‘ഒരു കുറവ് ഉണ്ടെങ്കിലും ദൈവം അവർക്ക് ഒരായിരം അനുഗ്രഹങ്ങൾ തന്നു’ – ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക അഡ്വ. സാറാ സണ്ണിയുടെ മാതാപിതാക്കൾ

ഐശ്വര്യ സെബാസ്റ്റ്യൻ

മക്കൾ മൂന്നുപേരും ബധിരരാണ് എന്നറിയുമ്പോൾ ഏത് മാതാപിതാക്കളാണ് ഒന്ന് പതറാത്തത്! ഇവരും പതറി. എന്നാൽ, അത് മികച്ച ഒരു തീരുമാനത്തിലേക്കാണ് അവരെ നയിച്ചത്. ദൈവം തങ്ങളെ ഏൽപ്പിച്ച മക്കളെ ഏറ്റവും നല്ല രീതിയിൽ വളർത്തുക. അത് പൂർണ്ണമായും സാധ്യമാക്കിയെന്ന് സണ്ണി – ബെറ്റി ദമ്പതികൾക്ക് ഇന്ന് പറയാൻ സാധിക്കും. 2021 മാർച്ച് മാസത്തിലായിരുന്നു അഡ്വ. സാറാ സണ്ണി ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷകയായി മാറിയത്. ജീവിതത്തിൽ ബധിരത എന്ന ഒരു കുറവ് ഉണ്ടെങ്കിലും ഒരായിരം അനുഗ്രഹങ്ങൾ ദൈവം ഇവരുടെ കുടുംബത്തിൽ നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് കുറവിനെ നിറവായിക്കണ്ട് സ്വീകരിക്കാൻ കഴിഞ്ഞ ഇവരുടെ മാതാപിതാക്കളുടെ ഹൃദയവിശാലതയാണ്. മക്കൾ മൂന്നുപേരും ബധിരരാണ് എന്നറിഞ്ഞപ്പോൾ മാതാപിതാക്കളായ സണ്ണിയും ബെറ്റിയും തളർന്നില്ല. മക്കളെ ദൈവം നൽകിയ സമ്മാനമായിക്കണ്ട്, അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞു, മികച്ച വിദ്യാഭ്യാസം നൽകി വളർത്തി. ഇന്നവർ മക്കളുടെ വളർച്ചയിൽ അഭിമാനിക്കുന്നു. സണ്ണി- ബെറ്റി ദമ്പതികളുമായി ലൈഫ്ഡേ നടത്തിയ അഭിമുഖം.

മറ്റ് കുട്ടികൾക്കൊപ്പം സാധാരണ സ്‌കൂളിൽ പഠിച്ച മൂത്തമകൻ പ്രതീക് ഇന്ന് അമേരിക്കയിൽ എൻജിനീയറാണ്. ഭാര്യയും രണ്ട് കുട്ടികളുമായി അദ്ദേഹമിപ്പോൾ ടെക്സസിൽ താമസിക്കുന്നു. ബാംഗ്ലൂരിലെ ജ്യോതി നിവാസ് കോളേജിൽ നിന്ന് ബി.കോം കഴിഞ്ഞ ഇരട്ടസഹോദരിമാരായ സാറയ്ക്കും മറിയയ്ക്കും അടുത്തത് എന്ത് തിരഞ്ഞെടുക്കണമെന്നത് ഒരു ചോദ്യമായിരുന്നു. ബധിരരായ ഇരുവരും ചെറുപ്പം മുതലേ ബാംഗ്ലൂർ നഗരത്തിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസം. “നിങ്ങൾ ഈശോയോട് പ്രാർത്ഥിച്ച് ഒരു തീരുമാനമെടുക്കൂ. നിങ്ങളുടെ ഏത് ആഗ്രഹത്തിനും ഞങ്ങൾ കൂടെയുണ്ട്”- മാതാപിതാക്കളായ സണ്ണിയും ബെറ്റിയും മക്കളോട് പറഞ്ഞു. മറിയ പിതാവിന്റെ പാത പിന്തുടരാൻ തീരുമാനിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റ് പരിശീലനത്തിനു ചേർന്നു. എന്നാൽ സാറയാകട്ടെ, അഭിഭാഷകയാകാനാണ് തീരുമാനിച്ചത്.

പഠിച്ചത് സാധാരണ കുട്ടികൾക്കൊപ്പം

1996 ഏപ്രിൽ രണ്ടിനാണ് ഇരട്ടസഹോദരിമാരായ സാറയും മറിയയും ജനിച്ചത്. ജന്മനാ ബധിരരായ ഇരുവരെയും ബാംഗ്ലൂരിലെ മല്ലീശ്വരത്തുള്ള ക്ലൂണി സ്‌കൂളിലാണ് പഠനത്തിനായി ചേർത്തത്. ഇരട്ടകളായതിനാൽ തന്നെ ഒന്നാം ക്ലാസ് മുതലേ ഇരുവരും ഒരേ ക്ലാസിൽ പഠിച്ചു. പ്രൈമറി ക്ലാസ്സുകളിൽ ടീച്ചേഴ്സ്, ഇവരെ ഏറ്റവും മുന്നിലുള്ള ബെഞ്ചിലാണ് ഇരുത്തിയിരുന്നത്. എന്നാൽ പിന്നീട് ഇവർ തന്നെ പറഞ്ഞ് ആ ശീലം നിർത്തി.

കേൾക്കാൻ സാധിക്കില്ലെങ്കിലും പഠിക്കണമെന്നും ജീവിതത്തിൽ ഇഷ്ടപെട്ട ഒരു ജോലിയിൽ പ്രവേശിക്കണമെന്നുമുള്ള അവരുടെ ആഗ്രഹം ഉപേക്ഷിക്കാൻ അവർ തയ്യാറല്ലായിരുന്നു. അങ്ങനെ ആളുകളുടെ ചുണ്ടുകളുടെ ചലനം ശ്രദ്ധിച്ച് അവർ പറയുന്ന വാക്കുകൾ മനസിലാക്കാൻ സാറയും മറിയയും പരിശ്രമിച്ചു. ക്രമേണ അവർ അതിൽ വിജയിക്കുകയും ചെയ്തു. ഡിക്റ്റേഷൻ ടെസ്റ്റുകളും മറ്റും നടത്തുമ്പോഴാണ് സാറയും മറിയയും ഏറെ ബുദ്ധിമുട്ടിയിരുന്നത്. കാരണം ടീച്ചേഴ്സ് പിന്നിൽ നിന്ന് പറയുന്ന വാക്കുകൾ അവർക്ക് കേൾക്കാൻ സാധിക്കില്ലല്ലോ. എങ്കിലും ഒന്നിലും തോറ്റ് പിന്മാറാൻ, പുറകോട്ട് പോകാനല്ലായിരുന്നു അവരുടെ മാതാപിതാക്കൾ അവരെ പരിശീലിപ്പിച്ചത്. ഇന്ന് മക്കൾ മൂന്ന്പേരും ഉയർന്ന നിലയിൽ എത്തിയെങ്കിൽ അതിന്റെ പിന്നിൽ കഠിനാധ്വാനത്തിന്റെ, ത്യാഗത്തിന്റെ, മക്കൾക്ക് കൊടുത്ത നല്ല പരിശീലനത്തിന്റെ കഥ പറയാനുണ്ട് ഈ മാതാപിതാക്കൾക്ക്.

കേട്ടില്ലെങ്കിലും ഇവർ ഒന്നിനും പുറകോട്ടല്ല

ഒരുപാട് കഴിവുകൾ ഉള്ള മക്കളാണ് തങ്ങൾക്കുള്ളതെന്ന് ആ മാതാപിതാക്കൾ ക്രമേണ മനസിലാക്കി. മക്കളെ തിരിച്ചറിയുവാൻ അവർ സഹായിച്ചു എന്ന് വേണമെങ്കിൽ പറയാം. അവർക്ക് തങ്ങളുടെ കഴിവുകൾ വളർത്താനും പരിശീലിക്കാനുമുള്ള എല്ലാ സാഹചര്യവും സണ്ണിയും ബെറ്റിയും തങ്ങളുടെ മക്കൾക്കായി ഒരുക്കി. തന്റെ മക്കൾ പഠനത്തോടൊപ്പം തന്നെ കലകളും അഭ്യസിക്കണമെന്ന് അമ്മ ബെറ്റിക്കായിരുന്നു നിർബന്ധമുണ്ടായിരുന്നത്. അങ്ങനെ അമ്മ ബെറ്റി തന്നെ മൂന്ന് വയസു മുതൽ അവരെ നൃത്തം പഠിപ്പിക്കാൻ തുടങ്ങി. പാട്ടിനൊത്ത് മുഖത്ത് ഭാവങ്ങൾ പ്രകടമാക്കാൻ, നൃത്തം ചെയ്യുന്ന പാട്ടിന്റെ വരികളുടെ അർത്ഥവും കൃത്യമായി അവർക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. സാറയും മറിയയും നൃത്തച്ചുവടുകൾ പഠിച്ചെടുക്കുന്ന വേഗത മാതാപിതാക്കളെ മാത്രമല്ല, അവരുടെ അധ്യാപകരെപ്പോലും അത്ഭുതപ്പെടുത്തി. പാട്ട് കേൾക്കാതെയാണ് അവർ നൃത്തം ചെയ്തിരുന്നത്. എന്നാൽ ഒരു ചുവട് പോലും തെറ്റിക്കാതെ, ഗാനത്തിനൊത്ത് അവർ ചുവടുകൾ വച്ചു. തുടർന്ന്, ഒരുപാട് വേദികളിൽ അവർ നൃത്തം ചെയ്‌തു; ധാരാളം സമ്മാനങ്ങളും വാരിക്കൂട്ടി.

“ബാംഗ്ലൂരിലെ ജ്യോതി നിവാസ് കോളേജിലാണ് അവർ ഡിഗ്രി പഠനത്തിനായി ചേർന്നത്. കോളേജ് പഠനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ നൃത്തം ചെയ്യാൻ അവർക്ക് അവസരം ലഭിച്ചു. പാട്ട് കേൾക്കാതെയുള്ള, അവരുടെ നൃത്തം, കാണികളെയെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. കോളജ് പ്രിൻസിപ്പൽ വേദിയിലേക്ക് കടന്നുവന്ന് കണ്ണീരോടെ അന്ന് അവരെ ആലിംഗനം ചെയ്തു. ആ ദൃശ്യം കണ്ട എല്ലാവരും അന്ന് കോളേജിൽ നിന്ന് മടങ്ങിയത് നനഞ്ഞ മിഴികളോടെയായിരുന്നു”- മാതാവായ ബെറ്റി ലൈഫ്ഡേയോട് പറഞ്ഞു. നൃത്തത്തിൽ മാത്രമല്ല, ഇവർ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നത്, ചിത്രരചനയിലും ബാഡ്മിന്റെണിലും ഇവർ സജീവമാണ്.

മക്കൾക്ക് വേണ്ടി എല്ലാം മാറ്റിവെച്ച മാതാപിതാക്കൾ

മൂത്തമകനായ പ്രതീകിന് ശ്രവണശേഷിയില്ലെന്നാണ് ആദ്യം അറിഞ്ഞത്. എന്താണ് ചെയ്യേണ്ടത് എന്ന സംശയം സ്വാഭാവികമായും ആദ്യം ഇവരെയും അലട്ടിയിരുന്നു. അപ്പോഴാണ് ചെന്നൈയിലെ സംസാരഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ബാലവിദ്യാലയത്തെക്കുറിച്ച് ഇവർ അറിയുന്നത്. ശ്രവണവൈകല്യമുള്ള കുട്ടികൾക്കായുള്ള സ്‌കൂളാണത്. അങ്ങനെ ഈ മാതാപിതാക്കൾ മകനേയും കൂട്ടി ചെന്നൈയിലേക്കു പോയി. ആ സ്‌കൂളിൽ അമ്മമ്മാർ കുട്ടികളുടെകൂടെ ഇരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ അമ്മമാർക്കും ഇത്തരം കുട്ടികളെ പരിശീലിപ്പിക്കാനുള്ള ട്രെയിനിങ് നൽകിയിരുന്നു. ജോലിയുള്ള അമ്മമാർ, ജോലി ഉപേക്ഷിച്ച് കുട്ടികളുടെ കൂടെ നിൽക്കണമെന്നായിരുന്നു ആ സ്‌കൂളിലെ നിയമം. അവിടെ കുട്ടികളെ ആംഗ്യഭാഷയല്ല പഠിപ്പിക്കുന്നത്. പകരം അവരെ സംസാരിക്കാൻ പ്രാപ്തരാക്കും. തുടർന്നുള്ള അഞ്ച് വർഷങ്ങൾ ആ മാതാപിതാക്കൾ മകനു വേണ്ടി മാറ്റിവച്ചു. അവർ ചെന്നൈയിൽ താമസിച്ച് മകനുവേണ്ട പരിശീലനങ്ങൾ നൽകി.

അങ്ങനെ പ്രതീകിന് ഏഴ് വയസ്സുള്ളപ്പോൾ അവർ ബാംഗ്ലൂരിൽ തിരികെയെത്തി. തിരികെ വന്ന പ്രതീകിനെ അവർ സാധാരണ സ്‌കൂളിൽ രണ്ടാം ക്‌ളാസ്സിൽ പ്രവേശിപ്പിച്ചു. പ്രതീകിന് എട്ട് വയസ്സുള്ളപ്പോഴാണ് സഹോദരിമാരായ സാറയും മറിയയും ജനിക്കുന്നത്. എന്നാൽ അവരെ ബാലവിദ്യാലയത്തിലേക്കു വിടാതെ, അമ്മ ബെറ്റി തന്നെ വേണ്ട പരിശീലനങ്ങൾ നൽകി. കാരണം ഇത്തരം കുട്ടികൾക്കുള്ള പരിശീലനം നൽകാൻ ബാലവിദ്യാലയത്തിൽ നിന്നും ആ അമ്മയ്ക്ക് ട്രെയിനിങ് ലഭിച്ചിരുന്നു.

മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ടത് സമയം

എംഎ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ് സാറയുടെ മാതാവായ ബെറ്റി. തനിക്ക് ലഭിക്കാവുന്ന എല്ലാ ജോലിസാധ്യതകളും ഉപേക്ഷിച്ച് മക്കൾക്കു വേണ്ടി മാത്രം ജീവിതം ചിലവഴിച്ചതാണ് ഈ അമ്മ. അവരുടെ പ്രത്യേകതകളും താത്പര്യങ്ങളും എന്തെന്ന് മനസിലാക്കി അവരോടൊപ്പം ആയിരിക്കുവാൻ സമയം കണ്ടെത്തി. സ്‌കൂൾ വിട്ടുവരുന്ന കുട്ടികളെ കേൾക്കാൻ ഈ മാതാപിതാക്കൾ സമയം കണ്ടെത്തി. സത്യത്തിൽ ഇന്നത്തെ എല്ലാ കുടുംബങ്ങളിലും ഏറ്റവും ആവശ്യം മക്കളോടൊപ്പം ചിലവഴിക്കുവാൻ സമയം കണ്ടെത്തുക എന്നതാണല്ലോ. ആ സമയത്തിന്റെ കുറവ് അവരുടെ ജീവിതത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.

“ചെറുപ്പം മുതലേ സാറാ സ്‌കൂളിൽ കൂട്ടുകാർക്കു വേണ്ടി വാദിക്കുന്ന ആളായിരുന്നു. വൈകുന്നേരങ്ങളിൽ സ്‌കൂളിൽ നിന്ന് വീട്ടിലെത്തുന്ന സാറാ പലപ്പോഴും ഇത്തരം വിശേഷങ്ങൾ എന്നോട് പറയുമായിരുന്നു. അപ്പോൾ തമാശരൂപേണ ഞാൻ പറയും. ‘സാറ, ഒരു വക്കീലാകും’ ” -ഇന്നത് അന്വർത്ഥമായിരിക്കുകയാണെന്ന് ബെറ്റി സന്തോഷത്തോടെ പറയുന്നു.

‘എനിക്ക് അഭിഭാഷയായാകണം’

ഡിഗ്രി പഠനം വിജയകരമായി പൂർത്തിയാക്കിയ സാറ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിഷയവും നിയമമായിരുന്നു. ഒരു അഭിഭാഷയാകാനാണ് തന്റെ താത്പര്യമെന്ന് അവൾ മാതാപിതാക്കളെ അറിയിച്ചു. മകളുടെ ആഗ്രഹത്തിന് അവർ പരിപൂർണ്ണസമ്മതം അറിയിച്ചു. തുടർന്ന് ബാംഗ്ലൂരിലെ സെന്റ് ജോസഫ് ലോ കോളേജിൽ അവൾ നിയമവിദ്യാർത്ഥിയായി ചേർന്നു.

ശ്രവണശേഷിയില്ലാത്ത ഒരു കുട്ടിക്ക് എങ്ങനെ ഒരു അഭിഭാഷകയാകാൻ കഴിയുമെന്നായിരുന്നു കോളേജ് അധികൃതർ ഉൾപ്പെടെയുള്ളവരുടെ സംശയം. എങ്കിലും സാറയുടെ സ്‌കൂൾ-ഡിഗ്രി പഠനകാലത്തെ നേട്ടങ്ങളും ഉയർന്ന മാർക്കും സാറയ്ക്ക് അഡ്മിഷൻ നൽകാൻ അധികൃതർക്ക് പ്രചോദനമായി. സാറയുടെ കൂടെ ക്ലൂണി സ്‌കൂളിൽ പഠിച്ച തുഷാരിണിയും നിയമപഠനത്തിൽ സാറായുടെ സഹപാഠിയായിരുന്നു. “മൂന്നു വർഷവും സാറയ്ക്ക് പഠനത്തിൽ തന്നെക്കൊണ്ട് നല്കാൻ കഴിയുന്ന എല്ലാ സഹായവും നൽകാൻ തുഷാരിണി എന്ന സുഹൃത്ത് കൂടെയുണ്ടായിരുന്നു.” – സാറയുടെ അമ്മ ലൈഫ്ഡേയോട് പറഞ്ഞു.

മക്കൾ നല്ല മനുഷ്യരായി വളരട്ടെ

സാറയെക്കുറിച്ചുള്ള ഭാവിപ്രതീക്ഷകൾ എന്താണെന്നു ചോദിച്ചപ്പോൾ, അവൾ നല്ല ഒരു മനുഷ്യനായും ക്രിസ്ത്യാനിയായും വളരട്ടെ എന്നാണ് സാറയുടെ അച്ഛൻ സണ്ണി കുരുവിള പറഞ്ഞത്. “പ്രതിസന്ധികളിൽ തളരാതെ അതിന് പ്രതിവിധികൾ കണ്ടുപിടിച്ച് നാം മുന്നോട്ടു പോകണം” – ഇതാണ് യുവതലമുറയോട് സാറയുടെ അച്ഛന് പറയാനുള്ളത്.

സാറ ഇപ്പോൾ ബാംഗ്ലൂരിലെ തിരു ആൻഡ് തിരു ലോയേഴ്സിലെ സീനിയർ അഭിഭാഷകനായ തിരു വെങ്കിടത്തിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുകയാണ്. പല കേസുകളിലും അസ്സിസ്റ്റ് ചെയ്യാൻ സീനിയർ അഭിഭാഷകനൊപ്പം അഡ്വ. സാറയും കർണാടക ഹൈക്കോടതിയിൽ പോകുന്നുണ്ട്.

മാതൃഭാഷ മലയാളമാണെങ്കിലും അവർക്ക് മലയാള ഭാഷ അറിയില്ല. ഇംഗ്ലീഷ് ആണ് ഇരുവർക്കും കൂടുതൽ വശം. സഹപാഠികളും അധ്യാപകരും പൂർണ്ണപിന്തുണയുമായി അവർക്കൊപ്പമുണ്ടായിരുന്നെന്ന് സാറയുടെ മാതാവ് ബെറ്റി ലൈഫ്ഡേയോട് പറഞ്ഞു. കോട്ടയം മള്ളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ദേവാലയമാണ് സാറയുടെ മാതാപിതാക്കളായ സണ്ണിയുടെയും ബെറ്റിയുടെയും ഇടവക. എന്നാൽ 37 വർഷമായിചാർട്ടേർഡ് അക്കൗണ്ടന്റായ സണ്ണി കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് താമസം. ഈ കുടുംബം ഇപ്പോൾ ബാംഗ്ലൂരിലെ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗങ്ങളാണ്. വൈകല്യങ്ങളുള്ളവർക്ക് നീതി ലഭ്യമാകുന്നതിനു വേണ്ടി നിലകൊള്ളണമെന്നാണ് അഡ്വ. സാറാ സണ്ണിയുടെ ആഗ്രഹം. ഭാരതത്തിലെ ആദ്യ ബധിര അഭിഭാഷകയ്ക്ക് ലൈഫ്ഡേയുടെ ആശംസകൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.