ഇങ്ങനെയും ഒരു ജീവിതമോ?

  ഒടുവിൽ സി. നിസരി മിണ്ടാമഠത്തിൽ നിത്യവ്രതം സ്വീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച എരമല്ലൂർ മഠത്തിൽ വച്ചായിരുന്നു സംഭവം. എന്നെയും ക്ഷണിച്ചിരുന്നെങ്കിലും മറ്റൊരു പ്രോഗ്രാം നേരത്തേ ഏറ്റെടുത്തിരുന്നതിനാൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

  എൻ്റെ ഓർമ്മകൾ 2009 ലേക്കു പോവുകയാണ്. കർമലീത്താ സന്യാസിനീസമൂഹത്തിൻ്റെ (CTC) തോട്ടയ്ക്കാട്ടുകരയിലുള്ള മഠത്തിൽ ഉണ്ടായിരുന്ന സന്യാസാർത്ഥിനികളുടെ കുമ്പസാരക്കാരനായി ശുശ്രൂഷ ചെയ്യവേയാണ് ആദ്യമായി ഞാൻ നിസരിയെ കാണുന്നത്. ഈശോയോടുള്ള അദമ്യമായ സ്നേഹം ആ കൗമാരക്കാരിയിൽ എത്രമാത്രം പ്രകടമായിരുന്നു!

  അപ്പൻ്റെയും അമ്മയുടെയും ഏക സന്താനമാണ്. ചെറുപ്പം മുതലേതന്നെ അനിതരസാധാരണമായ ദൈവസ്നേഹം അവളിൽ പ്രകടമായിരുന്നു. SSLC പഠനത്തിൻ്റെ കാലഘട്ടത്തിൽ താൻ ജീവനു തുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മാതാപിതാക്കളോട് അവൾ തൻ്റെ ഹൃദയാഭിലാഷം അറിയിച്ചു. അവർ ഞെട്ടിപ്പോയി. മിണ്ടാമഠത്തിൽ ചേർന്ന് പ്രാർത്ഥനയിലും പരിത്യാഗത്തിലും ജീവിക്കാനുള്ള മകളുടെ ആഗ്രഹം അവർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു! ഏകമകളെ ആഴമായി സ്നേഹിച്ചിരുന്ന അവർ അതിനോട് പൂർണമായും വിയോജിച്ചു; കടുത്ത വാക്കുകളാൽ അവളെ നിരുത്സാഹപ്പെടുത്തി. പരീക്ഷ കഴിഞ്ഞപ്പോൾ വീണ്ടും നിസരി അതേ ആഗ്രഹം വെളിപ്പെടുത്തി. ഇപ്രാവശ്യവും അതു തടയാൻ അവർ അങ്ങേയറ്റം പരിശ്രമിച്ചു. പക്ഷേ, അവളുടെ ഉള്ളിൽ കർത്താവിനായി ജീവിക്കാനുള്ള ആഗ്രഹം അതിശക്തമാണെന്ന് അവർക്ക് മനസ്സിലായി. ഒടുവിൽ, മിണ്ടാമഠത്തിലല്ല, CTC സന്യാസസമൂഹത്തിൽ അവൾ ചേരുന്നതിൽ തങ്ങൾക്കു വിയോജിപ്പില്ലെന്ന് മാതാപിതാക്കൾ അവളോടു പറഞ്ഞു. അങ്ങനെയാണ് നിസരി തോട്ടയ്ക്കാട്ടുകര മഠത്തിൽ എത്തിയത്.

  പക്ഷേ, അവളുടെ മനസ്സിൽ നിറയേ മിണ്ടാമഠമായിരുന്നു. സമ്പൂർണ ദൈവൈക്യത്തിൽ ജീവിക്കാനുള്ള കൊതി – അതായിരുന്നു ആ ആത്മാവിൽ എനിക്കു കാണാൻ കഴിഞ്ഞത്. അത് കർത്താവുതന്നെ അവളുടെ ഉള്ളിൽ ചൊരിഞ്ഞതാണെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ, അത്രയ്ക്ക് ദുഷ്കരമായ ഒരു ജീവിതശൈലിക്ക് ഏറെ പ്രാർത്ഥനയും വിചിന്തനവും പഠനവും മുന്നൊരുക്കമായി വേണമെന്ന് അവളെ ഞാൻ ബോധ്യപ്പെടുത്തി. മാത്രമല്ല, കർത്താവ് ഒരു കാര്യം തീരുമാനിച്ചാൽ അവിടന്ന് അതു നടത്തിയിരിക്കുമെന്നും എല്ലാം കർത്താവുതന്നെ ക്രമപ്പെടുത്തുമെന്നും അതുവരെ സ്വസ്ഥമായി കാത്തിരിക്കണമെന്നും ഞാൻ അവളെ ഉപദേശിച്ചു.

  ഇതെല്ലാം കഴിഞ്ഞ് ഏതാണ്ട് മൂന്നു വർഷങ്ങൾക്കു ശേഷം നിസരി എന്നെ കാണാനെത്തി. CTC യിൽ നോവിസായി പരിശീലനം നേടിക്കൊണ്ടിരുന്ന അവൾക്ക് നോവിസ് മിസ്ട്രസ്സായ സി. പുൾക്കേറിയയെയും സ്വന്തം മാതാപിതാക്കളെയും മിണ്ടാമഠപ്രവേശത്തെക്കുറിച്ച് ബോധ്യപ്പെടുത്താനായതിൻ്റെ സന്തോഷത്തിലായിരുന്നു ആ വരവ്. വി. കൊച്ചുത്രേസ്യയുടെയും അമ്മത്രേസ്യയുടെയും ജീവചരിത്രവും ഉൾക്കാഴ്ചകളും ആത്മീയതയും തൻ്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഇതിനകം പകർന്നുകൊടുക്കുന്നതിൽ അവൾ പൂർണമായും വിജയിച്ചിരുന്നു…

  എരമല്ലൂർ മഠത്തിൽ ചേരുന്നതിനു മുമ്പ് അവിടെ ജീവിതം എങ്ങനെയെന്നറിയാൻ ഏതാനും ആഴ്ചകൾ ചെലവഴിക്കാൻ നിസരിക്കു കഴിഞ്ഞു. അവൾക്ക് അതു സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു. ആ ഭവനത്തിൽ പ്രവേശിച്ചപ്പോൾ നിസരിയിലുണ്ടായ ഭാവമാറ്റവും ആനന്ദനിർവൃതിയും, കൊണ്ടുചെന്നാക്കാൻ കൂടെ പോയ സിസ്റ്റർമാരെയും മാതാപിതാക്കളെയും അതിശയിപ്പിച്ചു. അവളുടെ തീരുമാനം ഉറച്ചതായിരുന്നു. അവളുടെ അനുഭവം അവാച്യമായിരുന്നു.

  നിസരിയെ മഠത്തിൽ ചെന്ന് കണ്ടപ്പോഴെല്ലാം അവളുടെ വാക്കുകളും ഭാവവും പ്രകടമാക്കിയ ജ്ഞാനവും ശാന്തതയും പ്രാർത്ഥനാചൈതന്യവും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു പാഴ് വാക്ക് അവളിൽ നിന്നു കേൾക്കാനാവില്ല. വചനത്തിൻ്റെ സന്തതസഹചാരിക്ക് വാക്കുകളുടെ രാജകുമാരിയാകാതിരിക്കാൻ ആവില്ലല്ലോ!

  നിസരിയുടെ പ്രാർത്ഥനകൾക്ക് ദൈവം പ്രത്യേക പരിഗണന കൊടുക്കാറുണ്ടെന്ന് എനിക്കു തോന്നിപ്പോയിട്ടുണ്ട്. ഞാൻ അവിടെ സന്ദർശിച്ച വേളയിൽ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സെല്ലാവരും കൂടിയിരിക്കെ, ഒരാൾ പറഞ്ഞു: അവസാനം ചേർന്നയാളുടെ പ്രാർത്ഥന പോലിരിക്കും ഇനിയുള്ള ദൈവവിളികൾ. നിസരിയുടെ മറുപടി വന്നു: ഞാൻ പ്രാർത്ഥിക്കും; ഈശോ തരും. ചുരുങ്ങിയ കാലയളവിൽ ഇതിനകം നാലു പുതുമുഖങ്ങളാണ് നിസരിക്കുശേഷം എരമല്ലൂർ മഠത്തിൽ ചേർന്നിട്ടുള്ളത്! മകൾ മിണ്ടാമഠത്തിൽ പ്രവേശിച്ച് ഏതാനും മാസങ്ങൾക്കകം അതിസുന്ദരമായ ഒരു ഭവനം പണിയാൻ നിസരിയുടെ മാതാപിതാക്കൾക്കു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഒരു പദ്ധതി അവർക്ക് അതിനായി പാസ്സായിക്കിട്ടി. അതു വെഞ്ചരിക്കാൻ പോയത് ഞാനായിരുന്നു. മഹാദ്ഭുതം എന്നു മാത്രമായിരുന്നു വീട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം ആ വീടിനെക്കുറിച്ച് പറയാനുണ്ടായിരുന്നത്!

  ഏതാണ്ട് എട്ടു വർഷത്തോളം നീണ്ട പ്രാർത്ഥനയ്ക്കും പരിശീലനത്തിനും വിചിന്തനങ്ങൾക്കുമൊടുവിൽ നിസരി തൻ്റെ ജീവിതം എന്നന്നേക്കുമായി നാലു ചുവരുകൾക്കുള്ളിൽ തളച്ചുകഴിഞ്ഞു. അവൾ ‘നല്ല ഭാഗം’ തിരഞ്ഞെടുത്തു കഴിഞ്ഞു! കർത്താവിനോടുള്ള സ്നേഹധ്യാനത്തിൽ മുഴുകി അവൾ തുടർന്നും ആ തൃപ്പാദത്തിങ്കൽ ഇരിക്കും. നമുക്കെല്ലാം ബഹുദൂരം മുന്നിലായി ജ്ഞാനത്തിൽ അവൾ ഗമിക്കും. നാമാരുമറിയാതെ പുണ്യത്തിൽ അവൾ ദ്രുതഗതിയിൽ മുന്നേറും.

  എനിക്കും നിങ്ങൾക്കും ഈ ലോകം മുഴുവനും വേണ്ടി അവൾ കർത്തൃസന്നിധിയിൽ തൻ്റെ കരങ്ങളുയർത്തും. നാമൊക്കെ ജീവിച്ചു പോകുന്നത് നിസരിയെപ്പോലുള്ള വിശുദ്ധ ജീവിതങ്ങളുടെ ഓരം ചേർന്നാണ്.ദൈവം അവരെപ്രതി എന്നോടും നിങ്ങളോടും കരുണ കാണിക്കട്ടെ!

  ഫാ. ജോഷി മയ്യാറ്റിൽ

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.