മിഷനറിയാകാൻ കൊതിച്ച് പാവപ്പെട്ടവരോടൊപ്പം ജീവിതം – ഒരു സന്യാസിനിയുടെ വേറിട്ട മിഷൻ അനുഭവങ്ങൾ 

ഐശ്വര്യ സെബാസ്റ്റ്യൻ

ബീഹാറിലെ ഗ്രാമങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളുടെ സംരക്ഷകയാണ് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ള സി. സോണി അഗസ്റ്റിൻ. ഹോളിക്രോസ് സന്യാസ സമൂഹത്തിൽപ്പെട്ട ഈ സിസ്റ്റർ, ബിഹാറിലെ ഉൾനാടൻ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളെ അടുത്തറിഞ്ഞ വ്യക്തിയാണ്. അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സിസ്റ്ററിന്റെ മിഷൻ അനുഭവങ്ങളെ ലൈഫ് ഡേ- യിലൂടെ നമുക്കൊന്ന് പരിചയപ്പെടാം.

ബാല്യം മുതൽ സോണി എന്ന ഇടുക്കികാരിക്ക് ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ – തനിക്കൊരു മിഷനറിയായ സന്യാസിനിയാവണം; സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കണം. ഒരു സമർപ്പിതയായതിനു ശേഷവും സി. സോണിയുടെ തീരുമാനങ്ങൾക്ക് മാറ്റമില്ലായിരുന്നു. ഡൽഹി സർവ്വകലാശാലയിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം നേടിയ സി. സോണി നോർത്ത് ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഇന്ന് ഗ്രാമീണരുടെ പ്രിയപ്പെട്ട സഹോദരിയാണ് ഈ സിസ്റ്റർ. സ്ത്രീശാക്തീകരണവും അവരുടെ ഉയർച്ചയുമാണ് സി. സോണിയുടെ പ്രവർത്തനങ്ങൾ കൂടുതലായും ലക്ഷ്യമിടുന്നത്.

ബീഹാറിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് മിഷനറിയായി 

ബീഹാറിലെ ഉൾനാടൻ ഗ്രാമങ്ങൾ. പുറം ലോകത്തെക്കുറിച്ച് കേട്ടറിവ് പോലും ഇല്ലാത്ത ആളുകളാണ് അവിടെയുള്ളത്. ഒരു ദിവസം വൈകുന്നേരമായപ്പോൾ സി. സോണിക്ക് ഒരു ഫോൺ കോൾ വന്നു. ഗ്രാമത്തിലെ ഒരു സ്ത്രീ പൊള്ളലേറ്റ് കിടക്കുന്നു എന്നാണ് ഫോൺ ചെയ്ത വ്യക്തി സിസ്റ്ററിനെ അറിയിച്ചത്. സോണി സിസ്റ്റർ വേഗം മഠത്തിൽ നിന്നിറങ്ങി പൊള്ളലേറ്റു കിടക്കുന്ന സ്ത്രീയുടെ ഭവനത്തിലേക്കു ചെന്നു. പുറത്തു നിന്നുകൊണ്ട് സിസ്റ്റർ പൊള്ളലേറ്റ സ്ത്രീ എവിടെയെന്ന് വീട്ടുകാരോട് അന്വേഷിച്ചു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി. അപ്പോഴാണ് സിസ്റ്റർ മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. അവിടെ ഒരു മുറി മാത്രം അടഞ്ഞുകിടക്കുന്നു.

“ആ മുറിക്കുള്ളിൽ ആരാണ്?” സിസ്റ്റർ ചോദിച്ചു. ആരും മറുപടി നല്കാഞ്ഞതിനെ തുടർന്ന് സിസ്റ്റർ തന്നെ മുറി തുറന്നു. 60 ശതമാനം പൊള്ളലേറ്റ ഒരു സ്ത്രീയെ നിലത്തു കിടത്തിയിരിക്കുകയാണ്. ദേഹമാസകലം ടൂത്ത്പേസ്റ്റും തേച്ചുപിടിപ്പിച്ചിട്ടുണ്ട്. ആ സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ വീട്ടുകാർ തന്നെ ആ സ്ത്രീയെ കൊല ചെയ്യാൻ നോക്കിയതാണോ എന്നൊന്നും സിസ്റ്ററിന് മനസിലായില്ല. മുറിയിൽ നിന്നിറങ്ങിയ സിസ്റ്റർ ആ ഗ്രാമത്തിലെ എല്ലാവരുടെയും അടുക്കലേക്ക് ഓടിച്ചെന്ന് ആ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം അഭ്യർത്ഥിച്ചു. എന്നാൽ ആരും തന്നെ സഹായഹസ്തം നീട്ടിയില്ല.

പ്രതീക്ഷ കൈവിടാതെ സിസ്റ്റർ വേഗം തന്നെ മഠത്തിലേക്കു വിളിച്ച് ഒരു വാഹനത്തിനായി ആവശ്യപ്പെട്ടു. അധികം വൈകാതെ വാഹനമെത്തി. സിസ്റ്ററും ഡ്രൈവറും ചേർന്ന് ആ സ്ത്രീയെ എടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ഇത്രയും നേരം ഈ വൃണങ്ങൾ തുറന്നിരുന്നതു കൊണ്ടും അതുപോലെ പേസ്റ്റ് പുരട്ടിയതു കൊണ്ടും ഇനി ആ വൃണങ്ങൾ സുഖപ്പെടില്ലായെന്ന് ആശുപത്രിയിലെത്തിയപ്പോൾ തന്നെ ഡോക്ടർ അറിയിച്ചു. നാല്ലു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ സ്ത്രീ മരിച്ചു. ഈ സംഭവം, സമർപ്പിതയായ ഒരു മിഷനറി എന്ന നിലയിൽ സിസ്റ്ററിനെ ഏറെ സ്പർശിച്ചു.

വിദ്യാഭ്യാസമോ, മൂല്യങ്ങളോ ഒന്നുമില്ലാത്ത ഒരു കൂട്ടം സാധാരണ മനുഷ്യർ ഇന്നും നമ്മുടെ പരിസരപ്രദേശങ്ങളിൽ, ചിലപ്പോൾ നമ്മുടെ അയൽക്കാരായി ജീവിക്കുന്നുണ്ട്. അവർക്കു വേണ്ടി ഒന്നും ചെയ്യാതെ സ്വന്തം സന്തോഷം മാത്രം ലക്ഷ്യം വച്ച് ജീവിക്കുന്നത് എത്രയോ അർത്ഥശൂന്യമാണ് എന്ന ഒരു തോന്നലുണ്ടാക്കിയ സംഭവമായിരുന്നു അത്.

‘മരുന്ന് ഫലിച്ചില്ലെങ്കിൽ പിന്നെ പൂജയാണ്’

തലമുറകളായി ചാരായം വാറ്റുകയാണ് ഗ്രാമങ്ങളിലെ മനുഷ്യരുടെ കുലത്തൊഴിൽ. ആരും തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ പടി പോലും കണ്ടിട്ടില്ല. എന്തെങ്കിലും രോഗം വന്നാൽ ആദ്യ ദിവസം മരുന്ന് നൽകും. രണ്ടാം ദിവസം അസുഖം ഭേദമായില്ലെങ്കിൽ പിന്നെ വീട്ടിൽ പൂജ തുടങ്ങും. അസുഖം വന്നാൽ നല്ല ഒരു ഡോക്ടറെ കാണുക, മരുന്നുകൾ കഴിക്കുക ആ ശീലമൊക്കെ അവർക്ക് തികച്ചും അന്യമാണ്.

ഇവിടെയുള്ളവർ ആരുംതന്നെ ക്രൈസ്തവരല്ല. ഹിന്ദു മതാചാര രീതികൾ പിന്തുടരുന്നവരാണ് ഏറെയും. ഇതു കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യമാണ്, സന്യാസിനികളെ അവർ ഗ്രാമങ്ങളിൽ സ്വീകരിക്കുമോ എന്ന്. എന്നാൽ സന്യാസിനികളോടോ, മറ്റ് മതവിശ്വാസികളോടോ അവർക്ക് യാതൊരു ദേഷ്യമോ, അമർഷമോ ഇല്ലെന്നതാണ് വാസ്തവം. സി. സോണി ലൈഫ്ഡേയോട് പറഞ്ഞു.

ശൈശവ വിവാഹം അവിടെ സാധാരണമാണ്

രാത്രികാലങ്ങളിൽ ചാരായം വാങ്ങാനായി പുറത്തു നിന്നും ആളുകൾ വീടുകളിലേക്കു വരും. ചാരായം വാങ്ങി കുടിച്ചതിനു ശേഷം ആ ഭവനങ്ങളിലുള്ള പെൺകുട്ടികളെ പോലും അവർ ദുരുപയോഗം ചെയ്യുന്നു. ഇത്തരം പ്രവർത്തികളെ ഭയന്ന് ഗ്രാമങ്ങളിലെ പെൺകുട്ടികളെ അവരുടെ മാതാപിതാക്കൾ പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ വിവാഹം ചെയ്തയയ്ക്കുകയാണ് പതിവ്. അത്തരമൊരു സംഭവം സി. സോണി പറയുന്നത് ഇപ്രകാരമാണ്:

ഒരിക്കൽ സിസ്റ്റർ ഗ്രാമത്തിൽ നടത്തിയ സന്ദർശനത്തിനിടെ ഒരു വീട്ടിൽ എന്തോ ആഘോഷം നടക്കാനുള്ളതു പോലെ അലങ്കരിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടാനിടയായി. ആ ഭവനത്തിൽ സിസ്റ്റർ പ്രവേശിച്ചപ്പോൾ ആദ്യം കണ്ടത് ഏകദേശം പത്തു വയസു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെയാണ്. ആഘോഷങ്ങൾക്കിടയിലൂടെ അവൾ സന്തോഷിച്ച് നടക്കുകയാണ്. നാളെ അവളുടെ വിവാഹം ആണെന്നറിയാതെ. ആ പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചിട്ട് വർഷങ്ങളായി. ഏക സഹോദരിയോടും അവളുടെ ഭർത്താവിനോടുമൊപ്പമാണ് ആ പെൺകുട്ടി താമസിക്കുന്നത്.

സിസ്റ്റർ അവളുടെ സഹോദരിയോട്‌, എന്തിനാണ് ഇത്രയും ചെറുപ്പമായ, പക്വത പോലും എത്താത്ത ഒരു കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതെന്ന് ചോദിച്ചു.

”ഇവൾ കാരണം തനിക്ക് തന്റെ ഭർത്താവിനെ നഷ്ടപ്പെടുമോ എന്ന് ഭയമാണ്.” അതായിരുന്നു അവളുടെ ഉത്തരം.

മറുപടി പറയാൻ വാക്കുകൾ കിട്ടാതെ സിസ്റ്റർ നിശബ്ദയായി. ഒടുവിൽ ആ ഭവനത്തിൽ നിന്നിറങ്ങി തിരികെ മഠത്തിലേക്കു നടന്നു. ഇന്നും സിസ്റ്ററിന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ദിവസമാണത്. പിന്നീടൊരു ദിവസം സിസ്റ്റർ ആ പെൺകുട്ടിയെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴേക്കും അവൾ വിവാഹം കഴിഞ്ഞ്  ഭർത്താവിന്റെ ഭവനത്തിലേക്കു പോയിരുന്നു.

പെൺകുട്ടികൾ പഠിക്കട്ടെ

പെൺകുട്ടികളെ പഠിപ്പിക്കുക എന്നതാണ് അവരുടെ ജീവിതരീതികൾക്ക് മാറ്റം വരുത്താൻ ഏറ്റവും ഉചിതമായ നടപടിയെന്ന് സിസ്റ്ററിന് മനസ്സിലായി. അങ്ങനെ സഭാധികാരികളുടെ അനുവാദത്തോടെ സിസ്റ്റർ ഗ്രാമങ്ങളിലെ വീടുകൾ തോറും കയറിയിറങ്ങി മാതാപിതാക്കളോട് സംസാരിച്ചു.

‘പെൺകുട്ടികളെ പഠിപ്പിക്കണം, സിസ്റ്റേഴ്സ് ഭംഗിയായി തന്നെ അതൊക്കെ ചെയ്തുകൊള്ളാം’ എന്നൊക്കെ പറഞ്ഞ് മാതാപിതാക്കളുടെ അനുവാദം വാങ്ങി. തുടർന്ന് പെൺകുട്ടികളെ അവിടുത്തെ സർക്കാർ സ്‌കൂളുകളിൽ ചേർത്തു. എട്ടാം ക്ലാസ് പാസാകുന്ന കുട്ടികളെ സിസ്റ്റേഴ്സ് അവരുടെ മഠത്തിനോട് ചേർന്നുള്ള ഹോസ്റ്റലിൽ തന്നെ താമസിപ്പിക്കും. അതാകുമ്പോൾ കൂടുതൽ ശാന്തമായും സ്വസ്ഥമായും കുട്ടികൾക്ക് പഠിക്കാൻ കഴിയുമല്ലോ.

എന്നാൽ, അവധിക്ക് വീട്ടിലേക്ക് പോകുന്ന പെൺകുട്ടികൾ പലരും തിരികെ വരുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. അവധി കഴിഞ്ഞ് അവർ തിരികെ മഠത്തിലേക്ക് വരാതിരിക്കുമ്പോൾ സിസ്റ്റേഴ്സ് അന്വേഷിക്കും. അന്വേഷിക്കുമ്പോൾ മാതാപിതാക്കളിൽ നിന്ന് അവർക്ക് ലഭിക്കുന്ന മറുപടി ആ കുട്ടികളുടെ വിവാഹം കഴിഞ്ഞു എന്നാണ്. തങ്ങൾ ഇത്രയും നാൾ കഷ്ടപ്പെട്ട്, അവരെ സഹായിച്ചതും പഠിപ്പിച്ചതും വൃഥാവിലായല്ലോ എന്ന ചിന്ത പലപ്പോഴും ഈ സന്യാസിനികളെ വിഷമിപ്പിച്ചിട്ടുണ്ട്. എങ്കിലും അവർ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുകയാണ്. ഒരു പെൺകുട്ടിയെ എങ്കിലും ഈ ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞാൽ അത് മതി തങ്ങൾക്കെന്നാണ് സി. സോണി ലൈഫ് ഡേയോട് മനസ് തുറന്നത്.

വിവാഹം കഴിഞ്ഞ പെൺകുട്ടികളും ദുരിതത്തിൽ

ഗ്രാമങ്ങളിലെ 90 വീടുകളിൽ സിസ്റ്റർ ഒരു സർവ്വേ നടത്തി. 90 വീടുകളിലായി 40 വിധവകൾ ഉള്ളതായി സിസ്റ്റർ കണ്ടെത്തി. ഈ 40 വിധവകളും മുപ്പതു വയസിനു താഴെ പ്രായമുള്ളവരാണ്. സ്വന്തമായി ഒരു വരുമാനമില്ല; ഒരു കൈത്തൊഴിൽ പോലും അറിയില്ല. സ്വന്തം പേര് പോലും എഴുതാനോ, വായിക്കാനോ പലർക്കും അറിയില്ല. ചെറുപ്പക്കാരികളായ ഈ വിധവകളെയോർത്ത് സിസ്റ്റർ വല്ലാതെ സങ്കടപ്പെട്ടു. അവരെ എങ്ങനെയെങ്കിലും സഹായിക്കാൻ സിസ്റ്റർ തീരുമാനിച്ചു. അങ്ങനെ ഈ സ്ത്രീകളെയെല്ലാം ഒരുമിച്ചുകൂട്ടി സിസ്റ്റേഴ്സ് തന്നെ തയ്യൽ പഠിപ്പിച്ചു. അതുപോലെ പ്രൈവറ്റ് സ്‌കൂളുകളിൽ നിന്നും മറ്റും യൂണിഫോമുകൾ തയ്ക്കാനുള്ള ഓർഡർ സംഘടിപ്പിച്ച് ഇവർക്ക് നല്കാൻ തുടങ്ങി. അങ്ങനെ വിധവകളായ സ്ത്രീകൾക്കും ഒരു വരുമാനമായി. എങ്കിലും ഇപ്പോഴും ദുരിതക്കയത്തിൽ തന്നെ തുടരുന്ന അനേകം സ്ത്രീകളുമുണ്ട് ഇവർക്കിടയിൽ.

കോവിഡ് കാലത്തെ പ്രതിസന്ധി വൈറസല്ല; പട്ടിണിയാണ് 

ബീഹാറിലെ ഉൾനാടൻ ഗ്രാമങ്ങളെയും കോവിഡ് പ്രതിസന്ധി ബാധിച്ചിരുന്നു. പക്ഷേ, ഗ്രാമീണർ ഭയപ്പെട്ടത് കൊറോണ വൈറസിനെയല്ല; പിന്നെയോ പട്ടിണിയെയാണ്. ലോക്ക് ഡൗൺ മൂലം ആർക്കും പുറത്തിറങ്ങാനാവുന്നില്ല, കർഷകർക്ക് കൃഷി ചെയ്യാൻ കഴിയുന്നില്ല, കടകൾ പൂർണ്ണമായും അടഞ്ഞു തന്നെ കിടക്കുന്നു. ജനങ്ങളെല്ലാം പട്ടിണി.

ജനങ്ങളുടെ ഈ ദുരിതത്തെ കണ്ടുനിൽക്കാൻ സി. സോണിക്ക് കഴിയുമായിരുന്നില്ല. ഗ്രാമീണരെ സഹായിക്കാൻ നൂതനമായ ഒരു വഴി സിസ്റ്റർ കണ്ടെത്തി. ഈ ഉദ്യമത്തിന് സിസ്റ്ററിനെ സഹായിച്ചതോ, ഇന്ത്യൻ റെയിൽവേയും.

സിസ്റ്ററിന്റെ മഠത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ. അവിടുത്തെ പാൻട്രിയുമായി സഹകരിച്ച് ദിവസവും 3000 ഭക്ഷണപ്പൊതികൾ വീതം സിസ്റ്റർ ഗ്രാമത്തിൽ എത്തിക്കാൻ തുടങ്ങി. ലോക്ക് ഡൗൺ ദിവസങ്ങളിൽ എന്നും മഠത്തിലെ വാഹനത്തിൽ സിസ്റ്റേഴ്സ് റെയിൽവേ സ്റ്റേഷനിലേക്കു പോകും. അവിടെ നിന്ന് ഭക്ഷണപ്പൊതികൾ നിറച്ച വാഹനം ഗ്രാമങ്ങളിലേക്കു വരും. വാഹനം അവിടെ എത്തുമ്പോഴേക്കും ഗ്രാമീണർ കൈകളിൽ പാത്രങ്ങളുമായി വരിയായി നിൽക്കുന്നതു കാണാം. ഇത്തരം വേറിട്ട പ്രവർത്തനങ്ങളിലൂടെ കോവിഡ് കാലത്തും സിസ്റ്റർ ഗ്രാമീണർക്കൊപ്പം തന്നെയായിരുന്നു.

മിഷനറിയാകാനുള്ള പ്രചോദനം മിഷൻലീഗ്

ഇടുക്കി ജില്ലയിലെ വെണ്മണി ഇടവകക്കാരിയാണ് സി. സോണി. കർഷകദമ്പതികളായ അഗസ്റ്റിന്റെയും ബ്രിജീത്തയുടെയും നാല് മക്കളിൽ ഒരാൾ. ബാല്യം മുതലേ ഇടവകയിലെ മിഷൻലീഗ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോണി. അവധിക്കാലത്ത് തന്റെ ഇടവകയിൽ ധാരാളം മിഷനറിമാരായിട്ടുള്ള വൈദികരും സിസ്റ്റേഴ്‌സും അവരുടെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വരുമായിരുന്നു. അവർ പങ്കുവച്ച അനുഭവങ്ങളായിരുന്നു സോണി എന്ന ബാലികയിൽ ചെറുപ്പം മുതലേ മിഷനറിയാകാനുള്ള ആഗ്രഹത്തിന് തിരി തെളിച്ചത്. പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയ സോണി അങ്ങനെ ഹോളി ക്രോസ്സ് സന്യാസ സഭയിൽ അംഗമായി. 2004, നവംബർ 17- ന് ആദ്യ വ്രതവാഗ്ദാനവും 2013 നവംബർ 17- ന് നിത്യവ്രത  വാഗ്ദാനവും നടത്തി ഈശോയുടെ സ്വന്തമായി.

കർമ്മനിരതയായ മിഷനറി

സി. സോണി കഴിഞ്ഞ ആറ് വർഷങ്ങളായി ബീഹാറിലെ ലോധിപൂരിലാണ്. അവിടുത്തെ ഗ്രാമങ്ങളിൽ, ദളിതരുടെ ഇടയിൽ പ്രവർത്തിക്കുകയാണ്. ഗ്രാമീണരാണ് സിസ്റ്ററിന്റെ ലോകം. അവരുടെ വളർച്ചയാണ് സിസ്റ്ററിന്റെ സ്വപ്നം.

ഇപ്പോൾ മഠത്തിൽ സിസ്റ്ററിനൊപ്പം ഉള്ളത് ഒൻപത് പെൺകുട്ടികളാണ്. അവരുടെ ഭാവിയെങ്കിലും സുരക്ഷിതമാക്കാനുള്ള കഠിനപ്രയത്നത്തിലാണ് ഈ സന്യാസിനി. തന്റെ ജീവിതം പൂർണ്ണമായും ക്രിസ്തുവിന് സമർപ്പിച്ചുകൊണ്ട്, കണ്ടുമുട്ടുന്ന എല്ലാ വ്യക്തികളിലും ക്രിസ്തുവിന്റെ മുഖം ദർശിച്ച് അവർക്കു വേണ്ടി പ്രവർത്തിക്കുന്ന സി. സോണിക്ക് ലൈഫ് ഡേയുടെ ആശംസകൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.