‘അത് എന്റെ ക്രിസ്തുവാണ്’ – അലഞ്ഞുതിരിയുന്ന മാനസികരോഗികളോടൊപ്പം ക്രിസ്തുവിനെപ്പോലെ ഒരു വൈദികൻ

സി. സൗമ്യ DSHJ

തമിഴ്നാട്ടിലെ ബസ് സ്റ്റാൻഡുകളിലും തെരുവുകളിലും അലഞ്ഞുതിരിയുന്ന മാനസികരോഗികളോടൊപ്പം നടക്കുന്ന ഒരു വൈദികന്‍ – ഫാ. രാജേഷ് വയലുങ്കൽ എംസിബിഎസ്. ജുബ്ബയും കാവിമുണ്ടും ധരിച്ച് അവരിലൊരാളായി, അവരോടൊപ്പം നടന്ന് പതിയെ അവരെ ഒപ്പം കൂട്ടും. തമിഴ്നാട്ടിലെ തെങ്കാശിക്ക് അടുത്ത് വടകരയില്‍ അവര്‍ക്കായി ഒരു ഭവനമുണ്ട് – ‘അന്‍പ് ഇല്ലം.’ വര്‍ഷങ്ങളായി ഈ സ്ഥാപനം ഇവിടെയുണ്ട്. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 120-ഓളം പേര്‍ ഇന്ന് ഇവിടുത്തെ അന്തേവാസികളാണ്.

റോഡിൽ അലഞ്ഞുതിരിയുന്ന, ചിലപ്പോൾ റോഡരികിൽ തന്നെ കിടപ്പിലായിപ്പോകുന്ന ഈ മാനസികരോഗികൾ കുളിച്ചിട്ട് പോലും ദിവസങ്ങളായിക്കാണും. മുടി ചീകാതെ ജട പിടിച്ചിട്ടുണ്ട്. മുറിവുകളിൽ കൂടി പുഴുക്കൾ അരിച്ചുനടക്കുന്നു. ഇവരോടൊപ്പം എങ്ങനെ സമയം ചിലവഴിക്കാൻ സാധിക്കുന്നു എന്ന ചോദ്യത്തിന് രാജേഷ് അച്ചന് ഒറ്റ ഉത്തരമേ ഉള്ളൂ – ‘അത് എന്റെ ക്രിസ്തുവാണ്’

 ‘അപ്പനെ ഇങ്ങനെ ഇട്ടേക്കുവാണോ?’ – ആ ചോദ്യം

ഒരു വൈദികനായ ശേഷം തെരുവിൽ അലയുന്നവർക്കു വേണ്ടി പ്രവർത്തിച്ച വ്യക്തിയല്ല രാജേഷ് അച്ചൻ. തന്റെ 20-ാമത്തെ വയസു മുതൽ അദ്ദേഹം തെരുവിലെ പാവങ്ങളോടൊപ്പമുണ്ട്. അന്ന് അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചിട്ടില്ല. ജീസസ് യൂത്തിലെ സജീവപ്രവർത്തകനായിരുന്നു.

ഒപ്പം ഇവന്റ് എക്സിക്യൂട്ടീവ് ആയി ജോലിയും ചെയ്തിരുന്നു. ആ സമയത്ത് രാജേഷ് എന്ന ചെറുപ്പക്കാരനെ അന്വേഷിച്ച് വീടിനടുത്തുള്ള ഷാജി ചേട്ടൻ ‘ഒരാളെ പിടിക്കാൻ സഹായിക്കാമോ’ എന്ന ചോദ്യവുമായി വന്നു. അദ്ദേഹം പറഞ്ഞ ആളെ അന്വേഷിച്ച് ഷാജി ചേട്ടന്റെ കൂടെ പോയി. ചെന്നപ്പോൾ കാണുന്നത്, കുറേയെറെ ദിവസങ്ങളായി കുളിക്കാതെ, ഭക്ഷണം പോലും കഴിക്കാതെ തീർത്തും അവശനായ ഒരാളെയായിരുന്നു. അദ്ദേഹത്തെ പിടിക്കാൻ സഹായിക്കാമോ എന്നായിരുന്നു അയൽക്കാരൻ ആവശ്യപ്പെട്ടത്.

അങ്ങനെ ഇവർ കുറച്ചുപേർ കൂടി ആ മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചു. അദ്ദേഹത്തെ പരിശോദിക്കുന്നതിനിടയ്ക്ക് ഡോക്ടർ രാജേഷിനോട് കുറച്ച് ദേഷ്യത്തോടെ ചോദിച്ചു: “അപ്പനെ ഇങ്ങനെ ഇട്ടേക്കുവാണോ?” ആ ചോദ്യം രാജേഷ് എന്ന ചെറുപ്പക്കാരന്റെ ഹൃദയത്തിലാണ് ചെന്നുകൊണ്ടത്. തന്റെ അപ്പനല്ല അതെന്ന് രാജേഷ് ഡോക്ടറെ തിരുത്തിയില്ല. അത് തന്റെയും കൂടി അപ്പനായിരുന്നുവെന്ന ബോധ്യം അദ്ദേഹത്തിന് അപ്പോൾ ലഭിച്ചിരുന്നു. മാത്രമല്ല, തെരുവിൽ അലയുന്നവർ ക്രിസ്തുവാണ്! ആ തിരിച്ചറിവിലേക്ക് അദ്ദേഹം വളരുകയായിരുന്നു.

തന്റെ ഇരുപതാമത്തെ വയസിൽ നടന്ന ഈ സംഭവം, തെരുവിലെ മക്കൾക്കു വേണ്ടി ഇറങ്ങിത്തിരിക്കാൻ അദ്ദേഹത്തിന് പ്രചോദനമായി. അതിനു ശേഷം ജോലി ചെയ്ത് സമ്പാദിക്കുന്ന പണം മുഴുവനും അദ്ദേഹം തെരുവിലെ മക്കൾക്കായി ചിലവഴിച്ചു തുടങ്ങി.

‘അൻപ് ഇല്ലം’ അഥവാ ‘സ്നേഹത്തിന്റെ തറവാട്’

തന്റെ 20 വയസു മുതൽ 29-ാമത്തെ വയസു വരെ ജോലിയും തെരുവിലുളള പാവങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും അദ്ദേഹം ഒന്നിച്ചു കൊണ്ടുപോയി. പിന്നീട്  29-ാമത്തെ വയസിൽ എംസിബിഎസ് സന്യാസ സമൂഹത്തിൽ ഒരു വൈദികനാകാൻ വേണ്ടി സെമിനാരിയിൽ പ്രവേശിച്ചു. വൈദികനായ ശേഷം വീണ്ടും തെരുവിലെ മക്കൾക്കായി തന്റെ ജീവിതം അദ്ദേഹം മാറ്റിവച്ചു.

കഴിഞ്ഞ പത്തു വർഷങ്ങളായി തമിഴ്‌നാട്ടിലെ വടകരയിൽ ‘അൻപ് ഇല്ലം’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അദ്ദേഹം. തെരുവിൽ അലയുന്ന, ജട പിടിച്ച, കുളിക്കാത്ത, മുഷിഞ്ഞ വസ്ത്രം ധരിക്കുന്ന, ശരീരം പുഴുവരിക്കുന്ന മക്കളുടെ കൂടെ രാജേഷ് അച്ചൻ നടക്കും. ക്രിസ്തു രോഗികളോടും പാപികളോടും ദരിദ്രരോടും കൂടെ നടക്കുന്നവനായിരുന്നു. ആ മാതൃകയാണ് അദ്ദേഹം തന്റെ ജീവിതത്തിൽ പിന്തുടരുന്നത്.

പേര് പോലെ തന്നെയാണ് ‘അൻപ് ഇല്ലം.’ അത് സ്നേഹത്തിന്റെ ഭവനമാണ്, സ്നേഹം പങ്കുവയ്ക്കുന്ന ഇടമാണ്. മാനസികരോഗികളായ 120 -ഓളം പേർ ഇന്ന് ഇവിടുത്തെ അന്തേവാസികളാണ്. തെരുവിൽ നിന്നും കണ്ടെത്തുന്ന മാനസികരോഗികളായ ആളുകളോടൊപ്പം കിലോമീറ്ററുകളോളം രാജേഷ് അച്ചനും നടക്കാറുണ്ട്. അവർ കഴിക്കുന്ന ഭക്ഷണം അവരോടൊപ്പം കഴിക്കും. അതായത് വടയോ, ഒരു ചായയോ മാത്രമായിരിക്കും ചിലപ്പോൾ അവരുടെ ഒരു ദിവസത്തെ ഭക്ഷണം. അവരുടെ കൂടെ നടന്ന് വഴിയില്‍ കാണുന്നവരോടും സമീപിക്കുന്നവരോടും രാജേഷ് അച്ചൻ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കും. അങ്ങനെ ഇക്കാലയളവു കൊണ്ട് ഫാ. രാജേഷ് തമിഴ്‌നാടിന്റെ നല്ലൊരു പങ്ക് മുഴുവനും കാൽനടയായി നടന്നുതീർത്തിട്ടുണ്ട്. തെരുവിൽ അലയുന്ന മാനസികരോഗിയായ മനുഷ്യന്റെ ഭാഷ, അത് ഏതു തന്നെയായാലും രാജേഷ് അച്ചനും അദ്ദേഹവും തമ്മിൽ സംസാരിക്കാൻ അതൊരു തടസമല്ല. സ്നേഹത്തിന്റെ ഭാഷ സംസാരിക്കാൻ വാക്കുകളുടെ ആവശ്യമില്ലല്ലോ!

“അൻപ് ഇല്ലത്തിലേക്ക് ഒരാൾ പുതിയതായി കടന്നുവന്നാൽ അന്നവിടെ ആഘോഷമാണ്. അവരെ വൃത്തിയാക്കി, കുളിപ്പിച്ച് , പുതിയ വസ്ത്രം കൊടുത്ത് ഞാൻ അവരോടൊപ്പം ഭക്ഷണം കഴിക്കും. അങ്ങനെ ഭക്ഷണം കഴിച്ച ശേഷമാണ് അവരെ ആ ഭവനത്തിലേക്ക് സ്വീകരിക്കുന്നത്. കർത്താവീശോമിശിഹാ രോഗികളോടും പാവപ്പെട്ടവരോടും ഒപ്പം നടക്കുന്നവനും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നവനുമായിരുന്നു. സുവിശേഷത്തിലെ ക്രിസ്തു നാടെങ്ങും ചുറ്റി സഞ്ചരിച്ചവനായിരുന്നു. അതനുകരിച്ച് പുഴുവരിച്ചു കിടക്കുന്നത് ക്രിസ്തുവായിരുന്നു, അലഞ്ഞു തിരിഞ്ഞു നടന്നത് ക്രിസ്തുവായിരുന്നു, വിശപ്പ് അനുഭവിച്ചത് ക്രിസ്തുവിനായിരുന്നു. ഈ ക്രിസ്തുവിനെ വഴിയിൽ ഉപേക്ഷിച്ചു പോരുവാൻ എനിക്ക് ആകുമായിരുന്നില്ല.” – രാജേഷ് അച്ചൻ പറയുന്നു.

അൻപ് ഇല്ലത്തിൽ അച്ചനോടൊപ്പം പ്രവർത്തിക്കുന്നവർ

ഫാ. രാജേഷ് മാത്രമല്ല ഈ സ്നേഹഭവനത്തിൽ ശുശ്രൂഷ ചെയ്യുന്നത്. ഫാ. ടോമിച്ചൻ കൊല്ലറേട്ട് ആണ് ഈ സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഡൊറോത്തിയൻ സിസ്റ്റേഴ്സ് (ഡി എസ് എച്ച്) സന്യാസിനീ സമൂഹത്തിലെ നാലോളം സന്യാസിനിമാരും രാപ്പകലില്ലാതെ ഇവിടെ സേവനം ചെയ്യുന്നു.

ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വരുന്നത് രാത്രി പന്ത്രണ്ടു മണിക്കൊക്കെ ആയിരിക്കും. ഏതു സമയത്തും ഇവിടെയുള്ളവർ തെരുവിലെ മക്കൾക്കു വേണ്ടി ശുശ്രൂഷ ചെയ്യാൻ സന്നദ്ധരാണ് എന്നതാണ് ഇവരുടെ പ്രത്യേകത. രാത്രിയെന്നോ, പകലെന്നോ യാതൊരു വ്യത്യാസവും ഇവർക്കില്ല. ഒരു ആവശ്യം വന്നാൽ ഉടനെ രാജേഷ് അച്ചനോടൊപ്പം ഇവർ തെരുവിലേക്ക് ഇറങ്ങുകയായി. അവിടെയുള്ള രോഗിക്ക് വേണ്ട സഹായം ചെയ്ത ശേഷമേ തിരിച്ചുപോരുകയുള്ളൂ. സി. ഗ്രേസി, സി. സുജ, സി. സിജി, സി. അഞ്ചു എന്നിവരാണ് ഇപ്പോൾ അൻപ് ഇല്ലത്തിൽ ശുശ്രൂഷ ചെയ്യുന്ന സന്യാസിനിമാർ.

ഈ സ്ഥാപനത്തിലുള്ള 120 പേർക്കു മാത്രമല്ല ദിവസവും ഇവർ ഭക്ഷണം നൽകുന്നത്. തെരുവിൽ ഭക്ഷണമില്ലാതെ പട്ടിണിയിൽ കഴിയുന്ന 250 -ഓളം പേർക്ക് ഇവർ ദിവസേന ഭക്ഷണം നൽകിവരുന്നു. വളരെ അത്യാവശ്യക്കാരായ ആളുകളെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. അതായത്, ദിവസവും 380 -ഓളം പേർക്കുള്ള ഭക്ഷണമാണ് രാജേഷച്ചന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി നൽകപ്പെടുന്നത്.

തെരുവിൽ ‘ഭക്ഷണം ആവശ്യമുള്ളവർ’ എന്നു പറയുമ്പോൾ ആയിരക്കണക്കിന് പേരുണ്ടാകും. എന്നാൽ, വളരെ അത്യാവശ്യക്കാരെ കണ്ടെത്താൻ ദിവസവും ഇവരുടെ വണ്ടി ഭക്ഷണവുമായി 35-40 കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. അങ്ങനെ വളരെ പട്ടിണിയിലായവരും രോഗികളുമായവരെ കണ്ടെത്തി അവർക്ക് ഭക്ഷണം നൽകുന്നു. ദിവസവും ഇത്രയും പേർക്ക് ഭക്ഷണം നല്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അച്ചന് ഒരു ഉത്തരമേ ഉള്ളൂ – ‘ദൈവപരിപാലന ഒന്നു മാത്രം.’

രോഗം മാറിയാൽ, വീട്ടുകാർ സ്വീകരിച്ചാൽ അവരെ തിരിച്ചേൽപിക്കും

അൻപ് ഇല്ലത്തിലെ അന്തേവാസികളുടെ രോഗം മാറിയാൽ, വീട്ടുകാർ സ്വീകരിക്കുന്നവരെ തിരിച്ചേൽപ്പിക്കുമെന്ന് ഫാ. രാജേഷ് പറയുന്നു. അങ്ങനെ തിരിച്ചേൽപ്പിക്കുന്നതിനും ഒരു പ്രത്യേകതയുണ്ട്. തെരുവിൽ നിന്നും കണ്ടെത്തുന്ന രോഗികൾ പലപ്പോഴും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാനാജാതി മതസ്ഥരാണ്. അവരുടെ വീടും സ്ഥലവും എവിടെയാണെന്ന് മനസിലാക്കിയാൽ അവരെ ഇന്ത്യയുടെ ഏതു സംസ്ഥാനത്തിലാണെങ്കിലും വീട്ടിൽ എത്തിക്കും. അതും ദൈവം തന്നെ ഏൽപ്പിച്ച ഒരു ദൗത്യമായാണ് അച്ചൻ ചെയ്യുന്നത്.

അങ്ങനെ ഇവരെയും കൊണ്ട് അവരുടെ നാട്ടിലേക്ക് പോകുമ്പോൾ മുൻകൂട്ടിയുള്ള വലിയ തയ്യാറെടുപ്പോ, വലിയ ബാഗോ ഒന്നും കാണുകയില്ല. റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയും ചെല്ലുന്നിടത്ത് താമസിച്ചും പ്രാർത്ഥിച്ചും ഒക്കെയാണ് ആ യാത്ര. ചെല്ലുന്ന നാട്ടിൽ ഒന്നു-രണ്ടു ദിവസം താമസിച്ചിട്ടൊക്കെയേ അച്ചൻ തിരിച്ചുവരികയുള്ളൂ. അവിടെയും ഈശോയെക്കുറിച്ച് പറയാൻ സാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം സുവിശേഷം പങ്കുവയ്ക്കും.

കർദ്ദിനാൾ ക്ളീമിസ് ബാവയുടെ അകമഴിഞ്ഞ സഹായം

പലപ്പോഴും ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ, പട്ടിണിയിൽ ആയവർക്ക് ഭക്ഷണം കൊടുക്കാൻ സാമ്പത്തികമായി വളരെ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാനില്ലാത്ത അവസ്ഥ. അപ്പോഴൊക്കെ ദൈവം പല വ്യക്തികളിലൂടെ ഇവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരമൊരു സംഭവം രാജേഷ് അച്ചൻ പറയുന്നത് ഇപ്രകാരമാണ്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് സീറോ മലങ്കര സഭയുടെ തലവൻ, കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ‘ആദരവ്’ എന്ന പരിപാടിയിൽ ഫാ. രാജേഷിനെ ആദരിക്കുവാനായി ക്ഷണിച്ചു. മലങ്കര സഭയുടെ സെന്റ് മേരീസ് ആര്യങ്കാവ് ദൈവാലയത്തിൽ വെച്ചായിരുന്നു ഈ പ്രോഗ്രാം. ആ സന്ദർഭത്തിൽ ഈ സ്ഥാപനത്തിന്റെ സാമ്പത്തികമായ അവസ്ഥയെക്കുറിച്ചറിഞ്ഞ കർദ്ദിനാൾ, ഒരു മാസത്തെ ഭക്ഷണത്തിനുള്ള പണം രാജേഷച്ചനെ ഏൽപ്പിച്ചിട്ടാണ് അവിടെ നിന്നും പോയത്. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സമയമായിരുന്നു അത്. രാജേഷച്ചന് ലഭിച്ച ആദരവിനേക്കാൾ അത് തന്റെ മക്കൾക്ക് ഭക്ഷണം ലഭിക്കാനുള്ള ഒരവസരമായല്ലോ എന്നതിന്റെ സന്തോഷമായിരുന്നു ഉണ്ടായിരുന്നത്. തന്നെ ദൈവം ഏൽപ്പിച്ചിരിക്കുന്ന മക്കൾ പട്ടിണിയാകരുതല്ലോ. പിതാവിന്റെ കൂടെ മലങ്കര സഭയിലെ ഫാ. അജോയും ഉണ്ടായിരുന്നു. അൻപ് ഇല്ലത്തിൽ ഇടയ്ക്ക് വന്ന് അവിടെയുള്ളവർക്കായി ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന വൈദികനാണ് ഫാ. അജോ.

ഈ സ്ഥാപനത്തിന്റെ മറ്റൊരു പ്രത്യേകത, ഇവിടെ നിന്നും ദിവസവും 380 -ഓളം പേർക്ക് ഭക്ഷണം കൊടുക്കുന്നുണ്ട് എന്നുള്ളതാണ്. ഇവിടെയുള്ള വൈദികരും സിസ്റ്റേഴ്സും ചേർന്നാണ് ഇത് പാകം ചെയ്യുന്നത്. പാകം ചെയ്യാൻ പുറത്തു നിന്നും ഒരു പാചകക്കാരൻ ഒന്നും ഇവിടെയില്ല. അതോടൊപ്പം ഇവിടെ വന്ന് ഈ അന്തേവാസികൾക്കായി ഭക്ഷണം പാകം ചെയ്തുകൊടുക്കാൻ സന്നദ്ധരായ ആർക്കു വേണമെങ്കിലും ഇവിടെ വരികയും ഭക്ഷണം പാകം ചെയ്തുകൊടുക്കുകയും ചെയ്യാം. അങ്ങനെ വൈദികർ ഉൾപ്പെടെ ധാരാളം ആളുകൾ ഇവിടെ എത്താറുമുണ്ട്.

വിശുദ്ധ കുർബാനയുടെ ചൈതന്യം ജീവിക്കുന്ന ഒരു സ്ഥാപനം

എംസിബിഎസ് സന്യാസ സമൂഹത്തിന്റെ കാരിസം തന്നെയാണ് അൻപ് ഇല്ലം എന്ന സ്ഥാപനത്തിന്റെയും കാരിസം. വിശുദ്ധ കുർബാന അർപ്പിക്കുകയും ആ കുർബാനയുടെ അനുഭവം ജീവിക്കുകയും ചെയ്യുന്നവർ. രാജേഷ് അച്ചൻ അർപ്പിക്കുന്ന വിശുദ്ധ കുർബാന രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കുന്നതാണ്. വിശുദ്ധ കുർബാന അർപ്പിക്കുന്നതോടെ അവസാനിക്കുന്നതല്ല ആ അനുഭവം; അന്നത്തെ ദിവസം മുഴുവൻ ജീവിക്കാനുള്ളതാണ് എന്നാണ് രാജേഷച്ചൻ പറയുന്നത്. പറയുക മാത്രമല്ല, സ്വന്തം ജീവിതത്തിലൂടെ അച്ചൻ അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.

“ഞാനൊരു സാമൂഹ്യപ്രവർത്തകനല്ല. മറിച്ച് ജീവകാരുണ്യ പ്രവർത്തകനും സുവിശേഷപ്രഘോഷകനുമാണ്. ആദിമസഭയുടെ ആ ചൈതന്യം ജീവിതത്തിൽ കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുന്നു. കാരണം, ആദിമസഭയിൽ പരസ്നേഹപ്രവർത്തികൾ സഭയുടെ ജീവനായിരുന്നു” – രാജേഷ് അച്ചൻ പറയുന്നു.

‘ഈ ചെറിയവരിൽ ഒരാൾക്ക് ചെയ്യുമ്പോൾ നിങ്ങൾ എനിക്ക് തന്നെയാണ് ചെയ്യുന്നത്’ – ഈ ദൈവവചനം അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നും ഊർജ്ജം പകരുന്നു. ഓരോ രോഗിയിലും ദൈവത്തിന്റെ മുഖം ദർശിച്ചുകൊണ്ട് പ്രവർത്തിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നു ഈ വൈദികൻ.

സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ട് അൻപ് ഇല്ലം. പണത്തിന്റെ കുറവ് മൂലം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെടേണ്ടിയും വന്നിട്ടുണ്ട്. അന്നന്നുള്ള അപ്പത്തിന് ഒരു മുടക്കവും വരുത്തരുതേ എന്നു മാത്രമാണ് ഈ വൈദികന്റെ പ്രാർത്ഥന. ആ പ്രാർത്ഥന ദൈവം നിരസിക്കുകയില്ല. കാരണം, ആ കരങ്ങളിലൂടെ അനേകരുടെ പശിയടങ്ങിയിട്ടുണ്ട്. നിരവധി പേർ ഒരു നേരത്തെ ആഹാരത്തിനായി അൻപ് ഇല്ലത്തിൽ നിന്നും ഭക്ഷണവുമായി വരുന്ന വണ്ടിയുടെ ശബ്ദത്തിന് കാതോർത്ത് കാത്തിരിപ്പുണ്ട്. അവരുടെ കാത്തിരിപ്പ് വെറുതെയാവില്ല എന്ന് പ്രത്യാശിക്കാം.

ഇവിടുത്തെ പാവപ്പെട്ട മക്കള്‍ക്ക്‌ ഭക്ഷണം നല്കാന്‍ തല്പരമുള്ളവര്‍ക്കായി സ്ഥാപനത്തിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ നല്‍കുന്നു. താല്പര്യമുള്ളവര്‍ സഹായിക്കുമല്ലോ.

ഫാ. രാജേഷ് ഫോൺ: +917538869744,  +919744503066

Bank A/c
Name: ANBU ILLAM
N0: 1747 01 0000 4387
Bank: Federal Bank
Branch: Shencottai
IFSC: FDRL 0001747

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.