‘പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്നതല്ലേ ആരോഗ്യമേഖലയിലെ യഥാർത്ഥ മിഷൻപ്രവർത്തനം?’ ഈ ചോദ്യത്തിന്റെ ഉത്തരം സ്വന്തം ജീവിതത്തിലൂടെ നിറവേറ്റിയ സന്യാസിനി

ഐശ്വര്യ സെബാസ്റ്റ്യൻ

ഭോപ്പാലിലെ ദേവമാതാ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടും ഡോക്ടറുമാണ് സി. ബെറ്റി ഓ.എസ്.ബി. മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത് വിദഗ്ദ്ധയായ ഡോ. സി. ബെറ്റി ആശുപതിയിലെ ഉച്ചവരെയുള്ള തന്റെ ഡ്യൂട്ടി സമയത്തിനു ശേഷം ഓടുന്നത് ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളുടെ അടുക്കലേക്കാണ്. പാവങ്ങൾക്കായി ഗ്രാമങ്ങളിൽ നടത്തുന്ന ചെറിയ ക്ലിനിക്കിലെ അസൗകര്യങ്ങൾക്കു നടുവിലും മിതമായ നിരക്കിൽ ശരിയായ ചികിത്സയും മരുന്നുകളും നൽകുന്നു സിസ്റ്റർ. ഒപ്പം പ്രാർത്ഥനയിലൂടെ ദൈവത്തിന്റെ കരങ്ങളിലെ ഉപകരണമായി മാറുകയാണ് ഈ ഡോക്ടറമ്മ.

ബോട്ടണിയിൽ ബിരുദമുള്ള സി. ബെറ്റിയുടെ എംബിബിഎസ് പഠനവും സന്യാസത്തിലേക്കുള്ള യാത്രയും അപ്രതീക്ഷിതമായി സംഭവിച്ച ഒന്നായിരുന്നു. ഈ ഡോക്ടേഴ്സ് ദിനത്തിൽ ഡോ. സി. ബെറ്റിയുടെ ജീവിതത്തിലൂടെ ലൈഫ് ഡേ നടത്തുന്ന യാത്ര.

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സമ്പന്നർക്ക് മാത്രമുള്ളതല്ല 

മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാലിൽ ഓർഡർ ഓഫ് സെന്റ് ബെനഡിക്ട് സന്യാസസമൂഹം നടത്തുന്ന ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുണ്ട്. ദേവമാതാ ഹോസ്പിറ്റൽ എന്നാണ് ഈ ആശുപത്രിയുടെ പേര്. അവിടെ മറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡോക്ടർ) വിദഗ്ദ്ധയായി സേവനമനുഷ്ഠിക്കുകയാണ് ഡോ. സി. ബെറ്റി ഒ എസ് ബി. കൂടാതെ ഇപ്പോൾ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടുമാണ് ഈ സന്യാസിനി. ആശുപത്രിയിൽ വരുന്ന രോഗികളെ മാത്രം ചികിൽസിക്കുന്നതിൽ ഒതുങ്ങി നിൽക്കേണ്ടവരല്ല തങ്ങളെന്ന ബോധ്യം ഈ സന്യാസിനിക്ക് തുടക്കം മുതൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ വരുന്ന രോഗികളെ ചികിൽസിക്കുന്നു, അവരുടെ കയ്യിൽ നിന്ന് അതിനുള്ള പണം വാങ്ങുന്നു. അതിൽ എന്ത് മിഷനാണ് ഉള്ളതെന്ന് സിസ്റ്റർ ചിന്തിച്ചു. ആശുപത്രിയിൽ വരാൻ സാധിക്കാത്ത അനേകം രോഗികളും പ്രായമായവരും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കുവാനും അവർക്ക് ചികിത്സകൾ ലഭ്യമാക്കുവാനും ബെറ്റി സിസ്റ്റർക്ക് താല്പര്യമുണ്ടായിരുന്നു.

മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സൗകര്യങ്ങളും ചികിത്സകളും സമ്പന്നർക്ക് മാത്രം അവകാശപ്പെട്ടതല്ലല്ലോ. അത് സാധാരണക്കാരിലേക്കും എത്തണമെന്നുള്ള ആഗ്രഹം സിസ്റ്ററിനെ വല്ലാതെ ഉലച്ചു. 15 വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ഈ ആശുപത്രിയിലുണ്ട്. ഈ ആശുപത്രി പ്രവർത്തനത്തിലൂടെ ലഭിക്കുന്ന ലാഭം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങളിലേക്ക് എത്തിക്കുന്നതല്ലേ മെഡിക്കൽ മേഖലയിലെ യഥാർത്ഥ മിഷൻ പ്രവർത്തനം? സിസ്റ്റർ ചിന്തിച്ചു. സാധാരണ ഉച്ചവരെയാണ് ഹോസ്പിറ്റലിലെ സിസ്റ്ററിന്റെ പരിശോധന സമയം. അതുകഴിഞ്ഞ് മിഷനറിമാരായ തങ്ങൾ വിശ്രമിക്കേണ്ടവരല്ല എന്ന് സിസ്റ്റർ തീരുമാനിച്ചു. സിസ്റ്ററിന്റെ ഈ ആശയവും ആഗ്രഹവും അധികാരികളെയും മറ്റ് സഹ സന്യാസിനിമാരെയും അറിയിച്ചു. അവരും പൂർണപിന്തുണയുമായി സിസ്റ്ററിന് ഒപ്പം നിന്നു. പിന്നെ ഒട്ടും വൈകിയില്ല. അവർ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പിന്നീട് വയോധികരെയും ഗ്രാമവാസികളെയും ചികിൽസിക്കുകയും അവർക്കായി ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളായി മാറുകയും ആയിരുന്നു ഈ സന്യാസിനിമാർ.

ഗ്രാമങ്ങളിൽ ലഭിക്കുന്നത് മുറിവൈദ്യന്മാരുടെ ചികിത്സ 

മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലെ നല്ലൊരു ആശുപത്രിയിൽ എത്തണമെങ്കിൽ തന്നെ 300 മുതൽ 400 രൂപവരെ ചിലവാണ്. പ്രായമായവർക്കും കുട്ടികൾക്കും ഇത് വളരെയധികം ക്ലേശം നിറഞ്ഞ യാത്രയും. ചികിത്സയ്ക്കും ഒപ്പം മരുന്നുകളും കൂടിയാകുമ്പോൾ, ചിലവ് കൂടും. അത്രയും പണം ചിലവാക്കാനുള്ള സാമ്പത്തികം അവർക്കില്ലതാനും. അതുകൊണ്ട് തന്നെ അവിടെയുള്ളവർ പലരും ചികിത്സയ്ക്കായി സമീപിക്കുന്നത് മുറി വൈദ്യന്മാരെയാണ്. അവർ കൊടുക്കുന്ന മരുന്നുകളിലാണ് ഗ്രാമവാസികൾ ആശ്രയിച്ചിരുന്നത്. അങ്ങനെവരുമ്പോൾ, രോഗികൾക്ക് വേണ്ട പരിചരണമോ ചികിത്സയോ ലഭിക്കുന്നുമില്ല. ഇതെല്ലാമാണ് ഗ്രാമങ്ങളിൽ ക്ലിനിക്കുകൾ തുടങ്ങണമെന്ന തീരുമാനത്തിലേക്ക് ബെനഡിക്റ്റൻ സന്യാസിനികളെ എത്തിച്ചത്.

അങ്ങനെ ഭോപ്പാൽ നഗരത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ബെറ്റി സിസ്റ്ററും സഹപ്രവർത്തകരും ചേർന്ന് ക്ലിനിക്കുകൾ തുടങ്ങി. ഉച്ചവരെ അവർ ഭോപ്പാൽ നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് അവർ ഉൾനാടൻ ഗ്രാമങ്ങളിലെ പാവപ്പെട്ടവർക്കുവേണ്ടിയും. ഗ്രാമങ്ങളിൽ ആസ്‌ബറ്റോസ്സിട്ട വീടുകളാണുള്ളത്. വൈദ്യുതി കണക്ഷനുകൾ ഉള്ള വീടുകൾ ചുരുക്കം. എന്നാൽ ഉള്ള സൗകര്യത്തിൽ ഗ്രാമവാസികൾക്കായി ക്ലിനിക്കുകളൊരുക്കാൻ അവരുടെ വീടുകൾ സന്യാസിനികൾക്ക് വിട്ടുനൽകുമായിരുന്നു. ചെറിയ വാടക തുക സിസ്റ്റേഴ്സ് ആ വീട്ടുകാർക്കു നൽകും. അങ്ങനെ ചെയ്യുമ്പോൾ അവർക്ക് ചെറുതാണെങ്കിലും ഒരു വരുമാനമാകുമല്ലോ. വളരെ തുച്ഛമായ ഫീസ് മാത്രമാണ് ഈ ക്ലിനിക്കിലെ ഡോക്ടർമാർ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. സന്യാസിനികൾ പരിശോധനയ്ക്കു ഫീസ് വാങ്ങാറില്ല. മരുന്നുകൾക്ക് മാത്രം വളരെ തുച്ഛമായ ഒരു തുക വാങ്ങും. അത് നൽകാനും അവർക്ക് നിവർത്തിയില്ലെങ്കിൽ വേണ്ടായെന്ന് വെയ്ക്കും. അത്രതന്നെ. കൂടുതൽ ചികിത്സകൾ ആവശ്യമായിട്ടുള്ളവരെ സിസ്റ്റേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. വേണ്ട പരിചരണങ്ങൾ നൽകും. അതും വളരെ മിതമായ ചിലവിൽ.

ഗ്രാമങ്ങളിൽ സന്യാസിനികളിലൂടെ പ്രവർത്തിച്ച ദൈവകരം 

മിതമായ സൗകര്യങ്ങളാണെങ്കിലും പലപ്പോഴും ദൈവം കൂടെയിരുന്നു സൗഖ്യം നൽകിയ പല അനുഭവങ്ങളും ഈ സന്യാസിനിമാർക്കു പറയാനുണ്ട്. ഒരിക്കൽ ഗ്രാമത്തിലായിരുന്നപ്പോൾ കാലിൽ അൾസർ രോഗം ബാധിച്ച ഒരു വ്യക്തിയെ ഈ സന്യാസിനിമാർ കണ്ടുമുട്ടി. ആ രോഗം സുഖപ്പെടില്ലായെന്ന് തന്നെയാണ് ഇവരും വിചാരിച്ചത്. കാരണം അത് അത്രയ്ക്ക് തീവ്രമായിരുന്നു. ചിലപ്പോൾ കാല് മുറിച്ചുകളയേണ്ട അവസ്ഥയും വരാം. ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സക്ക് പോയാൽ പോലും അത് സുഖപ്പെടുത്താൻ പ്രയാസമായിരുന്നു. എന്നാൽ ഗ്രാമങ്ങളിലെത്തിയ സിസ്റ്റേഴ്‌സ് പ്രാർത്ഥനയോടെ എല്ലാ ദിവസവും രോഗം ബാധിച്ച കാല് വെച്ചുക്കെട്ടുകയും മരുന്നുകൾ പുരട്ടുകയും ചെയ്‌തു. ക്രമേണ മുറിച്ചു മാറ്റണം എന്ന് വിചാരിച്ചിരുന്ന കാല് സുഖം പ്രാപിക്കുന്ന കാഴ്ചയ്ക്കാണ് അവർ സാക്ഷ്യം വഹിച്ചത്. ഇത് ഗ്രാമങ്ങളിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വളരെയധികം പ്രചോദമേകിയെന്ന് ഡോ. സി. ബെറ്റി വെളിപ്പെടുത്തുന്നു. ദൈവകരം പോലെ സൗഖ്യം ഒഴുകുന്ന മറ്റൊന്നില്ല. ഏത് ചികിത്സയും വിജയിക്കണമെങ്കിൽ സ്വർഗ്ഗത്തിന്റെ ഇടപെടൽ ആവശ്യമാണ്. ഗ്രാമങ്ങളിലെ നിഷ്കളങ്കരായ ജനങ്ങളിൽ സന്യാസിനികളിലൂടെ പ്രവർത്തിക്കുന്നത് ദൈവകരം തന്നെയെന്ന് ഉറപ്പിക്കാൻ ഇത്തരം സംഭവങ്ങൾ തന്നെ ധാരാളം.

ക്ലിനിക്കുകളിലേക്ക് കൊണ്ട് വരാൻ കഴിയാത്ത പ്രായമായ രോഗികളുള്ള വീടുകളുമുണ്ട് ഗ്രാമങ്ങളിൽ. ഒരു ദിവസം ക്ലിനിക്കിൽ ബെറ്റി സിസ്റ്ററിന്റെ അടുത്തേയ്ക്ക് ഒരു സ്ത്രീ കടന്നുവന്നു. അവൾ വന്നത് പരിശോധനയ്ക്കല്ലായിരുന്നു. വീട്ടിൽ കിടപ്പുരോഗിയായിരിക്കുന്ന തന്റെ അമ്മയെ പരിശോധിക്കാമോ എന്ന അഭ്യർഥനയുമായിട്ടായിരുന്നു. വീട്ടിൽ പോയി ഉള്ള ചികിത്സ വേണോ വേണ്ടയോ എന്ന ചിന്ത പോലും സിസ്റ്ററിനെ അലട്ടിയില്ല. ഉടൻ തന്നെ സിസ്റ്ററും നേഴ്സും അവരുടെ കൂടെ വീട്ടിലേക്ക് പോയി. രോഗിയായ അമ്മയെ കണ്ടു. വീണ് അരക്കെട്ടിന് പൊട്ടലുണ്ടായതിനെത്തുടർന്ന് കിടപ്പിലായ ശാന്തഭായി എന്ന ആ വൃദ്ധയുടെ അവസ്ഥ പരിതാപകരമായിരുന്നു. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ആ വൃദ്ധ മരിക്കുമെന്നുപോലും തോന്നും വിധത്തിൽ അത്ര ദയനീയമായിരുന്നു അവരുടെ അവസ്ഥ.  പിന്നീട് മുറിവ് മരുന്ന് വച്ച് കെട്ടിയതല്ലാതെ തുടർ ചികിത്സകളൊന്നും നടത്തിയിട്ടില്ല. അടുത്ത തവണ സിസ്റ്റർ കാണുമ്പോൾ, ശാന്തഭായിക്ക് നേരിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും ദൈവത്തിൽ വിശ്വാസമർപ്പിച്ച്, ഡോക്ടറും സംഘവും ശാന്തഭായിയെ ചികിൽസിച്ചു. ഈ സംഭവം നടന്നിട്ട് വർഷം ഒന്ന് കഴിഞ്ഞു. ശാന്തഭായി ഇന്നും മക്കളോടൊപ്പം ജീവിച്ചിരിക്കുന്നു.

മറ്റൊരു സംഭവം ഇങ്ങനെയാണ്. ഒരു ശനിയാഴ്ച ദിവസം രാവിലെ ഏകദേശം 48 വയസ്സുള്ള ഒരാൾ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച ദിവസം സിസ്‌റ്റേഴ്സിന്റെ ക്ലിനിക്ക് പ്രവർത്തിക്കുന്നില്ല. അതുകൊണ്ട് സിസ്റ്റേഴ്‌സ് വരുന്നതും കാത്ത് ആ പരിക്കേറ്റ വ്യക്തി തിങ്കളാഴ്ച വരെ കാത്തിരുന്നു. ഇത് സിസ്റ്റേഴ്സിനെ ഒരുപാട് അത്ഭുതപ്പെടുത്തി. കാരണം തലയ്ക്ക് പരിക്കേറ്റ വ്യക്തി ആദ്യം ചെയ്യുക ആശുപത്രിയിലെത്തി അടിയന്തിര വൈദ്യസഹായം തേടുക എന്നുള്ളതാണ്. അതിന് പകരം ആ മുറിവ് വച്ചുകൊണ്ട് സിസ്റ്റേഴ്സ് വരുന്നതുവരെ അതും രണ്ടു ദിവസം വരെ കാത്തിരിക്കുക എന്ന് പറയുന്നത് അവിശ്വസനീയമാണ്. ആ രോഗിയെ കിടത്തികൊണ്ടാണ് ഗ്രാമവാസികൾ സിസ്റ്റേഴ്സിന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ കൊണ്ടുപോകാതെ ഇത്രയും നേരം ആ രോഗിയെ കിടത്തിയതിന് സിസ്റ്റർ ഗ്രാമവാസികളെ ശകാരിച്ചെങ്കിലും ഉള്ളിൽ ഗ്രാമവാസികൾക്ക് സിസ്റ്റേഴ്സിനോടുള്ള വിശ്വാസത്തെയോർത്ത് അത്ഭുതപ്പെടുകയും ചെയ്‌തു. ആ രോഗിയിലും സിസ്റ്റേഴ്സിലൂടെ ദൈവകരം പ്രവർത്തിച്ചു, ആ വ്യക്തി സുഖമാക്കപ്പെട്ടു.

ഗ്രാമവാസികൾ നന്ദി പറയുകയല്ല, സ്നേഹം പ്രകടിപ്പിക്കുകയാണ് 

ഗ്രാമവാസികളിൽ ഭൂരിഭാഗം പേരും വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ഹൈക്ലാസ് ആളുകൾ പറയുന്നതുപോലെ ‘താങ്ക്സ്’ എന്ന് പറയാൻ ഒന്നും അവർക്ക് അറിയില്ല. എന്നാൽ സിസ്റ്റേഴ്സിനോടുള്ള സ്നേഹവും ആദരവും വഴി അവർ അത് പ്രകടിപ്പിക്കുകയാണ്. ഗ്രാമവാസികൾ ഒട്ടും സമ്പന്നരല്ല. എങ്കിലും ക്ലിനിക്കിൽ വന്നിരിക്കുന്ന സിസ്റ്റേഴ്സിന് അവർ എന്നും കുടിക്കാൻ നൽകും. മാത്രമല്ല സിസ്റ്റേഴ്സ് ഗ്രാമങ്ങളിൽ നിന്ന് മടങ്ങുമ്പോൾ, അവർ വീട്ടിൽ തയ്യാറാക്കിയ മോര്, അവരുടെ തന്നെ കൃഷിയിടത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പനങ്ങൾ ഒക്കെ കൊടുത്തുവിടും.

ഡോക്ടർമാരുടെ സേവനം ആവശ്യമുള്ളവരിലേക്ക് ഈ സന്യാസിനികൾ ഇറങ്ങി ചെല്ലുകയാണ് ചെയ്യുന്നത്. ഗ്രാമവാസികളിൽ രക്തസമ്മർദ്ദം, ഷുഗർ പോലുള്ള രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനും ചികിത്സകൾ തുടങ്ങാനും ഈ ക്ലിനിക്കിന്റെ പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ടെന്ന് ഡോ. സി. ബെറ്റി പറയുന്നു. രക്തസമ്മർദ്ദം, ഷുഗർ പോലുള്ള രോഗങ്ങൾ ചികിൽസിക്കാതിരുന്നാൽ പെട്ടെന്നുള്ള മരണത്തിലേയ്ക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളിലേയ്ക്കും നയിക്കും.

ഗ്രാമവാസികൾക്ക് ഈ ക്ലിനിക്കിന്റെ പ്രവർത്തനത്തിലൂടെ മിതമായ ചിലവിൽ ചികിത്സകളും മരുന്നുകളും ലഭ്യമാക്കുകയാണ് ഈ സന്യാസിനിമാർ. ഗ്രാമവാസികൾക്ക് ആശുപത്രിയിലേക്ക് വരുന്ന ചിലവുപോലും ഇപ്പോൾ ചികിത്സയ്ക്ക് ആകുന്നില്ല എന്നതാണ് സത്യം. ഡോക്ടർമാർ പരിശോധനയ്ക്കു ഫീസ് വാങ്ങാറില്ല. മരുന്നുകൾക്കെല്ലാംകൂടി ഏറ്റവും കൂടിയാൽ നൂറ് രൂപ മാത്രമാണ് സിസ്റ്റേഴ്സ് വാങ്ങുന്നത്. “മരുന്നുകൾ ഫ്രീ ആയി നൽകിയാൽ ഗ്രാമവാസികൾ അതിനൊരു വില കല്പിക്കില്ല”- സി. ബെറ്റി പറഞ്ഞു.

രോഗത്തിലൂടെ ഉറച്ച ദൈവവിളി 

വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ പട്ടാണിക്കൂപ്പ് ഇൻഫന്റ് ജീസസ് ഇടവകക്കാരിയാണ് ഡോ. സി. ബെറ്റി. കർഷക ദമ്പതികളായ തോമയുടെയും മേരിയുടെയും നാല് മക്കളിൽ ഇളയവൾ. മഠം വക സ്‌കൂളിലാണ് ബെറ്റി പഠിച്ചത്. അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ ഒരു സന്യാസിനിയാവണം എന്നതല്ലാതെ മറ്റൊരു ആഗ്രഹവും ആ പെൺകുട്ടിയുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് പൂർത്തിയാകാറായപ്പോൾ ബെറ്റിയുടെ മുതിർന്ന സഹോദരനും വൈദികനുമായിരുന്ന ഫാ. ഷാജി പൂവനാട്ട് ആണ് ബെറ്റിയോട് ബെനെഡിക്റ്റൻ സന്യാസസഭയെക്കുറിച്ച് പറയുന്നത്. ഷാജി അച്ചന് അവരിൽ ഏതാനും സന്യാസിനികളെ പരിചയമുണ്ടായിരുന്നു. അങ്ങനെ ബെനെഡിക്റ്റൻ സന്യാസിനീ സമൂഹത്തിൽ ചേരാൻ ബെറ്റി നിശ്ചയിച്ചു.

കേരളത്തിൽ തന്നെയായിരുന്നു സന്യാസപരിശീലനകാലത്തിന്റെ ആദ്യവർഷം. തൃശൂർ ജില്ലയിലെ പേരാമ്പ്രയിൽ. അതുകഴിഞ്ഞ് തുടർ പരിശീലനത്തിനായി അർത്ഥിനികൾ നോർത്ത് ഇന്ത്യയിലേക്ക് പോകും. അങ്ങനെ ഭോപ്പാലിലേക്ക് പോകാനായി അർത്ഥിനികൾ സിസ്റ്റേഴ്സിന്റെ കൂടെ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് ബെറ്റിയിൽ ചിക്കൻ പോക്സിന്റെ ലക്ഷണങ്ങൾ കാണുന്നത്. ശരീരത്തിൽ അങ്ങിങ്ങായി കുരുക്കൾ പൊങ്ങിയിരിക്കുന്നു. മാത്രമല്ല പനിച്ചും തുടങ്ങിയിട്ടുണ്ട്. ഇത് കണ്ടപ്പോൾ രോഗത്തിന്റെ പേരും പറഞ്ഞ് ബെറ്റിയെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ ശ്രമിച്ചു. കാരണം വീട്ടിൽ ബെറ്റിയുടെ അഭാവം അവരെ ഏറെ വേദനിപ്പിച്ചിരുന്നു. തിരികെ വീട്ടിലേക്ക് പോയാൽ തിരിച്ചുവരാൻ മാതാപിതാക്കൾ സമ്മതിക്കില്ല എന്ന് ബെറ്റിക്ക് ഉറപ്പായിരുന്നു. ബെറ്റിയുടെ ഈ വിഷമം മനസ്സിലാക്കിയ സിസ്റ്റേഴ്സ് സുഖമില്ലെങ്കിലും കുഴപ്പമില്ല അവളെ കൊണ്ടുപോകാമെന്നായി. അങ്ങനെ ഭോപ്പാലിലേക്ക് അർത്ഥിനികളും സിസ്റ്റേഴ്സും യാത്രയായി. സുഖമില്ലാതിരുന്നതുകൊണ്ട് ബെറ്റിയെ അവർ മുകളിലെ ബെർത്തിൽ കിടത്തിയിരിക്കുകയായിരുന്നു. രണ്ട് രാത്രിയും ഒരു പകലും യാത്ര ചെയ്ത അവർ ഭോപ്പാലിലെത്തി. അവിടെയെത്തിയപ്പോൾ ബെറ്റി ഏറെ ക്ഷീണിതയായിരുന്നു. വേണ്ട ചികിത്സകൾ നടത്തിയ ശേഷം ബെറ്റി സന്യസ്ഥ പരിശീലനത്തിലേക്ക് തിരികെ പ്രവേശിച്ചു. ഈ ഒരു സംഭവം ഇന്നും സി. ബെറ്റിയുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്. “ദൈവവിളി എന്നുള്ളത് നമ്മുടെ തിരഞ്ഞെടുപ്പിനേക്കാളുപരി ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ്. ദൈവം തിരഞ്ഞെടുത്തവരെ ദൈവത്തിന്റെ വഴിയിലൂടെ നടത്താനായി അവിടുന്ന് പ്രത്യേകമായി ഒരുക്കും”- ഡോ. സി. ബെറ്റി ലൈഫ് ഡേയോട് പറഞ്ഞു.

തന്റെ ജീവിതത്തിലെ റോൾ മോഡൽ മാതാപിതാക്കൾ തന്നെയാണെന്നാണ് ഡോ. സി. ബെറ്റി പറയുന്നത്. ആഴപ്പെട്ട ക്രൈസ്തവ വിശ്വാസമുള്ള കുടുംബമായിരുന്നു സി. ബെറ്റിയുടേത്. വീട്ടിലേക്ക് വരുന്ന വൈദികരെയും സന്യാസിനികളെയും മാതാപിതാക്കൾ വളരെ ആദരവോടെയാണ് സ്വീകരിച്ചിരുന്നത്. കുട്ടികളും ഇവരെ കാണുമ്പോൾ സ്തുതി പറയണമെന്ന് നിർബന്ധമുണ്ടായിരുന്നു. അത് മാത്രമല്ല, ചെറുപ്പത്തിൽ കുട്ടികളോട് വിശുദ്ധരുടെ കഥകൾ പറഞ്ഞു കൊടുക്കാനും മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. “ഒരു സന്യാസിനിയാകാനുള്ള എല്ലാ പ്രചോദനവും എനിക്ക് ലഭിച്ചത് മാതാപിതാക്കളിൽ നിന്നാണ്”- ഡോ. സി. ബെറ്റി ലൈഫ് ഡേയോട് പറഞ്ഞു.

 ബിരുദം ബോട്ടണിയിൽ; എന്നാൽ ദൈവഹിതം മറ്റൊന്ന് 

1993 മെയ് 14- ന് ചാലക്കുടിയിലെ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ വച്ചായിരുന്നു സി. ബെറ്റിയുടെ ആദ്യവ്രത വാഗ്ദാനം. അതു കഴിഞ്ഞ് എറണാകുളം തേവര എസ് എച്ച് കോളേജിൽ നിന്ന് പ്രീ ഡിഗ്രിയും ബോട്ടണിയിൽ ബിരുദവുമെടുത്തു. തുടർന്ന് 2001 ജൂൺ 21- ന് ഭോപ്പാലിൽ വച്ച് നിത്യ വ്രത വാഗ്ദാനവും നടന്നു. 2002- ൽ ബാംഗളൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനത്തിനു ചേർന്നു. പഠനശേഷം വിവിധ സന്യാസിനീസമൂഹങ്ങൾ നടത്തുന്ന കേരളത്തിലെ വിവിധ ആശുപത്രികളിൽ ഡോ. സി. ബെറ്റി രണ്ട് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്തിൽ ഡിപ്ലോമയും നേടി.

ഇപ്പോൾ എട്ട് വർഷമായി സിസ്റ്റർ ഭോപ്പാലിലെ ദേവമാതാ കോൺവെന്റിലാണ് താമസിക്കുന്നത്. അവിടെ സിസ്റ്റർ ഉൾപ്പെടെ എട്ട് സന്യാസിനിമാരുണ്ട്. മഠത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ദേവമാതാ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ തന്നെയാണ് എല്ലാവരും ജോലി ചെയ്യുന്നതും. തന്റെ മുന്നിൽ വരുന്ന ഓരോ രോഗിയേയും അന്യനായി കാണാതെ ഒരു കുടുംബാംഗമായാണ് സിസ്റ്റർ കാണുന്നത്. അങ്ങനെ ഓരോ രോഗിയെയും കാണുകയും അവരോട് ഇടപഴകുകയും ചെയ്യുന്നതാണ് കൂടുതൽ അഭികാമ്യം എന്നാണ് ഡോ. സി. ബെറ്റി പറയുന്നത്. മെഡിക്കൽ മേഖലയിൽ മികച്ച സേവനങ്ങൾ കാഴ്ചവച്ചുകൊണ്ട് കർമ്മനിരതയായി തുടരുന്ന ഡോ. സി. ബെറ്റിക്ക് ലൈഫ് ഡേയുടെ ആശംസകൾ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.