മുൻപ് ഹോളിവുഡ് നടി; ഇന്ന് സന്യാസിനി

ഹോളിവുഡ് നടിയായിരുന്ന ഡോളോറസ് ഹാർട്ട് ഇന്ന് ഒരു ബെനഡിക്റ്റൈൻ സന്യാസിനിയാണ്. മുൻപ് പ്രശസ്തയായിരുന്ന ഈ ഹോളിവുഡ് നടി ഇന്ന് ദൈവത്തിന്റെ മാത്രം സ്വന്തം! സി. ഡോളോറസ് ഹാർട്ടിന്റെ അത്ഭുതപ്പെടുത്തുന്ന ദൈവവിളി അനുഭവം.

1938-ൽ ചിക്കാഗോയിൽ ജനിച്ച അവർ മാർലോൺ ബ്രാൻഡോ, എൽവിസ് പ്രെസ്‌ലി തുടങ്ങിയ മികച്ച അമേരിക്കൻ താരങ്ങൾക്കൊപ്പം വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ആൽഫ്രഡ് ഹിച്ച്‌കോക്ക് ഉൾപ്പെടെയുള്ള പ്രശസ്ത നിർമ്മാതാക്കൾക്കായി പ്രവർത്തിച്ചു. ഒരു സിനിമാ ഷൂട്ടിങ്ങിനിടെയാണ് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുമായി സംസാരിക്കാൻ ഡോളോറസിന് അവസരം ലഭിച്ചത്. അത് പിന്നീട് സമർപ്പിതജീവിതം നയിക്കാൻ പ്രേരണയായി.

ചെറുപ്പം മുതൽ കത്തോലിക്കാ വിശ്വാസത്തിലാണ് ഡോളോറസ് വളർന്നത്. ഹോളിവുഡിലെ അഭിനയത്തിലും തിരക്കുകൾക്കും ഇടയിലും അവളുടെ പ്രാർത്ഥനാജീവിതം ഒരിക്കലും മുടങ്ങിയിരുന്നില്ല. ഷൂട്ടിങ്ങിനു മുൻപ് അവൾ പലപ്പോഴും രാവിലെ ആറു മണിക്ക് വിശുദ്ധ കുർബാനക്കു പോയിരുന്നു. ഈ കാലയളവിൽ, ജോലിഭാരവും സമ്മർദ്ദവും ഏറുമ്പോൾ അവൾ ആശ്വാസത്തിനായി അഭയം തേടിയത് കണക്റ്റിക്കട്ടിലെ ബെനഡിക്റ്റൈൻ സന്യാസിനീ മഠത്തിലായിരുന്നു. അതാണ്, തന്റെ ജീവിതത്തിൽ പിന്നീട് ഒരു സന്യാസിനിയാകണം എന്ന ഉറച്ച തീരുമാനത്തിൽ എത്തിച്ചതെന്ന് ഡോളോറസ് പറയുന്നു.

ലവിംഗ് യു, കിംഗ് ക്രിയോൾ എന്നീ ചിത്രങ്ങളിൽ എൽവിസ് പ്രെസ്‌ലിയുടെ സഹനടി എന്ന നിലയിലും മാർലോൺ ബ്രാൻഡോക്കൊപ്പവും ഇന്നും ഹോളിവുഡിലുള്ള നടന്മാർക്കൊപ്പവും ഡോളോറസ് അഭിനയിച്ചു. അഞ്ച് വർഷത്തിനിടെ 10 സിനിമകളിൽ കുറയാതെ അഭിനയിച്ചു.

വി. ക്ലാര, ഒരു പ്രധാന കഥാപാത്രം

1961-ൽ ‘ഫ്രാൻസിസ് ഓഫ് അസീസി’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഡോളോറസ്, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയെ കണ്ടുമുട്ടി. അസീസിയിലെ വി. ക്ലാരയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് താനെന്ന് അവർ സ്വയം പരിചയപ്പെടുത്തി. പാപ്പാ പറഞ്ഞു: “ക്ലാരയെ അഭിനയിക്കുകയല്ല, മറിച്ച് നിങ്ങൾ ക്ലാരയാണ്.” മാർപാപ്പയുടെ ഈ വാക്കുകൾ അവളുടെ ജീവിതത്തെ ആഴത്തിൽ സ്പർശിച്ചു. ഈ സംഭവത്തിനു ശേഷവും ഒരു സിനിമാനടിയെന്ന നിലയിൽ അവൾ തന്റെ ജോലി തുടർന്നു.

ആ സമയത്ത്, ഡൊളോറസ് വിവാഹത്തിൽ എത്തിനിൽക്കാമായിരുന്ന ഒരു പ്രണയബന്ധത്തിലായിരുന്നു. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം, 1963-ൽ, വിവാഹത്തിന് കുറച്ചു മാസങ്ങൾക്കു മുമ്പ് അവൾ വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറി. അതേ വർഷം, 24-ാം വയസിൽ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ കണക്റ്റിക്കട്ടിലെ ബെനഡിക്റ്റൈൻ മഠത്തിൽ പ്രവേശിച്ചു. 43 വർഷത്തെ സമർപ്പിത ജീവിതത്തിനു ശേഷം, 2012 ഫെബ്രുവരിയിൽ, സിസ്റ്റർ ഡോളോറസ് (ഇപ്പോൾ റെജീന ലൗഡിസ് കോൺവെന്റിന്റെ മദർ സുപ്പീരിയർ) ലോസ് ഏഞ്ചൽസിലേക്ക് ഗോഡ് ഈസ് ദ ബിഗ്ഗർ എൽവിസ് എന്ന ഡോക്യുമെന്ററിയുടെ ഓസ്കാർ അവാർഡ് ദാന ചടങ്ങിലേക്ക് മടങ്ങിയെത്തി.

സി. ഡോളോറസ് ഹാർട്ട് തന്റെ ജീവിതകാലം മുഴുവൻ ചലച്ചിത്രലോകത്തോടുള്ള പ്രതിബദ്ധത തുടരും. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് അവളെ വേർപെടുത്താൻ മറ്റൊന്നിനും സാധിക്കുകയില്ല എന്ന ഉറച്ച ബോധ്യത്തിൽ അവൾ ഇന്നും തന്റെ സമർപ്പിതജീവിതത്തിൽ സന്തോഷത്തോടെ തുടരുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.