ആണവയുദ്ധ ഭീഷണിയില്‍ ഉക്രൈന്‍: ഭീകരാവസ്ഥ വിവരിച്ച് മലയാളി സന്യാസിനി 

ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് ഏഴു മാസം പിന്നിടുകയാണ്. കേട്ടുപഴകിയ ഒരു വാർത്ത മാത്രമായി ഉക്രൈനിൽ നിന്നുള്ള വാർത്തകൾ മാറിത്തുടങ്ങി. പല മാധ്യമങ്ങളും ഇവിടുത്തെ യാതനകൾ വാർത്തയേ ആക്കുന്നില്ല. യുദ്ധത്തിൽ മരിച്ചുവീണ നിരപരാധികളായ മനുഷ്യരുടെ കണക്കുകൾ എണ്ണിത്തിട്ടപ്പെടുത്താനാവില്ല.

ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയെടുത്തതെല്ലാം തകർന്നുകിടക്കുന്ന അവസ്ഥയാണ് ഉക്രൈനില്‍. നിഷ്കളങ്കരായ കുരുന്നുകൾ തെരുവുകളിൽ മരിച്ചുവീഴുന്നു. ആണവയുദ്ധ ഭീഷണി നേരിടുന്ന ഉക്രൈന്റെ ഇപ്പോഴത്തെ അവസ്ഥ ഉക്രൈനില്‍നിന്നും മലയാളി സന്യാസിനി സി. ലിജി പയ്യപ്പിള്ളി വിവരിക്കുന്നു.

സിസ്റ്ററിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “ഉക്രൈൻ ഇന്ന് വല്ലാത്തൊരു ഭീതിയിലാണ്: മരണത്തോളം എത്തുന്ന ഭീതി. ഒക്ടോബർ ഒന്നാം തീയതി ഉക്രൈനിലെ നാലോ, അഞ്ചോ പ്രവിശ്യകൾ റഷ്യയുടെ അധീനതയിലാക്കും എന്ന പുടിന്റെ പ്രഖ്യാപനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ ഭയത്തിന്റെ അടിസ്ഥാനം. തങ്ങളുടെ പ്രവിശ്യകള്‍ റഷ്യ അവരുടെ സ്വന്തമാണെന്നു, പ്രഖ്യാപിച്ചാല്‍ ഉക്രൈനിൽ നിന്നും വലിയ തിരിച്ചടി ഉണ്ടാകും. അതിനുള്ള തയ്യാറെടുപ്പുകൾ ഉക്രൈൻ തുടങ്ങിക്കഴിഞ്ഞു. റഷ്യയില്‍ നിന്നുള്ള മറ്റൊരു വലിയ ഭീഷണി ആണവായുധ പ്രയോഗമാണ്. ആണവായുധം കൊണ്ട് ഉക്രൈൻ തിരിച്ചടിക്കുമെന്ന ഭീതി നിലനിൽക്കെ തന്നെ, ഉക്രൈൻജനതയോട് അതിജീവിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടുകഴിഞ്ഞു.”

സിസ്റ്റര്‍ തുടരുന്നു: “റഷ്യയുടെ ആണവായുധങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ ആകാശത്തുയരുമ്പോൾ എല്ലാവരും ബാഗ് ഒരുക്കി തയ്യാറെടുക്കണം എന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. മുന്നറിയിപ്പ് ലഭിക്കുന്ന സമയം മുതല്‍ മൂന്നു

ദിവസത്തേക്ക് ഭൂമിക്കടിയിലുള്ള സുരക്ഷാസ്ഥലങ്ങളിൽ ഒളിക്കണം. മൂന്നു ദിവസം ശരീരഭാഗങ്ങൾ പുറത്തു കാണിക്കാത്ത രീതിയിൽ വസ്ത്രം ധരിക്കണം. വസ്ത്രങ്ങൾ ശരീരത്തോട് ചേർത്ത് മുറുക്കിവയ്ക്കണം. മൂന്നു ദിവസത്തേക്ക് ഒളിത്താവളങ്ങളിൽ നിന്നും പുറത്തിറങ്ങാനേ പാടില്ല. അങ്ങനെ വലിയ അപകടകരമായ ഭീഷണിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഏതു സമയത്തും ആണവായുധ പ്രയോഗം ഉണ്ടാകാമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.” സിസ്റ്ററിന്റെ വാക്കുകളില്‍ ഭീതിയും ഉക്രൈൻ ജനതയുടെ ഭാവിയെക്കുറിച്ചുള്ള ആകുലതയും നിറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.