ദാരിദ്ര്യത്താൽ തവിട് ഭക്ഷണമാക്കുന്നവരുടെ ഇടയിലെ മലയാളി വൈദികൻ

സി. സൗമ്യ DSHJ

ഫാ. ജേക്കബ് പാക്‌സി ഓ.സി.ഡി- യുടെ മിഷൻ അനുഭവത്തെക്കുറിച്ചുള്ള ഫീച്ചറിന്റെ ഒന്നാം ഭാഗം 

ഭക്ഷണമില്ലാതെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളുമായി, കുടിക്കാൻ ഇറ്റ് വെള്ളം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന കുറെ മനുഷ്യർ! പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ദൈന്യത നിഴലിച്ച മുഖങ്ങൾ. ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നുള്ള കാഴ്ചയാണിത്. അവിടെ കഴിഞ്ഞ എട്ടു വർഷങ്ങളായി മിഷനറിയായി സേവനം ചെയ്തുവരുന്ന ഒരു മലയാളി വൈദികനുണ്ട് – ഫാ. ജേക്കബ് പാക്‌സി ഓ.സി.ഡി. അദ്ദേഹം പങ്കുവയ്ക്കുന്നത് പട്ടിണി കൊണ്ട് പൊറുതിമുട്ടിയ, ധാർമ്മികമായി ശോഷണം സംഭവിച്ച, എയ്ഡ്‌സ് രോഗികൾ നിരവധിയുള്ള ഒരു രാജ്യത്തിൽ നിന്നുള്ള മിഷൻ പ്രവർത്തനങ്ങളെ കുറിച്ചാണ്.

സാമ്പത്തികമായി തകർന്ന സാംബിയ

2014 ജനുവരി 17-നാണ് ഫാ. ജേക്കബ് ഒരു മിഷനറിയായി സാംബിയ എന്ന രാജ്യത്ത് എത്തുന്നത്. ചിപ്പാത്താ എന്ന രൂപതയിലാണ് ജേക്കബ് അച്ചൻ ഉൾപ്പെടെയുള്ള മിഷനറിമാർ സേവനം ചെയ്യുന്നത്. രാജ്യത്തിന്റെ ഈസ്റ്റേൺ പ്രൊവിൻസ് എന്നറിയപ്പെടുന്ന ഈ മേഖല സാംബിയയിലെ രണ്ടാമത്തെ ദരിദ്രമായ പ്രവിശ്യയാണ്. സാംബിയയിൽ വന്നിട്ട് ഒൻപതു മാസം അച്ചൻ വണ്ടിയിൽ തന്നെയായിരുന്നു കിടപ്പ്. കാരണം താമസിക്കാൻ ഒരിടം ഉണ്ടായിരുന്നില്ല എന്നതു തന്നെ.

ഒരു മിഷനറിയായി എത്തിയ അച്ചന്റെ മനസിനെ വല്ലാതെ സ്പർശിച്ച കാര്യം, വിശപ്പ് അനുഭവിക്കുന്ന പാവപ്പെട്ട ആളുകളുടെ അവസ്ഥയായിരുന്നു. പട്ടിണിയുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു കൂട്ടം മനുഷ്യർ. ശുദ്ധജലം ലഭ്യമല്ലാത്തതുകൊണ്ട് ഇവർ കുടിക്കുന്നത് കറുത്ത നിറത്തിലുള്ള മലിനജലം! വളരെ ചൂട് കൂടിയ പ്രദേശമാണിത്. 56 ഡിഗ്രി വരെ ചൂട് ഉണ്ടായിട്ടുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. സാംബിയയിലെ ചില പ്രദേശങ്ങളിൽ ചൂട് വളരെ കൂടുതലാണ്. സ്‌കൂളിൽ പോകാത്ത കുട്ടികൾ ഏറെയുണ്ട് ഇവിടെ. 2014-ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് സമ്പത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 266-മത്തെ സ്ഥാനമാണ് സാംബിയയ്ക്കുള്ളത്.

രാജ്യത്തെ ക്രൈസ്തവരുടെ കണക്കെടുത്താൽ കത്തോലിക്കർ 35 ശതമാനത്തോളവും മറ്റ് പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർ 45 ശതമാനത്തോളവുമാണ്. പല ഗോത്രഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ് ഇവർ. 73-ഓളം ഗോത്രങ്ങൾ ഇവിടെയുണ്ട്. ഈ ഗോത്രങ്ങൾക്കെല്ലാം വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും. അതിൽ ഏഴോളം പ്രധാനപ്പെട്ട വ്യത്യസ്ത ഗോത്രഭാഷകൾ ആണുള്ളത്.

പട്ടിണി കൊണ്ട് തവിട് പോലും ഭക്ഷണമാക്കുന്നവർ

പട്ടിണി കൊണ്ട് വലയുന്ന ഒരു ജനതയാണ് സാംബിയയിലേത്. വർഷത്തിൽ രണ്ടുമൂന്നു മാസക്കാലം രൂക്ഷമായ പട്ടിണിയുടെ നാളുകളാണ്. വിശപ്പ് സഹിക്കാൻ കഴിയാതെ വരുമ്പോൾ സാധാരണ ആളുകൾ എലികളെയും ഈ പ്രദേശത്ത് കാണുന്ന ഒരുതരം പുഴുക്കളേയും ഒക്കെ പിടിച്ചുതിന്നും. മിക്കവാറും ഒരു നേരമായിരിക്കും ഇവർ ഭക്ഷണം കഴിക്കുക. ചോളപ്പൊടി കുറുക്കി കഴിക്കുന്ന രീതിയാണ് കൂടുതലും ഇവരുടെ ഇടയിൽ നിലനിൽക്കുന്നത്. കൂടെ എന്തെങ്കിലും പച്ചക്കറികളോ, ഭക്ഷണയോഗ്യമായ ഇലകളോ കാണും. ചോളം പൊടിപ്പിക്കുമ്പോൾ കിട്ടുന്ന തവിട് കോഴിക്കും പശുവിനും ഒക്കെ കൊടുക്കുന്നതിനായി മാറ്റിവയ്ക്കും. എങ്കിലും പട്ടിണി പിടിമുറുക്കുമ്പോൾ ആ തവിടും ഇവർ ഭക്ഷണമാക്കും. ഇതാണ് സാംബിയയുടെ അവസ്ഥ. ജനുവരി മാസത്തിലായിരുന്നു അച്ചൻ സാംബിയയിൽ എത്തിയത്. അതിനാൽ തന്നെ സാംബിയക്കാർ അനുഭവിക്കുന്ന പട്ടിണിയുടെയും വിശപ്പിന്റെയും ആഴത്തിന് അദ്ദേഹം ദൃക്‌സാക്ഷിയായി തീർന്നു.

“സാംബിയയിൽ ജനുവരി മാസം മഴക്കാലമാണ്‌. കൃഷിക്ക് അനുകൂലമായ സമയം. ഈ മാസത്തിലാണ് ഇവിടെ കൃഷി ഇറക്കുന്നത്. അതിനാൽ തന്നെ പട്ടിണിയുടെ സമയമായിരുന്നു അത്. കൃഷിയിൽ നിന്നും ഫലമെടുക്കാൻ തുടങ്ങുന്നത് ഏപ്രിൽ, മെയ് മാസത്തിലാണ്. അതുവരെയുള്ള സമയങ്ങൾ പട്ടിണിയുടെ കാലഘട്ടമാണ്. ചോളം കൃഷി ചെയ്ത് വിളവെടുക്കേണ്ട സമയമാകുന്നതിനു മുൻപ് തന്നെ വിശപ്പു കൊണ്ട് അവർ വിളവെടുപ്പിന് പാകമാകാത്ത ചോളം പുഴുങ്ങിയോ, തീയിൽ ചുട്ടോ കഴിക്കും. ജനുവരി മുതൽ മാർച്ച്  വരെയുള്ള മാസങ്ങൾ ഇവരെ സംബന്ധിച്ച് പട്ടിണിയുടെ സമയമായിരിക്കും” – വിശപ്പിന്റെ വേദന നേരിട്ട് കണ്ട അച്ചൻ വെളിപ്പെടുത്തുന്നു.

ഭക്ഷണത്തിനുള്ള ദാരിദ്ര്യം മാത്രമല്ല ഈ ജനതക്കുള്ളത്. ആത്മീയ-ധാർമ്മികമൂല്യങ്ങളുടെ ദാരിദ്ര്യവും അവരെ ആവോളം വലയ്ക്കുന്നുണ്ട്. “ആഫ്രിക്കൻ മിഷനറിമാർ എന്നാൽ സുവിശേഷവത്ക്കരണം നടത്തുന്നവർ മാത്രമല്ല, മറിച്ച് ആ സമൂഹത്തിലാകമാനം വികസനം കൊണ്ടുവരുന്നവർ കൂടിയാണ്.” കർമ്മലീത്താ മിഷനറിമാർ ഇവിടെ എത്തിയപ്പോൾ ചിപ്പാത്ത രൂപതയിലെ ബിഷപ്പ് പറഞ്ഞത് ഇപ്രകാരം ആയിരുന്നു. ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ മിഷനറിമാർക്ക് കഴിയുമെന്ന ചിന്തയും അവരുടെ സാന്നിധ്യവും ഇവരിൽ പ്രതീക്ഷകളുണർത്തി. കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുലർത്തിയിരുന്ന സാംബിയൻ ജനതയെ അവയിൽ നിന്നെല്ലാം പിന്തിരിപ്പിക്കുക എന്നതും ചില അടിസ്ഥാനമൂല്യങ്ങൾ അഭ്യസിപ്പിക്കുക എന്നതും വളരെ ശ്രമകരമായ ദൗത്യം തന്നെയായിരുന്നു.

അന്ധവിശ്വാസം ഇരുട്ടാക്കിയ വെളിച്ചങ്ങൾ  

പല മതവിഭാഗത്തിൽപെട്ടവരും വ്യത്യസ്ത ക്രൈസ്തവ വിഭാഗത്തിൽപെട്ടവരും ഒക്കെ ഉൾപ്പെടുന്നതാണ് സാംബിയയിലെ ആളുകൾ. എന്നാൽ, എല്ലാ മതവിഭാഗങ്ങളിലും പൊതുവായി കാണുന്ന ഒന്നാണ് അന്ധവിശ്വാസവും ആഭിചാരപ്രവർത്തനങ്ങളും. വ്യത്യസ്ത ഗോത്രങ്ങളിൽ ഉള്ളവരാണെങ്കിലും ചില പൊതുവായ അന്ധവിശ്വാസരീതികൾ ഈ സമൂഹത്തിൽ നിലനിക്കുന്നുണ്ട്. അതിലൊന്ന് പിതാമഹന്മാരെ പൂജിച്ചുകൊണ്ടുള്ള പ്രാർത്ഥനകളാണ്. എല്ലാ വർഷവും ഒരു ദിവസം ഗോത്രങ്ങളിൽ ഈ ആരാധന നടക്കും. ആ സമയത്ത് ഇവർ പൂർവ്വപിതാക്കന്മാരോട് പ്രാർത്ഥിക്കും. പിതാമഹന്മാമാരെ പ്രീതിപ്പെടുത്തിയാൽ മാത്രമേ നല്ല മഴ കിട്ടുകയുള്ളൂ എന്നാണ് ഇവരുടെ വിശ്വാസം.

മറ്റൊരു വിശ്വാസമാണ് ഒരു കുടുംബത്തിൽ നിന്നും മരിച്ചുപോയവർ അവരുടെ ആത്മാക്കളെ തങ്ങളുടെ കുടുംബത്തിലെ വേറെ ആർക്കെങ്കിലും കൊടുക്കും എന്നത്. മസാവേ എന്നാണ് ഇത്തരത്തിലുള്ള വിശ്വാസത്തിന്റെ പേര്. ഒരു ഗ്രാമത്തിൽ അസുഖമൊന്നും ഇല്ലാതെ ഒരാൾ പെട്ടെന്ന് മരിച്ചു കഴിഞ്ഞാൽ, അയാൾ മരിച്ചത് വേറെ ആരെങ്കിലും അയാൾക്കെതിരെ മന്ത്രവാദം ചെയ്തതിന്റെ ഫലമാണ് എന്ന് അവർ വിശ്വസിക്കും. അക്കാര്യം ഉറപ്പിക്കാൻ മന്ത്രവാദിയായ ഒരു വൈദ്യനും ഇവർക്കിടയിലുണ്ട്. ആ വൈദ്യൻ വന്ന്, ആരാണ് മന്ത്രവാദം ചെയ്തതെന്ന് പറയും. അങ്ങനെ ചെയ്തവരെ കണ്ടുപിടിച്ചിട്ട് അവരെ കൊല്ലുകയോ, വസ്തുവകകൾ കൈക്കലാക്കുകയോ ചെയ്യുന്ന വളരെ പ്രാചീനരീതികളും ഇവർ തുടരുന്നു. ഈ മന്ത്രവാദികൾ ഗ്രാമങ്ങളിലെ ആളുകൾ കൃഷി ചെയ്ത് ഉണ്ടാക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും പൂജകൾക്കെന്നു പറഞ്ഞു കൈക്കലാക്കും.

അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന മറ്റൊരു മേഖലയാണ് രോഗം വരുമ്പോഴുള്ള ചികിത്സകളുടേത്. അസുഖം വന്നുകഴിഞ്ഞാൽ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം. അതിനാൽ തന്നെ രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനു മുൻപ് അവർ മന്ത്രവാദികളെ സമീപിക്കും. ആശുപത്രികളിൽ നിന്നും കൊടുക്കുന്നതിനേക്കാൾ കൂടുതൽ മരുന്നുകൾ ഇത്തരം മന്ത്രവാദികൾ അവർക്ക് കൊടുക്കും. കൃത്യമായ പരിശോധനകൾ ഒന്നുമില്ലാതെ നൽകുന്ന ഈ മരുന്നുകൾ കഴിച്ച് മിക്കവാറും മരണത്തിന്റെ വക്കിലെത്തുമ്പോഴായിരിക്കും ഇവർ ആശുപത്രിയിലേക്ക് എത്തുന്നത്.

കർമ്മലീത്താ മിഷനറിമാരുടെ സാന്നിധ്യം

കർമ്മലീത്താ മിഷനറിമാർ ഇവിടെ വന്നതിനു ശേഷം സാംബിയയിലെ സാഹചര്യങ്ങൾ മനസിലാക്കി അവിടുത്തെ മിഷൻ പ്രവർത്തനങ്ങളെ ഏഴ് വിഭാഗങ്ങളായി തിരിച്ചു. അജപാലന പ്രവർത്തനങ്ങൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഒന്ന് ആത്മീയമേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നതും മറ്റൊന്ന് ഭൗതികമേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നതും. വിദ്യാഭ്യാസം, ആരോഗ്യമേഖല, സോഷ്യൽ വർക്ക്, കൃഷിസംബന്ധമായ പ്രവർത്തനങ്ങൾ, അവിടെയുള്ള വൈദികർക്കും സമർപ്പിതർക്കും വേണ്ടി നൽകുന്ന ആത്മീയസേവനങ്ങൾ എന്നീ തലങ്ങളിൽ മിഷനറിമാർ ശുശ്രൂഷ ചെയ്തു വരുന്നു. ഒപ്പം സുവിശേഷവത്ക്കരണ പ്രവർത്തനങ്ങളും വിശ്വാസപരിശീലനവും നൽകിവരുന്നുണ്ട്. ക്രിസ്ത്യാനികളായവരുടെ ഇടയിൽ വിശ്വാസപരിശീലനമാണ് നൽകിവരുന്നത്. ഒപ്പം അന്ധവിശ്വാസങ്ങളിൽ നിന്നും ഇവരെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ട്.

ഇവരുടെ ഇടയിൽ മിഷനറിമാർ നേരിട്ട് ചെന്ന് സുവിശേഷ പ്രഘോഷണം നടത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. വ്യത്യസ്‍തമായ ഭാഷ, സംസ്കാരം, കടുത്ത അന്ധവിശ്വാസങ്ങൾ തുടങ്ങിയവ മൂലം പങ്കുവയ്ക്കപ്പെടുന്ന സുവിശേഷത്തിന് അത്ര എളുപ്പം ഫലം ലഭിക്കണമെന്നില്ല. അതിനാൽ ഇടവകയിൽ തന്നെയുള്ള കരിസ്മാറ്റിക് ഗ്രൂപ്പുകൾ, ഗായകസംഘം (200 പേരുടെ സംഘം) അവരെയൊക്കെ പല ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് പരിശീലനം നൽകും. പിന്നീട് അവരിലൂടെയാണ് ഇവിടുത്തെ ആളുകളുടെ ഇടയിൽ സുവിശേഷവത്ക്കരണം നടത്തുന്നത്. ഇവിടെ ഒരാൾ, തനിക്ക് ക്രൈസ്തവ വിശ്വാസം സ്വീകരിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ, പെട്ടെന്ന് മാമ്മോദീസ നൽകുകയില്ല. മൂന്നു വർഷത്തെ പരിശീലനം കൊടുക്കും. വിശ്വാസപരിശീലനവും പ്രാർത്ഥനകൾ ചൊല്ലാൻ പഠിപ്പിക്കുകയും ഒക്കെ ചെയ്യും. അതിനു ശേഷം മാത്രമാണ് മാമ്മോദീസ നൽകുക.

ക്രൈസ്തവർ വർഷങ്ങളായി സാംബിയയിൽ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് വിശുദ്ധ കുർബാന ലഭിച്ചിരുന്നത് വർഷത്തിൽ രണ്ടോ, മൂന്നോ പ്രാവശ്യം മാത്രമായിരുന്നു. ഒസിഡി വൈദികർ ഇവിടെ വന്നതിനു ശേഷമാണ് മാസത്തിൽ ഒന്നോ, രണ്ടോ പ്രാവശ്യമൊക്കെ വിശുദ്ധ കുർബാന ലഭ്യമാക്കുന്ന സാഹചര്യം ഉണ്ടായിത്തുടങ്ങിയത്. കാലാവസ്ഥ, ഭക്ഷണക്രമം ഇവയൊക്കെ കൊണ്ട് പല മിഷനറിമാർക്കും ഇവിടെ തങ്ങളുടെ മിഷൻ പ്രവർത്തങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത ഒരു സാഹചര്യവും ഉണ്ടാകുന്നുണ്ട്. സാംബിയയിൽ ഏറ്റവും കൂടുതലുള്ളത് പെന്തക്കോസ്ത് വിഭാഗമാണ്. വ്യത്യസ്ത തരം ക്രൈസ്തവ വിഭാഗങ്ങൾ ഈ രാജ്യത്തുണ്ട്. കത്തോലിക്കരേക്കാൾ മുൻപ് മിഷനറി പ്രവർത്തനങ്ങൾക്കായി ഇവിടെ വന്നത് പ്രൊട്ടസ്റ്റന്റ് വിഭാഗമാണ്.

പത്തും പതിമൂന്നും വയസുള്ള അമ്മമാരുടെ നാട്  

പത്തും പതിമൂന്നും വയസുള്ള അമ്മമാർ! കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സാംബിയയിൽ ഇത് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. ധാർമ്മികമായ മൂല്യങ്ങൾ വളരെ കുറവുള്ള ഒരു സമൂഹമാണ് സാംബിയയിൽ ഉള്ളത്. അവർ പിന്തുടരുന്ന രീതികൾ കേട്ടാൽ അതിശയിച്ചു പോകും. ഇവിടെ പല സ്ഥലത്തും പ്രായപൂർത്തിയാകുന്ന സമയത്ത് പെൺകുട്ടികളെ ദാമ്പത്യബന്ധത്തെക്കുറിച്ചും ലൈംഗികബന്ധത്തെ കുറിച്ചുമൊക്കെ പറഞ്ഞും പരിശീലിപ്പിച്ചും പഠിപ്പിക്കും. ചില സമയങ്ങളിൽ പല പുരുഷന്മാരെ, ലൈംഗികബന്ധത്തെക്കുറിച്ചു പഠിപ്പിക്കാനായി ഈ പെൺകുട്ടികൾക്ക് കൊടുക്കും. അങ്ങനെയൊക്കെയാണ് പലർക്കും എയ്ഡ്‌സ് രോഗം ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നത്. പത്തും പതിമൂന്നും വയസുള്ള കുട്ടികൾക്ക് മക്കൾ ഉണ്ടാകുന്ന അവസ്ഥയൊക്കെ ഇവിടെ സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. വിവാഹം കഴിക്കാതെ തന്നെ സ്‌കൂളിൽ നിന്നോ, പുറത്തു നിന്നോ ഒക്കെ ഇവർ അമ്മമാരായി മാറുന്ന അവസ്ഥ. പ്രായപൂർത്തിയായ ഒരു പെൺകുട്ടി വിവാഹത്തിനു മുൻപ് ഗർഭിണി ആയാൽ മാതാപിതാക്കൾക്ക് ‘ഡാമേജ് മണി’ എന്ന് പറഞ്ഞുകൊണ്ട് സമ്മാനം ലഭിക്കും. ചിലപ്പോൾ അത് പണമായിട്ടായിരിക്കില്ല ലഭിക്കുന്നത്. മറ്റ് വസ്തുക്കളോ, വളർത്തുമൃഗമോ ഒക്കെയാകാം. ഇത് മാതാപിതാക്കൾക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞാലും ഇവരുടെ ഇടയിൽ ദാമ്പത്യവിശ്വസ്തതയൊക്കെ വളരെ കുറവാണ്. കത്തോലിക്കരുടെ ഇടയിലും ധാർമ്മികമൂല്യങ്ങൾ വളരെ കുറവാണ്.

ഇവിടെയുള്ള മറ്റ് മതവിഭാഗങ്ങൾ സാംബിയയിൽ തന്നെ ഉത്ഭവിച്ചവയല്ല; പല രാജ്യങ്ങളിൽ നിന്നും ഇവിടെ വന്നവരാണ്. ക്രൈസ്തവർ ആകുക എന്നത് അവരെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനു പ്രധാന കാരണം ക്രൈസ്തവർക്ക് ഒരു വിവാഹമേ കഴിക്കാൻ പറ്റുകയുള്ളൂ, വിവാഹമോചനം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നതൊക്കെ തന്നെ. മറ്റ് മതങ്ങളിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാം. താത്പര്യമില്ലെങ്കിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യാം. അതിനാൽ ക്രൈസ്തവരാകുക എന്നതിനേക്കാളും മറ്റ് മതത്തിൽ അംഗമാകാൻ അവർ താത്പര്യപ്പെടുന്നു.

മിഷനെ സാമ്പത്തികമായി സഹായിക്കാൻ താല്പര്യമുള്ളവർക്കായി:

ACCOUNT IN ZAMBIA

Name of the Bank and Address: ABSA
Plot 808, Umodzi Highway
Off Great East road, Chipata
Name of the Account holder: OCD Carmelite Mission
Account no: 0041005424
SWIFT code: BARCZMLX
Bank branch Code: 021104
Currency U S Dollar

II. INDIAN ACCOUNT

NAME OF THE BANK: INDIAN BANK
A/C NAME: FR. PROVINCIAL AND PROCURATOR
A/C NO. 462931636
IFSC CODE IDIB000E007
BRANCH ERNAKULAM

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

തുടരും… 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.