്ഥലത്ത് എന്തോ പ്രത്യേകതയുണ്ടെന്ന് ഞാൻ മനസിലാക്കിയത് അവന്റെ പെരുമാറ്റം കണ്ടപ്പോഴാണ്. അത് എന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചു” – മോഹൂർ പറയുന്നു.

സക്രാരിയിലെ ഈശോയെ കണ്ടെത്തിയപ്പോൾ 

കാർലോ, മോഹൂറിനോട് തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുമായിരുന്നു. അവന്റെ ഇഷ്ടവിഷയങ്ങളെല്ലാം സ്വർഗവും വിശുദ്ധ കുർബാനയും ദിവ്യബലിയിലെ യേശുവിന്റെ സാന്നിധ്യവുമൊക്കെ ആയിരുന്നു. കാർലോ വിശുദ്ധ കുർബാനയെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം വലിയ മാധുര്യത്തോടു കൂടെയായിരുന്നു. ‘വിശുദ്ധ കുർബാനയിൽ ദൈവം തന്റെ ജീവിതം നമുക്കു വേണ്ടി സമർപ്പിച്ചുവെന്നും നിങ്ങൾ എവിടെപ്പോയാലും സക്രാരിയിലെ ദൈവം ആത്മാവോടെയും ശരീരത്തോടെയും ജീവിക്കുന്നവനായി നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമെന്നും’ കാർലോ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തിരുന്നു.

മറ്റുള്ളവരോടുള്ള കാർലോയുടെ കരുതലും ശ്രദ്ധയും മോഹൂറിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ കാർലോ തനിക്ക് കിട്ടിയ കളിപ്പാട്ടങ്ങളും ക്രിസ്മസ് സമ്മാനങ്ങളും ശേഖരിച്ച് അത് വിൽക്കാൻ തന്നോടൊപ്പം വരാൻ മോഹൂറിനോട് ആവശ്യപ്പെട്ടു. അവ വിറ്റുകിട്ടിയ പണം കൊണ്ട് പള്ളിയുടെ മുന്നിൽ കിടന്നിരുന്ന പാവങ്ങൾക്ക് കാർലോ സഹായം ചെയ്തു.

പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഏഴു വയസുകാരൻ

ജപമാല ചൊല്ലാൻ മോഹൂറിനെ പഠിപ്പിച്ചത് കാർലോയായിരുന്നു. ദിവസവും തന്റെ  കുടുംബത്തോടൊപ്പം ജപമാല ചൊല്ലാൻ കാർലോ മോഹൂറിനെയും ക്ഷണിക്കുമായിരുന്നു. എല്ലാ രാത്രിയിലും ഉറങ്ങാൻ പോകുന്നതിനു മുമ്പ് ജപമാല ചൊല്ലുന്ന ശീലം കാർലോക്കുണ്ടായിരുന്നതായി മോഹൂർ പറയുന്നു.

മാമ്മോദീസയെക്കുറിച്ച് വാചാലനായ ബാലൻ

കത്തോലിക്കാ സഭയുടെ മതബോധനത്തെക്കുറിച്ച് ആ ഏഴു വയസുകാരന് അറിയാമായിരുന്നു. മാമ്മോദീസ സ്വീകരിച്ചില്ലെങ്കിലും ജപമാല ചൊല്ലാമെന്നും എന്നാൽ, മമ്മോദീസ സ്വീകരിച്ച കത്തോലിക്കർക്കു മാത്രമേ വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിയൂ എന്നും ദിവ്യകാരുണ്യത്തിന്റെ പരിസമാപ്തിയായ വിശുദ്ധ കുർബാനയിലൂടെ മാത്രമേ പുണ്യങ്ങൾ ആർജ്ജിക്കാൻ കഴിയൂ എന്നും ആ ബാലൻ മോഹൂറിനെ പഠിപ്പിച്ചു. അങ്ങനെ മാമ്മോദീസയുടെ പ്രാധാന്യത്തെക്കുറിച്ചും വിശുദ്ധരെക്കുറിച്ചും വിശുദ്ധ കുർബാനയെ കുറിച്ചും കാർലോയിൽ നിന്ന് മോഹൂർ മനസിലാക്കി.

അങ്ങനെ കാർലോയെ കണ്ടുമുട്ടിയ ആദ്യ നാലു വർഷങ്ങൾക്കു ശേഷം 1999-ൽ മോഹൂർ വിശുദ്ധ കൂദാശകൾ സ്വീകരിച്ചു. അന്ന് മോഹൂറിന് 30 വയസായിരുന്നു പ്രായം. കുറച്ചു വർഷങ്ങൾക്കു ശേഷം തന്റെ മകനെ കാണാനെത്തിയ മോഹൂറിന്റെ അമ്മയും കാർലോയുടെ പങ്കുവയ്ക്കലുകളിലൂടെയും ജീവിതമാതൃകയിലൂടെയും ക്രിസ്തുവിനെ അറിഞ്ഞു. മൗറീഷ്യസിൽ ജീവിച്ച മോഹൂറിന്റെ അമ്മക്ക് ഇറ്റാലിയൻ ഭാഷ വശമില്ലായിരുന്നു. എന്നാൽ, കാർലോ അവരോട് ഇംഗ്ലീഷിൽ ദൈവത്തെക്കുറിച്ചും സ്വർഗത്തെക്കുറിച്ചും പറയുമായിരുന്നു. അങ്ങനെ മോഹൂറിന്റെ അമ്മയും ജ്ഞാനസ്നാനം സ്വീകരിക്കുക വഴി യേശുവിന്റേതായി മാറി.

വിവർത്തനം: സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.