‘ഞങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടേക്കാം. പക്ഷേ, ഞങ്ങള്‍ വിജയിക്കും!’ അഫ്ഗാനില്‍ നിന്നുയരുന്ന ഉറച്ച ശബ്ദം

അഫ്ഗാനിസ്ഥാനിലെ ഒരു സര്‍വ്വകലാശാല പ്രവേശന പരീക്ഷയായ കോണ്‍കോറിന് തയ്യാറെടുക്കുന്നതിനുള്ള പരിശീലന പരീക്ഷയില്‍ പങ്കെടുക്കാനാണ് ഇരുപതുകാരിയായ മറിയവും അവളുടെ അടുത്ത സുഹൃത്തായ വാഹിദയും മറ്റു വിദ്യാര്‍ത്ഥികളോടൊപ്പം സെപ്തംബര്‍ 30-ന് രാവിലെ കാബൂളിലെ ദഷ്-ഇ-ബാര്‍ച്ചി ഏരിയയിലെ കാജ് വിദ്യാഭ്യാസകേന്ദ്രത്തില്‍ എത്തിയത്. അന്നാണ് ഈ സ്ഥാപനത്തില്‍ ചാവേര്‍ ആക്രമണമുണ്ടായതും 45 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതും.

“രാവിലെ 7.15-ന്, അവര്‍ സെന്ററില്‍ ആയിരിക്കുമ്പോഴാണ് വെടിയൊച്ച കേട്ടത്. താന്‍ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭയാനകമായ സ്‌ഫോടനമായിരുന്നു അതെന്ന് ആക്രമണത്തെ അതിജീവിച്ച മറിയം ഓര്‍ക്കുന്നു. “ആണ്‍കുട്ടികള്‍ മധ്യഭാഗത്തു നിന്ന് ആദ്യം പുറത്തേക്ക് ഓടുന്നത് ഞാന്‍ കണ്ടു, അവരില്‍ പലരും അതിര്‍ത്തി മതില്‍ ചാടിക്കടന്നു. കുറച്ച് നിമിഷങ്ങള്‍ക്കു ശേഷം പെണ്‍കുട്ടികളും പുറത്തേക്ക് ഓടി. പലര്‍ക്കും പരിക്കേറ്റു; പലരുടേയും മുഖത്തും വസ്ത്രങ്ങളിലും രക്തമായി” – മറിയം പറഞ്ഞു.

ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 45 വിദ്യാര്‍ത്ഥികളില്‍ മറിയത്തിന്റെ പ്രിയകൂട്ടുകാരി വാഹിദയും ഉള്‍പ്പെടുന്നു. “അവള്‍ എന്റെ സഹോദരിയെപ്പോലെ ആയിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ എല്ലാ രഹസ്യങ്ങളും പങ്കിട്ടിരുന്നു. പ്രിപ്പറേറ്ററി കോഴ്‌സിന്റെ ഒരു ദിവസം പോലും വാഹിദ നഷ്ടപ്പെടുത്തിയിരുന്നില്ല. മഴ പെയ്താലും മഞ്ഞ് പെയ്താലും വെള്ളപ്പൊക്കമുണ്ടായാലും അവള്‍ എപ്പോഴും കോച്ചിംഗ് ക്ലാസില്‍ എത്തിയിരുന്നു” – മറിയം പ്രിയകൂട്ടുകാരിയെ അനുസ്മരിച്ചു.

ആ വെള്ളിയാഴ്ച അതിരാവിലെ തന്റെ കടയിലേക്കു പോയതിനാല്‍ അന്ന് താന്‍ വാഹിദയെ കണ്ടില്ലെന്ന് പിതാവ് മുഹമ്മദ് അമീര്‍ ഹൈദരി പറഞ്ഞു. “അവള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഹീറോ ആയിരുന്നു; എന്റെ മാലാഖ. അവള്‍ സ്‌കൂളില്‍ എപ്പോഴും മിടുക്കിയായിരുന്നു. കഴിഞ്ഞ മാസം നടന്ന ഒരു പരിശീലന പരീക്ഷയില്‍ പോലും 650 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവള്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്നു. നല്ല പെരുമാറ്റവും ഭക്തിയും ഉണ്ടായിരുന്ന കുട്ടിയാണ്. പക്ഷേ എന്തുകൊണ്ടാണ് ദൈവം അവളെ ഇത്ര പെട്ടെന്ന് കൂട്ടിക്കൊണ്ടു പോയത്?” – കണ്ണീരടക്കാനാവാതെ ഹൈദരി ചോദിക്കുന്നു.

സ്ഫോടനത്തിനു ശേഷം മണിക്കൂറുകളോളം മുഹമ്മദും മറിയവും വാഹിദയെ തേടി നിരവധി ആശുപത്രികളില്‍ പോയി. “താലിബാന്‍ ഞങ്ങളെ അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. ഒടുവില്‍ അലി ജിന്ന ഹോസ്പിറ്റലില്‍ വച്ച് മറിയം അകത്തേക്കു കയറി. വാഹിദയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ് കുറച്ച് മിനിറ്റുകള്‍ക്കു ശേഷം അവള്‍ കരഞ്ഞ് നിലവിളിച്ച് പുറത്തേക്കു വന്നു” – ആ ദിവസം ഓര്‍ത്ത് കരഞ്ഞുകൊണ്ട് വാഹിദയുടെ പിതാവ് പറയുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം, കാബൂള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ മിക്കയിടത്തും പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോകുന്നത് വിലക്കിയിരുന്നു. വാഹിദ കഴിഞ്ഞ വര്‍ഷം സെക്കണ്ടറി സ്‌കൂള്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും അവളുടെ അനുജത്തിമാരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് സ്‌കൂളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും അവള്‍ തന്നെ സഹോദരിമാരെ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് മുഹമ്മദ് പറയുന്നു.

അഫ്ഗാനിസ്ഥാന്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ സ്ഥലങ്ങള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

“ഓരോ ആക്രമണവും വിദ്യാര്‍ത്ഥികളുടെ മനോവീര്യത്തെ ബാധിക്കുന്നു, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ. അത് അവരെയും ഞങ്ങളെയും ഭയപ്പെടുത്തുന്നു” – ഒരു വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറഞ്ഞു. “അഫ്ഗാനിസ്ഥാനിലെ യുവതലമുറ വിദ്യാഭ്യാസം നേടിയാല്‍ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്ന ഭയത്താലാണ് ഈ അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഈ നീചകൃത്യം ചെയ്തത്” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“കൂട്ടുകാരെ നഷ്ടപ്പെട്ടെങ്കിലും സെന്റര്‍ വീണ്ടും തുറക്കുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ എന്റെ കോഴ്‌സിലേക്ക് മടങ്ങും. കാരണം ഇപ്പോള്‍ വിദ്യാഭ്യാസം നേടുക എന്നത് എനിക്ക് ഒരു പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ്. മരണത്തിന് വിധിക്കപ്പെട്ട എന്റെ സുഹൃത്തുക്കള്‍ക്കു വേണ്ടി ഞാനത് ചെയ്യും” – മറിയം പറയുന്നു.

“ഇനിയും എന്തൊക്കെ സംഭവിക്കുമെന്ന് ഉറപ്പില്ല. ഒരുപക്ഷേ, ഞങ്ങളില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെടാം. പക്ഷേ ഞങ്ങള്‍ തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ വിജയിക്കും” – മറിയം കൂട്ടിച്ചേര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.