
പത്താം ദിവസം

ഇന്ന് ലെയോ പത്താമന്റെ ജീവിതം വായിക്കാം. പുതിയ മാർപാപ്പയുടെ പേര് ലെയോ പതിനാലാമൻ എന്നാണ്. അതിനർഥം ഇതിനുമുൻപ് കത്തോലിക്കാ സഭയിൽ ലെയോ എന്നു പേരുള്ള 13 മാർപാപ്പാമാർ ഉണ്ടായിരുന്നു എന്നാണ്. ലെയോ ഒന്നാമൻ മുതൽ പതിനാലാമൻ വരെയുള്ളവർ ഏതു കാലഘട്ടത്തിലൊക്കെയാണ് സഭയെ നയിച്ചത്, അവരുടെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു എന്നറിയുക ആവശ്യമാണ്. അവരുടെ ജീവചരിത്രത്തിലൂടെ ലൈഫ്ഡേ നടത്തുന്ന യാത്ര. ലെയോ മാർപാപ്പാമാർ 1 മുതൽ 14 വരെ. തുടർന്നു വായിക്കുക.
ക്രിസ്തുവർഷം 1513 മാർച്ച് ഒൻപതു മുതൽ 1521 ഡിസംബർ ഒന്നു വരെയുള്ള കാലഘട്ടത്തിൽ മാർപാപ്പ ആയിരുന്ന ആളാണ് ലെയോ പത്താമൻ. ഫ്ലോറൻസ് റിപ്പബ്ലിക്കിൽ അതിന്റെ ഭരണാധികാരിയായിരുന്ന ലൊറെൻസോയുടെയും അദ്ദേഹത്തിന്റെ ഭാര്യ ക്ലാരിസിന്റെയും രണ്ടാമത്തെ മകനായി എ ഡി 1475 ഡിസംബർ 11 ന് ജൊവാന്നി മെദിച്ചി ജനിച്ചു. ചെറുപ്പത്തിൽതന്നെ പൗരോഹിത്യശുശ്രൂഷയ്ക്ക് സമർപ്പിക്കുന്നതിന്റെ അടയാളമായി ജൊവാന്നിയുടെ മുടി മുറിക്കുന്നു. ജൊവാന്നിയെ അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഇന്നസെന്റ് എട്ടാമൻ മാർപാപ്പ പതിമൂന്നാമത്തെ വയസ്സിൽ ഡോമ്നിക്കയിലെ സാന്ത മരിയ ദൈവാലയത്തിലെ കർദിനാൾ ഡീക്കനായി നിയമിച്ചു. പിന്നീട് അദ്ദേഹം പിസ്സായിൽ താമസിച്ചുകൊണ്ട് ദൈവശാസ്ത്രവും സഭാനിയമവും രണ്ടുവർഷത്തോളം അഭ്യസിച്ചു.
എ ഡി 1492 ൽ ജൊവാന്നി തന്റെ താമസം റോമിലേക്കു മാറ്റി. സഭയുടെ വിവിധ ദൗത്യങ്ങളുമായി ജർമ്മനി, നെതർലൻഡ്‌സ്, ഫ്രാൻസ് എന്നിവിടങ്ങൾ സന്ദർശിച്ചു. എ ഡി 1511 ൽ ബൊളോഞ്ഞയിലെയും റൊമാഞ്ഞ പ്രദേശത്തെയും മാർപാപ്പയുടെ പ്രതിനിധിയായി ജോവാന്നിയെ നിയമിച്ചു. ജൂലിയസ് മാർപാപ്പ കാലം ചെയ്തതിനുശേഷം നടന്ന കോൺക്ലേവിൽ എ ഡി 1513 മാർച്ച് ഒൻപതിന് കർദിനാൾ ജോവാന്നി മെദിച്ചി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പുസമയത്ത് 37 വയസ്സു മാത്രമുണ്ടായിരുന്ന, പുരോഹിതനല്ലായിരുന്ന അവസാനത്തെ മാർപാപ്പയാണ് ജൊവാന്നി.
ലെയോ മാർപാപ്പയുടെ കാലത്തെ ഏറ്റം വലിയ സംഭവവികാസം, മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് നവീകരണമായിരുന്നു. കുരിശുയുദ്ധത്തിനും പത്രോസിന്റെ ബസിലിക്കയുടെ നിർമ്മാണത്തിനുമായി പണം കണ്ടെത്തുന്നതിന് മാർപാപ്പ പ്രഖ്യാപിച്ച ദണ്ഡവിമോചനത്തിന്റെ വിൽപനയ്‌ക്കെതിരായി മാർട്ടിൻ ലൂഥർ 95 തീസിസ് പ്രസിദ്ധീകരിച്ചു. ഇതിലെ ആശയങ്ങൾ യൂറോപ്പിലുടനീളം ലഖുലേഖകളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. ലൂഥർ അംഗമായിരുന്ന അഗസ്റ്റീനിയൻ സന്യാസ സമൂഹ സുപ്പീരിയറിന്റെ ആജ്ഞയ്ക്കു വഴങ്ങാതിരുന്ന ലൂഥറുമായി കർദിനാൾ കൈയെത്താൻ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ലൂഥറിന്റെ 41 ആശയങ്ങൾ വേദവിപരീതമായി പ്രഖ്യാപിച്ച് എ ഡി 1521 ജനുവരി മൂന്നിന് സഭയിൽനിന്നും ഔദ്യോഗികമായി പുറത്താക്കി. ഇതേത്തുടർന്ന് യൂറോപ്യൻ സഭയിൽ രണ്ടു ചേരികൾ ഉണ്ടാവുകയും പ്രാദേശിക പ്രൊട്ടസ്റ്റന്റ് സഭകൾ ഭരണാധികാരികളുടെ നേതൃത്വത്തിൽ രൂപപ്പെടുകയും ചെയ്തു. റോമൻ സഭാസംവിധാനം ലൂഥറിന്റെ വെല്ലുവിളി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് സഭയെ വിഭജിക്കുന്നതിൽ കൊണ്ടെത്തിച്ചു. എ ഡി 1521 ഡിസംബർ ഒന്നിനു കാലം ചെയ്ത ലിയോ പത്താമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് റോമിലെ സാന്ത മരിയ സോപ്ര മിനർവ ദൈവാലയത്തിലാണ്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ