13 വർഷം വീൽചെയറിൽ; ഈസ്റ്റർ ഒരുക്ക ധ്യാനത്തിൽ വച്ച് സൗഖ്യം

13 വർഷത്തോളം വീൽചെയറിലായിരുന്നു അമേരിക്കക്കാരിയായ ഡാനി ലോറിയോന്റെ ജീവിതം. അവളുടെ നാഡീവ്യവസ്ഥയെ ബാധിച്ച രോഗം ശാരീരികമായി ലോറിയോനെ തളർത്തിക്കളഞ്ഞു. മാത്രമല്ല, കഴിഞ്ഞ നാലു വർഷത്തിലേറെയായി അവൾ ശ്വസിച്ചിരുന്നത് ഒരു വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു. ഈ അമ്പതു നോമ്പിന്റെ കാലത്ത് ദൈവത്തിന്റെ സ്പർശനം അവളെ സുഖപ്പെടുത്തി. ദൈവം ഒരു അത്ഭുതം പ്രവർത്തിച്ച് തന്നെ സുഖപ്പെടുത്തിയെന്നാണ് ലോറിയോൻ പറയുന്നത്.

2009 ഏപ്രിൽ 23- നാണ് ന്യുമോണിയയും പോസ്‌ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം എന്ന രോഗവും ബാധിച്ച് ലോറിയോനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അധികനേരം ഇരുന്നാലും നിന്നാലും ലോറിയോയുടെ ഹൃദയമിടിപ്പ് വർദ്ധിക്കും. ഈ രോഗം വൈകാതെ മറ്റൊരു രോഗത്തിലേക്കും അവളെ കൊണ്ടുചെന്നെത്തിച്ചു. ഓട്ടോണമിക് നാഡീവ്യവസ്ഥയിൽ വന്ന തകരാറിനെ തുടർന്ന് അവൾക്ക് സാധാരണ രീതിയിലുള്ള ശ്വസനം ബുദ്ധിമുട്ടേറിയതായി. അങ്ങനെ രോഗം വഷളാവുകയും 2017- ൽ ലോറിയോനെ വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്‌തു.

തുടർന്നുള്ള വർഷങ്ങളിൽ നിരവധി ചികിത്സകളിലൂടെ ലോറിയോൻ കടന്നുപോയി. അമ്പതു നോമ്പിന്റെ സമയത്ത് 2022 മാർച്ച് 15- ന് ഡാനിയും അവളുടെ ഭർത്താവ് ഡഗും സെന്റ് മേരീസ് കത്തീഡ്രലിൽ ഒരു രോഗശാന്തി ശുശ്രൂഷയിൽ പങ്കെടുത്തു. ആ രാത്രിയിൽ ഗാനശുശ്രൂഷ നടക്കുന്ന സമയം തന്റെ കാതുകളിൽ വെള്ളം പതിക്കുന്നതു പോലെയും അത് തന്റെ ശരീരമാസകലം വ്യാപിക്കുന്നതു പോലെയും അവൾക്ക് അനുഭവപ്പെട്ടു. അവൾ ഹൃദയമുരുകി ദൈവത്തോടു പ്രാർഥിച്ചു. തുടർന്ന് അവൾ തന്നെ വെന്റിലേറ്റർ മാറ്റി. അവളുടെ അടുത്തു നിന്നിരുന്ന ഭർത്താവും അമ്മയും ഈ ദൃശ്യം കണ്ട് അമ്പരന്നു. ഒരു ഫിസിക്കൽ തെറാപ്പിസ്റ്റിന്റെ സഹായവും ആ ദിനങ്ങളിൽ ലോറിയോൻ സ്വീകരിക്കുന്നുണ്ടായിരുന്നു. എന്നാൽ വാക്കർ ഉപയോഗിച്ചു മാത്രമേ ലോറിയോന് ഏതാനും ചുവടുകൾ വയ്ക്കാൻ പോലും സാധിച്ചിരുന്നുള്ളൂ. എന്നാൽ ആ രാത്രിയിൽ ലോറിയോൻ ആരുടേയും സഹായമില്ലാതെ എഴുന്നേറ്റു നടന്നു.

അവളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയാമായിരുന്ന എല്ലാവരും ഈ വാർത്ത കേട്ട് വിസ്മയിച്ചു. പ്രാർഥനയുടെ ശക്തിയെക്കുറിച്ചാണ് അവൾ പിന്നീട് സംസാരിച്ചത്. “പ്രാർഥിക്കുമ്പോൾ ആവശ്യമായതെല്ലാം ദൈവത്തോട് ചോദിച്ചുകൊള്ളുക. അവിടുത്തേക്ക് അത് നല്കാൻ കഴിയും” – ലോറിയോൻ പറയുന്നു. ഇവിടെ സംഭവിച്ച അത്ഭുതത്തിന്, വൈദ്യശാസ്ത്രത്തിനു പോലും ഒന്നും പറയാൻ കഴിയുന്നില്ല. ക്രിസ്തു ഇന്നും ജീവിക്കുന്നതിന്റെ അടയാളമാണിതെന്നാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച വൈദികൻ കാൾ പങ്ങ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.