ലെയോ മാർപാപ്പമാർ: ലെയോ അഞ്ചാമൻ (845-904) – ജീവചരിത്രം

അഞ്ചാം ദിവസം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇന്ന് ലെയോ അഞ്ചാമന്റെ ജീവിതം വായിക്കാം. പുതിയ മാർപാപ്പയുടെ പേര് ലെയോ പതിനാലാമൻ എന്നാണ്. അതിനർഥം ഇതിനുമുൻപ് കത്തോലിക്കാ സഭയിൽ ലെയോ എന്നു പേരുള്ള 13 മാർപാപ്പാമാർ ഉണ്ടായിരുന്നു എന്നാണ്. ലെയോ ഒന്നാമൻ മുതൽ പതിനാലാമൻ വരെയുള്ളവർ ഏതു കാലഘട്ടത്തിലൊക്കെയാണ് സഭയെ നയിച്ചത്, അവരുടെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു എന്നറിയുക ആവശ്യമാണ്. അവരുടെ ജീവചരിത്രത്തിലൂടെ ലൈഫ്ഡേ നടത്തുന്ന യാത്ര. ലെയോ മാർപാപ്പാമാർ 1 മുതൽ 14 വരെ. തുടർന്നു വായിക്കുക.

ക്രിസ്തുവർഷം 903 ജൂലൈ മുതൽ 904 ഫെബ്രുവരി വരെയുള്ള ഒരു വർഷക്കാലം സഭയെ നയിച്ച മാർപാപ്പയാണ് ലെയോ അഞ്ചാമൻ. അദ്ദേഹം റോമിൽനിന്ന് 35 കിലോമീറ്റർ ദൂരത്തിൽ മെഡിറ്ററേനിയൻ കടലിനോടു ചേർന്നുകിടക്കുന്ന ആർദയ നഗരത്തിലെ പ്രിയാപി എന്ന സ്ഥലത്ത് എ ഡി 845 ൽ ജനിച്ചു. ഈ പ്രദേശത്ത് ഒരു പുരോഹിതനായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. റോമിൽനിന്ന് ഇത്രയും ദൂരത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരാൾ അക്കാലത്ത് മാർപാപ്പയാവുക പതിവുള്ള കാര്യമല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധി കാരണമോ, റോമിലെ പ്രശ്നങ്ങൾ കാരണമോ പുറത്തുനിന്നുള്ള ഒരാളെ മാർപാപ്പ ആയി തിരഞ്ഞെടുത്തതോ ആയിരിക്കാം.

ചില ചരിത്രകാരന്മാർ പത്താം നൂറ്റാണ്ടിന്റെ ആദ്യപകുതിയെ വിശേഷിപ്പിക്കുന്നത്, ‘സെക്കുളും ഒബ്സ്കൂറും’ (ഇരുണ്ട യുഗം) എന്നാണ്. അതിന്റെ കാരണമായി പറയപ്പെടുന്നത്, മാർപാപ്പമാരുടെ തിരഞ്ഞെടുപ്പിലും ഭരണത്തിലും പ്രഭുകുടുംബങ്ങൾ പ്രത്യേകിച്ചും, തെയോഫിലാക്തി കുടുംബം അമിതമായി ഇടപെട്ടു എന്നതാണ്. ഇവർ സമൂഹത്തിൽ സ്വാധീനമുള്ളവരും ദുഷിച്ച സ്വഭാവക്കാരും എല്ലാ ഭരണമേഖലകളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുമായിരുന്നു എന്ന് ചില ചരിത്രകാരന്മാർ പറയുന്നു. കത്തോലിക്കാ സഭയിലെ മാർപാപ്പാഭരണത്തിന്റെ ഏറ്റം മോശം കാലഘട്ടമായിരുന്നു ഇത്. അമേരിക്കൻ ചരിത്രകാരനായ വിൽ ഡുറാന്റ് ഈ കാലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്, പേപ്പസിയുടെ ‘കഷ്ടകാലം’ എന്നാണ്.

ലെയോ അഞ്ചാമൻ, മാർപാപ്പയായി ഏകദേശം രണ്ടുമാസം കഴിഞ്ഞപ്പോൾ സാൻ ലോറെൻസോ ദൈവാലയത്തിലെ കർദിനാൾ പുരോഹിതനായിരുന്ന ക്രിസ്റ്റഫർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയും തടവിലാക്കുകയും ചെയ്തു. പിന്നീട് ക്രിസ്റ്റഫർ തന്നെത്തന്നെ മാർപാപ്പയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ചുകാലത്തേക്ക് അദ്ദേഹം ഔദ്യോഗിക മാർപാപ്പമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇന്ന് ആന്റിപോപ്പുമാരുടെ കൂട്ടത്തിലാണ് ഗണിക്കപ്പെടുന്നത്. എന്നാൽ പിന്നീട് സെർജിയൂസ് മൂന്നാമൻ, മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്രിസ്റ്റഫറിനെ കാരാഗ്രഹത്തിലാക്കുകയും താമസിയാതെ അദ്ദേഹം അവിടെ മരിക്കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിൽ ഉടലെടുത്ത ഒരു ഐതീഹ്യം, തുഗ്‌ദുവാൽ എന്ന മനുഷ്യൻ റോമിലേക്കുള്ള തീർഥാടനസമയത്ത് അദ്ഭുതകരമായി മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട കഥ പറയുന്നു. ഈ കഥയിലെ തുഗ്‌ദുവാൽ, ലിയോ അഞ്ചാമൻ മാർപാപ്പ ആണെന്ന് ചിലരെങ്കിലും തെറ്റിധരിച്ചിട്ടുണ്ട്. 904 ഫെബ്രുവരി മാസത്തിൽ ലെയോ മാർപാപ്പ കാരാഗ്രത്തിൽ വച്ചോ, ഒരു ആശ്രമത്തിൽ വച്ചോ മരിച്ചുവെന്നാണ് പാരമ്പര്യം. അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം വി. പത്രോസിന്റെ ബസിലിക്കയാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.