പ്രകാശം പരത്തുന്ന ഹന്ന എന്ന പെൺകുട്ടി

മരിയ ജോസ് 
മരിയ ജോസ്

ഹന്ന എന്ന പേരിന്റെ പര്യായമായി ‘പ്രതിസന്ധികളെ അതിജീവിച്ചവൾ’ എന്നു നമുക്ക് പറയാം. ജന്മനാ ഉള്ള കാഴ്ചപരിമിതിയെ അതിജീവിച്ച് സിബിഎസ്ഇ പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിടുക്കി പെൺകുട്ടി. ഒരു എഴുത്തുകാരിയായി, മോട്ടിവേഷണൽ സ്പീക്കറായി, മ്യൂസിക് കമ്പോസറായി അവൾ മുന്നേറുകയാണ്. പ്രതിസന്ധികളെ വെല്ലുവിളികളായി സ്വീകരിച്ച ഹന്നയുടെ ജൈത്രയാത്രയെ അറിയാം. തുടർന്നു വായിക്കുക.

ഹന്ന – പ്രതിസന്ധികളെ അതിജീവിച്ചവൾ. മൈക്രോഫ്തൽമിയ എന്ന രോഗം ബാധിച്ച പെൺകുട്ടി. പരിമിതികളും സമൂഹം കൽപിച്ച പരിധികളും ഏറെ ഉണ്ടായിട്ടും അതിനെയൊക്കെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം അതിജീവിച്ചു മുന്നേറിയവൾ. ജന്മനാ ഉള്ള കാഴ്ചപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട്, അതിനെയെല്ലാം അതിജീവിച്ച് സിബിഎസ്ഇ പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹന്നയ്ക്ക് പറയാനുണ്ട് അതിജീവനത്തിന്റെ, പ്രതിസന്ധികളോട് പൊരുതിനേടിയ വിജയത്തിന്റെ കഥ. സമൂഹത്തിന്റെ സംശയങ്ങൾ ഒരു ചൂണ്ടുവിരൽ അകലെ നിൽക്കുമ്പോൾ അതിനെയൊക്കെ തകർത്ത് ഈ പെൺകുട്ടി മുന്നേറുകയാണ്. ഒരു എഴുത്തുകാരിയായി, മോട്ടിവേഷണൽ സ്പീക്കറായി, മ്യൂസിക് കമ്പോസറായി… തങ്ങളുടെ ആദ്യകുഞ്ഞിനുണ്ടായ പരിമിതികളെ അതിജീവിക്കാൻ അവൾക്കായി കൂടൊരുക്കിയ, കൂട്ട് കൂടിയ മാതാപിതാക്കളുടെ, പ്രതിസന്ധികളെ വെല്ലുവിളികളായി സ്വീകരിച്ച ഹന്നയുടെ ജൈത്രയാത്രയെ അറിയാം.

ആദ്യം പകച്ചു, പിന്നെ പൊരുതി – മകൾക്കായി പോരാടാൻ തയ്യാറായ മാതാപിതാക്കൾ

വിവാഹം കഴിഞ്ഞ നാളുകൾ. ഏറെ പ്രതീക്ഷയോടെയാണ് ലിജ സൈമണും സൈമൺ മാത്യൂസും തങ്ങളുടെ ആദ്യകൺമണിയെ കാത്തിരുന്നത്. തങ്ങൾക്കു ലഭിച്ച കണ്മണിക്ക് കാഴ്ചക്ക് തകരാർ ഉണ്ടെന്നു മനസിലാക്കിയ ഈ യുവദമ്പതികൾ ആദ്യം വിധിക്കു മുന്നിൽ ഒന്ന് പകച്ചുനിന്നു. ചെറുപ്രായം. മുൻപ് ഇത്തരത്തിലൊരു കുഞ്ഞിനെ പരിചരിച്ചോ, അറിഞ്ഞോ ശീലമില്ല. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പകച്ചുനിൽക്കുന്നതിൽ കാര്യമില്ലെന്നു മനസിലാക്കിയ ഈ മാതാപിതാക്കൾ തങ്ങളുടെ മകൾക്കായുള്ള പോരാട്ടം ആരംഭിച്ചു. ഈ രോഗാവസ്ഥയെക്കുറിച്ചും, കാഴ്ചക്ക് വൈകല്യങ്ങൾ സംഭവിച്ച കുട്ടികളെയും അവരെ പരിശീലിപ്പിക്കേണ്ട രീതികളെ കുറിച്ചുമെല്ലാം കിട്ടാവുന്ന കാര്യങ്ങളെല്ലാം വായിച്ചു മനസിലാക്കി.

തൊട്ടടുത്ത് ഒരാൾ നിന്നാൽ അയാൾ ആരാണെന്ന് ഹന്നയ്ക്ക് മനസിലാകില്ല. എങ്കിലും ഒരാൾ അവിടെ നിൽപുണ്ടെന്നു മനസിലാകും. നിറങ്ങളും ലൈറ്റുകളും കാണാം. കണ്ണിനോട് ചേർത്തുപിടിച്ചാൽ വലിയ അക്ഷരത്തിൽ എഴുതിയതും കാണാൻ കഴിയും. കുഞ്ഞിന്റെ ആ സാധ്യതകളെ ഇവർ പരമാവധി ഉപയോഗപ്പെടുത്തി. കാഴ്ച്ചാപരിമിതിയുള്ള കുട്ടികൾക്ക് ബ്രെയ്‌ൻ ലിപി സഹായകമാകുമെന്നു മനസിലാക്കി ഹന്നയെ ചെറുപ്പത്തിലേ അത് പരിശീലിപ്പിക്കാൻ ഇവർ തയ്യാറായി. എന്നാൽ കുഞ്ഞുഹന്നയ്ക്ക് അത് പഠിച്ചെടുക്കുക വളരെ പ്രയാസമുള്ളതിനാലും ചെറുപ്രായമായതിനാലും അമ്മ ലിജ മകൾക്കായി ബ്രെയ്‌ൻ ലിപി പഠിച്ചെടുത്തു. കട്ടിയുള്ള നിബ് ഉള്ള പെൻസിൽ കൊണ്ട് എഴുതി വൺ, ടു, ത്രീ, ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്റേഴ്സ് ഒക്കെ ലിജ മകളെ പഠിപ്പിച്ചു. കാഴ്ചക്ക് പരിമിതികളുണ്ടെങ്കിലും മകൾക്ക് കഥകളും മറ്റും വായിച്ചുകൊടുത്തു കൊണ്ട് ഭാവനയുടെ വലിയ ഒരു ലോകം തുറന്നുകൊടുക്കാൻ പിതാവ് സൈമൺ മാത്യൂസിനും കഴിഞ്ഞു.

പരിമിതികളെ വെല്ലുവിളിച്ച നോർമൽ സ്‌കൂൾ ജീവിതം

കാഴ്ചപരിമിതിയുള്ള കുട്ടിയെ ബ്ലൈൻഡ് സ്‌കൂളിലല്ലേ വിടേണ്ടത്? എന്നാൽ, ഹന്നയുടെ വിദ്യാഭ്യാസത്തെ സംബന്ധച്ചിടത്തോളം അച്ഛനമ്മമാർക്ക് ദീർഘവീക്ഷണം ഉണ്ടായിരുന്നു. അവർ ഹന്നയ്ക്കായി നോർമൽ സ്‌കൂളിങ് ആണ് തിരഞ്ഞെടുത്തത്. “അതിനു കാരണം ബ്ലൈൻഡ് സ്‌കൂൾ ഏഴാം ക്ലാസ് വരെയേ ഉള്ളൂ. അതു കഴിഞ്ഞാൽ പിന്നെ ആ കുട്ടികൾ നോർമൽ സ്‌കൂളിലാണ് പഠിക്കേണ്ടി വരിക. സ്പെഷ്യൽ കൂൾ പഠനം കഴിഞ്ഞു നോർമൽ സ്‌കൂളിലേക്കു വരുന്ന കുട്ടികൾ ആ സമയത്ത് ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അത് ഒഴിവാക്കാനും ഒപ്പം അടുത്തുള്ള ബ്ലൈൻഡ് സ്‌കൂൾ ആലുവയിൽ ആയിരുന്നതിനാലുമാണ് നോർമൽ സ്‌കൂളിൽ അയച്ചു പഠിപ്പിക്കാൻ തീരുമാനിച്ചത്” – ലിജ പറയുന്നു. അങ്ങനെയൊരു തീരുമാനം എടുത്തപ്പോഴും വെല്ലുവിളികൾ ഏറെയായിരുന്നു.

ഹന്നയ്ക്ക് അഡ്മിഷനായി സ്‌കൂളുകളെ സമീപിച്ചപ്പോൾ എല്ലായിടത്തു നിന്നും ലഭിച്ച പ്രതികരണം, കുട്ടിക്കൊപ്പം ഒരാളും കൂടെ ഉണ്ടാകണം എന്നാണ്. ഹന്നയ്ക്ക് മാത്രമായി പ്രത്യേക പരിഗണനയൊന്നും നൽകാൻ തയാറായിരുന്നില്ല. അങ്ങനെ ചെയ്താൽ കുട്ടി എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. ഒടുവിൽ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിൽ ചേർത്തു. അഞ്ചാം ക്ലാസ് വരെ ഗ്രീറ്റ്സ് പബ്ലിക് സ്‌കൂളിൽ പഠിച്ചു. ശേഷം രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിലും. ഈ സമയങ്ങളിലൊക്കെ ഹന്നയുടെ കൂട്ടുകാരിൽ നിന്നും നോട്ട്സ് ഒക്കെ വാങ്ങി അമ്മ വായിച്ചുകൊടുക്കും. അങ്ങനെ ഹന്ന കേട്ടുപഠിക്കും.

ചെറിയ സ്‌കൂളിലൊക്കെ ചോദ്യപരീക്ഷയായിരുന്നു. പിന്നീട് ഹന്ന ബ്രെയ്‌ലി വായിക്കാൻ പഠിച്ചു. ഈ സമയം അമ്മ, കൂട്ടുകാരുടെ ടെക്സ്റ്റ് ബുക്കുകൾ വാങ്ങി അവധിക്കാലത്ത് മകൾക്കായി ബ്രെയ്‌ലി ലിപിയിലേക്ക് മാറ്റിയെഴുതും. ശനി, ഞായർ ദിവസങ്ങളിൽ ലിജ, ഹന്നയുടെ സുഹൃത്തുക്കളുടെ വീട്ടിലെത്തി നോട്ടുകൾ വാങ്ങും. ശേഷം അത് പകർത്തിയെഴുതി ഹന്നയെ പഠിപ്പിക്കും. അങ്ങനെ കഴിഞ്ഞുപോയ ആദ്യവർഷങ്ങൾ ലിജ ഓർത്തെടുത്തു. ശേഷം ബ്രെയ്‌ലി എഴുതാൻ പഠിച്ചു. പിന്നീട് ലാപ് ടോപ് ഉപയോഗിക്കാൻ പഠിച്ച ശേഷം അത് ഉപയോഗിച്ചായിരുന്നു ഹന്നയുടെ പഠനം. ലാപ് ടോപ് ഉപയോഗിച്ച് കേട്ടുകൊണ്ടുള്ള പഠനം ഹന്നയുടെ ഭാഷയെയും മികച്ചതാക്കി.

“ഹന്നയെ പഠിക്കാൻ പറഞ്ഞു നിർബന്ധിക്കേണ്ടതായ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാം നോക്കിയും കണ്ടും ചെയ്യുന്ന പ്രകൃതമായിരുന്നു. ഒപ്പം മറ്റുള്ള കുട്ടികൾ ചെയ്യുന്നത് എനിക്കും ചെയ്യണമെന്ന ആഗ്രഹം ആയിരുന്നു ഹന്നയ്ക്ക്. ഒന്നിൽ നിന്നും മാറ്റിനിർത്തുന്നത് ആൾക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ആദ്യം ഡാൻസ് ഒക്കെ ഇഷ്ടമായിരുന്നു. അതിൽ പങ്കെടുപ്പിക്കാൻ പറ്റില്ലല്ലോ. പക്ഷേ, അപ്പോഴും ഹന്നയോട് ഞാൻ ഒന്നിലും പങ്കെടുക്കേണ്ട എന്നു പറഞ്ഞിട്ടില്ല. അവൾക്ക് പങ്കെടുക്കൽ കഴിയുന്ന ലിറ്റററി കോമ്പറ്റേഷനുകളിൽ പങ്കെടുപ്പിച്ചു. പലപ്പോഴും ലിറ്റററി ചാമ്പ്യൻ ഹന്ന ആയിരുന്നു. സംസ്ഥാനതലത്തിൽ വരെ ഹന്ന മത്സരിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ലഭിച്ച ഈ വിജയം അത് ദൈവകൃപയാണെന്നു വിശ്വസിക്കുകയാണ്” – ലിജ പറയുന്നു.

അമ്മ ലിജയോട് സംസാരിച്ച ശേഷം ഹന്നയ്ക്ക് ഫോൺ കൈമാറി. ഇത്രയും വലിയ ഒരു നേട്ടം കൈപ്പിടിയിലൊതുക്കിയ ഹന്നയുടെ വാക്കുകളിൽ സന്തോഷത്തോടൊപ്പം ദൈവത്തോടുള്ള നന്ദി നിറഞ്ഞിരുന്നു. കാരണം ഇത്രയും വലിയ ഒരു മാർക്കും ഫസ്റ്റ് റാങ്കും ഒന്നും ഹന്ന പ്രതീക്ഷിച്ച ഒന്നായിരുന്നില്ല. ദൈവത്തിന്റെ ഒരു ഇടപെടൽ കാണാം ഹന്നയുടെ ജീവിതത്തിൽ ഉടനീളം. ഹന്ന എന്നും മനസിൽ സൂക്ഷിക്കുന്ന ഒരു വചനമുണ്ട്. “അജ്ഞാതമായ മാർഗ്ഗത്തിൽ കുരുടരെ ഞാൻ നയിക്കും. അപരിചിതമായ പാതയിൽ അവരെ ഞാൻ നടത്തും. അവരുടെ മുമ്പിലെ അന്ധകാരത്തെ ഞാൻ പ്രകാശമാക്കുകയും ദുർഘടദേശങ്ങളെ നിരപ്പാക്കുകയും ചെയ്യും. ഇവയെല്ലാം ഞാൻ അവർക്കു ചെയ്തുകൊടുക്കും; അവരെ ഉപേക്ഷിക്കുകയില്ല” (ഏശയ്യാ 42:16). ജീവിതത്തിന്റെ പ്രതിസന്ധികളിൽ ഈ വചനം ഹന്നയെ കൈപിടിച്ചു നടത്തുന്ന ഒന്നാണ്.

തനിക്കായി ഒരുക്കിയ മാലാഖമാരെ കുറിച്ച് ഹന്ന

തന്റെ ജീവിതത്തിൽ ഓരോ ആവശ്യങ്ങളിലും സഹായിക്കാനായി ദൈവം ഓരോ മാലാഖമാരെ നൽകിയിരുന്നു. രാജഗിരിയിൽ ചേർന്നപ്പോൾ അവിടെ ആദ്യ ക്ലാസിൽ പഠിപ്പിച്ച ഷിജി മിസ്, ഒരു വർഷമേ പഠിപ്പിച്ചുള്ളൂവെങ്കിലും സ്‌കൂളിലെ ‘അമ്മ’ എന്ന സ്ഥാനമാണ് ഈ അധ്യാപികയ്ക്ക് ഹന്നയുടെ മനസിലുള്ളത്. കൂടാതെ ഉറ്റസുഹൃത്തുക്കളായ മേഘ്‌നയും കെയ്ത് ലിനും. ഒരിക്കലും ഇവർ തനിക്കു മുന്നിൽ ഒരു പരിധിയും വച്ചിട്ടില്ല എന്നു ഹന്ന ഓർക്കുന്നു. അവരുടെ കൂടെ ചേർന്നാണ് തനിക്ക് കൂടുതൽ കരുത്താർജ്ജിക്കാൻ കഴിഞ്ഞത് എന്ന് ഹന്ന വെളിപ്പെടുത്തുന്നു. കൂടാതെ, തന്റെ മാതാപിതാക്കൾ. തനിക്കായി ദൈവം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് അവർ എന്ന് വിശ്വസിക്കുകയാണ് ഈ പെൺകുട്ടി.

“അമ്മയും ഞാനും തമ്മിൽ 20 വയസ് വ്യത്യാസമേ ഉള്ളൂ. ഒരു അമ്മ – മകൾ എന്നതിനുമുപരി ഒരു ബെസ്റ്റ് ഫ്രണ്ട് ആണ് അമ്മ എനിക്ക്. എന്തു പ്രശ്നം വന്നാലും ആദ്യം ഞാൻ തിരിയുന്നത് അമ്മയുടെ അടുത്തേക്കാണ്. അതിപ്പോൾ വിഷമം ഉണ്ടാകുമ്പോൾ മാത്രമല്ല എന്തെങ്കിലും തെറ്റ് ചെയ്താൽ പോലും അമ്മയോട് അത് തുറന്നുപറയാനുള്ള ധൈര്യം എനിക്കുണ്ട്. എന്റെ അമ്മയും അപ്പയും കാഴ്ചയില്ല എന്ന് പറഞ്ഞു ഒരിക്കലും എനിക്ക് പരിധികൾ വച്ചിട്ടില്ല. കളേഴ്‌സും ക്രയോൺസും വാങ്ങിത്തന്ന്, ഓട്ടമത്സരങ്ങളിൽ കൊണ്ടുപോയി, ബാഡ്മിന്റൺ കളിച്ച് അവർ എനിക്കൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രജ്ഞ ആകണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ എക്സ്പിരിമെന്റിന്റെ കിറ്റ് ഒക്കെ വാങ്ങിത്തന്ന് പരീക്ഷണങ്ങൾ ചെയ്യിക്കാനും രാത്രിയിൽ, തെളിഞ്ഞുനിൽക്കുന്ന വിളക്കുകൾ കാണാൻ ബൈക്കിൽ എംജി റോഡിലൂടെ പോകുന്നതിനുമൊക്കെ അപ്പ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും ഒരു സാധാരണ കുട്ടിയെപ്പോലെ തന്നെയായിരുന്നു അവർ എന്നെ വളർത്തിയത്. സഹോദരങ്ങളും ഞാനുമായി ഒരു വ്യത്യാസവും വരുത്താൻ അവർ അനുവദിച്ചിരുന്നില്ല” – മാതാപിതാക്കളെക്കുറിച്ച് ഹന്ന പറയുന്നു.

പാട്ടും എഴുത്തും മോട്ടിവേഷണൽ സ്പീക്കിങ്ങും

സാധാരണ കുട്ടികളിൽ നിന്നും ഹന്ന എപ്പോഴും വ്യത്യസ്ത ആയിരുന്നു. അത് തനിക്കു ദൈവം അനുവദിച്ച കുറവുകളാൽ മാത്രമല്ല, ആ കുറവുകളെ നിറവുകളാക്കി മാറ്റിയ കാര്യത്തിലും വ്യത്യസ്ത ആയിരുന്നു. ചെറുപ്പത്തിലേ അപ്പ വായിച്ചുകേൾപ്പിച്ച കഥകളിലൂടെ ഭാവനയുടെ ലോകത്ത് സ്വൈര്യവിഹാരം നടത്തിയ പെൺകുട്ടി, പിന്നീടും തന്റെ എഴുത്തുകളിൽ ആ ഭാവനാലോകത്തെ കൂട്ടുപിടിച്ചു.

ആദ്യം പാട്ടുകാരി എന്ന ലേബലിലേക്ക് ഒതുക്കാൻ ശ്രമിച്ച ലോകത്തോട് വെറുപ്പായിരുന്നു. അങ്ങനെ പാട്ടിനെ അകറ്റിനിർത്തിയ സമയം. ഏതാണ്ട് ചെറിയ ഒരു ഇടവേളയ്ക്കു ശേഷമാണ് സ്‌കൂളിൽ സുഹൃത്ത് എഴുതിയ വരികൾക്ക് ഈണം നൽകുന്നത്. അങ്ങനെ ഇരുന്നപ്പോഴാണ് “നീ എന്തുകൊണ്ടാ ഈശോ അപ്പച്ചയ്ക്കായി പാട്ട് എഴുതാത്തത്?” എന്ന അപ്പയുടെ ചോദ്യം വരുന്നത്. ആ ചോദ്യം ‘ജീസസ് ബൈ മൈ സൈഡ്’ എന്ന പാട്ടിലേയ്ക്ക് ഹന്നയെ നയിച്ചു. അതിനു ശേഷം എട്ടോളം പാട്ടുകൾ ഹന്ന ചെയ്തു.

പാട്ടുകളിലൂടെ തന്നെയാണ് മോട്ടിവേഷൻ സ്പീക്കിങ് ആരംഭിച്ചതും. ‘ജീസസ് ബൈ മൈ സൈഡ്’ യാക്കോബായ സഭയുടെ വെക്കേഷൻ ബൈബിൾ സ്‌കൂളിന്റെ സോങ് ബുക്കിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ഈ പാട്ട് പഠിപ്പിക്കുന്നതിനായി കേരളത്തിലെ പല സ്ഥലങ്ങളിലും പോയി. പാട്ട് പഠിപ്പിക്കുന്നതിനൊപ്പം തന്റെ ജീവിതകഥയും ദൈവത്തിന്റെ ഇടപെടലും ഒക്കെ പങ്കുവച്ചു. അപ്പോഴാണ് തന്നെ കേൾക്കാനും ആളുകളുണ്ടെന്ന് ഹന്നയ്ക്ക് മനസിലായത്. കൂടാതെ, വായനയെ നെഞ്ചോട് ചേർത്ത ഹന്ന പതിയെ എഴുത്തിലേക്കും കടന്നു. ചെറിയ ക്ളാസുകളിൽ പഠിക്കുമ്പോൾ ഉപന്യാസങ്ങളും കഥകളും  മറ്റും എഴുതുന്ന അവസരത്തിൽ ടീച്ചർമാർ അത് ക്ലാസിൽ വായിക്കാറുണ്ടായിരുന്നു. വലിയ ഒരു പ്രോത്സാഹനമായിരുന്നു അത് നൽകിയിരുന്നത്. അങ്ങനെ ഒമ്പതിലും പത്തിലും പഠിക്കുന്ന സമയത്ത് ധാരാളം ചെറുകഥകൾ എഴുതി. പിന്നീട രണ്ടു വർഷം കഴിഞ്ഞാണ് ഒരു പബ്ലിഷറെ കിട്ടുന്നത്. അങ്ങനെ ‘വെൽക്കം ഹോം’ എന്ന പേരിൽ ചെറുകഥാ സമാഹാരം ഈ ജൂലൈ  14-ന് പ്രസിദ്ധീകരിച്ചു.

സ്കോളർഷിപ്പോടെ അമേരിക്കയിലെ നോട്ടർ ഡാം യൂണിവേഴ്‌സിറ്റിയിലേക്ക്

പരിമിതികളെ മനോധൈര്യം ദൈവവിശ്വാസവും കൊണ്ട് അതിജീവിച്ച ഹന്ന വിദേശത്തേയ്ക്ക് പഠനത്തിനായി പോകാൻ ഒരുങ്ങുകയാണ്. അമേരിക്കയിലെ പ്രശസ്തമായ നോട്ടർ ഡാം യൂണിവേഴ്‌സിറ്റിയിൽ ഫുൾ സ്കോളർഷിപ്പോടെ സൈക്കോളജി, മ്യൂസിക് ആൻഡ് ക്രിയേറ്റിവ് റൈറ്റിങ് പഠനത്തിനായി ഈ മാസം ഹന്ന പോകുകയാണ്.

പ്രതിസന്ധികളെ നേരിടുമ്പോൾ നാം ശക്തരാകുന്നു

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ധാരാളം ആളുകളുണ്ട്. അവരോടൊക്കെ ഹന്നയ്ക്ക് പറയാനുള്ളത് ഇപ്രകാരമാണ്: “പ്രതിസന്ധികളും വെല്ലുവിളികളും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. എനിക്ക് ഒരു പ്രശ്നവും ഇല്ലാതെ ജീവിതം സുഖകരമായിരുന്നു എങ്കിൽ ഞാൻ ഇത്ര ശക്തയാകില്ലായിരുന്നു. പ്രതിസന്ധികൾ വരുമ്പോൾ അതിനെ നേരിടാൻ ധൈര്യം കാണിക്കുക. ഒരു പ്രശ്നം വരുമ്പോൾ അതിൽ ഓടിയൊളിക്കാതെ അതിനെ നേരിടാൻ തയ്യാറാകുമ്പോൾ തന്നെ നാം അതിനെ അതിജീവിച്ചു കഴിഞ്ഞു. നമുക്ക് ഒരു സ്വപ്നം ഉണ്ടാകണം. അ സ്വപ്നത്തെ മുന്നിൽ കണ്ട്  നടന്നുകഴിഞ്ഞാൽ ഈ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ധൈര്യം ലഭിക്കും. ഇത്തരത്തിലുള്ള യാത്രയിൽ നമുക്ക് വിശ്വസിക്കാവുന്ന, നമ്മെ വിശ്വസിക്കുന്ന ഒരാളെ ദൈവം തരും. നമ്മളെപ്പോലെ തന്നെ  നമ്മുടെ സ്വപ്നത്തെ ചേർത്തുപിടിക്കുന്ന ഒരാൾ ഉണ്ടാകും. അങ്ങനെ ഒരാളെ കണ്ടെത്തി അയാളുടെ കൈപിടിച്ചു നടക്കാം. പ്രതിസന്ധികളും പ്രശ്നങ്ങളും താൽക്കാലികമാണ്. അതിനെ അതിജീവിച്ചു കഴിഞ്ഞാൽ നമ്മെ കേൾക്കാൻ ലോകം തയ്യാറാകും.”

വളരെ പക്വതയാർന്ന സംസാരം. പ്ലസ് ടു കഴിഞ്ഞ ഒരു വിദ്യാർത്ഥിനിയോടാണ് സംസാരിക്കുന്നതെന്ന തോന്നൽ ഹന്നയോടുള്ള സംസാരത്തിൽ തോന്നിയില്ല. അതിലുപരി അനുഭവങ്ങളിൽ നിന്നും കരുത്താർജ്ജിച്ച ഒരു യുവതിയുടെ ഉറച്ച ശബ്ദമായിരുന്നു ഹന്നയുടേത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ചുതീർത്തു. ലളിതമായ സംസാരം. വാക്കുകൾക്ക് ദൈവത്തോടുള്ള നന്ദിയുടെ ഭാവം. ഒപ്പം അനേകം ജീവിതങ്ങൾക്ക് വെളിച്ചം പകർന്നുനൽകാനുള്ള ശക്തിയും ഹന്നയുടെ വാക്കുകൾക്കുണ്ടായിരുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.