“അവൾ ക്രിസ്തുവിൽ ധീരയായിരുന്നു” – ഡെബോറയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത്

“ഞാൻ ചെന്നപ്പോൾ മുഖമാകെ രക്തമൊലിപ്പിച്ചു നിൽക്കുന്ന ഡെബോറയെ ആണ് കാണുന്നത്.” കഴിഞ്ഞ ദിവസം നൈജീരിയയിൽ മതനിന്ദ ആരോപിച്ച് സുഹൃത്തുക്കൾ കൊലപ്പെടുത്തിയ ഡെബോറ എന്ന ക്രിസ്ത്യൻ പെൺകുട്ടിയുടെ സുഹൃത്തിന്റെ വാക്കുകളാണ് ഇത്.

മെയ് പന്ത്രണ്ടാം തീയതി ക്രൂരമായ മർദ്ദനങ്ങൾക്കൊടുവിൽ മതവിദ്വേഷത്തിന്റെ അഗ്നിയിൽ ഒരു പിടി ചാരമായി ഡോബോറ യാക്കൂബ് സാമുവൽ എന്ന ഇരുപത്തിരണ്ടുകാരി മാറിയപ്പോൾ ക്രിസ്തീയവിശ്വാസത്തിന്റെ ഒരു വലിയ സാക്ഷ്യം കൂടെ അവൾ അവശേഷിപ്പിച്ചിരുന്നു. തന്റെ ജീവിതത്തിൽ ദൈവം നൽകിയ വിജയത്തിന് നന്ദിയും ഒപ്പം പരിശുദ്ധാത്മാവ് തന്റെ കൂടെയുള്ളപ്പോൾ തനിക്ക് ഒന്നും സംഭവിക്കുകയില്ല എന്ന വിശ്വാസത്തിലധിഷ്ഠിതമായ ധീരതയും ഡെബോറയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി. തന്റെ വിശ്വാസം, അത് ആർക്കു മുന്നിലും അടിയറ വയ്ക്കാൻ അവൾ തയ്യാറായിരുന്നില്ല. ഈയൊരു കാരണത്താൽ തന്നെ ദൈവവിശ്വാസം വെളിപ്പെടുത്തിയതിൽ മാപ്പ് പറയാൻ മുസ്ലിം കുട്ടികൾ നിർബന്ധിച്ചപ്പോൾ അവൾ അതിന് തയ്യാറായതുമില്ല. അതാണ് ഡെബോറയുടെ കൊലപാതകത്തിൽ കലാശിച്ചതും.

“മെയ് പന്ത്രണ്ടാം തീയതി രാവിലെയാണ് എനിക്ക് ഡെബോറയുടെ ഒരു ഫോൺ കോൾ വരുന്നത്; സഹായം അഭ്യർത്ഥിച്ചുകൊണ്ട്. ഹോസ്റ്റലിൽ മുസ്ലിം സുഹൃത്തുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള വിളിയായിരുന്നു അത്. താൻ എത്തുമ്പോൾ രക്തം വാർന്ന മുഖവുമായി നിൽക്കുന്ന ഡെബോറയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്ന സ്റ്റാഫിനെയാണ് കാണുന്നത്. വടി കൊണ്ടുള്ള അടിയേറ്റ് അവളുടെ തലയും മുഖവും പൊട്ടിയിരുന്നു. അവളെ മർദ്ദിച്ച പെൺകുട്ടികൾക്കൊപ്പം മതനിന്ദ നടത്തുന്നവരെ കൊല്ലണം എന്ന് ആക്രോശിക്കുന്ന യുവാക്കളും ചേർന്നു. ഡെബോറയെ ക്രൂരമായി മർദ്ദിക്കുമ്പോഴും ‘അള്ളാഹു അക്ബർ’ വിളികൾ അവിടെയാകെ മുഴങ്ങിയിരുന്നു” – സുഹൃത്ത് പറയുന്നു.

“പത്തു മണിയോടെ ഡെബോറയെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ കോളേജ് അധ്യാപകർ നടത്തി. ഇതേ സമയം തന്നെ പോലീസും അവിടെ എത്തിയിരുന്നു. അവർ തൽക്കാലത്തേക്ക് വിദ്യാർത്ഥികളെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവയ്ക്കുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തുവെങ്കിലും ആക്രമികൾ അല്പനേരത്തിനു ശേഷം തിരികെയെത്തി ഡെബോറക്കു നേരെ ആക്രമണം തുടരുകയായിരുന്നു” – സുഹൃത്ത് വെളിപ്പെടുത്തി. പോലീസിന്റെ ഭാഗത്തു നിന്നും ഡെബോറയെ രക്ഷപെടുത്താൻ ശ്രമിച്ചുവെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അവരുടെ ഭാഗത്തു നിന്നുമുണ്ടായ അലംഭാവം സുഹൃത്തിന്റെയും ദൃക്‌സാക്ഷികളുടെയും വാക്കുകളിൽ വ്യക്തമാണ്.

വൈകാതെ തന്നെ ഡെബോറയെ മാറ്റിയ സ്ഥലത്തേക്ക് സുഹൃത്തും എത്തി. ഈ സമയം ജനാലകളിലൂടെ കല്ലുകളും മറ്റും എറിഞ്ഞുകൊണ്ട് മുസ്ലിം വിദ്യാർത്ഥികൾ ആക്രമണം തുടർന്നു. ഒപ്പം ഗ്യാസോയിലിൻ പ്രയോഗവും നടന്നു. ഗ്യാസോയിലിൻ ദേഹത്ത് വീണ് ഡെബോറയുടെ ശരീരം ആകെ കുതിർന്നിരുന്നു. അതിനു പിന്നാലെ കത്തിച്ച പ്ലാസ്റ്റിക് എറിഞ്ഞെങ്കിലും സുഹൃത്തിന്റെ ഇടപെടലിലൂടെ അത് തടയാൻ കഴിഞ്ഞു. ഡെബോറയെ ജീവനോടെ കത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതെല്ലാം പോലീസ് ഒരു സുരക്ഷിതസ്ഥാനത്തു നിന്ന് വീക്ഷിക്കുകയായിരുന്നു. പോലീസ് രക്ഷപെടുത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്തായി. വൈകാതെ തന്നെ ഇവർ ആയിരുന്ന മുറിയുടെ വാതിൽ തകർത്ത് അക്രമികൾ എത്തി. സുഹൃത്തിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ‘ഇവളല്ല കുറ്റക്കാരി’ എന്ന് പറഞ്ഞുകൊണ്ട് തന്നെ വെറുതെ വിടുകയും ഡെബോറയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി സുഹൃത്ത് ഓർക്കുന്നു. ശേഷം ഗെയ്റ്റ് ഹൌസിലേക്ക് ഡെബോറയെ കൊണ്ടുപോവുകയും അവിടെ വച്ച് അവളെ സ്റ്റീൽ കമ്പിയും വടിയും കല്ലും ഉപയോഗിച്ച് മർദ്ദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വൈകാതെ തന്നെ അവളുടെ മൃതദേഹം അവർ അഗ്നിക്ക് ഇരയാക്കി. ഇതെല്ലാം കണ്ടുനിന്ന പോലീസ് പോലും നിന്നിടത്തു നിന്ന് അനങ്ങിയില്ല എന്നും സുഹൃത്ത് വേദനയോടെ വെളിപ്പെടുത്തി.

ക്രിസ്തുവിലുള്ള വിശ്വാസം, നന്ദിയുടെ മനോഭാവം ഒരു നേരത്തെ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി ഉപേക്ഷിച്ചിരുന്നു എങ്കിൽ ഈ പെൺകുട്ടിയും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. എന്നാൽ തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും തന്റെ ജീവനേക്കാൾ താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ദൈവത്തെ ചേർത്തുനിർത്തിയ ഈ പെൺകുട്ടി പീഡനങ്ങൾക്കു നടുവിലും വാടാതെ, തളരാതെ നിൽക്കുന്ന ആയിരക്കണക്കിന് ക്രൈസ്തവരുടെ ആഴമായ വിശ്വാസത്തിന്റെ പ്രതീകമാണ്. അവരുടെ മാതൃകയാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.