സാധുവാണ് ഈ വൈദികൻ; ഒപ്പം സ്‌ട്രോങും: ഒരു മഹാമിഷനറിയുടെ അസാധാരണമായ ജീവിതഗാഥ

സി. സൗമ്യ DSHJ

റബർ കൃഷി ഇല്ലാതിരുന്ന കർണ്ണാടകയിൽ പതിമൂന്നു വർഷങ്ങൾകൊണ്ട് 11,000 ഏക്കർ സ്ഥലത്ത് റബർ കൃഷി വ്യാപിപ്പിച്ചത് ഒരു മലയാളി വൈദികനാണ്. പതിമൂന്ന് വർഷങ്ങൾ കൊണ്ട് 75,000 വലിയ സങ്കരയിനം പശുക്കളെ വളർത്തി ഗ്രാമീണരെ സമ്പന്നരാക്കി ഈ വൈദികൻ. ആറു മാസം കൊണ്ട് 42 ഗ്രാമങ്ങളിലെ മുഴുവൻ ആളുകളെയും എഴുത്തും വായനയും പഠിപ്പിക്കാൻ അദ്ദേഹം മുൻപിൽ നിന്നു. സാധു ജോസഫ് എന്നറിയപ്പെടുന്ന ഫാ. ജോസഫ് പെരിങ്ങാരപ്പള്ളിൽ എന്ന മഹാമിഷനറിയുടെ അസാധാരണമായ ജീവിതഗാഥ.     

ഒരു ജുബ്ബയും കാവിമുണ്ടും വേഷം. കാലിൽ അപൂർവ്വമായി മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളൂ. ഒറ്റനോട്ടത്തിൽ ഒരു സാധു. അതേ പറഞ്ഞുവരുന്നത് ഒരു സാധുവിനെക്കുറിച്ചു തന്നെയാണ്. ജോസഫ് പെരിങ്ങാരപ്പള്ളിൽ എന്ന വൈദികനെക്കുറിച്ചാണ് ഈ എഴുത്ത്. സാധു ജോസഫ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അഗ്രികൾച്ചറിൽ ഡോക്ടറേറ്റും പത്തോളം ഭാഷകളിൽ പാണ്ഡിത്യവുമായി അറിവിന്റെ മാസ്മരികലോകങ്ങൾ കീഴടക്കിയ ഈ വൈദികൻ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവിട്ടത് പാവങ്ങളോടൊപ്പമായിരുന്നു. മണ്ണിനെ സ്നേഹിക്കുന്ന, അതിലുപരിയായി മനുഷ്യനെ സ്നേഹിക്കുന്ന എൺപതുകാരനായ ഫാ. ജോസഫ്  പെരിങ്ങാരപ്പള്ളി എന്ന എം.സി.ബി.എസ് വൈദികന്റെ വ്യത്യസ്തതതകൾ നിറഞ്ഞ ശുശ്രൂഷാജീവിതത്തിലൂടെ ഒരു യാത്ര.

നല്ല വികാരിയച്ചന്മാർക്കായി പ്രാർത്ഥിച്ച അമ്മ

അച്ചന്റെ ബാല്യത്തിലെ ഒരു സംഭവം. ”എന്റെ തമ്പുരാനേ, എന്റെ പിള്ളേരെ ശരിക്കും വേദപാഠം പഠിപ്പിക്കുന്ന നല്ല വികാരിയച്ചന്മാരെ ഈ പള്ളിയിൽ കൊണ്ടുവന്നു തന്നേക്കണേ.” വിറകുകെട്ടുമായി അടുക്കളയിലേക്കു പോയ അമ്മയെ തേടിച്ചെല്ലുമ്പോൾ മുട്ടിന്മേൽ നിന്ന് ഇപ്രകാരം പ്രാർത്ഥിക്കുന്ന അമ്മയെ ആണ് കുഞ്ഞു ജോസഫ് കണ്ടത്. അന്ന് നാലു വയസു മാത്രം പ്രായമുള്ള ആ ബാലന് അതിന്റെ പൊരുൾ എന്താണെന്ന് മനസിലായില്ല. എന്നാൽ ഇന്ന് അച്ചനറിയാം തന്റെ അമ്മയുടെ ആ പ്രാർത്ഥനയുടെ അർത്ഥം എന്തായിരുന്നുവെന്ന്. എന്തു തന്നെയായാലും ആ അമ്മയുടെ ആത്മാർത്ഥമായ പ്രാർത്ഥന ദൈവം കേട്ടു. നല്ല വികാരിയച്ചന്മാരെ തന്നെ ആ ഇടവകയിലേക്ക് ലഭിച്ചു. ഇടവകാംഗങ്ങളുടെ ആത്മീയവളർച്ചയിൽ താത്പര്യമുള്ള ആ വൈദികരുടെ ആത്മീയതയുടെ തണലിൽ നിന്നും ധാരാളം ദൈവവിളികൾ പെരുങ്ങാരപ്പള്ളിൽ കുടുംബത്തിലുണ്ടായി. വീട്ടിലെ ആറു മക്കളിൽ മൂന്നു പേർ ദൈവശുശ്രൂഷക്കായി ജീവിതം ഉഴിഞ്ഞുവച്ചു. അതിൽ ഒരു വൈദികനും രണ്ടു സന്യാസിനിമാരും. സന്യസിനിമാരിൽ ഒരാൾ തിരുഹൃദയ സമൂഹത്തിലും മറ്റേയാൾ ആരാധനാ സമൂഹത്തിലും.

സന്യാസ വൈദികനാകാനുള്ള തീരുമാനത്തിനു പിന്നിൽ

പതിനാലാമത്തെ വയസു മുതൽ എംസിബിഎസ് സന്യാസ സമൂഹത്തിൽ അച്ചൻ തന്റെ ജീവിതം ആരംഭിച്ചു. അതിനുള്ള പ്രചോദനം ജോസഫ് അച്ചന്റെ മൂത്ത പെങ്ങൾ തന്നെയാണ്. തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ ഒരു മിഷനറി സന്യാസിനി ആയിരുന്ന സി. ആനി ജോസ് എസ്.എച്ച്.

വീട്ടിലായിരുന്നപ്പോൾ മൂത്ത പെങ്ങൾ ആനിയുമായി ഒരുപാട് സമയം സംസാരിക്കുമായിരുന്നു. പല ആശയങ്ങളും അഭിപ്രായങ്ങളും കൈമാറുമായിരുന്നു. വേദപാഠത്തിലും ഇടവകയിലെ പ്രവർത്തനങ്ങളിലുമൊക്കെ വളരെ മിടുക്കിയായിരുന്നു ആനി. ഉപന്യാസത്തിലും പ്രസംഗത്തിലുമൊക്കെ നിരവധി സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. ആ കാലത്ത് സമ്മാനമായി ഇടവകയിൽ നിന്നു ലഭിക്കുന്ന പുസ്തകങ്ങൾ ചെറുപ്പത്തിൽ ജോസഫ് അച്ചൻ വായിക്കുമായിരുന്നു. ചെറുപ്പത്തിൽ തന്നെ നല്ല ബോധ്യങ്ങളിൽ ആഴപ്പെടാൻ ഈ പുസ്തകവായന ഇടയാക്കി. ഇടവക വൈദികനല്ല, ഒരു സന്യാസ വൈദികനാകണം എന്ന തീരുമാനമെടുക്കാനും ആ വായന അദ്ദേഹത്തെ സഹായിച്ചു.  

53 വർഷം വൈദികനും 62 വർഷം സന്യാസിയും

“എന്റെ കുടുംബം വലിയ ദൈവവിളി പാരമ്പര്യമുള്ളതൊന്നുമല്ല. പതിനാലാം വയസിൽ ഒരു സന്യാസി ആകണമെന്ന ആഗ്രഹമുണ്ടായിരുന്നു. കരിമ്പാനി എന്ന സ്ഥലത്ത് എംസിബിഎസ് സന്യാസ സമൂഹം ഒരു ബോർഡിംഗ് സ്കൂൾ നടത്തുന്നുണ്ടായിരുന്നു. അവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് ഹൈസ്‌കൂൾ. ആ ബോർഡിങ്ങിൽ രണ്ടു വർഷം, പിന്നെ മൈനർ സെമിനാരിയിൽ. ഞാൻ വൈദികനാകുന്നതിനു മുൻപ് തന്നെ ഒരു സന്യാസിയും മിഷനറിയുമായി ജീവിക്കാൻ ആരംഭിച്ചു” – ജോസഫ് അച്ചൻ പറയുന്നു.  

മംഗലപ്പുഴ സെമിനാരിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് സുപ്പീരിയറായിരുന്ന മാത്തുണ്ണി അച്ചൻ ജോസഫച്ചനെ വിളിക്കുന്നത്. റോമിലെ പ്രൊപ്പഗാന്താ കോളേജിൽ ഒരു അഡ്‌മിഷൻ ലഭിച്ചിട്ടുണ്ട്. അന്ന് റോമിൽ പോകാനുള്ള വിമാനടിക്കറ്റിനു 1750 രൂപാ വേണമായിരുന്നു. അന്നത്തെ കാലത്ത് അത് ഒരു വലിയ തുകയായിരുന്നു. ഫ്രാൻസിസ്കൻ മൂന്നാം സഭയിലെ അംഗമായ ഒരാളുടെ സഹായത്തോടെ ആ പണം കണ്ടെത്തുകയും അങ്ങനെ റോമിൽ പഠനത്തിനു പോവുകയും ചെയ്തു. റോമിൽ ചെന്ന് നാലു വർഷം പഠിച്ചു. എം.ടി.എച്ചും പൂർത്തിയാക്കി.

57 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവിടെയുണ്ടായിരുന്നു. അന്ന് പഠിക്കാനുണ്ടായിരുന്ന ഒരു വിഷയം ‘മഹാത്മാഗാന്ധിയും സത്യാഗ്രഹവും’ എന്നതായിരുന്നു. ചെറുപ്പത്തിൽ ജോസഫച്ചനെ വളരെയധികം സ്വാധീനിച്ചിരുന്ന വ്യക്തികളിലൊരാളായിരുന്നു മഹാത്മാഗാന്ധി. തിയോളജിയുടെ മൂന്നാം വർഷം റൂറൽ സോഷ്യോളജിയെക്കുറിച്ചുള്ള ഒരു ക്ലാസിൽ സംബന്ധിക്കാൻ ഇടയായി. അതിന്റെ തലേ വർഷമാണ് ജോൺ 23-മൻ പാപ്പാ ‘മാതാവും ഗുരുനാഥയും’ എന്ന പേരിൽ ഒരു ചാക്രികലേഖനം എഴുതുന്നത്. ആ ചാക്രികലേഖനത്തിൽ, ആദ്യമായി മാർപാപ്പ സമൂഹത്തിൽ കൃഷിക്കാരുടെ പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു.  

ഉപരിപഠനം കൃഷികേന്ദ്രീകൃതമാക്കിയ വൈദികൻ  

14 ശതമാനം കൃഷിക്കാർ മാത്രമാണ് അന്ന് ഇറ്റലിയിലുണ്ടായിരുന്നത്. ആ രാജ്യത്തുപയോഗിക്കാനും മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാനുള്ള വിഭവങ്ങൾ അവർ കൃഷി ചെയ്തു ഉണ്ടാക്കിയിരുന്നു. അഞ്ചു മാസത്തോളമുള്ള കനത്ത മഞ്ഞുകാലം ഇറ്റലിയിൽ കൃഷിക്ക് യോജിച്ച കാലാവസ്ഥയല്ല. എന്നിട്ടും അവർ കൃഷി ചെയ്ത് നിരവധി സാധനങ്ങൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ, ഇന്ത്യയിലാകട്ടെ 12 മാസവും കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണുള്ളത്. എന്നാൽ, അതിനനുസരിച്ചുള്ള ഉത്പന്നങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ടോ?

ഈ ചോദ്യം ജോസഫച്ചനെ സംബന്ധിച്ച് വലിയ ഒരു തിരിച്ചറിവായിരുന്നു. അത് കൃഷികേന്ദ്രീകൃതമായ ഉപരിപഠനത്തിനുള്ള ആഗ്രഹം അദ്ദേഹത്തിൽ ജനിപ്പിച്ചു. എംസിബിഎസ് സന്യാസ സമൂഹത്തിൽ അഗ്രികൾച്ചറിൽ ഡോക്ടറേറ്റ് എടുക്കാനുള്ള ആഗ്രഹം ഈ വൈദികൻ അറിയിച്ചപ്പോൾ സന്യാസ സമൂഹത്തിലെ അധികാരികൾ വലിയ പിന്തുണയാണ് നൽകിയത്. വൈകാതെ തന്നെ കൃഷിയിൽ ഉപരിപഠനത്തിനായി മിലാൻ കത്തോലിക്ക യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം കിട്ടി.

എല്ലാവരുടെയും പ്രിയപ്പെട്ട ‘മോണൊക്കോ’

തുടർ പഠനത്തിനുള്ള സാമ്പത്തികം ലഭിച്ചതും വളരെ അത്ഭുതകരമായിട്ടായിരുന്നു. ജോസഫച്ചൻ തികച്ചും ഒരു സന്യാസി ആയിട്ട് തന്നെയായിരുന്നു റോമിലെ തന്റെ പഠനകാലത്തും ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ എളിയജീവിതം കണ്ടിട്ട് പലരും ‘മോണൊക്കോ’ (MONK – സന്യാസി) എന്നായിരുന്നു വിളിച്ചിരുന്നത്.

അങ്ങനെയിരിക്കെ പുത്തൻകുർബാന അർപ്പിച്ച് അധികനാൾ കഴിയുന്നതിനു മുൻപ്, ഒരു സുഹൃത്ത് മുഖേന അദ്ദേഹത്തിന് ജർമ്മനിയിൽ വിശുദ്ധ കുർബാന ചൊല്ലാനുള്ള അവസരം ലഭിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം ആ ദൈവാലയത്തിലെ ഇടവക വികാരി ജോസഫച്ചന്റെ അടുത്തു വന്ന് ചോദിച്ചു. “ഇടവകക്കാർക്ക് അച്ചന് എന്തെങ്കിലും സമ്മാനമായി നൽകിയാൽ കൊള്ളാമെന്നുണ്ട്. അച്ചന് എന്താണ് വേണ്ടത്?” അപ്പോൾ ജോസഫച്ചൻ മറുപടി നൽകിയത് ഇപ്രകാരമാണ്. “എനിക്ക് അഡ്‌മിഷൻ ആയിട്ടുണ്ട്. എന്നാൽ, പഠനത്തിനുള്ള പണം ലഭിച്ചിട്ടില്ല. അതിനാൽ സഹായം പണമായി ലഭിച്ചാൽ അത് എന്റെ പഠനത്തിന് ഉപകാരപ്രദമാകും.” അങ്ങനെ ആ ദൈവാലയത്തിൽ വന്നവരെല്ലാം കൂടി പഠനത്തിനുള്ള പണം നൽകി. ആകെ 5000 യൂറോയ്ക്ക് തത്തുല്യമായ പണം! അഞ്ചു വർഷത്തെ പഠനത്തിന് ആ പണം ഉപകരിക്കുമായിരുന്നു. അങ്ങനെ തിരിച്ചു വന്ന് അഗ്രിക്കൾച്ചർ കോളേജിൽ പഠനം തുടർന്നു.

റോമിലെ പഠനകാലഘട്ടത്തിൽ സന്യാസിയെപ്പോലെയുള്ള ജീവിതം കൊണ്ടും പെരുമാറ്റം കൊണ്ടും ഒരുപാട് നല്ല സ്നേഹിതരും ഫാ. ജോസഫിനുണ്ടായിരുന്നു. “എന്റെ ജീവിതരീതി കണ്ടു തന്നെയാണ് ആളുകൾ എന്നെ ഇഷ്ടപ്പെട്ടതും സഹായങ്ങൾ നൽകിയതും. ഇന്ത്യക്കാരനായിരുന്നിട്ടു കൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും വ്യത്യസ്ത സംസ്‌കാരങ്ങളും ഒട്ടും പരിചിതമല്ലാത്ത ആളായിരുന്നു. ഇറ്റലിയിലെ ഒരു സ്നേഹിതൻ നൽകിയ സാമ്പത്തികസഹായം കൊണ്ട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ കാണാനും അവിടുത്തെ കൃഷിരീതികളെപ്പറ്റി മനസിലാക്കാനും അവസരം ലഭിച്ചു” – ജോസഫ് അച്ചൻ പറയുന്നു. ആ യാത്രയിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളെ കൂടുതൽ മനസിലാക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ അറിയാനും അദ്ദേഹത്തിനു സാധിച്ചു.

വി. ചാൾസ് ഫുക്കോൾഡിന്റെ ജീവചരിത്രം വായിച്ച് ആഴപ്പെട്ട ബോധ്യങ്ങൾ  

മൂന്നാം വർഷ തിയോളജി പഠനകാലം. ജോസഫ്‌ അച്ചന്റെ ആത്മീയസ്നേഹിതനാണ് ഒരു ദിവസം വി. ചാൾസ് ഫുക്കോൾഡിന്റെ ജീവചരിത്രം അദ്ദേഹത്തിനു വായിക്കാൻ കൊടുത്തത്. ആ പുസ്തകം ഒരു വർഷത്തോളം അച്ചന്റെ ധ്യാനവിഷയമായിരുന്നു. ഈ വിശുദ്ധന്റെ ജീവിതവും അദ്ദേഹത്തിന്റെ എഴുത്തുകളും ഒക്കെ ജോസഫ് അച്ചനെ വളരെയധികം സ്വാധീനിച്ചു. 1973-ലെ സന്യാസ സഭയുടെ ജനറൽ ചാപ്റ്ററിൽ ‘പാവങ്ങളുടെ പക്ഷം പിടിക്കുക എന്നുപറഞ്ഞു കൊണ്ടു നടക്കുന്നതല്ലാതെ, അത് ജീവിക്കാൻ ആരാ ഉള്ളത്’ എന്ന വെല്ലുവിളി ഉയർത്തുന്ന ഒരു ചോദ്യം ഉയർന്നു വന്നു. ആ ചോദ്യത്തിന്റെ മറുപടിയായിട്ടാണ് മിഷനറി വൈദികനായി പാവങ്ങളോടൊപ്പം ജീവിക്കാനായി അച്ചൻ തീരുമാനിച്ചത്.

‘മറ്റൊരാൾ നടന്ന വഴിയിലൂടെ നടക്കുന്നതിലും എനിക്കിഷ്ടം, സ്വന്തമായി ഒരു വഴി വെട്ടി അതിലെ നടക്കാനാണ്’

1973-ലാണ് അച്ചൻ ഇറ്റലിയിൽ നിന്നും ഡോക്ടറേറ്റ് കഴിഞ്ഞു തിരിച്ചുപോരുന്നത്. അതിനു ശേഷം ലണ്ടനിൽ പോയി മൂന്നു മാസക്കാലം സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാനും സാധിച്ചു. പിന്നീട് കേരളത്തിലെ കൃഷിരീതികൾ കണ്ടു മനസിലാക്കാൻ അദ്ദേഹം ശ്രമിച്ചു. ഒപ്പം ജനറൽ കൗൺസിലർ, മേജർ സെമിനാരിയിൽ റെക്ടർ, എന്നീ നിലകളിലും സേവനം ചെയ്തു. ആ കാലഘട്ടത്തിലാണ് പുതുതായി ഷിമോഗാ മിഷൻ കർണ്ണാടകയിൽ ആരംഭിക്കുന്നത്.

“തിയോളജി പഠിക്കാൻ പോയ ഞാൻ അഗ്രിക്കൾച്ചർ പഠിച്ചതും അതിനു ശേഷം ഒരു മിഷനറിയായി ജീവിക്കാൻ താൽപര്യപ്പെട്ടതും മറ്റൊരാൾ നടന്ന വഴിയിലൂടെ നടക്കുന്നതിനേക്കാൾ സ്വന്തമായി ഒരു വഴി വെട്ടി അതിലെ നടക്കാൻ ഇഷ്ടപ്പെടുന്നതു കൊണ്ടാണ്. പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള സാഹചര്യങ്ങൾ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അത് വ്യത്യസ്ത തലങ്ങളിൽ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് വളർത്തിയെടുക്കുകയും വേണം. അതിനായി ലഭിക്കാവുന്ന നല്ല സോഷ്യൽ പ്രൊജക്ടുകൾ വളർത്തിയെടുത്തു. വില്ലേജുകളിലെ അധ്യാപകർക്ക് നല്ല പരിശീലനം നൽകി. വിദേശികൾ വന്ന് ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് പറഞ്ഞുകൊടുക്കാനുള്ള ഒരു സാഹചര്യം ഒരുക്കി. അവിടെ ഗ്രാമങ്ങളിലെ നല്ല മിടുക്കരായ അധ്യാപകരെ വിട്ട് വിദേശികളിൽ നിന്നും ഇംഗ്ലീഷ് ഭാഷയിലുള്ള പരിശീലനം നേടിയെടുത്തു. മരണമടഞ്ഞ ഫാ. ജോയി വള്ളോംകുന്നേൽ എന്റെ ഒരു സഹപ്രവർത്തകനായിരുന്നു. ഇക്കാലഘട്ടത്തിൽ ഞാൻ നല്ലൊരു സാമൂഹ്യപ്രവർത്തകനും കൂടിയായി. വിദ്യാഭ്യാസ മേഖലയിൽ പരിശീലനം നേടി അത് വിജയിച്ചപ്പോൾ പിന്നീട് പഞ്ചായത്തുകൾ ഏറ്റെടുത്ത് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തുടങ്ങി” – ഫാ. ജോസഫ്‌ വെളിപ്പെടുത്തുന്നു.

ആനന്ദപുരത്തിന്റെ ഹൃദയത്തിലേക്ക്    

ഒരു പ്രദേശത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവർക്ക് ആവശ്യമായവ അവിടെ വളർത്തിയെടുക്കാൻ ജോസഫ്‌ അച്ചൻ പരിശ്രമിച്ചു. അപ്പോഴേക്കും ഒരു നല്ല മിഷനറിയായി അച്ചൻ മാറിയിരുന്നു. പിന്നീട്, ആനന്ദപുരം എന്ന സ്ഥലത്തേക്ക് തന്റെ പുതിയ ആശയങ്ങളും പ്രവർത്തനങ്ങളും മാറ്റി.

ആനന്ദപുരത്തെ ആശ്രമത്തിന് 20 ഏക്കറോളം സ്ഥലമുണ്ടായിരുന്നു. ക്രിസ്ത്യാനികൾ ആരുമില്ലാത്ത പ്രദേശം. അവിടെ കന്നുകാലി വളർത്തൽ ആരംഭിച്ചു. അതിനു പിന്നിൽ ഒരു കാരണം ഉണ്ട്. അവിടെ എല്ലാ വീടുകളിലും വളരെ ചെറിയ ഇനം നാടൻ പശുക്കളായിരുന്നു അന്ന് ഉണ്ടായിരുന്നത്. ആകെ ഒരു ഗ്ലാസ് പാല് കിട്ടും ഇവയ്ക്ക്. അതിനുള്ള പരിഹാരമായി സങ്കരയിനം പശുക്കളെ വളർത്തിയെടുക്കാൻ ആരംഭിച്ചു. 

പിന്നീട് ഈ സ്ഥലങ്ങൾ ‘ഗോകുൽ ഡയറി ഡെവലപ്പ്മെന്റ് ഫാം – ‘ക്രിസ്താശ്രം’ എന്നീ പേരിൽ അറിയപ്പെട്ടു. 

വിദേശത്തു നിന്നും മികച്ച ഇനം പശുക്കളുടെ ബ്രീഡ് കൊണ്ടുവന്ന് പുതിയ സങ്കരയിനം പശുക്കളെ  ഉത്പാദിപ്പിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ അച്ചൻ അവിടെ തയ്യാറാക്കി. ആദ്യ പരീക്ഷണമെന്നോണം വിദേശത്തു നിന്നും കൊണ്ടുവന്ന നല്ലയിനം പശുക്കളുടെ ബ്രീഡ് കൊണ്ട് കേരളത്തിൽ വലിയ സങ്കരയിനം പശുവിനെ വളർത്തിയെടുത്തു. അത് വിജയിച്ചപ്പോൾ പിന്നീട് വലിയ ഇനം പശുക്കളെ വളർത്തിയെടുക്കാൻ ഒരു ലക്ഷം ഡോസ് ബ്രീഡ് കർണ്ണാടകയിലെ ഗ്രാമങ്ങളിൽ പരീക്ഷിച്ചു. പതിമൂന്ന് വർഷങ്ങൾ കൊണ്ട് 75,000 വലിയ സങ്കരയിനം പശുക്കളെ വളർത്തിയെടുക്കാൻ അച്ചന് സാധിച്ചു. അങ്ങനെ ഒരു ഗ്ലാസ് പാൽ മാത്രം ഉണ്ടായിരുന്ന നാടൻപശുക്കളുടെ കിടാങ്ങൾ തുടക്കത്തിൽ തന്നെ ഏഴും എട്ടും ലിറ്റർ പാൽ നൽകുന്ന സാഹചര്യത്തിലേക്ക് വളർന്നു. പിന്നീട് പതിനഞ്ചു ലിറ്റർ പാൽ വരെ അത് എത്തി. വെറും 500 രൂപാ മാത്രം ഉണ്ടായിരുന്ന പശുക്കൾക്ക് 5000 രൂപയും അതിനു മുകളിൽ വിലയും ഒക്കെ ലഭിച്ചു തുടങ്ങി.  

വിദ്യാഭ്യാസ മേഖലയിലേക്ക്

നാലു ക്ലാസിനും കൂടി ഒരു ടീച്ചർ മാത്രമുള്ള അവസ്ഥ കർണ്ണാടകയിലെ ചില ഉൾനാടൻ ഗ്രാമങ്ങളിലെ ഗവണ്മെന്റ് സ്കൂളുകളിൽ ഉണ്ടായിരുന്നു. ജൂണിൽ അധ്യയനവർഷം തുടങ്ങി ഒക്ടോബർ മാസമായിട്ടു പോലും എഴുതാനും വായിക്കാനും അറിയില്ലാത്ത കുട്ടികൾ. ബോർഡിൽ എഴുതിയ ‘ജോസഫ്’ എന്ന പേര് വായിക്കാൻ കഴിഞ്ഞത് മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്കു മാത്രമാണ്. അത്രയും പരിതാപകരമായിരുന്നു അവിടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ.

അങ്ങനെയുള്ള 16 സ്‌കൂളുകളെ അവിടെയുള്ള ഗ്രാമങ്ങളിൽ നിന്നും ദത്തെടുത്തു. 28 മികച്ച അധ്യാപകരെ ഒരു പ്രോജക്ട് വഴി അധ്യാപകരില്ലാത്ത സ്‌കൂളുകളിലേക്ക് കൊടുക്കാൻ സാധിച്ചു. അടുത്ത പടിയായി ഗവണ്മെന്റ് സ്‌കൂളുകളുള്ള 15 ഗ്രാമങ്ങളിലായി 1500 കുട്ടികൾക്ക് വൈകുന്നേരം ട്യൂഷൻ കൊടുക്കാനും ആരംഭിച്ചു. നിരവധി ഗ്രാമങ്ങളിലുള്ള 1500 -ഓളം കുട്ടികൾക്ക് ഇതുവഴി വിദ്യാഭ്യാസം നൽകാൻ അച്ചനു കഴിഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കി. ആ കുട്ടികളോടൊപ്പം ഇരുന്ന് അവർ കഴിക്കുന്ന അതേ ഭക്ഷണം ജോസഫ് അച്ചനും കഴിച്ചിരുന്നു.

പിന്നീട് വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ അച്ചൻ ശ്രദ്ധ ചെലുത്തി തുടങ്ങി. 42 ഗ്രാമങ്ങളിൽ മുഴുവൻ ആളുകളെയും സാക്ഷരരാക്കുക എന്നതായിരുന്നു അച്ചന്റെ അടുത്ത ലക്ഷ്യം. ആറു മാസം കൊണ്ട് 13 വയസു മുതൽ 32 വയസു വരെയുള്ള 16,000-ഓളം ആളുകൾക്ക് വിദ്യാഭ്യാസം നൽകി. ആ 42 ഗ്രാമങ്ങളിലെ മുഴുവൻ ആളുകളെയും എഴുത്തും വായനയും പഠിപ്പിക്കാൻ അച്ചന്റെ പരിശ്രമത്തിലൂടെ കഴിഞ്ഞു. മൂന്നു പ്രാവശ്യം എംസിബിഎസ് – ന്റെ കർണ്ണാടക മിഷന്റെ സുപ്പീരിയർ ആയിരുന്നു ജോസഫ് അച്ചൻ. 

ഒരു റബറിൽ നിന്നും വ്യാപിപ്പിച്ച റബർ കൃഷി

സൗത്ത് കർണ്ണാടകയിലെ ഒരു ജില്ലയിൽ അന്ന് ആകെ ഉണ്ടായിരുന്നത് ഒരു റബർ മരം മാത്രമായിരുന്നു. അന്ന് ജോസഫ് അച്ചൻ പ്രൊവിൻഷ്യൽ കൗൺസിലറായി സേവനം ചെയ്യുകയാണ്. നാഗവള്ളി, ഇടുവള്ളി, ഇൻടുവള്ളി എന്നിവിടങ്ങളിൽ ആദ്യം റബർ മരങ്ങൾ കൃഷി ചെയ്യാൻ തുടങ്ങി. ഇവിടെ റബർ മരങ്ങൾ വളരുകയില്ലെന്ന് പറഞ്ഞവരെയെല്ലാം വെല്ലുവിളിച്ചു കൊണ്ടായിരുന്നു ആ സംരംഭത്തിന് അച്ചൻ തുടക്കം കുറിച്ചത്. കാരണം, ഭൂമിശാസ്‌ത്രപരമായി ഈ പ്രദേശത്ത് റബർ മരങ്ങൾക്ക് വളരാൻ സാധിക്കുമെന്ന് ജോസഫ് അച്ചന് ഉറപ്പുണ്ടായിരുന്നു. ആ പ്രദേശത്തെ നാട്ടുകാരുടെ സഹകരണം കൂടിയായപ്പോൾ പതിമൂന്നു കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ 11,000 ഏക്കർ സ്ഥലത്ത് റബർ മരങ്ങൾ ആയി.      

ഗ്രാമങ്ങളിലെ പാവപ്പെട്ട ആളുകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സെൽഫ് ഹെൽപ് ഗ്രൂപ്പുകൾ അഥവാ സംഘങ്ങൾ രൂപീകരിച്ചു. ആദ്യം ഒരു സൈക്കിളും കണ്ടെയ്‌നറും കൊടുത്താണ് ആരംഭം കുറിച്ചത്. ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് അവരോടൊപ്പം ഉണ്ടും ഉറങ്ങിയും ജോലി ചെയ്തുമാണ് ഈ മഹാമിഷനറി ജീവിച്ചത്. കർണ്ണാടകയിലെ ഗ്രാമങ്ങളിൽ അയ്യായിരത്തോളം വീടുകൾ അച്ചൻ സന്ദർശിച്ചിട്ടുണ്ട്. പത്തോളം സ്റ്റേഷനുകളിലായി 700 സംഘങ്ങൾ രൂപീകരിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായി കൂടുതൽ പ്രവർത്തിച്ചു. കർണ്ണാടകയിൽ ബ്രാഹ്മണൻ മുതൽ ശൂദ്രൻ വരെയുള്ള ആളുകളുടെ വീട്ടിലെ അടുക്കളയിൽ വരെ കയറാനുള്ള സ്വാതന്ത്ര്യം അച്ചനുണ്ട്. ആ വീടുകളിൽ ഒരു പശുക്കിടാവ് ജനിച്ചാൽ അവർ ആദ്യം വിളിക്കുന്നത് അച്ചനെ ആയിരിക്കും.

ളോഹ മാറ്റി ജൂബയും മുണ്ടും ധരിച്ചുകൊണ്ട് നിഷ്പാദുകനായി

മിഷനറിയായി പോയപ്പോൾ അദ്ദേഹത്തിന്റെ വേഷത്തിലും ചെറിയ വ്യത്യാസം ഉണ്ടായി. ളോഹ മാറ്റി ജൂബയും മുണ്ടും ധരിച്ചു. ഈ വേഷത്തിൽ വീട്ടിൽ ചെന്ന് അപ്പനോട് പറഞ്ഞു: “ഞാൻ ചില തീരുമാനങ്ങളൊക്കെ എടുത്തിട്ടുണ്ട്. എന്റെ പൗരോഹിത്യവും സന്യാസവും ജീവിതാവസാനം വരെ ജീവിക്കും. ഞാൻ മിഷന് പോകാൻ തീരുമാനിച്ചു.”

അതു കേട്ടപ്പോൾ അപ്പൻ ഒന്നും പറഞ്ഞില്ല. ആ മൗനം സമ്മതമാണെന്ന് എനിക്കറിയാം. കാരണം അപ്പന്റെ ഒരു രീതി അങ്ങനെയാണ്. എന്നാൽ, അമ്മ എന്നോട് ഒരിക്കൽ ചോദിച്ചു: “അച്ചൻ എന്തുവേണമെങ്കിലും ധരിച്ചോ. പക്ഷേ, ഇവിടെ വരുമ്പോൾ ആ ളോഹയിട്ടു കൊണ്ട് നടക്കാൻ പാടില്ലേ” എന്ന്. അച്ചൻ ചുരുക്കം ചില അവസരങ്ങളിലല്ലാതെ 27 വർഷമായി ചെരുപ്പും ധരിക്കാറില്ല. യാത്ര മുഴുവൻ നിഷ്പാദുകനായി!

മിഷനറി ആയ ഞാൻ നല്ല കാര്യങ്ങളാണോ ചെയ്യുന്നത്?

2019 ഡിസംബർ മാസം വ്യക്തിപരമായ  ചില അനുഭവങ്ങൾ ഈശോ തന്നതിനാൽ ഞാൻ ഗുൽബെർഗെക്ക് പോയി. സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾക്കായിരുന്നു അത്. ഈ എൺപതാം വയസിലും കൃഷിയെ ശക്തിപ്പെടുത്താനുള്ള മെഗാ പ്രോജക്ടുകളാണ് അച്ചന്റെ മനസിലുള്ളത്. ഒരു മിഷനറിയാവുക എന്നാൽ പ്രവർത്തനങ്ങൾ മാത്രമല്ല എന്ന ബോധ്യവും അച്ചന് ഇന്നുണ്ട്. അതിനാൽ ഗുൽബർഗയിലെ ചെറിയ ആശ്രമത്തിൽ ധ്യാനത്തിലും പ്രാർത്ഥനയിലും കൂടുതൽ സമയം ചിലവഴിക്കുകയാണ് അച്ചൻ . അവിടെ ഒരു ചെറിയ വീട്ടിലാണ് അച്ചന്റെ താമസം. സഹായിക്കാൻ ഒരാളുണ്ട്. ഈ പ്രായത്തിലും കൃഷിയെ അച്ചൻ ഉപേക്ഷിച്ചിട്ടില്ല. തന്റെ ആശ്രമത്തിനു ചുറ്റും നല്ലൊരു പൂങ്കാവനമാണ് അച്ചൻ പരിപാലിച്ചു വളർത്തുന്നത്.  

“ഗുൽബർഗയിലെ ബിഷപ്പിന്റെ സ്ഥലത്താണ് ഞാനിപ്പോൾ താമസിക്കുന്നത്. സ്ഥലമൊക്കെ ഉണ്ടായി കഴിഞ്ഞപ്പോൾ എന്നും അവിടെയുള്ള പറമ്പിൽ പണിയെടുക്കുമായിരുന്നു. ബിഷപ്പ് ഒരിക്കൽ എന്നോട് പറഞ്ഞു: “അച്ചൻ ഇതൊന്നുമല്ല ഇനി ചെയ്യേണ്ടത് . ഇനി അങ്ങോട്ട്‌ പോകുന്നത് നിർത്തുക. ആളുകൾ ഇങ്ങോട്ട് വരേണ്ട സമയമായി” – ഈ വാക്കുകളെ ഒരു ഓർമ്മപ്പെടുത്തലായി തന്നെ ജോസഫ്‌ അച്ചൻ സ്വീകരിച്ചു.  

ക്രിസ്തുവിനെ വ്യത്യസ്തമായ പാതയിലൂടെ ആളുകളിലേക്ക്‌ പകർന്നുകൊണ്ട് സാധു അച്ചൻ ജീവിക്കുകയാണ്. പ്രായാധിക്യത്തിലും യുവത്വം തുളുമ്പുന്ന മനസുമായി സുവിശേഷത്തിന്റെ പാതയിൽ മുന്നേറുന്ന ഈ വൈദികൻ പറയുന്നത് ‘എന്റെ സന്യാസത്തിന്റെ ദാഹം ഇനിയും തീർന്നിട്ടില്ല’ എന്നാണ്. തീക്ഷ്ണമതിയായ ഈ വൈദികൻ ഇന്നത്തെ മിഷനറിമാർക്ക് പ്രചോദനമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.