അഭയാർത്ഥികളെ സ്വാഗതം ചെയ്യാൻ ഒരു ഭവനം തന്നെ വിലയ്ക്കു വാങ്ങിയ ബ്രിട്ടീഷുകാരൻ

ഉക്രൈനിലെ അഭയാർത്ഥികളെ പലരും തങ്ങളുടെ സ്വഭവനങ്ങളിൽ തന്നെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി അഭയാർത്ഥികളെ സ്വാഗതം ചെയ്യാൻ അവർക്കായി ഒരു ഭവനം വിലയ്ക്കു വാങ്ങിയിരിക്കുകയാണ് ഡാർട്സ് പ്ലെയറായ വെയിൽസിലെ റെക്‌സാമിൽ നിന്നുള്ള ജാമി ഹുഗ്സ്.

യുദ്ധഭൂമിയായ ഉക്രൈനിൽ നിന്ന് പലായനം ചെയ്യേണ്ടിവരുന്നവരുടെ വാർത്ത അറിഞ്ഞതു മുതൽ അവർക്കു വേണ്ടി എന്തു ചെയ്യാനാകും എന്ന് ആലോചിക്കുകയായിരുന്നു ജാമി. ആദ്യം ജാമിയുടെ മനസ്സിൽ വന്ന ചിന്ത തന്റെ ഭവനം ഒന്ന് പുതുക്കിപ്പണിത് അഭയാർത്ഥികളെ സ്വീകരിക്കാം എന്നായിരുന്നു. പക്ഷേ, അതവർക്ക് വേണ്ടത്ര സ്വകാര്യത നല്കില്ലല്ലോ എന്ന് മനസിലാക്കിയപ്പോൾ ആ കാര്യം ഉപേക്ഷിച്ചു. അങ്ങനെയാണ് അഭയാർത്ഥികൾക്കായി ഒരു ഭവനം വാങ്ങാനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തുന്നത്.

തുടർന്ന് റെക്‌സാം നഗരത്തിൽ തന്നെ മൂന്ന് കിടപ്പുമുറികളുള്ള ഒരു ഭവനം അഭയാർത്ഥികൾക്കായി അദേഹം വിലയ്ക്കു വാങ്ങി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം, തനിക്ക് അഭയാർത്ഥികളെ സ്പോൺസർ ചെയ്യാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. അങ്ങനെയാണ് യുദ്ധഭൂമിയിൽ പലായനത്തിന്റെ വക്കിൽ നിന്നിരുന്ന മൂന്ന് ആൺകുട്ടികളെയും അവരുടെ അമ്മയായ മരിയയെയും കുറിച്ച് അദ്ദേഹത്തിന് അറിയാൻ കഴിഞ്ഞത്. അവരുടെ ഭവനത്തിന്റെ പത്ത് മൈൽ ദൂരം വരെ ബോംബാക്രമണം നടക്കുകയാണ്. അവരെ രാജ്യം വിടാനും പോളണ്ടിലേക്ക് എത്തിക്കാനും വേണ്ട എല്ലാ ധനസഹായങ്ങളും നൽകാമെന്നും ഹാമി വാഗ്ദാനം ചെയ്തപ്പോൾ, ഇപ്പോൾ തന്നെ അദ്ദേഹം ആവശ്യത്തിലധികം തങ്ങൾക്കായി ചെയ്തുകഴിഞ്ഞുവെന്നാണ് മരിയ പറഞ്ഞത്.

പോളണ്ടിലെത്താൻ പടിഞ്ഞാറൻ ഉക്രൈനിലൂടെ സഞ്ചരിക്കുന്ന ഈ കുടുംബത്തിന് വിസാ രേഖകൾ സംഘടിപ്പിക്കാൻ ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. വിസ ലഭിച്ചാലുടൻ മൂന്ന് കിടപ്പുമുറികളുള്ള, ജാമി നൽകുന്ന ഭവനത്തിലേക്കു മാറാമെന്ന പ്രതീക്ഷയിലാണ് മരിയയുടെ കുടുംബം.

എന്നാൽ ജാമിയെ സഹായിക്കാൻ ഇപ്പോൾ അദ്ദേഹമായിരിക്കുന്ന സമൂഹം ഒന്നാകെ കൂടെയുണ്ട്. വരുന്ന കുടുംബത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താൻ എല്ലാവരും ഏകമനസ്സോടെ പരിശ്രമിക്കുകയാണ്. ജാമിയുടെ സുഹൃത്തായ ജൂലി, മരിയയ്ക്കും കുടുംബത്തിനുമായി ഗൃഹോപകരണങ്ങൾ വാങ്ങുന്ന തിരക്കിലാണ്. മരിയയ്ക്ക് ഒരു ജോലി ലഭ്യമാക്കാനും ഇവർ ശ്രമിക്കുന്നുണ്ട്. അഭയാർത്ഥികുടുംബത്തിന് ഈ ഭവനവും പരിസരവും സ്വന്തം പോലെ തോന്നാൻ ഇവർക്ക് ആവശ്യമായതെല്ലാം നൽകാൻ ജാമിയും സുഹൃത്തുക്കളും തയ്യാറാണ്.

ഇവിടെ ജാമിയുടെ പ്രയത്നങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് ഒരു ജീവിതമാർഗ്ഗം കണ്ടെത്താൻ സഹായിക്കുക മാത്രമല്ല ചെയ്തത്. പിന്നെയോ, താൻ ആയിരിക്കുന്ന സമൂഹത്തെ ഒരുമിച്ചു കൊണ്ടുവരാനും മറ്റുള്ളവർക്കു വേണ്ടി സേവനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ തീർച്ചയായും വരുംതലമുറകൾക്കും പ്രചോദനമേകുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.