
ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, തന്റെ പുതിയ പേരായി സ്വീകരിച്ചത് ലെയോ എന്നതായിരുന്നു – ലെയോ 14-മൻ. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ 69 വയസാണ് അദ്ദേഹത്തിന്റെ പ്രായം. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ, അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിനുണ്ട്. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ജനിച്ചത് 1955 സെപ്റ്റംബർ 14 ന് ചിക്കാഗോയിലായിരുന്നു. ഫ്രഞ്ച്, ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റ്- സ്പാനിഷ് വംശജയായ മിൽഡ്രഡ് മാർട്ടിനെസ് എന്നിവരാണ് മാതാപിതാക്കൾ. ലൂയിസ് മാർട്ടിൻ, ജോൺ ജോസഫ് എന്നീ രണ്ട് സഹോദരന്മാരുണ്ട്. തന്റെ ബാല്യവും കൗമാരവും അദ്ദേഹം കുടുംബത്തോടൊപ്പം ചെലവഴിച്ചു.
ദൈവവിളി
പിന്നീട് അദ്ദേഹം ദൈവവിളി സ്വീകരിച്ചു. ആദ്യം അഗസ്റ്റീനിയൻ ഫാദേഴ്‌സിന്റെ മൈനർ സെമിനാരിയിലും പിന്നീട് പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാലയിലും പഠനം നടത്തി. 1977-ൽ അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടുകയും തത്ത്വശാസ്ത്രം പഠിക്കുകയും ചെയ്തു.1977 ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒഎസ്എ) യുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ൽ തന്റെ വ്രത വാഗ്ദാനം നടത്തി.
പഠനം
1977-ൽ വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി, റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻസ് ബിരുദം, ഡോക്ടറേറ്റ് എന്നിവ നേടി. ‘സെന്റ് അഗസ്റ്റിന്റെ സന്യാസ ക്രമത്തിൽ പ്രാദേശിക പ്രിയോറിന്റെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധം.
പൗരോഹിത്യം, പ്രവർത്തനങ്ങൾ
1982-ൽ പുരോഹിതനായി അഭിഷിക്തനായതിനു ശേഷം 1985-ൽ പെറുവിലെ അഗസ്തീനിയൻ മിഷനിൽ ചേർന്ന പ്രെവോസ്റ്റ് 1985 മുതൽ 1986 വരെ ചുലുക്കാനാസ് പ്രദേശത്തിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു.
1987 മുതൽ 1988 വരെ അദ്ദേഹം അമേരിക്കയിൽ ചിക്കാഗോയിലെ അഗസ്തീനിയൻ പ്രവിശ്യയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് പെറുവിലേക്ക് മടങ്ങുകയും ട്രൂജില്ലോയിലെ അഗസ്തീനിയൻ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയിൽ കാനോൻ നിയമ അധ്യാപകനായും അദ്ദേഹം പത്ത് വർഷം ചെലവഴിച്ചു. ഇടവക വികാരി, സെമിനാരിക്കാരുടെ പരിശീലകൻ, സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി തുടങ്ങിയ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1999-ൽ അദ്ദേഹം വീണ്ടും ചിക്കാഗോയിലേക്ക് മടങ്ങുകയും അതിരൂപതയിലെ ‘മദർ ഓഫ് ഗുഡ് കൗൺസൽ’ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ പ്രിയോറായി തിരഞ്ഞെടുക്കപ്പെടും ചെയ്തു. രണ്ടര വർഷത്തിനുശേഷം അദ്ദേഹം അഗസ്തീനിയൻ സമൂഹത്തിന്റെ പ്രിയോർ ജനറലായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടു. 2013 വരെ ഈ സ്ഥാനം അലങ്കരിച്ചു.
പെറുവിലെ ദൗത്യം
2013 ഒക്ടോബറിൽ, അദ്ദേഹം ചിക്കാഗോയിലെ അഗസ്തീനിയൻ പ്രവിശ്യയിലേക്ക് മടങ്ങി. അവിടെ ഫോർമേഷൻ ഡയറക്ടറായും, കൗൺസിലറായും, പ്രൊവിൻഷ്യൽ വികാർ ആയും സേവനമനുഷ്ഠിച്ചു. 2014 നവംബർ 3-നാണു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ചിക്ലായോയിലെ പെറുവിയൻ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നത്. ഒരു മാസത്തിനു ശേഷം ഡിസംബർ 12-ന്, സെന്റ് മേരി കത്തീഡ്രലിൽ വെച്ച്, ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിൽ, അദ്ദേഹം ബിഷപ്പായി അഭിഷിക്തനായി.
തന്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യമായി അദ്ദേഹം സ്വീകരിച്ചത് “ഇല്ലൊ ഊനോ ഊനും” എന്നതാണ്. 127 -ആം സങ്കീർത്തനത്തെക്കുറിച്ചുള്ള ഒരു പ്രസംഗത്തിൽ വിശുദ്ധ അഗസ്റ്റിൻ ഉച്ചരിച്ച വാക്കുകൾ ആയിരുന്നു അത്. “നമ്മൾ ക്രിസ്ത്യാനികൾ പലരാണെങ്കിലും, ഒരു ക്രിസ്തുവിൽ നാം ഒന്നാണ്” എന്നതാണ് ആപ്തവാക്യം അർത്ഥമാക്കുന്നത്.
2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയിലെ ബിഷപ്പ്
2015 സെപ്റ്റംബർ 26-നാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ചിക്ലായോ ബിഷപ്പായി നിയമിച്ചത്. പിന്നീട് 2018 മാർച്ചിൽ, പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം അവിടെ അദ്ദേഹം സാമ്പത്തിക കൗൺസിൽ അംഗമായും സാംസ്കാരിക, വിദ്യാഭ്യാസ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2019-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വൈദികർക്കായുള്ള സഭയിലെ അംഗമായും (ജൂലൈ 13, 2019), 2020-ൽ ബിഷപ്പുമാർക്കായുള്ള സഭയിലെ അംഗമായും (നവംബർ 21) നിയമിച്ചു. അതേസമയം, 2020 ഏപ്രിൽ 15-ന്, പെറുവിയൻ രൂപതയിലെ കാലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും അദ്ദേഹത്തെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.
ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്
2023 ജനുവരി 30-ന്, മാർപാപ്പ അദ്ദേഹത്തെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും തിരഞ്ഞെടുത്തുകൊണ്ട് റോമിലേക്ക് വിളിക്കുകയും ആർച്ച് ബിഷപ്പ് പദവിയിലേക്ക് ഉയർത്തുകയും ചെയ്തു.
2024 സെപ്റ്റംബർ 30 നാണ് അദ്ദേഹം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ഡികാസ്റ്ററിയുടെ തലവൻ എന്ന നിലയിൽ, അദ്ദേഹം മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലിക യാത്രകളിലും, 2023 ഒക്ടോബർ 4 മുതൽ 29 വരെയും 2024 ഒക്ടോബർ 2 മുതൽ 27 വരെയും റോമിൽ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിന്റെ 16-ാമത് സാധാരണ പൊതുസഭയുടെ ഒന്നും രണ്ടും ഭാഗങ്ങളിലും അദ്ദേഹം പങ്കെടുത്തു.
2023 ഒക്ടോബർ 4-ന്, ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററികളിൽ, വിശ്വാസ പ്രമാണം, പൗരസ്ത്യ സഭകൾ, വൈദികർ, സമർപ്പിതരുടെ സ്ഥാപനങ്ങൾ, അപ്പോസ്തോലിക സമൂഹങ്ങൾ, സംസ്കാരം, വിദ്യാഭ്യാസം, നിയമനിർമ്മാണ ഗ്രന്ഥങ്ങൾ, വത്തിക്കാൻ സിറ്റി സ്റ്റേറ്റിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ എന്നിവയുടെ അംഗമായി നിയമിച്ചു.
പ്രത്യാശയുടെ വിശുദ്ധ വർഷത്തിലെ രണ്ടാമത്തെ പ്രധാന സംഭവമായ സായുധ സേനയുടെ ജൂബിലി ആഘോഷത്തിനായി സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ അദ്ദേഹം ദിവ്യബലി അർപ്പിച്ചു.
രോഗബാധിതനായി ഫ്രാൻസിസ് മാർപാപ്പയെ റോമിലെ “ജെമെല്ലി” ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാർച്ച് 3 ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായുള്ള ജപമാല പ്രാർത്ഥനയ്ക്ക് കർദിനാൾ പ്രെവോസ്റ്റ് നേതൃത്വം നൽകി.
2025 മെയ് 8- ന് ആഗോള കത്തോലിക്കാ സഭയുടെ പരമദ്ധ്യക്ഷനായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലെയോ 14-മൻ എന്ന നാമമാണ് അദ്ദേഹം സ്വീകരിച്ചത്.