മുൻഗാമി കൊല്ലപ്പെട്ട ഇടത്തേക്ക് അജപാലന ദൗത്യവുമായി ഒരു ബിഷപ്പ്

പലപ്പോഴും സുവിശേഷ പ്രഘോഷകരുടെയും മിഷനറിമാരുടെയും വൈദികരുടെയും സന്യാസിനികളുടെയും ഒക്കെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്ന ഒന്നാണ് പാവങ്ങളുടെ ഇടയിൽ സുവിശേഷദീപവുമായി കടന്നുചെല്ലുമ്പോൾ സ്വന്തം ജീവനുള്ള സുരക്ഷ എന്നത്. മിശിഹായെപ്രതി എല്ലാം ത്യജിച്ചവർക്ക് സ്വന്തം ജീവന്റെ സുരക്ഷയിലും വലുത് ആത്മാക്കളുടെ രക്ഷയാണെന്ന് തെളിയിക്കുന്ന അനേകം സാക്ഷ്യങ്ങൾ ലോകമെമ്പാടുമുള്ള മിഷൻ പ്രദേശങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. മരണങ്ങളുടെ താഴ്‌വരയിൽ മരണഭീതിയില്ലാതെ ക്രിസ്തുവിന്റെ കരം പിടിച്ചുനടക്കുന്ന മിഷനറിമാർ! അതെ, ആ അർത്ഥത്തിൽ തന്റെ പുതിയ ദൗത്യം ഏറെ ധീരതയോടെ ഏറ്റെടുക്കുകയാണ് കാമറൂണിലെ ബിഷപ്പ് 52-കാരനായ ഇമ്മാനുവൽ ദാസി.

2017-ലാണ് ബിഷപ്പ് ഇമ്മാനുവൽ ദാസിയുടെ മുൻഗാമിയായി കാമറൂണിലെ സഭാപ്രവിശ്യയായ യൗണ്ടെയിലെ ബാഫിയ രൂപതയിൽ സേവനം ചെയ്ത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബാല കൊല്ലപ്പെടുന്നത്. അതിനു ശേഷമാണ് ബിഷപ്പ് ഇമ്മാനുവൽ ദാസി ഈ രൂപതയിലേക്ക് എത്തിയത്. തുടക്കം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. 2,50,000 കത്തോലിക്കാ വിശ്വാസികൾ. അവർ 41 ഇടവകകളിലായി വിന്യസിച്ചിരിക്കുകയാണ്. ഇവരുടെ പക്കലേക്ക് സഞ്ചാരയോഗ്യമല്ലാത്ത കാടും പാതയും കടന്നുവേണം എത്താൻ. എങ്കിലും അദ്ദേഹം മടിച്ചിരുന്നില്ല. ധീരതയോടെ തന്റെ ദൗത്യവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബാല കൊല്ലപ്പെട്ടത് വളരെ ഏറെ സങ്കടകരമായ ഒന്നായിരുന്നു. തട്ടിക്കൊണ്ടു പോയി മൂന്ന് ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ നദിയിൽ കണ്ടെത്തുകയായിരുന്നു.

2003 മുതൽ കൊല്ലപ്പെടുന്നതു വരെ കാമറൂണിലെ ജനങ്ങൾക്കിടയിലെ സ്തുത്യർഹമായ സേവനത്തിലൂടെ അവരിലൊരാളായ വ്യക്തിയായിരുന്നു ബിഷപ്പ് ജീൻ മേരി ബെനോയിറ്റ്. തന്റെ ലാളിത്യമാർന്ന പ്രവർത്തനങ്ങളിലൂടെ യുവജനങ്ങളുടെ ഇടയിലും മുതിർന്നവരിലും ഒരുപോലെ പ്രിയപ്പെട്ടവനാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തിൽ തെറ്റായ ആശയങ്ങൾ പ്രചരിച്ചപ്പോൾ അദ്ദേഹം അതിനെ ശക്തമായി എതിർത്തു. ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക്  നയിച്ചു. തങ്ങളെ സ്വന്തമായി കണ്ട ബിഷപ്പിന്റെ വിയോഗം ഈ വിശ്വാസികൾക്ക് ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ആ ദുഃഖം അവരെ വല്ലാതെ വലക്കുന്നതായി 2020-ൽ ബിഷപ്പായി നിയമിതനായ ഇമ്മാനുവൽ ദാസിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. എങ്കിലും അവരുടെ കണ്ണുകളിൽ കണ്ട പ്രകാശം, വിശ്വാസം അത് അദ്ദേഹത്തെ മുന്നോട്ട് നയിച്ചു.

ബിഷപ്പായി നിയമിതനായപ്പോൾ മുതൽ മുൻഗാമിയായിരുന്ന ബിഷപ്പിന്റെ അനുഭവം തന്നെ നിനക്കും ഉണ്ടാകും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയവർ ധാരാളമായിരുന്നു എന്ന് ഇമ്മാനുവൽ ദാസി ഓർക്കുന്നു. എന്നാൽ ദൈവം ഏല്പിച്ച കർത്തവ്യത്തോടുള്ള വിധേയത്വം അദ്ദേഹത്തെ ഒന്നിൽ നിന്നും പിന്തിരിപ്പിച്ചില്ല. പൂർണ്ണ മനസോടെ അദ്ദേഹം ബാഫിയ രൂപതയിലേക്ക് കടന്നുവന്നു. “വിശ്വാസത്തോടും പൂർണ്ണസന്നദ്ധതയോടും കൂടി ഞാൻ എന്റെ നിയമനത്തെ സ്വാഗതം ചെയ്തു. തീർച്ചയായും, എന്നെ അസ്വസ്ഥനാക്കാനിടയുള്ള മുന്നറിയിപ്പുകൾ എനിക്ക് ലഭിച്ചു. ആശങ്കാകുലരായവർ എന്നോട് പറഞ്ഞു: “സൂക്ഷിക്കുക, അവർ നിങ്ങളെ കൊലപ്പെടുത്തും! പക്ഷേ, അവിടെ ചെന്നപ്പോൾ ഭയമൊന്നും തോന്നിയില്ല. എന്റെ മുൻഗാമിയായിരുന്ന ബിഷപ്പിന്റെ വസതിയിൽ തന്നെ താമസിച്ചു” – ബിഷപ്പ് വെളിപ്പെടുത്തുന്നു.

ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബാല ആരംഭിച്ച ദൗത്യങ്ങൾ തുടരാനാണ് പരിശുദ്ധ പിതാവ് ബിഷപ്പ് ഇമ്മാനുവൽ ദാസിയോട് ആവശ്യപ്പെട്ടത്. ഭീഷണികൾക്കും പ്രതിസന്ധികൾക്കും നടുവിലും ബിഷപ്പ് ദാസി താൻ ഏറ്റെടുത്ത ആ ദൗത്യം തുടരുകയാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.