ഓട്ടിസം ബാധിച്ച കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി ഒരു സന്യാസിനി  

ഐശ്വര്യ സെബാസ്റ്റ്യൻ

പാവങ്ങളെ ശുശ്രൂഷിക്കണമെന്ന ആഗ്രഹത്തോടെ പതിനാറാമത്തെ വയസിൽ മഠത്തിൽ ചേർന്ന വ്യക്തിയാണ് സി. ടെസ്സ്. ഇന്ന് എസ്.ഡി സന്യാസിനീ സമൂഹത്തിലെ അംഗവും ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് സിസ്റ്റർ. ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടിയും അവരുടെ മാതാപിതാക്കൾക്കു വേണ്ടിയാണ് സിസ്റ്ററിന്റെ ശുശ്രൂഷകൾ. എട്ടു വർഷങ്ങളായി ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടി സേവനം ചെയ്യുന്ന സി. ടെസ്സ്, ഈ രോഗത്തെക്കുറിച്ചും അവർക്ക് ആവശ്യമായ പ്രത്യേക ശ്രദ്ധയെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ലൈഫ്ഡേയോട് പങ്കുവയ്ക്കുന്നു.

ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടത് മാനസിക പിന്തുണ

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സി. ടെസ്സ് ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടിയാണ്. ഒരുതരത്തിൽ പറഞ്ഞാൽ  ഓട്ടിസം ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡർ ആണ്. ചെറുപ്രായത്തിൽ തന്നെ ഓട്ടിസം തിരിച്ചറിയാൻ സാധിക്കും. ഓട്ടിസ്റ്റിക്ക് കുട്ടികൾ ചില പ്രത്യേക സ്വഭാവരീതികളും സംസാരശൈലിയും പ്രകടിപ്പിക്കും. അത് അവർക്ക് മൂന്നും നാലും വയസ്സുള്ളപ്പോഴേ തിരിച്ചറിയാൻ സാധിച്ചാൽ, ചികിത്സകൾക്ക് കൂടുതൽ ഫലപ്രാപ്തിയുണ്ടാകും.

ഓട്ടിസ്റ്റിക് കുട്ടികളുടെ പ്രത്യേകത

ഓട്ടിസ്റ്റിക് കുട്ടികളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് അവരുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിൽ കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ. അത് മാതാപിതാക്കൾക്ക് എളുപ്പത്തിൽ മനസിലാകണമെന്നില്ല. അത്തരം കുട്ടികൾ വളർന്നു വരുമ്പോൾ, സാധാരണ കുട്ടികളെ അപേക്ഷിച്ച് സ്വഭാവത്തിൽ ഒരുപാട് വ്യത്യാസങ്ങൾ പ്രകടിപ്പിക്കും. അതുപോലെ തന്നെ അവർ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് ആളുകളുമായി ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട്. അവരുടെ സംസാരശൈലി, ഉപയോഗിക്കുന്ന വാക്കുകൾ എല്ലാറ്റിനും വ്യത്യാസമുണ്ട്. സമൂഹവുമായി അല്ലെങ്കിൽ ചുറ്റും നിൽക്കുന്ന ആളുകളുമായി അവർക്ക് എളുപ്പത്തിൽ ഇടപഴകാൻ സാധിക്കില്ല എന്നതും ഓട്ടിസ്റ്റിക് കുട്ടികളുടെ വൈകല്യങ്ങളാണ്.  ഇത്തരം കുട്ടികളെ എങ്ങനെ വളർത്തണമെന്നും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മാതാപിതാക്കൾക്കും പരിശീലനങ്ങൾ നൽകേണ്ടത് ആവശ്യമാണ്.

സൈക്കോ തെറാപ്പി എന്നാൽ എന്ത്?

ഒരിക്കൽ ഓട്ടിസം ബാധിതനായ 16 വയസുള്ള ഒരു ആൺകുട്ടി ചികിത്സക്കായി വന്നു. അതിനു മുന്‍പും അവന്‍ ചികിത്സയ്ക്കായി വരാറുണ്ടായിരുന്നു. എന്നാൽ അന്നേ ദിവസം പതിവില്ലാതെ അവൻ കരയാൻ തുടങ്ങി. എന്താണ് കാര്യമെന്ന് മനസിലാകുന്നുമില്ല. അവനെ ശാന്തനാക്കാൻ പലരും ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ അവനെ അകത്തെ മുറിയിലേക്ക് കൊണ്ടുവന്നു. ഉടൻ തന്നെ അവൻ ശാന്തനായി. തുടർന്ന് സി. ടെസ്സ്, എന്താണ് അവന്റെ ബഹളത്തിന്റെ കാരണമെന്ന് അന്വേഷിച്ചു. ക്ലിനിക്കിന്റെ അടുത്തുള്ള ഒരു വീട്ടിൽ നിന്ന് ഡ്രില്ലിങ് മെഷീൻ പ്രവർത്തിപ്പിക്കുന്ന ശബ്ദം ഉയരുന്നുണ്ടായിരുന്നു. ആ ഉയർന്ന ശബ്‍ദം അവന്റെ കാതുകൾക്ക് പരിചിതമല്ല. ആ ശബ്ദമാണ് അവനെ അസ്വസ്ഥപ്പെടുത്തിയത്.

ഓട്ടിസം കുട്ടികളുടെ ഇത്തരം പ്രശ്നങ്ങൾക്ക് സൈക്കോ തെറാപ്പിയിലൂടെ വ്യത്യാസം കൊണ്ടുവരാൻ കഴിയുമെന്നാണ് സി. ടെസ്സ് പറയുന്നത്. ആദ്യം കുറഞ്ഞ ശബ്ദത്തോട് അവനെ പരിചിതനാക്കും; ക്രമേണ ശബ്ദത്തിന്റെ തീവ്രത വർദ്ധിപ്പിക്കും. അങ്ങനെയാണത്രേ ആ പ്രശ്നത്തെ ചികിത്സിക്കേണ്ടത്. എന്നാൽ ഈ ചികിത്സകൾക്ക് ധാരാളം സമയമെടുക്കും എന്നതാണ് യാഥാര്‍ത്ഥ്യം. സൈക്കോ തെറാപ്പികൾക്ക് കൃത്യമായി വിധേയരായി ക്ഷമയോടെ കാത്തിരുന്നാൽ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ എന്നും സി. ടെസ്സ് ലൈഫെഡേയോട് പറയുന്നു.

ഓരോ ഓട്ടിസ്റ്റിക്ക് കുട്ടിയുടെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. വളരെ സൂക്ഷ്‌മമായി അവരെ നിരീക്ഷിച്ചാൽ മാത്രമേ എന്താണ് ഓരോ കുട്ടിയെയും അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങൾ എന്ന് തിരിച്ചറിയാൻ സാധിക്കൂ; എങ്കിൽ മാത്രമേ അവർക്ക് കൃത്യമായ ചികിത്സാരീതികളും നൽകാൻ സാധിക്കൂ.

ഓട്ടിസ്റ്റിക്ക് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ വേണം മാനസിക പിന്തുണ

ഓട്ടിസ്റ്റിക് കുട്ടികളുടെ മാതാപിതാക്കൾക്കും പല ഘട്ടങ്ങളിലും മാനസിക പിന്തുണ ആവശ്യമാണ്. “ഓട്ടിസം ബാധിച്ച കുട്ടികളെ ചികത്സക്കായി കൊണ്ടുവരുമ്പോൾ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നത്, ചികിത്സ എടുത്താൽ, തങ്ങളുടെ കുട്ടികൾ സാധാരണ കുട്ടികളെപ്പോലെയാകും എന്നാണ്. പക്ഷേ, ഓട്ടിസം ഒരിക്കലും പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയില്ല എന്നതാണ് സത്യം. അത് മാതാപിതാക്കൾ തിരിച്ചറിയേണ്ട ഒരു വസ്തുതയാണ്” – സി. ടെസ്സ് വെളിപ്പെടുത്തുന്നു.

സൈക്കോ തെറാപ്പികൾ ധാരാളം സമയമെടുക്കുന്ന ചികിത്സാരീതിയാണ്. എന്നാൽ കുട്ടികളിൽ പെട്ടെന്ന് വ്യത്യാസം കാണാൻ സാധിക്കാതെ വരുമ്പോൾ പല മാതാപിതാക്കളും വേഗത്തിൽ തന്നെ മാനസിക സമ്മർദ്ദത്തിലാകുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

സി. ടെസ്സ് ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന കാലത്ത്, ഏകദേശം എട്ട് വയസു മാത്രം പ്രായമുള്ള ഒരു ഓട്ടിസ്റ്റിക്ക് കുട്ടിയെ ചികിത്സക്കായി കൊണ്ടുവന്നു. ആ കുട്ടിയെ ശാന്തമാക്കാനും നിയന്ത്രിക്കാനും എല്ലാവരും നന്നേ പണിപ്പെട്ടു. എപ്പോഴും ബഹളം വയ്ക്കും, അക്രമാസക്തനാവും, ദേഷ്യം വരുമ്പോൾ മുന്നിൽ കാണുന്ന വ്യക്തിയുടെ മുഖത്തേക്കു തുപ്പും, ചിലപ്പോൾ ആയിരിക്കുന്ന സ്ഥലത്തു തന്നെ മൂത്രമൊഴിക്കും… അങ്ങനെ നീളുകയാണ് ഈ ഓട്ടിസ്റ്റിക്ക് കുട്ടിയുടെ രോഗലക്ഷണങ്ങൾ. ജനറൽ ഹോസ്പിറ്റലിൽ ധാരാളം രോഗികൾ ഉള്ളതുകൊണ്ടു തന്നെ ആർക്കും പ്രത്യേക കരുതലോ, പരിചരണമോ നൽകുക സാധ്യമല്ല. എന്നാൽ ഇത്തരം കേസുകൾക്ക് അത് അതാവശ്യവും.

കുട്ടിയുടെ കൂടെ വന്ന അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവുമില്ല. വല്ലാത്ത മാനസിക സമർദ്ദത്തിലായിരുന്നു ആ അമ്മ. ഇതു മനസിലാക്കിയ സി. ടെസ്സ്, എസ്.ഡി സിസ്റ്റേഴ്സ് നടത്തുന്ന, ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിലേക്ക് കൂടുതൽ പരിചരണത്തിനായി ആ അമ്മയെയും കുട്ടിയെയും കൊണ്ടുപോയി. അവിടെയുള്ള സിസ്റ്റേഴ്സ് കുട്ടിക്ക് വേണ്ട പരിചരണങ്ങളും തെറാപ്പികളും അമ്മക്കു വേണ്ട നിർദ്ദേശങ്ങളും നൽകി. ഇപ്പോൾ ആ കുട്ടിക്ക് ഒരുപാട് മാറ്റമുണ്ട്. അവന്റെ പല പ്രശ്നനങ്ങളും സ്വഭാവരീതികളും മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഓർത്ത്  മാനസിക സമർദ്ദത്തിലായിരുന്ന ആ അമ്മയ്ക്ക് ഇപ്പോൾ ആശ്വാസമാണ്. കാരണം എന്തിനും താങ്ങായും തണലായും സിസ്റ്റേഴ്സ് കൂടെത്തന്നെയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് ലഭിക്കുന്ന മാനസിക പിന്തുണയ്ക്ക് വാക്കുകൾക്കതീതമായ ശക്തിയുണ്ടെന്ന് സി. ടെസ്സ് ലൈഫ്ഡേയോട് പറയുന്നു.

ഓട്ടിസ്റ്റിക്ക് കുട്ടികൾക്ക് അവരുടേതായ ചില രീതികളും പ്രത്യേകതകളും കഴിവുകളുമുണ്ട്. അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ ദൈനംദിന കാര്യങ്ങൾ അവരെക്കൊണ്ടു തന്നെ ചെയ്ത് ശീലിപ്പിക്കണം. എന്നാൽ ഇന്നത്തെ സമൂഹം ഇത്തരം കുട്ടികളെ തിരിച്ചറിയാൻ, അതായത് അവരുടെ രോഗനിർണ്ണയം നടത്താൻ താമസിക്കുന്നു എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. അങ്ങനെ പല ഓട്ടിസ്റ്റിക് കുട്ടികളും സമൂഹത്തിൽ ഒറ്റപ്പെടുകയാണ്. അവരുടെ മാതാപിതാക്കളും ജീവിതകാലം മുഴുവനും കുട്ടികളെയോർത്ത് കണ്ണീരൊഴുക്കി ജീവിക്കേണ്ടതായും വരുന്നു.

ഓട്ടിസ്റ്റിക്ക് കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സമൂഹത്തിൽ കൂടുതൽ കരുതലും പരിഗണയും ആവശ്യമാണെന്നാണ് സി. ടെസ്സ് പറയുന്നത്. അതു മാത്രമല്ല, അവർക്ക് എപ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആവശ്യമാണ്. മാതാപിതാക്കൾക്ക് ആവശ്യമായ മാനസിക പിന്തുണയും നിർദ്ദേശങ്ങളും നൽകാനായി സിസ്റ്റേഴ്സ് തന്നെ ഒരു ഗ്രൂപ്പായി പ്രവർത്തിക്കുന്നുണ്ട്.

 പാവങ്ങളെ സ്നേഹിക്കാനായി മഠത്തിലേക്ക്

എരുമേലിയിലെ സെന്റ് തോമസ് ഹൈസ്‌കൂളിലാണ് സി. ടെസ്സ് പത്താം ക്ലാസ് വരെ പഠിച്ചത്. അവിടെ സിസ്റ്ററിനെ പഠിപ്പിച്ച അധ്യാപികയായിരുന്നു എസ്.ഡി സന്യാസ സമൂഹത്തിൽപെട്ട സി. രാജി മരിയ. സ്‌കൂൾ പഠനകാലത്ത് രാജി സിസ്റ്റർ വിദ്യാർത്ഥികളെ ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിലൊക്കെ കൊണ്ടുപോകുമായിരുന്നു. അവിടെയുള്ള അന്തേവാസികളെ കാണുമ്പോൾ ടെസ്സ് എന്ന പെൺകുട്ടിക്ക് ഉള്ളിൽ ക്രിസ്തുവിനോടുള്ള സ്നേഹം നിറയുന്ന അനുഭവമായിരുന്നു. ആരോരുമില്ലാത്തവർക്കും പാവങ്ങൾക്കും രോഗികൾക്കുമായി ജീവിതം മാറ്റിവയ്ക്കണമെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നതു പോലെ.

മാനസിക വെല്ലുവിളികൾ നേരിടുന്ന ആളുകളെ സഹായിക്കണം, അവർക്കു വേണ്ടി ചെയ്യാവുന്നതൊക്കെ ചെയ്യണം ഇതായിരുന്നു ടെസ്സിന്റെ ആഗ്രഹം. തനിക്കും ഒരു സന്യാസിനിയാകണമെന്നും ക്രിസ്തുവിനു വേണ്ടി ജീവിക്കണമെന്നും അന്നു മുതൽ ടെസ്സ് അതിയായി ആഗ്രഹിക്കാനും പ്രാർത്ഥിക്കാനും തുടങ്ങി. അങ്ങനെ പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ ടെസ്സ്, തനിക്കൊരു സന്യാസിനിയാകാനാണ് ആഗ്രഹമെന്ന് വീട്ടുകാരെ അറിയിച്ചു. ക്രിസ്തുവിനു വേണ്ടി മകളെ വിട്ടുനൽകാൻ ആ മാതാപിതാക്കൾക്ക് തെല്ലും മടിയില്ലായിരുന്നു. അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ ടെസ്സ്, എസ്.ഡി സന്യാസിനീ സമൂഹത്തിന്റെ ചങ്ങനാശ്ശേരി പ്രൊവിൻസിൽ അംഗമായി ചേർന്നു. 2003 നവംബർ ഒന്നിന് ആദ്യ വ്രതവാഗ്ദാനവും 2009 സെപ്റ്റംബർ ഒൻപതിന് നിത്യ വ്രതവാഗ്ദാനവും നടത്തി ഈശോയുടെ സ്വന്തമായി.

ആദ്യ വ്രതവാഗ്ദാനം കഴിഞ്ഞപ്പോൾ അധികാരികൾ സി. ടെസ്സിനോട് സൈക്കോളജി പഠിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ മംഗലാപുരത്തെ എസ്.വി.എം കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദവും സെന്റ് ആഗ്നസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിൽ രണ്ടു വർഷത്തോളം സൈക്കോളജിസ്റ്റായി പ്രവർത്തിച്ചു. തുടർന്ന് റായ്‌പൂരിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ ആൻഡ് മെഡിക്കൽ സയൻസസിൽ നിന്ന് എം.ഫിൽ നേടി. വീണ്ടും ആറ് മാസത്തോളം ചങ്ങനാശ്ശേരിയിൽ തന്നെ പ്രവർത്തിച്ചു. ശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി സേവനം ചെയ്യാൻ തുടങ്ങി.

മാതാപിതാക്കളാണ് മാതൃക

കാഞ്ഞിരപ്പളി രൂപതയിലെ അസംപ്ഷൻ ഫൊറോനാ ഇടവകയിലെ മാത്യു – മോളി ദമ്പതികളുടെ മൂത്ത മകളാണ് ടെസ്സ്. ജീവിതത്തിൽ ആരെയെങ്കിലും മാതൃകയാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു സിസ്റ്ററിന്റെ മറുപടി. അത് മറ്റാരുമായിരുന്നില്ല, സി. ടെസ്സിന്റെ മാതാപിതാക്കൾ തന്നെ.

ചെറുപ്പത്തിൽ വീട്ടിൽ നിന്ന് എല്ലാ വർഷവും മലയാറ്റൂറിന് തീർത്ഥാടനത്തിനു പോകുന്ന പതിവുണ്ടായിരുന്നു. പിതാവിനോടൊപ്പം മൂത്തമകളായ ടെസ്സും ആ യാത്ര നടത്തുമായിരുന്നു. യാത്രയ്ക്ക് ഇറങ്ങുന്നതിനു മുൻപ് കുറച്ച് ചില്ലറത്തുട്ടുകള്‍ കവറിലാക്കി ടെസ്സിന്റെ കൈകളിൽ ഏൽപിക്കും. പോകുന്ന വഴിയിൽ കാണുന്ന ഭിക്ഷാടകർക്ക് നൽകാനാണ് അത്. ടെസ്സിനെക്കൊണ്ട് തന്നെയാണ് പിതാവ്  ഭിക്ഷാടകർക്ക് ഭിക്ഷ നൽകുന്നതും. ഇത്തരം പ്രവർത്തികൾ ചെറുപ്പം മുതലെ ടെസ്സ്  എന്ന പെൺകുട്ടിയിൽ  പാവങ്ങളോടുള്ള കരുണ വർദ്ധിപ്പിക്കാൻ കാരണമായി. അന്നു മുതൽ ഇന്നു വരെ അതിന് ഒരു കുറവും വന്നിട്ടില്ല എന്നാണ് സി. ടെസ്സ് ലൈഫ്ഡേയോട് പങ്കുവയ്ക്കുന്നത്.

അടുത്ത ജന്മത്തിലും സന്യാസിനി തന്നെ

തന്റെ സന്യാസജീവിതത്തെ സി. ടെസ്സ് ജീവശ്വാസത്തോളം സ്നേഹിക്കുന്നുണ്ട്. ഇനിയും ഒരു ജന്മമുണ്ടെങ്കിൽ തനിക്ക് ഒരു സന്യാസിനിയായിത്തന്നെ ജീവിക്കണം എന്നാണ് ടെസ്സ് സിസ്റ്ററിന്റെ സ്വപ്നം. വിശുദ്ധരുടെ പുസ്തകങ്ങൾ എപ്പോഴും സിസ്റ്ററിന് ഒരു വഴികാട്ടിയാണ്. ആവിലായിലെ വി. അമ്മത്രേസ്യയാണ് സിസ്റ്ററിന്റെ ഇഷ്ടവിശുദ്ധ. ഈ വിശുദ്ധയുടെ ഉദ്ധരണികൾ സിസ്റ്ററിനെ ഏറെ സ്പർശിച്ചിട്ടുണ്ട്. സന്യസ്തജീവിതത്തിന്റെ ഓരോ നിമിഷത്തിലും കാവലായും കരുതലായും കൂട്ടായും ക്രിസ്തു ഒപ്പമുണ്ട്. ഈ ഉറച്ച ബോധ്യമാണ് രോഗികളിൽ ക്രിസ്തുവിനെ ദർശിക്കാനും അവരെ സേവിക്കാനും സിസ്റ്ററിന് പ്രചോദനം നൽകുന്നത്.

സി. ടെസ്സ് ഇപ്പോൾ എസ്.ഡി സന്യാസ സമൂഹം നടത്തുന്ന മൾട്ടി റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റൂട്ടിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായാണ് സേവനം ചെയ്യുന്നത്. ആലപ്പുഴയിലും കുമളിയിലും ചങ്ങനാശ്ശേരിയിലുമായാണ് ആ കേന്ദ്രങ്ങൾ. ആഴ്ചയിൽ മൂന്നു ദിവസം വീതം ആലപ്പുഴയിലും ചങ്ങനാശ്ശേരിയിലും സേവനം ചെയ്യും. അതുപോലെ മൂന്നു മാസം കൂടുമ്പോൾ ഒരാഴ്ച കുമളിയിലെ കേന്ദ്രത്തിലേക്കും സേവനത്തിനായി പോകും.

ആലപ്പുഴയിലെ കരുണാലയം എസ്.ഡി കോൺവെന്റിലാണ് സിസ്റ്ററിന്റെ താമസം. മരണാസന്നരായ 17 വൃദ്ധമാതാക്കളെയാണ് സിസ്റ്റേഴ്സ് ഇവിടെ പരിചരിക്കുന്നത്.  രാപ്പകലില്ലാതെ പാവങ്ങൾക്കു വേണ്ടിയും രോഗികൾക്കു വേണ്ടിയും അക്ഷീണം പ്രവർത്തിക്കുന്ന സി. ടെസ്സിനും മറ്റു സന്യാസിനിമാര്‍ക്കും ലൈഫ്ഡേയുടെ ആശംസകൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.