പ്രാർത്ഥനയ്ക്കിടെ നിശബ്ദമായി മരണത്തിലേക്ക്

വളരെ ശാന്തവും സൗമ്യവുമായ പെരുമാറ്റവും സംസാരവുമായിരുന്നു സി. ജസീന്തായുടേത്. മരണത്തിലും സിസ്റ്റര്‍ ആ ശാന്തത കൈവിട്ടില്ല. ഈശോയെ ജീവനോളം സ്നേഹിച്ച സിസ്റ്റർ സന്യാസജീവിതത്തിന്റെ അവസാന നിമിഷങ്ങളും ചെലവിട്ടത് ആ പ്രാണനാഥന്റെ സന്നിധിയിൽ തന്നെയായിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ നിശബ്ദമായിട്ടായിരുന്നു ആ സന്യാസിനി നിത്യതയിലേയ്ക്ക് യാത്രയായത്. 

ഡി എസ് റ്റി സന്യാസിനീ സമൂഹത്തിന്റെ കുറവിലങ്ങാട് പകലോമറ്റം ബെത് തോമ്മാ കോൺവെന്റിലെ അംഗമായിരുന്നു സി. ജസീന്താ തറപ്പേല്‍. കോൺവെന്റ് ചാപ്പലിൽ വൈകിട്ടത്തെ പ്രാർത്ഥനക്കിടെ അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു സിസ്റ്റര്‍. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

45-മത്തെ വയസിൽ ഇഹലോക ജീവിതം വെടിഞ്ഞു എങ്കിലും സി. ജസീന്താ അവശേഷിപ്പിച്ച നല്ല ഓർമ്മകൾക്കും മാതൃകകൾക്കും മരണമില്ല. വലിയ ബഹളങ്ങളോ ആരവങ്ങളോ ഇല്ലാതെ ജീവിച്ച സി. ജസീന്തായുടെ അവസാന യാത്രയും പ്രാർത്ഥനക്കിടെ വളരെ നിശബ്ദമായിട്ടായിരുന്നു എന്നത് ദൈവത്തിന്റെ മുന്‍കൂട്ടിയുള്ള തീരുമാനമായിരുന്നിരിക്കണം. സിസ്റ്ററിന്റെ ശുശ്രൂഷാമേഖല നേഴ്‌സറി കുഞ്ഞുങ്ങളെ പഠിപ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയും പുഞ്ചിരിയും സിസ്റ്ററിന്റെ ജീവിതത്തിലും പ്രകടമായിരുന്നു.

ആഗസ്റ്റ് പത്തിന് വൈകിട്ട് 7.15-ന് മഠത്തിലെ ചാപ്പലിൽ ധ്യാനത്തിനിടെയായിരുന്നു സി. ജസീന്താ കുഴഞ്ഞുവീണത്‌. കുഴഞ്ഞുവീഴുമ്പോഴും സ്വരമോ, കരച്ചിലോ ഒന്നും ഉണ്ടായില്ല. ഉടൻ തന്നെ കുറവിലങ്ങാട് സെന്റ് വിൻസെന്റ് ആശുപത്രിയിലും തുടർന്ന് കാരിത്താസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും സിസ്റ്ററിന്റെ ജീവൻ രക്ഷിക്കാനായില്ല. സിസ്റ്ററിന്റെ മരണവും വളരെ നിശബ്ദമായിട്ടായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു.

മരിക്കുന്ന അന്നും രാവിലെ വിശുദ്ധ കുർബാനയിൽ പ്രാര്‍ത്ഥനാപൂര്‍വ്വം സിസ്റ്റര്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്ന്, പഠിപ്പിക്കുന്ന പ്ലേ സ്‌കൂളിൽ പോകുകയും ചെയ്തു. തിരിച്ചുവന്നപ്പോൾ മഠത്തിലെ സീനിയർ സിസ്റ്റേഴ്സിനെ കാണാൻ ഡി എസ് റ്റി പാലാ സാന്തോം പ്രോവിന്‍സിന്റെ പ്രൊവിൻഷ്യൽ സി. ജെസി മനയത്ത് എത്തിയിരുന്നു. അപ്പോൾ അവർക്കെല്ലാം കാപ്പിയെടുത്ത് കൊടുക്കുകയും കുറേ നേരം ഒന്നിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു. അതിനുശേഷം സായാഹ്ന പ്രാർത്ഥനയും ചൊല്ലി ധ്യാനിക്കാനായി ഇരുന്ന സമയമാണ് സിസ്റ്ററിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്.

“സിസ്റ്റർ പരിശുദ്ധ അമ്മയോട് വലിയ ഭക്തി കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു. പതിനഞ്ചു നോമ്പിന്റെ ഈ ദിവസങ്ങളിൽ ജപമാല കൃത്യമായി ചെല്ലാനും കൂടുതൽ ജപമാല ചൊല്ലാനും ഒക്കെ സമയം കണ്ടെത്തിയിരുന്നു. വേറെ കോൺഗ്രിഗേഷനിലെ സിസ്റ്റർമാരുമൊക്കെയായി ഒന്നുചേർന്ന് വാട്സ്ആപ് വഴി ജപമാല ചൊല്ലുന്ന ഗ്രൂപ്പും ഉണ്ടായിരുന്നു. ഇതൊന്നും ആരെയും അറിയിച്ചായിരുന്നില്ല ചെയ്തിരുന്നത്. രഹസ്യമായി സിസ്റ്റർ തന്നെ മുൻകൈ എടുത്ത് ചെയ്തിരുന്നവയാണ്. നിരന്തരം വചനം എഴുതി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു.” – പ്രൊവിൻഷ്യൽ സി. ജെസി പറയുന്നു.

പാചകം സിസ്റ്ററിന് ഭയങ്കര ഇഷ്ടമായിരുന്നു. സ്നേഹത്തോടെ ഭക്ഷണം പാചകം ചെയ്തു മറ്റുള്ളവർക്ക് കൊടുക്കാൻ പ്രത്യേകമായ കഴിവ് സിസ്റ്ററിനുണ്ടായിരുന്നു. മരിച്ച അന്ന് രാവിലെയും കൂടി ഭക്ഷണം ഉണ്ടാക്കി സിസ്റ്റേഴ്സിന് കൊടുത്തിരുന്നു എന്നത് കൂടെയുള്ളവര്‍ ഓര്‍മ്മിക്കുന്നു.

കൊച്ചുകുഞ്ഞുങ്ങളോട് വലിയ സ്നേഹമായിരുന്നു ഈ സന്യാസിനിക്ക്. കുഞ്ഞുങ്ങളുടെ കൂടെ ആയിരുന്നതിനാലാവാം നിഷ്ക്കളങ്കമായ ഒരു ചിരി എപ്പോഴും മുഖത്തുണ്ടായിരുന്നു. പ്ലേ ക്ലാസിലെ കുഞ്ഞുങ്ങൾ സിസ്റ്ററിനെ വിളിച്ചിരുന്നത് ‘ഞങ്ങളുടെ സിസ്റ്ററമ്മേ…’ എന്നായിരുന്നു. കുഞ്ഞുങ്ങൾക്കെന്നപോലെ അവരുടെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു സിസ്റ്റർ. ഓരോ സ്ഥലത്തെയും ശുശ്രൂഷ പൂർത്തിയാക്കി കടന്നുപോകുമ്പോൾ അവിടെയൊക്കെ കണ്ണീരോടെ സിസ്റ്ററിനെ യാത്രയാക്കിയിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു. അത്രമേൽ ഹൃദ്യമായിരുന്നു ജെസീന്ത സിസ്റ്റർ അവർക്കെല്ലാം.

തന്നാൽ കഴിയുന്ന സഹായം നിശബ്ദമായി എല്ലാവർക്കും ചെയ്തു കടന്നുപോകുന്ന വ്യക്തിത്വം. സന്യാസജീവിതത്തിന്റെ എല്ലാ ക്രമങ്ങളോടും പ്രാർത്ഥനയോടും ഒക്കെ വിശ്വസ്തത പുലർത്തുന്ന സന്യാസിനി. അത് അക്ഷരാർത്ഥത്തിൽ മരണം വരെയും സിസ്റ്റർ കാത്തുസൂക്ഷിക്കുകയും ചെയ്തു.

സിസ്റ്ററിന്റെ ഭൗതികശരീരം ആഗസ്റ്റ് 11-ന് വൈകിട്ട് ഏഴു മണിയോടു കൂടി പകലോമറ്റം സെന്റ് തോമസ് കോൺവെന്റിൽ കൊണ്ടുവന്നു. മൃതസംസ്ക്കാരം ആഗസ്റ്റ് 12 വെള്ളിയാഴ്‌ച രാവിലെ 10.30-ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത് മറിയം ആർച്ചുഡീക്കൻ ദൈവാലയത്തിൽ നടത്തപ്പെട്ടു.

പാലക്കാട് മണ്ണാർക്കാട് പാലക്കയം തറപ്പിൽ വീട്ടിൽ ജോർജ് – പെണ്ണമ്മ ദമ്പതികളുടെ മൂത്തമകളാണ് സി. ജസീന്താ. സിസ്റ്ററിന്റെ മൂന്ന് സഹോദരങ്ങളിൽ രണ്ടുപേരും ഹൃദയാഘാതം മൂലം നേരത്തെ മരണമടഞ്ഞിരുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

സി. സൗമ്യ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.