‘ദൈവം ഏൽപ്പിച്ച മക്കൾ’ – ഇത് ആരുമില്ലാത്തവരുടെ ആശാഭവൻ

സി. സൗമ്യ DSHJ

“മാതാവേ, എനിക്ക് ലഡു വേണം” – മാതാവിന്റെ രൂപത്തിനു മുന്നിൽ മുട്ടുകുത്തി, കരങ്ങൾ കൂപ്പിക്കൊണ്ട്, ബുദ്ധിമാന്ദ്യമുള്ള രാജു എന്ന കുട്ടിയുടെ നിഷ്കളങ്കതയോടെയുള്ള പ്രാർത്ഥനയാണിത്. മഹാരാഷ്ട്രയിൽ എംസിബിഎസ് സന്യാസ സമൂഹം നടത്തുന്ന ‘ആശാഭവൻ’ എന്ന സെന്ററിൽ ഇതുപോലുള്ള അനേകം കുട്ടികളെ കാണാം. കഴിഞ്ഞ 12 വർഷങ്ങളായി ഈ സെന്ററിൽ ശുശ്രൂഷ ചെയ്യുന്ന ഇപ്പോഴത്തെ ഡയറക്ടർ ഫാ. അനീഷ് മാക്കിയിൽ എംസിബിഎസ് തന്റെ അനുഭവങ്ങൾ ലൈഫ് ഡേയോട് പങ്കുവയ്ക്കുന്നു.

മഹാരാഷ്ട്രയിൽ കല്യാൺ രൂപതയുടെ അതിർത്തിക്കുള്ളിൽ സത്താറ – സോളാപ്പൂർ മിഷനിൽ ആണ് ‘ആശാഭവൻ’ എന്ന സ്ഥാപനം. പ്രായമുണ്ടെങ്കിലും രണ്ടു വയസിന്റെ പോലും ബുദ്ധി ഉറക്കാത്തവർ. അവരിൽ എഴുന്നേറ്റുനിൽക്കാൻ പോലും സാധിക്കാത്തവരും കിടപ്പിലായിപ്പോയവരുമുണ്ട്. ഈ സ്ഥാപനത്തിലെ 72-ഓളം പേർക്കു വേണ്ടി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അവരെ സപ്പോർട്ട് ചെയ്യുന്നതുമെല്ലാം ഈ വൈദികരാണ്. ചിലപ്പോൾ അവരെപ്പോലെ ചിന്തിച്ചു വേണം അവരെ കാര്യങ്ങൾ ധരിപ്പിക്കാൻ. വർഷങ്ങളായി അവരോടൊപ്പം ആയിരുന്ന അനീഷ് അച്ചനെയും മറ്റു വൈദികരെയും ഈ കുട്ടികൾ പലപ്പോഴും വിളിക്കുന്നത് ‘പപ്പാ’ എന്നാണ്. ഇന്ന് അവരുടെ അപ്പനും അമ്മയും സഹോദരങ്ങളും ഒക്കെ ഇവർ തന്നെയാണല്ലോ.

2000-ൽ ഫാ. തോമസ് തടത്തിലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. എസ്.ഡി. സന്യാസിനീ സമൂഹത്തിലെ സിസ്റ്റേഴ്സും എംസിബിഎസ് വൈദികരോടൊപ്പം ഈ സ്ഥാപനത്തിലെ ശുശ്രൂഷകളിൽ പങ്കുചേരുന്നു. മഹാരാഷ്ട്രയിൽ തന്നെ പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള, ബുദ്ധിമാന്ദ്യം ഉള്ളവർക്കു വേണ്ടിയുള്ള ‘ആശാഗ്രാം’ എന്ന മറ്റൊരു സ്ഥാപനവും എംസിബിഎസ് സന്യാസ സമൂഹത്തിനുണ്ട്.

ജീവിതത്തിൽ ഒറ്റക്കായിപ്പോയവർക്ക് എല്ലാമായി ‘ആശാഭവൻ’

ആശാഭവനിൽ മഹാരാഷ്ട്രയിൽ നിന്നുള്ള അനാഥരായ, ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പരിപാലിക്കുകയാണ് ചെയ്യുന്നത്. അവരിൽ അംഗവൈകല്യം ബാധിച്ചവരുമുണ്ട്. പതിനെട്ടു വയസിനു താഴെയുള്ള ആൺകുട്ടികളും പതിനെട്ടു വയസിനു മുകളിലായാലും തനിയെ ഒന്നും ചെയ്യാൻ പോലുമുള്ള ആരോഗ്യമില്ലാത്തവരെയും ഇവിടെ ശുശ്രൂഷിക്കുന്നു. ഡയറക്ടർ ഫാ. അനീഷിനോടൊപ്പം ഫാ. സോബിൻ കദംബയിൽ, ഫാ. സാന്റോ മാങ്കിലോട്ട് എന്നിവരും എസ്.ഡി സന്യാസിനീ സമൂഹത്തിലെ സി. അനുരൂപ, സി. മെർലിൻ, റീജന്റ് ബ്രദർ ബിപിൻ എന്നിവരും ആശാഭവനിൽ അഹോരാത്രം ശുശ്രൂഷകൾ ചെയ്യുന്നു.

2000-ൽ ഈ സ്ഥാപനം എംസിബിഎസ് സന്യാസ സമൂഹം ഏറ്റെടുക്കുമ്പോൾ ഇത് മഹാരാഷ്ട്ര ഗവൺമെന്റ് നടത്തിക്കൊണ്ടിരുന്ന എം.ടി.സി ഹോം (മെന്റലി ഡെഫിഷെന്റ് ചിൽഡ്രൻ ഹോം) ആയിരുന്നു. അന്ന് ഗവൺമെന്റ്, ഗ്രാന്റഡ് ആയി നടത്തിക്കൊണ്ടിരുന്ന സ്ഥാപനമായിരുന്നു ഇത്. എംസിബിഎസ് സന്യാസ സമൂഹം ഈ സ്ഥാപനം ഏറ്റെടുക്കുമ്പോൾ രജിസ്റ്റർ അനുസരിച്ച് 144 അന്തേവാസികൾ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ആ സ്ഥാപനത്തിൽ ഉണ്ടായിരുന്നത് 42 പേർ മാത്രമാണ്. ബാക്കിയുള്ളവർ എവിടെയെന്നോ, എങ്ങനെയാണ് അവരുടെ അവസ്ഥയെന്നോ ആർക്കും ഒരു അറിവുമില്ല.

അവിടെയുള്ള അന്തേവാസികളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. അവരെയെല്ലാം ഒരു മുറിയിൽ കൊണ്ടുപോയി ‘തള്ളുകയായിരുന്നു’ എന്നുവേണമെങ്കിൽ പറയാം. ഗവൺമെന്റിൽ നിന്നും എല്ലാവിധ ആനുകൂല്യങ്ങളും അവർക്ക് ലഭ്യമാക്കുമ്പോഴും വൃത്തിഹീനമായ, യാതൊരു പരിഗണനയും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്. ഈയൊരു സാഹചര്യത്തിൽ കുറെ നാളുകളായി എസ്.ഡി സിസ്റ്റേസും എംസിബിഎസ് വൈദികരും അവരെ ഇടക്കിടക്ക് സന്ദർശിക്കുന്നുണ്ടായിരുന്നു. അങ്ങനെ എംസിബിഎസ് വൈദികർ, ഈ സ്ഥാപനം തങ്ങളെ ഏൽപിക്കുകയാണെങ്കിൽ തങ്ങൾ നടത്തിക്കോളാമെന്ന് അധികൃതരെ അറിയിച്ചു. അങ്ങനെ അവരിൽ നിന്നും ആ കുട്ടികളെ മാത്രം ഏറ്റെടുത്തു. കെട്ടിടം അവർ നൽകിയില്ല; കുട്ടികളെ മാത്രം നൽകി.

ആ 42 കുട്ടികളുമായി ഈ വൈദികർ സത്താറ ടൗണിൽ ഉണ്ടായിരുന്ന ഒരു ഓഫീസ് കെട്ടിടത്തിൽ ആദ്യം താമസം തുടങ്ങി. വളരെ പരിമിതമായ സാഹചര്യമായിരുന്നെങ്കിലും ആ കുട്ടികളെ സ്നേഹിക്കാൻ യാതൊരു അതിർവരമ്പുകളും ഉണ്ടായിരുന്നില്ല. പിന്നീട് മൂന്ന് വർഷങ്ങൾക്കു ശേഷം, 2003-ൽ കോടോലി എന്ന സ്ഥലത്ത് ഒരു കെട്ടിടം പണിയുകയും ഈ കുട്ടികളെ അങ്ങോട്ട് മാറ്റുകയും ചെയ്തു. ഗവണ്മെന്റുമായുള്ള കോൺട്രാക്ട് അനുസരിച്ച് ഒരു മാസം ഒരു കുട്ടിക്ക് എഴുന്നൂറു രൂപാ കിട്ടുമായിരുന്നു. മഹാരാഷ്ട്ര ഗവണ്മെന്റും സൊസൈറ്റിയും ചേർന്നാണ് ഈ കോൺട്രാക്ട്. കുട്ടികൾക്കുള്ള ഗ്രാന്റ് ഇനത്തിലാണ് ഈ പണം ലഭിച്ചിരുന്നത്. കെട്ടിടം പണിയും മറ്റ് ചിലവുകളെല്ലാം വൈദികർ തനിയെ കണ്ടെത്തണമായിരുന്നു.

പ്രതീക്ഷകൾ പകർന്നുകൊണ്ട് വളർന്ന ‘ആശാഭവൻ’

2000-ൽ ഈ കുട്ടികളെ ഏറ്റെടുക്കുമ്പോൾ തന്നെ സ്‌പെഷ്യൽ എഡ്യൂക്കേഷനു വേണ്ടി അധ്യാപകരെ നിയമിച്ചിരുന്നു. അങ്ങനെ ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായുള്ള ക്‌ളാസുകൾ തുടങ്ങി. 2003-ൽ പുതിയ കെട്ടിടത്തിലേക്ക്ക്കു മാറ്റിയ ശേഷം വിപുലമായ രീതിയിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. സമീപത്തുള്ള വിവിധ സെന്ററുകളിൽ നിന്നും വീടുകളിൽ നിന്നുമൊക്കെയുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികൾ ഈ സെന്ററിൽ പഠനം ആരംഭിച്ചു. ഇപ്പോൾ ഈ സ്‌കൂളിൽ പുറത്തു നിന്നു തന്നെ 42 കുട്ടികൾ പഠിക്കുന്നുണ്ട്. 2005 ആയപ്പോഴേക്കും സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗാം ആരംഭിച്ചു. ഒപ്പം ഒരു ഡിപ്ലോമ കോഴ്‌സും തുടങ്ങി. 2013 മുതൽ സ്പെഷ്യൽ ബി.എഡും ഇവിടെ ആരംഭിച്ചു. 2018 മുതൽ ഒരു വർഷം വിദൂര വിദ്യാഭ്യാസരീതി തുടർന്നു. രണ്ട് വർഷമായി ഈ കോഴ്‌സ് നടക്കുന്നില്ല. എങ്കിലും ഇപ്പോൾ വീണ്ടും പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

ബുദ്ധിമാന്ദ്യമുള്ള, അനാഥരായ ഈ കുട്ടികളെ നേരിട്ട് ആശാഭവനിലേക്ക് സ്വീകരിക്കാൻ അനുവാദമില്ല. ഇവരെ സ്വീകരിക്കുന്നത് സി.ഡബ്ള്യൂ.സി (ചൈൽഡ് വെൽഫെയർ കമ്മിറ്റി) യുടെ ഓർഡർ വഴിയാണ്. ആശാഭവനിലുള്ള കുട്ടികളെല്ലാം അനാഥരാണ്. ഇങ്ങനെയുള്ള കുട്ടികളെ കണ്ടെത്തിക്കഴിഞ്ഞാൽ പോലീസ് അടുത്തുള്ള റിമാൻഡ് ഹോമിലോ, അഡോപ്ഷൻ സെന്ററിലോ ഒക്കെ ഏൽപിക്കുകയാണ് പതിവ്. അവിടെ നിന്നും സി.ഡബ്ള്യൂ.സി വഴി ഇത്തരം കുട്ടികൾ വിവിധ സെന്ററുകളിൽ എത്തുന്നു.

പന്ത്രണ്ടു വർഷമായി അനീഷച്ചൻ ‘മാലാഖമാരോടൊപ്പം’

2005-ൽ സെമിനാരി പരിശീലന സമയത്താണ് അനീഷച്ചൻ ആദ്യമായി ആശാഭവനിൽ എത്തുന്നത്. റീജൻസി കാലഘട്ടം ഒരു വർഷം ഇവിടുത്തെ മാലാഖമാരോടൊപ്പം ആയിരുന്നു. പിന്നീട് വൈദികനായ ശേഷം 2010 – 2014 കാലഘട്ടം ആശാഭവനിൽ അസിസ്റ്ററന്റ് ഡയറക്ടറായി സേവനം ചെയ്തു. പിന്നീട് മഹാരാഷ്ട്രയിൽ തന്നെ അച്ചൻ തന്റെ എം.എസ്.ഡബ്ള്യൂ പഠനം പൂർത്തിയാക്കി. അതിനു ശേഷം 2016 മുതൽ ആശാഭവന്റെ ഡയറക്ടർ ആണ് അനീഷച്ചൻ.

“സ്വർഗ്ഗരാജ്യത്തിന്റെ അനുഭവം എന്നു പറയുന്നത് നിഷ്‍കളങ്കമായ സ്നേഹമാണ്. അത് ആശാഭവനിലെ മാലാഖാമാർക്കുണ്ട്. അതായത് ഭൂമിയിലെ സ്വർഗമാണ് അവരുടെ സാന്നിധ്യം. ബുദ്ധിമാന്ദ്യമുള്ള ഈ കുട്ടികളുടെ സ്നേഹവും അങ്ങനെ തന്നെയാണ്. അതിന് ഒരു ഉദാഹരണം, അവർ പരസ്പരം വഴക്കുണ്ടാക്കിയിട്ട് രണ്ടു മിനിറ്റ് കഴിയുന്നതിനു മുൻപ് തന്നെ കെട്ടിപ്പിടിച്ചോണ്ട് നടക്കുന്നതു കാണാം. മനസ്സിൽ പകയോ, വെറുപ്പോ, വിദ്വേഷമോ ഒന്നും ഇല്ലാതെ സ്നേഹിക്കുന്ന കുറെയേറെ ജീവിതങ്ങൾ. മുപ്പത്തിയെട്ടു വയസുള്ള അപ്പുവിന്റെ ബുദ്ധി രണ്ട് വയസുകാരന്റേതാണ്. പല കാര്യങ്ങളിലും അവർ പിറകോട്ടാണെങ്കിലും ബുദ്ധിയുള്ള മനുഷ്യർ പിറകോട്ടു മാറിനിൽക്കുന്ന പല കാര്യങ്ങളിലും അവർ മുൻപന്തിയിൽ തന്നെയാണ്. അവർക്ക് ക്ഷമിക്കാനോ, മറക്കാനോ യാതൊരു പ്രയാസവുമില്ല. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു എന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത” – വർഷങ്ങളായി അവരോടൊപ്പം ആയിരിക്കുന്ന അനീഷച്ചൻ പറയുന്നു.

ദൈവത്തിന്റെ പരിപാലന ഒരുപാട് അനുഭവിച്ചറിയുന്ന ഒരു സ്ഥാപനമാണ് ‘ആശാഭവൻ.’ ഗവണ്മെന്റിന്റെ ഗ്രാൻഡ് കിട്ടുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത് കൃത്യസമയത്തൊന്നുമല്ല ലഭിക്കുന്നത്. 2020 മുതലുള്ള ഗവൺമെന്റിന്റെ ഗ്രാൻഡ് ഇനിയും ലഭിക്കാനുണ്ട്. അതിനാൽ ആ സാമ്പത്തിക സഹായം ആശ്രയിച്ചുകൊണ്ട് മുൻപോട്ട് പോകാനൊന്നും ഈ സ്ഥാപനത്തിന് സാധിക്കുകയില്ല. അത് ഏതെങ്കിലും സമയത്ത് കിട്ടിയാലായി. അതിനാൽ, പലരുടെയും സഹായം കൊണ്ടു മാത്രമാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ സാധിക്കുന്നത്. കോവിഡ് ആയിരുന്ന സമയത്തു പോലും പലരിൽ നിന്നും ഒത്തിരി സഹായം ലഭിക്കുകയുണ്ടായി. അതിനാൽ ഒരു കുറവും അക്കാലഘട്ടത്തിൽ വന്നിട്ടില്ല. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇവിടെയുള്ള വൈദികർക്കും മുപ്പതോളം കുട്ടികൾക്കും കോവിഡ് ബാധിച്ചു. അവിടെയെല്ലാം ദൈവത്തിന്റെ പരിപാലന അനുഭവിച്ചറിയാൻ ഇവർക്കായി. രണ്ടു മാസത്തോളം കോവിഡിന്റെ ബുദ്ധിമുട്ടുകളിലൂടെ ഈ സ്ഥാപനം കടന്നുപോയി.

വൈദികരും സിസ്റ്റേഴ്സും മാത്രമല്ല, ഇവരോടൊപ്പം ഗവൺമെന്റ് അംഗീകൃത സ്റ്റാഫും ഉണ്ട്. ഇന്ന് ആശാഭവൻ നൂറോളം അംഗങ്ങളെ താമസിപ്പിക്കാൻ സാധിക്കുന്ന സ്ഥാപനമായി ഇത് വളർന്നിരിക്കുന്നു. ആശാഗ്രാമിലും ആശാഭവനിലുമായി ഇപ്പോൾ നൂറു പേര് വീതം ആകെ ഇരുനൂറോളം പേർക്ക് താമസിക്കാനായുള്ള ലൈസൻസ് ലഭിച്ചു. ഇപ്പോൾ രണ്ടിടുത്തതും കൂടി 160-ഓളം കുട്ടികളുണ്ട്. ആശാഭവനിൽ 17 സ്റ്റാഫും സ്‌പെഷ്യൽ സ്‌കൂളിൽ എട്ടോളം സ്റ്റാഫും ആണുള്ളത്. ഈ സ്ഥാപനത്തിന്റെ സമീപപ്രദേശങ്ങളിൽ ഉള്ളവർ തന്നെ പലപ്പോഴും ആശാഭവനിലെത്തി കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യാറുണ്ട്. സാമ്പത്തികമായ സഹായം ലഭിക്കുന്നത് കുറവാണ്. കൂടുതലും ഭക്ഷണമായും സാധനങ്ങളായും ഒക്കെയാണ് സഹായങ്ങൾ ലഭിക്കുന്നത്. കല്യാൺ രൂപതയിലെ തന്നെ വിവിധ പള്ളികളിൽ നിന്നുമൊക്കെ ഇവർക്ക് സഹായം ലഭിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിലെ അനുഭവസാക്ഷ്യം

ഈ സ്ഥാപനത്തെക്കുറിച്ച് ബിജു ഡൊമിനിക് എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ കുറിച്ച കാര്യങ്ങൾ മൂലം അനേകൾ ഈ സ്ഥാപനത്തെ അറിയാനിടയായത് അച്ചൻ സന്തോഷത്തോടെ ഓർമ്മിക്കുന്നു. ബിജു ഡൊമിനിക് നിരന്തരം ഈ സ്ഥാപനത്തെ സഹായിക്കുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം ഇവിടെ വന്ന് ഇവിടുത്തെ കാര്യങ്ങൾ മനസിലാക്കി. ഇവിടെ സഹായിക്കാൻ സ്റ്റാഫ് ഉണ്ടെന്നു പറഞ്ഞാലും അത് പകൽ സമയത്തു മാത്രമേ ഉള്ളൂ. മറ്റു സമയത്തെല്ലാം വൈദികരും സിസ്റ്റേഴ്സും മാത്രമേ അവരെ സഹായിക്കാൻ ഉണ്ടാവുകയുള്ളൂ.

ശാരീരികമായി തളർന്നുപോയ, കിടന്നിടത്തു നിന്നും എഴുന്നേൽക്കാൻ പോലും സാധിക്കാത്ത പതിനഞ്ചോളം കുട്ടികൾ ഇവിടെയുണ്ട്. രാത്രിയിൽ അവരുടെ കാര്യങ്ങൾ നോക്കുന്നതും ശുശ്രൂഷിക്കുന്നതും ടോയ്‌ലെറ്റ് ആവശ്യങ്ങൾക്കായി എടുത്തുകൊണ്ട് പോകുന്നതുമൊക്കെ വൈദികർ തന്നെയാണ്. ബുദ്ധിമാന്ദ്യത്തോടൊപ്പം സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കാത്ത, എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. രാവിലെ എഴുന്നേൽപ്പിച്ച്, കുളിപ്പിച്ച് അവരുടെ കാര്യങ്ങൾ നോക്കുന്നതിന് സ്റ്റാഫിനോടൊപ്പം വൈദികരുമുണ്ട്.

ബിജു ഡൊമിനിക് ഇവിടെ വന്ന് അച്ചന്മാരുടെ ഇത്തരം സേവനങ്ങൾ നേരിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി. സാധാരണ സിസ്റ്റേഴ്സ് ഇത്തരം ശുശ്രൂഷകൾ ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും വൈദികർ ഇത്തരം ശുശ്രൂഷകളുടെ നേരിട്ടുള്ള ഭാഗമായി മാറുന്നത് അദ്ദേഹം ആദ്യമായി കാണുന്നതായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം തന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ആ എഴുതിയത് അനേകരെ ആകർഷിച്ചു..

അപ്പന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യം

പള്ളിയിൽ പ്രാർത്ഥനകളിൽ ഒക്കെ വളരെ സജീവമാണ് ഈ കുട്ടികൾ. വിശുദ്ധ കുർബാനക്ക് ഗായകസംഘവും ഇവർ തന്നെ. ഹിന്ദിയോ, മറാത്തിയോ മാത്രം അറിയാവുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള ഈ കുട്ടികൾ മലയാളത്തിലുള്ള പ്രാർത്ഥനകളും പാട്ടുകളും പ്രാർത്ഥിക്കുന്നത് കാണുമ്പോൾ പലരും അത്ഭുതപ്പെടാറുണ്ട്. മലയാളം, മറാത്തി, ഇംഗ്ലീഷ് ഭാഷകളിലുള്ള കുർബാനയുടെ പാട്ടും പ്രാർത്ഥനകളും ഇവർക്കറിയാം. വളരെ സജീവമായാണ് ഇവരുടെ പങ്കാളിത്തം. അത് അദ്ദേഹം എഴുതുകയായിരുന്നു.

“പലപ്പോഴും ഈ കുട്ടികൾ അച്ചന്മാരുടെ തോളിലും കയ്യിലും തൂങ്ങിയാണ് നടക്കുന്നത്. ചിലർ സ്വന്തമായി നടക്കാൻ ശേഷിയുള്ളവരാണെങ്കിലും ഒന്നും സ്വയം ചെയ്യാൻ മാത്രമുള്ള ബുദ്ധി വികാസം ഇവർക്കില്ല. നടക്കുന്ന വഴിയിൽ തന്നെ മലമൂത്രവിസർജ്ജനം നടത്തുന്നവരുമുണ്ട്. അത്രയും പോലും ബുദ്ധിവികാസം പ്രാപിക്കാത്തവർ! അവർക്ക് ഒന്നിനെക്കുറിച്ചും അറിയില്ല. ഈ കുട്ടികൾ അനാഥരാണല്ലോ. അതിനാൽ, അവർ പലപ്പോഴും ‘പപ്പാ, പപ്പാ…’ എന്നൊക്കെ വിളിച്ചാണ് കൂടെ നടക്കുന്നത്. അപ്പന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും ഒക്കെ ഇവിടെയുള്ള അച്ചന്മാരിൽ നിന്നും സിസ്റ്റർമാരിൽ നിന്നും ഇവർക്ക് ലഭിക്കുന്നുണ്ട്” – അച്ചൻ പറയുന്നു.

‘മാതാവേ, എനിക്ക് ലഡു വേണം’

പലപ്പോഴും ദൈവപരിപാലനയുടെ പല അനുഭവങ്ങൾക്കും നേരിട്ട് സാക്ഷ്യം വഹിക്കാൻ അനീഷ് അച്ചന് സാധിച്ചിട്ടുണ്ട്. അതിൽ ഒരു അനുഭവം അച്ചൻ പറയുന്നത് ഇപ്രകാരമാണ്: “ഒരു ദിവസം വൈകുന്നേരം പള്ളിയിൽ പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ആശാഭവനിലെ അന്തേവാസിയായ രാജു എന്ന കുട്ടി പള്ളിയിലേക്ക് വന്നു. എന്റെ അടുത്ത് വന്ന് അവൻ പറഞ്ഞു. “എനിക്ക് ലഡു വേണം” അതിന് മറുപടിയായി, “നിനക്ക് ലഡു വേണമെങ്കിൽ നീ മാതാവിനോട് പ്രാർത്ഥിച്ചോളൂ” എന്ന് പറഞ്ഞു. ആ പള്ളിക്കകത്ത് മാതാവിന്റെ ഒരു രൂപമുണ്ട്. ആ രൂപത്തിന്റെ മുൻപിൽ വന്ന് അവൻ പ്രാർത്ഥിക്കാൻ തുടങ്ങി. “മാതാവേ, എനിക്ക് ലഡു വേണം” പിറ്റേദിവസം തന്നെ ആ നിഷ്കളങ്ക പ്രാർത്ഥനക്കുള്ള ഉത്തരവും അവന് ലഭിച്ചു. നാലു മണിക്ക് കാപ്പിക്ക് കൊടുക്കാൻ ആരോ ലഡു കൊണ്ടുവന്നു കൊടുത്തു. ഈ കുട്ടികളുടെ ചെറിയ പ്രാർത്ഥനകൾ പോലും കേൾക്കാതിരിക്കാൻ ദൈവത്തിനാവില്ല.”

മറ്റൊരു സംഭവം ഇതാണ്: മഴയൊന്നും പെയ്യാതിരിക്കുന്ന ഒരു ഏപ്രിൽ മാസത്തിലാണ് ഈ സംഭവം നടന്നത്. എല്ലാ ദിവസവും വൈകുന്നേരം കാപ്പിക്കു ശേഷം നടുമുറ്റത്ത് കസേരയിൽ ഇരുന്നുകൊണ്ട് ഒരു കുട്ടി ഒരു പ്രാർത്ഥന ചൊല്ലുമായിരുന്നു: “ഈശ്വരാ, മഴ തരണേ, മഴ തരണേ…” എന്നായിരുന്നു ആ പ്രാർത്ഥന. ഇവന്റെ നിരന്തരമായ പ്രാർത്ഥന കണ്ടിട്ട് ഒരു ദിവസം ഞാൻ അവനോട് പറഞ്ഞു: “നീ ഇത്രയും നാൾ പ്രാർത്ഥിച്ചിട്ട് മഴയൊന്നും പെയ്തില്ലല്ലോടാ” എന്ന്. എന്നാൽ, അത്ഭുതമെന്നു പറയട്ടെ, അന്ന് വൈകിട്ട് തന്നെ മഴ പെയ്തു. ഇങ്ങനെ ദൈവപരിപാലനയുടെ നിരവധി സംഭവങ്ങൾ അച്ചന് പറയാനുണ്ട്.

നൂറ് കുട്ടികളെ താമസിക്കാനുള്ള അനുമതി കിട്ടിയെങ്കിലും അതിനുള്ള സൗകര്യം ആശാഭവന് ഇല്ലായിരുന്നു. അതിനാൽ 2019-ൽ പുതുക്കിയ ഒരു കെട്ടിടം പണി ആരംഭിച്ചു. ഒത്തിരിയേറെ ആളുകളുടെ സഹായത്തോടെ വളരെ നല്ല രീതിയിൽ പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിക്കാനും സാധിച്ചു.

മിഷനറി വൈദികനാകാൻ അച്ചനായി

12 വർഷങ്ങളായി മഹാരാഷ്ട്രയിൽ സേവനം ചെയ്യുന്ന അച്ചന്റെ വലിയ ആഗ്രഹം ഒരു മിഷനറി വൈദികനായി തന്നെ തുടരുക എന്നതാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ കൗൺസിലറായി അനീഷ് അച്ചൻ ഇപ്പോൾ നിയോഗിക്കപ്പെടുന്നത്. അതും ദൈവപരിപാലനയുടെ ഭാഗമായിട്ടാണ് അച്ചൻ കാണുന്നത്.

ഏറ്റുമാനൂരിനു സമീപമുള്ള കോട്ടയ്ക്കപ്പുറം സ്വദേശിയായ അച്ചൻ, മാക്കിയിൽ ജോസഫ് – ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. മൂത്ത സഹോദരൻ അജി, അനുജൻ അനി എന്നിവരാണ് മറ്റു രണ്ടു പേർ. ചെറുപ്പം മുതൽ മിഷൻലീഗിലെ പ്രവർത്തനങ്ങളിലൂടെയാണ് മിഷനോടും മിഷൻ പ്രവർത്തനങ്ങളോടും കൂടുതൽ ആഭിമുഖ്യം ഉണ്ടായത്. പള്ളിയായി ബന്ധപ്പെട്ടാണ് ചെറുപ്പകാലത്ത് കൂടുതൽ സമയവും അനീഷച്ചൻ ചിലവഴിച്ചിട്ടുള്ളത്. അൾത്താര ബാലനായും കപ്യാരായും ശുശ്രൂഷ ചെയ്തിരുന്ന അദ്ദേഹം ദൈവാലയത്തോട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്തതിനാലാകാം പിന്നീട് ദൈവശുശ്രൂഷക്കായി ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചതും.

നല്ലൊരു എഴുത്തുകാരനും കൂടിയാണ് ഫാ. അനീഷ്. അദ്ദേഹം കൂടുതലും എഴുതിയിട്ടുള്ളത് കവിതകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനോടകം അച്ചന്റെ ആറോളം പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ‘മിഴിതുറക്കാൻ’ എന്ന കവിതാസമാഹാരമാണ് ആദ്യം എഴുതിയ പുസ്തകം. അത് വൈദികൻ ആകുന്നതിന് മുൻപ് സെമിനാരിയിൽ വച്ച് എഴുതിയതാണ്. ‘നെഞ്ചലിവിന്റെ കഥകൾ’ (കഥാസമാഹാരം) ‘ഇനിയെത്ര ദൂരം’ (കവിതാസമാഹാരം), ‘ഇത്തിരി വെട്ടം’ (നുറുങ്ങുകവിതകൾ), ഇരുളിനപ്പുറം (കഥാസമാഹാരം), തിരയുന്ന മിഴികൾ (കഥാസമാഹാരം), മിഴി തുറക്കാൻ (കവിതാസമാഹാരം).

ഇപ്പോൾ സോഷ്യൽ വർക്കിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുകയുമാണ് അനീഷച്ചൻ. അതോടൊപ്പം പ്രൊവിൻഷ്യൽ കൗൺസിലർ എന്ന പുതിയ ഉത്തരവാദിത്വവും. എവിടെ ആയിരുന്നാലും ‘ഒരു മിഷനറി വൈദികൻ’ എന്ന തന്റെ ആദർശം മുറുകെപ്പിടിച്ചു കൊണ്ടാണ് ഈ വൈദികന്റെ യാത്ര. മുൻപോട്ടുള്ള വഴികളിൽ ദൈവം കൂട്ടിനുണ്ടാകട്ടെ. അനീഷച്ചന് ലൈഫ്ഡേയുടെ ആശംസകൾ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.