ഷാംപൂവിൽ കാൻസറിനു കാരണമാകുന്ന ബെൻസീൻ: പ്രൊഡക്ട്‌സ് തിരിച്ചുവിളിച്ച് കമ്പനി 

നമ്മുടെയൊക്കെ ഇഷ്ട ബ്രാൻഡ് ആയ ഡൗവ് ഷാംപൂ ഉൾപ്പെടെയുള്ള ചില പ്രൊഡക്റ്റുകളെ മാർക്കറ്റിൽ നിന്നും തിരിച്ചുവിളിച്ചിരിക്കുന്നു! കാൻസറിനു കാരണമാകുന്ന ബെൻസീൻ അവയിലുണ്ട് എന്നതാണ് കാരണം. എന്നാൽ, ബെൻസീൻ ഏറ്റവും കൂടുതൽ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത് പുകവലിയിലൂടെയാണ്. എന്താണ് ബെൻസീൻ? എങ്ങനെയാണ് അത് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്? എങ്ങനെ നമുക്കതു തടയാം? – ഡോ. ജോജോ ജോസഫ് എഴുതുന്നു.

ഡോ. ജോജോ വി. ജോസഫ്

അടുത്തിടെ എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന ഒരു വാര്‍ത്തയാണ്, ‘ഹിന്ദുസ്ഥാന്‍ യൂണിലിവര്‍’ അല്ലെങ്കില്‍ ‘യൂണിലിവര്‍’ എന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ അറിയപ്പെടുന്ന കമ്പനിയുടെ ചില കോസ്‌മെറ്റിക് പ്രൊഡക്റ്റ്‌സ് അവര്‍ തിരിച്ചുവിളിച്ചു എന്നത്. 2021 ഒക്‌ടോബറിനു മുമ്പ് ആ കമ്പനി ഉണ്ടാക്കിയിട്ടുള്ള പ്രൊഡക്ട്‌സ് തിരിച്ചുവിളിക്കുന്നു എന്നതായിരുന്നു വാർത്ത. അതില്‍ എയറോസോള്‍ ഷാംപൂ പ്രൊഡക്റ്റ്‌സ് ആണ് ഏറ്റവും കൂടുതലായിട്ട് തിരിച്ചുവിളിച്ചത്. അതിൽ തന്നെ നമ്മുടെയൊക്കെ ഇഷ്ട ബ്രാൻഡ് ആയ ഡൗവും (dove) ഉൾപ്പെടുന്നു എന്നതാണ് ഈ ന്യൂസ്‌ ഇത്രക്കും വൈറൽ ആകാൻ കാരണം. ബെന്‍സീന്‍ എന്നു പേരുള്ള ഒരു ടോക്‌സിന്‍/ കെമിക്കല്‍ ഇതില്‍ അളവില്‍ കവിഞ്ഞുണ്ടാകും അല്ലെങ്കില്‍ ഉണ്ടായേക്കാം എന്നതിനാലാണ് അവര്‍ ഇത് പിന്‍വലിച്ചത്. ബെനസീന്റെ പ്രശ്നം അത് കാന്‍സറിനു കാരണമാകുന്ന ഒരു കെമിക്കലാണ് എന്നതാണ്.

നമ്മുടെ നാട്ടിലും ആളുകള്‍ വളരെ കൂടുതൽ ഉപയോഗിക്കുന്നതാണ് എയറോസോള്‍ ഷാംപൂ പ്രൊഡക്റ്റ്‌സ്. അതിനാല്‍ ഇത് ഉപയോഗിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് ഈ വാര്‍ത്ത‍ കേള്‍ക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കും കാന്‍സര്‍ ഉണ്ടാകുമോ എന്ന ഒരു ഭയം ഉണ്ടാകാം.

ലഭ്യമായ ഔദ്യോഗിക വിവരം  

യു.എസ്.എഫ്.ഡി.എ (The United States Food and Drug Administration) ആണ് ഈ പ്രൊഡക്റ്റ്‌സിനെ കണ്‍ട്രോള്‍ ചെയ്യുന്നത്. അവര്‍ ഈ പിന്‍വലിക്കലിനെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് അന്വേഷിച്ചപ്പോള്‍ അവരുടെ വെബ്‌സൈറ്റില്‍ ഇതിനെക്കുറിച്ചുള്ള കാര്യം പറഞ്ഞിട്ടുണ്ട്. “കമ്പനി സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് പിന്‍വലിച്ചിരിക്കുന്നത്. കമ്പനിയുടെ തന്നെ ഇന്റേര്‍ണല്‍ ചെക്ക് മെക്കാനിസത്തില്‍ പ്രൊഡക്റ്റിൽ ബെൻസീൻ സാന്നിധ്യം കണ്ടെത്തി. പക്ഷേ, അപകടകരമായ രീതിയിലില്ല. എങ്കില്‍പ്പോലും സമൂഹത്തിന്റെ രക്ഷയെ കരുതി ഈ പ്രൊഡക്റ്റ്‌സ് പിന്‍വലിച്ചു.” ഇതാണ് അവരുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈയൊരു വിഷയത്തെക്കുറിച്ച് നമുക്കിപ്പോള്‍ കിട്ടിയിട്ടുള്ള ഔദ്യോഗിക വിവരം ഇത്ര മാതമാണ്.

നമ്മുടെ ഫുഡ് സ്റ്റാന്‍ഡേര്‍ഡ് നിയന്ത്രിക്കുന്ന ഓര്‍ഗനൈസേഷന്റെ (FSSAI) വെബ്‌സൈറ്റില്‍ ഇതിനെക്കുറിച്ച് കാര്യമായ വിവരണങ്ങളൊന്നും നല്‍കിയിട്ടുമില്ല. എങ്കിലും സാധാരണ യു.എസ്.എഫ്.ഡി.എ- ല്‍ പറയുന്ന നിർദ്ദേശങ്ങളാണ് പൊതുവെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്നത്. ആ വെബ്‌സൈറ്റില്‍ ബെന്‍സീന്റെ സാന്നിധ്യം മൂലമാണ് ഇവ പിന്‍വലിക്കപ്പെട്ടത് എന്ന് രേഖപ്പെടുത്തപ്പെട്ടതിനാല്‍ ഒരു ഭയം നമ്മില്‍ സ്വാഭാവികമായിത്തന്നെ രൂപപ്പെടും. അതുകൊണ്ട്, എന്താണ് ബെന്‍സീന്‍ എന്ന് പറയുന്നത് ഉചിതമാണെന്ന് എനിക്കു തോന്നുന്നു.

എന്താണ് ബെന്‍സീന്‍, നമ്മുടെ നിത്യജീവിതത്തില്‍ എങ്ങനെയാണ് അതുമായി ബന്ധപ്പെടുന്നത്, അതുമൂലം നമുക്ക് എന്തെങ്കിലും അപകടമുണ്ടാകുമോ, എങ്ങനെ അതില്‍ നിന്ന് നമുക്ക് ഒഴിവാകാം തുടങ്ങിയ കാര്യങ്ങളാണ് ഇനി പറയാനുദ്ദേശിക്കുന്നത്.

എന്താണ് ബെന്‍സീന്‍  

ബെന്‍സീന്‍ C6H6 എന്ന ഹൈഡ്രോകാർബൺ വിഭാഗത്തിൽപെടുന്ന കെമിക്കലാണ്. കളറില്ലാത്ത, തീ പിടിക്കുന്ന ഒരു ലിക്വിഡ് ആണിത്. ചെറിയ മധുരതരമായിട്ടുള്ള ഒരു മണമാണ് ഇതിനുള്ളത്. പക്ഷേ, ഇത് പെട്ടെന്ന് ബാഷ്പീകരിച്ചു പോകും. അഗ്നിപർവതം പൊട്ടുമ്പോഴോ, കാട്ടുതീ ഉണ്ടാകുമ്പോഴോ ഒക്കെ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കെമിക്കലാണിത്. അതുപോലെ തന്നെ മനുഷ്യർ പല കെമിക്കല്‍ ഉണ്ടാക്കുന്നതിനിടയിലും ബെന്‍സീന്‍ ഉപയോഗിക്കുകയും ബെന്‍സീന്‍ ഉല്‍പാദിക്കുകയും ചെയ്യുന്നുണ്ട്. വിവിധ രീതികളിലുള്ള ഇന്‍ഡസ്ട്രികളില്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന, ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന 20 കെമിക്കല്‍സ് ഏതെന്നു നോക്കിയാല്‍ അതിലൊന്ന് ഈ ബെന്‍സീന്‍ ആയിരിക്കും.

സാധാരണ ബെന്‍സീന്‍ തനിയെ അല്ല ഉപയോഗിക്കുന്നത്. ഇത് പ്രധാനമായും പ്ലാസ്റ്റിക് ഇന്‍ഡസ്ട്രി, ലൂബ്രിക്കന്റ്‌സ്, റബ്ബറിന്റെ ഇന്‍ഡസ്ട്രി, ഡൈ, ഡിറ്റര്‍ജന്റ്‌സ്, ഡ്രഗ്‌സ്, കീടനാശിനി തുടങ്ങിയ വ്യവസായ മേഖലകളിൽ ഉപയോഗിക്കപ്പെടുന്ന ഒരു കെമിക്കല്‍ ഉല്പന്നമാണ്. പക്ഷേ, ഇതിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളില്‍ ഇത് അപകടകാരിയാണ് എന്ന് മനസിലാക്കിയതുകൊണ്ട് ഇപ്പോള്‍ അതിന്റെ ഉപയോഗം തുലോം കുറഞ്ഞുവരുന്നുണ്ട്.

ഇനി ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ബെന്‍സീന്‍ എന്ന കെമിക്കല്‍ സിഗരറ്റ് സ്‌മോക്കിലുമുണ്ട് എന്നതാണ്. സിഗരറ്റ് വലിക്കുന്നയാള്‍ക്കും പാസ്സീവ് സ്‌മോക്കിംഗ് നടത്തിയ ആള്‍ക്കും ഈ ബെന്‍സീന്‍ എക്‌സ്‌പോഷര്‍ ഉണ്ട് എന്നു മനസിലാക്കാം.

എങ്ങനെയാണ് ബെന്‍സീന്‍ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത്? 

പെട്ടെന്ന് ബാഷ്പീകരിച്ചുപോകുന്ന ഒരു കെമിക്കലാണ് ബെന്‍സീന്‍ എന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് അന്തരീക്ഷവായുവിൽ കുറച്ചു സമയം തങ്ങിനില്‍ക്കും. ആ വായു നമ്മള്‍ വലിച്ച് ശ്വാസകോശത്തിലേക്ക് കടത്തിവിടുമ്പോൾ ബെന്‍സീനും ഉള്ളിൽ പ്രവേശിക്കും. അതുകൂടാതെ, ഇത് നമ്മുടെ ത്വക്കില്‍ സ്പർശിക്കാനിടയായാൽ ത്വക്കില്‍ കൂടിയും ബെന്‍സീന്‍ നമ്മുടെ ശരീരത്തിലേക്ക് കയറാം.

നാച്ചുറല്‍ പെട്രോളിയം പ്രൊഡക്ട്‌സിലും ബെന്‍സീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വ്യവസായശാലകളിൽ നിന്നുള്ള പുക, പെട്രോള്‍ പമ്പില്‍ നില്‍ക്കുമ്പോള്‍ നമുക്ക് കിട്ടുന്ന മണം അതുവഴിയൊക്കെ ബെന്‍സീന്‍ നമ്മുടെ ശരീരത്തിലേക്ക് കയറാം. ഇത് സാധാരണ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് ഒന്നുകില്‍ നമ്മുടെ തൊഴില്‍സ്ഥലത്തു വച്ചോ അല്ലെങ്കില്‍ സാധാരണ അന്തരീക്ഷത്തിൽ നിന്നോ ആകാം.

പ്രധാനമായിട്ടും റബ്ബര്‍ ഇന്‍ഡസ്ട്രി, ഓയില്‍ റിഫൈനറി, കെമിക്കല്‍ പ്ലാന്റ്, ഷൂ നിർമ്മാണശാല തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത്തരം പ്രശ്നം കൂടുതൽ ഉണ്ടാകുന്നത്. അതു കൂടാതെ, ബെന്‍സീന്‍ ഉപയോഗിച്ചുണ്ടാക്കുന്ന ചില ലൂബ്രിക്കന്റ്‌സ്, ഡൈ, ഡിറ്റര്‍ജന്റ്‌സ്, ഡ്രഗ്‌സ്, പെസ്റ്റിസൈഡ്‌സ് തുടങ്ങിയവ ഉണ്ടാക്കുന്നവരിലും ഉപയോഗിക്കുന്നവരിലും ഈ പ്രശ്നമുണ്ടാകാം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച്, സ്റ്റീല്‍ വര്‍ക്കേഴ്‌സ്, പ്രിന്റേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍സ്, ഗ്യാസ് സ്റ്റേഷന്‍ എംപ്ലോയീസ്, ഫയര്‍ ഫൈറ്റേഴ്‌സ് ഇവര്‍ക്കെല്ലാം എക്‌സ്‌പോഷറിനുള്ള സാധ്യതയുണ്ട്.

അടുത്തതാണ് കമ്മ്യൂണിറ്റി എക്‌സ്‌പോഷര്‍. അതാണ് നമുക്ക് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. അതായത് സാധാരണ അന്തരീക്ഷത്തില്‍ നിന്ന് ബെന്‍സീന്‍ എങ്ങനെ നമ്മുടെ ശരീരത്തിലേക്ക് കയറുന്നു എന്നത്. സാധാരണ വണ്ടിയുടെ പുക, ഗ്യാസ്‌ലീന്റെ ഫ്യൂംസ്, ബെൻസീൻ ഉപയോഗിക്കുന്ന ഫാക്ടറികളില്‍ നിന്നുള്ള വേസ്റ്റ് വാട്ടര്‍ തുടങ്ങിയവയിലൂടെ ബെന്‍സീന്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാം. ട്രാഫിക്കില്‍ കിടക്കുമ്പോഴുള്ള പുകയാണ് മറ്റൊരു പ്രധാന കാരണം.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാരണം പുകവലിയാണ്. സിഗററ്റ് വലിയില്‍ ആദ്യം വലിക്കുന്നയാളുടെയും പിന്നീട് അതിന്റെ പുക ശ്വസിക്കുന്നവരുടെയും (സെക്കന്റ് ഹാന്‍ഡ് സ്‌മോകിങ്) ശരീരത്തിൽ ബെൻസീൻ പ്രവേശിക്കുന്നു. ഈ രണ്ടു വഴികളിലൂടെയാണ് ഏറ്റവും കോമണ്‍ ആയിട്ടുള്ള, ഇന്‍ഡസ്ട്രിയല്‍ അല്ലാത്ത സാധാരണ ജനത്തിന്, ബെന്‍സീന്‍ എക്‌സ്‌പോഷര്‍ വരുന്നത്. അമേരിക്കയിലെ പകുതി ജനങ്ങളിലേക്കും ബെന്‍സീന്‍ എത്തുന്നത് പുകവലി മൂലമാണ് എന്നാണ് അവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു ക്ലോസ്ഡ് റൂമില്‍ പുകവലിക്കുന്നവരുടെ ഒപ്പം ഇരിക്കുകയാണെങ്കില്‍ അതില്‍ ബെന്‍സീന്‍ അളവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് ജാഗരൂകരായിരിക്കുക. മലിനമായ ഭക്ഷണപാനീയങ്ങൾ വഴിയും ശരീരത്തിലേക്ക് ബെന്‍സീന്‍ കടന്നുവരാം.

ബെന്‍സീന്‍ ശരീരത്തിനുള്ളില്‍ കയറിയാല്‍ സംഭവിക്കുന്നതെന്ത്? 

ബെന്‍സീന്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ പര്യാപ്തമായ (carcinogen) ഒരു കെമിക്കലായിട്ടാണ് കരുതപ്പെടുന്നത്. ആനിമല്‍ സ്റ്റഡീസ്, ലാബ് സ്റ്റഡീസ്, കൂടാതെ മനുഷ്യരില്‍ തന്നെ നടത്തിയ പഠനങ്ങൾ ഇത് ശരിവയ്ക്കുന്നു. ഇതിലെല്ലാം ബെൻസീൻ ബ്ലഡ് റിലേറ്റഡ് കാന്‍സര്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമായിട്ടാണ് കണ്ടുവരുന്നത്. പ്രധാനമായിട്ടും വിവിധ ലുക്കീമിയ (ബ്ലഡ്‌ കാൻസർ ) മള്‍ട്ടിപ്പിള്‍ മൈലോമ, ലിംഫോമ എന്നിവയാണ് ബെന്‍സീന്‍ മൂലം ഉണ്ടാകുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്ന കാന്‍സറുകൾ.

കാൻസർ ഉണ്ടായില്ലെങ്കിലും വളരെ നാളുകളോളം ബെന്‍സീനുമായി എക്‌സ്‌പോസ്ഡ് ആയിട്ടുണ്ടെങ്കില്‍ നമ്മുടെ മജ്ജയുടെ പ്രവർത്തനം തകരാറിലാവുകയും അതേ തുടർന്ന് അനീമിക് (വിളർച്ച) ആയി മാറുകയോ അല്ലെങ്കില്‍ ശരീരത്തിലെ ശ്വേതരക്താണുക്കളുടെ എണ്ണം കുറഞ്ഞു മാരകമായ അണു ബാധ ഉണ്ടാവുകയോ ചെയ്യും. മറ്റൊരു പ്രശ്നം പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം ക്രമതീതമായി കുറയുകയും അതേ തുടർന്ന് ബ്ലീഡിംഗ് ഉണ്ടാവുകയുമാണ്. അടുത്തിടെ ബെൻസിൻ സ്തനാർബുദത്തിന് കാരണമായേക്കാം എന്നും സൂചനകൾ ലഭിക്കുന്നുണ്ട്.

ബെന്‍സീനുമായി ഉണ്ടാകുന്ന എക്‌സ്‌പോഷര്‍ മനുഷ്യരുടെ ആരോഗ്യത്തെ സംബന്ധിച്ച് ഒരു വലിയ ഭീഷണിയാണ്. നമ്മള്‍ അത് കാര്യമായിട്ട് പരിഗണിക്കണം. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും പല ഇന്‍ഡസ്ട്രികളിലും ഇത് ഇപ്പോഴും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഒരു ദിവസം ജോലി ചെയ്യുന്നിടത്ത് ഉണ്ടാവേണ്ട ബെന്‍സീന്‍ എന്നു പറയുന്നത് 1 പി.പി.എം (1 ppm – പാര്‍ട്ട്‌സ് പെര്‍ മില്യന്‍) ആണ്. അതായത് ഒരു മില്യനില്‍ ഒരു പാര്‍ട്ട് മാത്രമേ അവര്‍ ജോലി ചെയ്യുന്ന എയറില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്നതാണ് നിയമം. അത് മാക്‌സിമം 5 ppm വരെയാകാം. അതായത് 5 പാര്‍ട്ട്‌സ് പെര്‍ മില്യന്‍ ആണ് അനുവദനീയമാണ്. 5 പാര്‍ട്ട്‌സ് മില്യന്‍ ആയിക്കഴിഞ്ഞാല്‍ 15 മിനിറ്റില്‍ കൂടുതല്‍ എക്‌സ്‌പോസ്ഡ് ആകാന്‍ പാടില്ല എന്നാണ് ഗവണ്മെന്റിന്റെ സേഫ്റ്റി മെഷേഴ്‌സ് പറയുന്നത്. ഈ അടുത്തു വരെ ഒരു അഡിറ്റീവ് ആയി പെട്രോളില്‍ ബെൻസിൻ ചേര്‍ക്കാറുണ്ടായിരുന്നു. അതിനാൽ നമ്മുടെ അന്തരീക്ഷത്തില്‍ വളരെ കൂടുതലായി ബെൻസിൻ കാണപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇതിലെ അപകടം മനസിലായതിനാൽ പെട്രോളിൽ ബെന്‍സീന്‍ 0.62%/ vol. വരെയെ കലര്‍ത്താവൂ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളത്തിൽ 1 ppb (പാര്‍ട്ട്‌സ് പെര്‍ ബില്യന്‍) മാത്രമേ ബെൻസിൻ സാന്നിദ്ധ്യം ഉണ്ടാകാൻ പാടുള്ളൂ.പിന്നെ വരുന്ന കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സില്‍ എവിടെയെങ്കിലും ബെന്‍സീന്‍ ഉണ്ടെങ്കില്‍ അത് 5 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് പ്രത്യേകം നമ്മുടെ പ്രൊഡക്ടിന്റെ പുറത്ത് ‘അപകടകരം’ എന്ന് കമ്പനി രേഖപ്പെടുത്തണെമെന്നുമാണ് നിയമം.

എങ്ങനെ ഈ ബെന്‍സീന്‍ എക്‌സ്‌പോഷര്‍ കുറയ്ക്കാന്‍ സാധിക്കും?  

ഏറ്റവും പ്രധാനപ്പെട്ട കാര്യം സിഗരറ്റ് വലിക്കാതിരിക്കുക എന്നതാണ്. ബെൻസീൻ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യാത്ത ആള്‍ക്കാരുടെ ശരീരത്ത് ബെന്‍സീന്‍ പ്രവേശിക്കുന്നത് പ്രധാനമായും സിഗരറ്റ് വലിയില്‍ നിന്നും പാസ്സീവ് സിഗരറ്റ് വലിയില്‍ നിന്നുമാണ്. അതിനാൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പെട്രോള്‍ ഫില്ലിംഗ് സ്റ്റേഷനില്‍ നമ്മുടെ സ്‌കിന്‍ പെട്രോളിയും പ്രോഡക്ടസുമായി കോണ്‍ടാക്റ്റില്‍ വരാതിരിക്കാൻ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളില്‍ നിന്നും ഫ്യൂംസ് ന് നേരിട്ട് എക്‌സ്‌പോഷര്‍ ആകാതിരിക്കുക. നമ്മുടെ കാറില്‍ വെറുതെ എന്‍ജിന്‍ ഓണ്‍ ആക്കിയിട്ട് അതില്‍ ഇരിക്കാതിരിക്കുക. ടൗണിലൊക്കെ പോകുമ്പോള്‍ വാഹനങ്ങളിൽ നിന്നുമുള്ള പുക നേരിട്ട് മുഖത്ത് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബെന്‍സീന്‍ കണ്ടെയ്‌നിംഗ് കെമിക്കലുള്ള (പെയിന്റ്, സോൾവന്റ് etc) സ്ഥലങ്ങളില്‍ അധികം എക്‌സ്‌പോസ്ഡ് ആകാതിരിക്കുക. ഇതൊക്കെയാണ് ബെൻസീനെ അനുദിന ജീവിതത്തിൽ നിന്നും ഒഴിവാക്കാന്‍ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ.

എന്തുകൊണ്ട് ഡ്രൈ ഷാംപൂ വിഭാഗത്തില്‍പെടുന്നവ ഇപ്പോൾ നിയന്ത്രിച്ചു?

കൂടുതലായും പ്രൊഡക്ട്‌സ് ബാന്‍ ചെയ്തിരിക്കുന്നത് ഡ്രൈ ഷാംപൂ വിഭാഗത്തില്‍പെടുന്നതാണ്. ഡോവ്, നെക്‌സ്, സുഹാവേ എന്നൊക്കെ അറിയപ്പെടുന്ന ബ്രാണ്ടുകളിൽ മിക്കവാറും ഡ്രൈ ഷാംപൂ വിഭാഗത്തിൽപെടുന്നവയാണ്. എന്താണ് ഈ ഡ്രൈ ഷാംപൂ? സാധാരണ വെള്ളമൊഴിച്ചാണ് നമ്മള്‍ ഷാംപൂ ഉപയോഗിക്കുന്നത്. എന്നാൽ ഡ്രൈ ഷാംപൂവിനാകുമ്പോള്‍ ഇതിലെ ആക്റ്റീവ് ചേരുവ (ingredient) അതിലടങ്ങിയിരിക്കുന്ന എയറോസോളില്‍ ചേർത്ത് ഇതിനെ സ്‌പ്രേ ചെയ്യുകയാണ് ചെയ്യുന്നത്. അതിനു ശേഷം നമ്മള്‍ തുടക്കുമ്പോള്‍ ഗ്രീസും അഴുക്കും മാറി മുടി ക്ലീന്‍ ആകും. അതാണ് ഈ ഡ്രൈ ഷാംപൂ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ഡ്രൈ ഷാംപൂവിന്റെ പ്രൊപ്പല്ലന്റിനകത്താണ് ബെന്‍സീന്‍ കയറിക്കൂടുന്നതും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതും. അതുകൊണ്ടാണ് ഇവ തിരിച്ചുവിളിക്കേണ്ടി വന്നത്.

അവസാനമായി ഒരു കാര്യം കൂടി, യൂണിലിവറിന് കാലിഫോര്‍ണിയ ഗവണ്മെന്റ് 1.3 മില്യന്‍ ഡോളർ 2006- ലും 2008- ലും പിഴ അടിച്ചിട്ടുണ്ട്. അവരുടെ ഇതുപോലെയുള്ള പ്രൊപ്പല്ലന്റ്, അതായത് ഈ ഡിയോഡറന്റിന്റെ ‘വൊളട്ടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്‌സ്’ എന്ന ഗ്രൂപ്പില്‍പെട്ട ഒരു ഘടകം ഓസോണ്‍ പാളിയെ അപകടപ്പെടുത്തുന്ന തരത്തിലാണ് എന്ന കാരണത്തിനാണ് അവര്‍ക്ക് 2006- ലും 2008- ലും പിഴ അടിച്ചത്.

ഡോ. ജോജോ ജോസഫ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.