കണ്ണീർ തോരാതെ ക്രൈസ്തവർ; കണ്ണിൽ ചോരയില്ലാതെ പീഡകർ 

ടോണി ചിറ്റിലപ്പിള്ളി

ലോകമെമ്പാടുമുള്ള ക്രൈസ്തവപീഡനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നങ്ങളിലൊന്നാണ്. ക്രിസ്തീയപീഡനം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. സുഡാൻ മുതൽ റഷ്യ വരെ, നൈജീരിയ മുതൽ ഉത്തര കൊറിയ വരെ, കൊളംബിയ മുതൽ ഇന്ത്യ വരെ… ക്രിസ്തുമതാനുയായികളെയും അവരുടെ വിശ്വാസത്തെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നു. ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവർ വിവേചനം നേരിടുന്നു. ലൈംഗികാതിക്രമങ്ങൾ, വിവിധ തരത്തിലുള്ള പീഡനങ്ങൾ, അറസ്റ്റ് എന്നിവയും ക്രൈസ്തവരുടെ ജീവൻ അപകടത്തിലാക്കുന്നു.

ഇപ്പോള്‍ ക്രൈസ്തവപീഡനം ഏറ്റവും ക്രൂരമായി അരങ്ങേറുന്നത് നൈജീരിയയിലാണ്. ലോകത്ത് കൊല്ലപ്പെടുന്നതില്‍ 80 % ക്രൈസ്തവരും നൈജീരിയയിലാണ്. വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ കണക്ക് പ്രകാരം 2021-ല്‍ 4,650-നു മുകളില്‍ ക്രൈസ്തവര്‍ നൈജീരിയയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 2022-ലെ ആദ്യ നാലു മാസങ്ങളിൽ 1,215 പേരും കൊല്ലപ്പെട്ടു.

ഇന്ത്യയിലെ ക്രൈസ്തവരുടെ അവസ്ഥ 

2022-ലെ ആദ്യ നാലു മാസങ്ങളിൽ  ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിന്റെ 127 സംഭവങ്ങളെങ്കിലും  രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂഡൽഹി ആസ്ഥാനമായുള്ള എക്യുമെനിക്കൽ സംഘടനയായ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തിറക്കിയ റിപ്പോർട്ടിൽ ഇത് പറയുന്നുണ്ട്. ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ പീഡനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ക്രിസ്ത്യാനികൾക്കെതിരെ ആസൂത്രിതവും ശ്രദ്ധാപൂർവ്വവുമായ അക്രമത്തിലേക്ക് നയിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിദ്വേഷം വളർത്താനും സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഈ അടുത്ത കാലത്ത് ക്രിസ്ത്യാനികൾക്കെതിരായി ഇന്ത്യയിലും കേരളത്തിലും നടക്കുന്ന വിവിധ രീതിയിലുള്ള ആക്രമണങ്ങളുടെ വർദ്ധനവ് വിശാലമായ അസ്വാസ്ഥ്യത്തിന്റെ ഭാഗമാണെന്നു കാണാം. ലക്ഷ്യം വ്യക്തമാണ്: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും പൈശാചികവൽക്കരിക്കുകയും ചെയ്യുക. ഏറ്റവും പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ 140 കോടിയിലധികം വരുന്ന ജനങ്ങളിൽ 2% വരുന്ന ക്രിസ്ത്യാനികൾക്കു നേരെയുള്ള ആക്രമണങ്ങൾ, ക്രൈസ്തവ ന്യൂനപക്ഷങ്ങളെ കൂടുതൽ സുരക്ഷിതരല്ലാതാക്കുന്ന വിശാലമായ മാറ്റത്തിന്റെ ഭാഗമാണെന്നു വിലയിരുത്താം.

ഇത്തരം പ്രവൃത്തികളോട് സമൂഹം പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയുടെ മതേതരഘടന നഷ്‌ടപ്പെടും. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കും. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്യുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്നതും ജനാധിപത്യപരവും ബഹുസ്വരവുമായ ഇന്ത്യ എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടും. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ അരങ്ങേറുമ്പോൾ ക്രൈസ്തവർക്ക് ‘നിശബ്ദ കാഴ്ചക്കാർ’ ആയി തുടരാനാവില്ല.

ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് 2021 ഏറ്റവും മോശം വർഷമായിരുന്നെന്ന് ഡാറ്റകൾ കാണിക്കുന്നു. ന്യൂനപക്ഷ സമുദായത്തിനും അതിന്റെ സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങളുടെ 486 സംഭവങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഷ്യയിലെ ഓരോ അഞ്ച് ക്രിസ്ത്യാനികളിൽ രണ്ടു പേരെങ്കിലും കഠിനമായ പീഡനം ഏറ്റുവാങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജയ്‌പൂരിൽ നിന്ന് പുറത്തിറക്കിയ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത്, കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ 300 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ്.

കേരളത്തിലെ പൊതുസമൂഹത്തിൽ ക്രൈസ്തവർക്കെതിരെയുള്ള അവഹേളനങ്ങൾ 

ക്രിസ്‌തുമത വിശ്വാസികളും അവരുടെ ആരാധനാലയങ്ങളും വലിയ തോതിൽ ആക്രമിക്കപ്പെടുകയാണ്‌. ചിലത് മുഖ്യധാരാ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ആരാധനാലയങ്ങൾക്ക് തീയിടൽ, ശാരീരിക – ലൈംഗികാതിക്രമങ്ങൾ, കൊലപാതകം, ക്രിസ്ത്യൻ സ്കൂളുകൾ, കോളേജുകൾ, സെമിത്തേരികൾ എന്നിവ നശിപ്പിക്കുക, ക്രൈസ്തവ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുക,  പ്രാർത്ഥന തടയുക, സമൂഹമാധ്യമങ്ങളിൽ കൂടി അവഹേളിക്കുക തുടങ്ങി വിവിധ രീതിയിലുള്ള ആക്രമണങ്ങൾ കൂടിവരികയാണ്. ക്രിസ്ത്യൻ കൂട്ടായ്മകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഈ അടുത്ത കാലത്ത്‌ കേരളത്തിൽ കുത്തനെ ഉയരുകയാണ്. ക്രൈസ്തവർക്കെതിരെ മനഃപൂർവ്വം പൊതുവികാരം സൃഷ്ടിക്കുന്നതിൽ ചില തീവ്രവാദ സംഘടനകളും കൂട്ടായ്മകളും നടത്തുന്ന ശ്രമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിയണം.

കോടതി വെറുതെ വിട്ടാൽ പോലും ക്രൈസ്തവരെ മാത്രം വിടാതെ തുടർച്ചയായി പിന്തുടർന്ന് അവഹേളിക്കുന്നതിനെതിരെ നിയമസംവിധാനങ്ങൾ എന്തുകൊണ്ട് സ്വമേധയാ നടപടികൾ എടുക്കുന്നില്ല. ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ – സന്യസ്തജീവിതങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ, പ്രസ്ഥാനങ്ങള്‍ക്കോ, നവമാധ്യമങ്ങള്‍ക്കോ, സിനിമകള്‍ക്കോ, യൂട്യൂബുകൾക്കോ എതിരെ എന്തുകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല?

ഇപ്പോഴിറങ്ങുന്ന മിക്ക സിനിമകളും തന്നെ ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്കാ സഭയെയും അങ്ങേയറ്റം അവഹേളിക്കുന്ന ചിത്രീകരണം നിറഞ്ഞതാണ്. ക്രൈസ്തവ സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയ്യടി വാങ്ങിക്കൊടുക്കുന്നതായി മലയാള സിനിമാ വ്യവസായം മാറിയിരിക്കുന്നു എന്നു പറയുന്നതിൽ ഏറെ ഖേദമുണ്ട്. അവഹേളനങ്ങളും പരിഹാസങ്ങളും പീഡനങ്ങളുടെ ലിസ്റ്റിൽ കാണാൻ സർക്കാർ തയ്യാറാകണം.

അന്താരാഷ്‌ട്ര എൻ‌ജി‌ഒ ഓപ്പൺ ഡോർസ്

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കു വേണ്ടി വാദിക്കുന്ന പ്രശസ്ത അന്താരാഷ്‌ട്ര എൻ‌ജി‌ഒ ആയ ഓപ്പൺ ഡോർസ്, അവരുടെ വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് 2022 ജനുവരി 19-ന് പുറത്തിറക്കി. ക്രിസ്ത്യാനികൾ ഏറ്റവും കഠിനമായ പീഡനങ്ങൾ നേരിടുന്ന 50 രാജ്യങ്ങളെ വേൾഡ് വാച്ച് ലിസ്റ്റ് വിലയിരുത്തുന്നു. പുതുതായി പ്രസിദ്ധീകരിച്ച ഡാറ്റ ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വെളിപ്പെടുത്തുന്നു. കോവിഡ് പ്രതിസന്ധി ക്രൈസ്തവരെ ദുർബലപ്പെടുത്താനുള്ള മറയായി ഉപയോഗിച്ചിട്ടുണ്ട്. വേൾഡ് വാച്ച് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിൽ, 2021 ആഗസ്റ്റിൽ താലിബാൻ ഏറ്റെടുത്തതിനെ തുടർന്ന് ക്രിസ്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും പലായനം ചെയ്തു; അവശേഷിക്കുന്നവർ ഒളിവിലാണ്.

പട്ടികയിൽ 20 വർഷങ്ങൾക്കു ശേഷം രണ്ടാം സ്ഥാനത്തേക്കു വീണെങ്കിലും ഉത്തര കൊറിയയിലെ ക്രൈസ്തവപീഡനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമ്പൂർണ്ണമായി തുടരുന്നു. 2022-ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്, ക്രൈസ്തവപീഡനം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിരിക്കുന്നു എന്നാണ്. വലിയ തോതിൽ ക്രൈസ്തവപീഡനം നടക്കുന്ന സൊമാലിയ മൂന്നാം സ്ഥാനത്താണ്. 16 ദശലക്ഷത്തിലധികമുള്ള ജനസംഖ്യയിൽ സൊമാലിയയിൽ ഏതാനും ആയിരത്തിൽ താഴെ ക്രിസ്ത്യാനികൾ മാത്രമേയുള്ളൂവെന്ന് 2022-ലെ പഠനങ്ങളിൽ കണക്കാക്കപ്പെടുന്നു. ലിബിയയും യെമനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ വരുന്നത്.

ഓപ്പൺ ഡോർസിന്റെ  കണക്ക് പ്രകാരം, ഏകദേശം 30 വർഷം മുമ്പ് വേൾഡ് വാച്ച് ലിസ്റ്റ് ആരംഭിച്ചതിനു ശേഷം ക്രിസ്ത്യാനികൾക്കെതിരായ പീഡനം ഏറ്റവും ഉയർന്ന തലത്തിലെത്തിയിട്ടുണ്ട്. 76 രാജ്യങ്ങളിലായി 360 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി കടുത്ത പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 20 ദശലക്ഷത്തിന്റെ വർദ്ധനവ്. 312 ദശലക്ഷം ക്രിസ്ത്യാനികൾ പീഡനങ്ങൾ കൂടിയ 50 രാജ്യങ്ങളിൽ ജീവിക്കുന്നു. ഓരോ ഏഴ് ക്രിസ്ത്യാനികളിൽ ഒരാളെങ്കിലും തങ്ങളുടെ വിശ്വാസത്തിനു വേണ്ടിയുള്ള പീഡനത്തിന്റെയോ, വിവേചനത്തിന്റെയോ കീഴിൽ ജീവിക്കുന്നു.

ക്രിസ്തുമതത്തെ, അധികാരത്തിനു ഭീഷണിയായി കാണുന്ന സ്വേച്ഛാധിപത്യ സർക്കാരുകൾ

ചില രാജ്യങ്ങളിൽ, സ്വേച്ഛാധിപത്യ ഗവൺമെന്റുകൾക്കു കീഴിലാണ് ക്രിസ്ത്യൻ പീഡനം നടക്കുന്നത്. ചില  സ്ഥലങ്ങളിൽ എല്ലാ മതചിന്തകളെയും ആവിഷ്കാരത്തെയും നിയന്ത്രിക്കാൻ സ്വേച്ഛാധിപത്യ സർക്കാരുകൾ ശ്രമിക്കുന്നതിന്റെ ഭാഗമായി, രാഷ്ട്രീയ – ദൈനംദിന ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കർശനമായി നേരിടുന്നു. ഈ സർക്കാരുകൾ ചില മതവിഭാഗങ്ങളെ ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കുന്നു. കാരണം ഭരണാധികാരികളോടുള്ള വിശ്വസ്തതയെ വെല്ലുവിളിക്കുന്ന മതവിശ്വാസങ്ങൾ ക്രൈസ്തവമതത്തിൽ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു.

2022-ലെ റാങ്കിങ്ങ് പ്രകാരം ക്രൈസ്തവപീഡനങ്ങളുടെ മേല്‍ത്തട്ടില്‍ നിൽക്കുന്ന 10 രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിൽക്കുന്നത് അഫ്ഗാനിസ്ഥാന്‍, വടക്കൻ കൊറിയ, സൊമാലിയ, ലിബിയ, യെമൻ, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ തുടങ്ങിയവയാണ്.

മൗനം: യഥാർത്ഥ കൊലയാളി

ലോകമെമ്പാടുമുള്ള ക്രൈസ്തവപീഡനങ്ങൾക്കു നേരെയുള്ള നിശബ്ദതക്ക് നിരവധി ഘടകങ്ങൾ കാരണമാകുന്നു. മിക്ക ആളുകളും ഇത് സംഭവിക്കുന്നുണ്ടെന്നു മനസിലാക്കുന്നില്ല. കാരണം അവർ അതിനെക്കുറിച്ച് കേൾക്കുന്നില്ല. രണ്ടാമതായി, എല്ലാ ദിവസവും ആളുകൾ കേൾക്കുന്ന ഭയാനക വാർത്തകൾക്കിടയിൽ ക്രൈസ്തവപീഡന വാർത്തകൾ തിരഞ്ഞെടുക്കാൻ പ്രയാസമാണ്. മൂന്നാമതായി, ഇത് ‘മതശുദ്ധീകരണ’ത്തിന്റെ ഒരു സമ്പ്രദായമാണ്. അവസാനമായി, പലപ്പോഴും ക്രിസ്ത്യൻ പീഡനത്തിനു മുന്നിൽ ഭരണാധികാരികൾ നിശബ്ദരാണ്.

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാക്കുകൾ നമ്മുടെ ചിന്താഗതിയെ നയിക്കാൻ ഏറ്റവും അനുയോജ്യമാണ്: “അവസാന കാലത്ത് നാം ഓർക്കുക നമ്മുടെ ശത്രുക്കളുടെ വാക്കുകളല്ല; മറിച്ച് നമ്മുടെ സുഹൃത്തുക്കളുടെ നിശബ്ദതയാണ്.”

ചില രാജ്യങ്ങളിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ വേണ്ട രീതിയിൽ റിപ്പോർട്ട് ചെയ്യാതിരിക്കുന്ന കാര്യത്തിൽ അവിടുത്തെ പ്രമുഖപത്രങ്ങളും ന്യൂസ് ചാനലുകളും എല്ലാം ഒറ്റക്കെട്ടാണെന്നതാണ് വിചിത്രമായ കാര്യം. റിപ്പോർട്ട് ചെയ്യുന്ന കേസുകളിലാകട്ടെ, അക്രമികളുടെ പേര് ഉണ്ടാകില്ല. എങ്ങനെയെങ്കിലും അക്രമിയുടെ പേര് പുറത്തുവന്നാൽ അടുത്ത വാർത്ത, അവൻ മാനസിക അസ്വാസ്ഥ്യം ഉള്ളവനാണ് എന്നതായിരിക്കും.

‘ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു’ എന്ന രീതിയില്‍ ഒരു ഹാഷ്ടാഗ് പോലും ഇടാന്‍ കഴിയാത്തവിധം നവമാധ്യമങ്ങളിലെ അക്ഷരലോകം ചുരുങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിന് ക്രൈസ്തവർ എത്രയിടങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു, എത്രയെത്ര കുഞ്ഞുങ്ങൾ അനാഥരായി, എത്രയെത്ര ആരാധനാലയങ്ങൾ തകർക്കപ്പെട്ടു… എവിടെപ്പോയി മനുഷ്യാവകാശപ്പോരാളികളായ മാധ്യമങ്ങൾ.

ക്രൈസ്തവപീഡനത്തിലെ പുതിയ പ്രവണതകൾ

വ്യക്തിഗത ഡിജിറ്റൽ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗത ഡിജിറ്റൽ സാങ്കേതികവിദ്യ ആഗോളതലത്തിൽ ക്രിസ്ത്യാനികളെ എങ്ങനെ ലക്ഷ്യമിടുന്നു എന്നതിന് നിരവധി പ്രവണതകളുണ്ട്. മുഖം തിരിച്ചറിയാനുള്ള സാങ്കേതികത, ഇലക്ട്രോണിക് ചിപ്പുകൾ, വ്യക്തിഗത ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലൂടെ സർക്കാരുകൾക്ക് കൂടുതലായി പൗരന്മാരെ നിരീക്ഷിക്കാം. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വേച്ഛാധിപത്യ സർക്കാരുകൾ ക്രൈസ്തവർക്കെതിരെ ഇത് ദുരുപയോഗം ചെയ്യുന്നു. വിയറ്റ്നാം, മ്യാന്മർ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇത്തരം വിദ്യകളിലൂടെ മതപരമായ അവകാശങ്ങളുടെമേൽ കർശനമായ നിയന്ത്രണം കൊണ്ടുവരുന്നു.

ക്രിസ്ത്യൻ സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന രാജ്യങ്ങളുണ്ട്. ക്രിസ്ത്യൻ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ ഞെട്ടിക്കുന്നതാണ്. പല രാജ്യങ്ങളിലും സ്ഥലങ്ങളിലും അവർ ‘ഇരട്ടപീഡനം’ അനുഭവിക്കുന്നു. ഒരു ക്രിസ്ത്യാനി ആയതിനാലും ഒരു സ്ത്രീ എന്ന നിലയിലും. ഇത്തരത്തിലുള്ള പീഡനം വിലയിരുത്താൻ പ്രയാസമാണ്. കാരണം ഇത് ഏറെ സങ്കീർണ്ണവും അക്രമാസക്തവും മറഞ്ഞിരിക്കുന്നതുമാണ്.

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിവസവും ചുരുങ്ങിയത് 23 പേരെങ്കിലും മാനഭംഗത്തിന് ഇരകളാവുകയും 10 പേര്‍ തടവിലാക്കപ്പെടുകയും ഇരുപത്തിയഞ്ചോളം ദേവാലയങ്ങളോ, ക്രിസ്ത്യന്‍ കെട്ടിടങ്ങളോ ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഓപ്പണ്‍ ഡോർസ് വ്യക്തമാക്കുന്നു. എണ്ണത്തിലും അനുപാതത്തിലും ക്രിസ്ത്യാനികളെപ്പോലെ മറ്റൊരു മതത്തെയും വിഭാഗത്തെയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടില്ല.

ഭൂരിപക്ഷ സാംസ്കാരിക വിശ്വാസത്തിനു പുറത്തുള്ള എല്ലാറ്റിനെയും കുറിച്ചുള്ള സംശയം

ചില സ്ഥലങ്ങളിൽ പാരമ്പര്യേതര, ന്യൂനപക്ഷ മതവിഭാഗങ്ങളോട് കടുത്ത ശത്രുതയുണ്ട്. ഈ സ്ഥലങ്ങളിൽ ഒരു ക്രിസ്ത്യാനിയാകുക എന്നത് ആധിപത്യ സംസ്കാരം അവകാശപ്പെടുന്ന സ്വത്വം ഒഴികെയുള്ള ഒരു സ്വത്വം അവകാശപ്പെടുന്നത് കുറ്റകരമാണ്. അത് പലപ്പോഴും ശക്തമായി എതിർക്കപ്പെടുന്നു. കടുത്ത സാംസ്കാരിക ആധിപത്യ അധിനിവേശം നടക്കുന്ന ഇടങ്ങളിൽ സമർദ്ദങ്ങൾക്കു നടുവിലാണ് ക്രൈസ്തവജീവിതം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ‘വംശഹത്യ’ എന്ന തലത്തിലാണെന്നത് അവരുടെ സ്ഥിതി കൂടുതൽ ഭയാനകമാക്കുന്നു.

കോവിഡ് 19-നെ ചില രാജ്യങ്ങളിൽ ക്രൈസ്തവപീഡന ആയുധമായി ഉപയോഗിക്കുന്നു

കോവിഡ്-19 സഹായം സ്വീകരിക്കുന്നതിൽ നിന്ന് ക്രിസ്ത്യാനികളെ എത്രമാത്രം ഒഴിവാക്കുന്നുവെന്ന് ഓപ്പൺ ഡോർസ് നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ഇതുപോലെ ഒരുപാട് സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുമ്പോൾ ദുർബലരായ വിശ്വാസികളെ പ്രാദേശിക അധികാരികൾ മന:പൂർവ്വം അവഗണിക്കുകയും ക്രിസ്ത്യൻ നഴ്സുമാർക്ക് സുപ്രധാന പിപിഇ കിറ്റ് നിഷേധിക്കുകയും, ക്രിസ്ത്യാനികളണ് കോവിഡ് വൈറസ് പടരുന്നതിന് കാരണമെന്ന് അടിസ്ഥാനരഹിതമായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

ഓപ്പൺ ഡോർസിന്റെ വേൾഡ് വാച്ച് ലിസ്റ്റ് 2022, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഒരു യഥാർത്ഥ ചിത്രം വരയ്ക്കുന്നു. എന്നിരുന്നാലും ഇത് ക്രിസ്ത്യാനികളിൽ അവസാനിക്കുന്നില്ല. ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളിൽ മറ്റ് മതന്യൂനപക്ഷങ്ങൾ സമാനമായ പെരുമാറ്റത്തിന് വിധേയരാകുന്നു. കൂടാതെ, ഇവരുടെ റിപ്പോർട്ട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഉന്നയിക്കുന്നു. മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവർക്കെതിരെ നടപടികൾ ഇല്ലാത്തതും ശിക്ഷകൾ വളരെ നിസാരമാക്കുന്നതും കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നതിനാൽ അത് കൂടുതൽ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു. ഇത് ഒരു പ്രദേശത്തോ, രാജ്യത്തോ മാത്രമല്ല ലോകം  മുഴുവനുമുള്ള കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നു. നാം ഗൗരവമായി കാണേണ്ട ഒരു മുന്നറിയിപ്പാണിത്. ക്രൈസ്തവ വിരുദ്ധ പീഡനത്തിന്റെ യഥാർത്ഥ വ്യാപ്തി പുറംലോകത്തെ അറിയിക്കാൻ ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളും വിമുഖത കാണിക്കുകയാണ്.

വിവിധ തരത്തിലുള്ള ക്രൈസ്തവപീഡനങ്ങൾ

ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം എന്നത്‌ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കുരിശ് ധരിക്കാൻ അനുവദിക്കാതിരിക്കുക, സ്വവഗ്ഗ ലൈംഗികത ശരിയാണെന്നു പറയാൻ തയ്യാറല്ലാത്ത മാതാപിതാക്കൾക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ അനുവദിക്കാതിരിക്കുക, രോഗികൾ ആവശ്യപ്പെട്ടാൽ പോലും ആശുപത്രിയിൽ വച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ നഴ്സുമാരെ അനുവദിക്കാതിരിക്കുക, ലൈംഗികവൈകൃതങ്ങൾ അടങ്ങിയ പാഠപുസ്തകങ്ങൾ മാതാപിതാക്കളുടെ എതിർപ്പ് മറികടന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കുക തുടങ്ങിയവയാണ്.

സമത്വത്തിന്റെ പേര് പറഞ്ഞ് ഈശ്വരപ്രാർത്ഥനയോടൊപ്പം സാത്താനോടുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തണം എന്ന് നിർബന്ധിക്കുക, തങ്ങളുടെ മനഃസാക്ഷിക്കെതിരായി അബോർഷൻ നടത്താൻ ഡോക്ടർമാരെയും നഴ്സുമാരെയും നിർബന്ധിക്കുക, അഭയാർത്ഥി ക്യാമ്പുകളിൽ ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് പ്രവേശനം നിഷേധിക്കുക എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ ക്രൈസ്തവപീഡനങ്ങൾ ദൃശ്യമാണ്.

ശക്തമായ നിയമസംവിധാനങ്ങളുടെ അഭാവം ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾക്കും അവഹേളനങ്ങൾക്കും കാരണമാകുന്നുണ്ട്. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രസ്താവനകള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഭാരതത്തില്‍ ക്രൈസ്തവർക്കു നേരെയുള്ള നിലപാടിന്റെ അപകടകരമായ സൂചനയായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. സർക്കരുകളുടെ മൗനവും പോലീസിന്റെ മെല്ലെപ്പോക്കും പലപ്പോഴും കുറ്റവാളികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. സൈബർ ഇടങ്ങളിലൂടെയുള്ള  ആക്രമണങ്ങൾക്കുള്ള ശിക്ഷകൾ പലപ്പോഴും അപര്യാപ്‌തമാണ്‌. രാജ്യത്ത് ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന തിരിച്ചറിവ് സർക്കാരുകൾക്ക് ഉണ്ടാകട്ടെ.

ടോണി ചിറ്റിലപ്പിള്ളി  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.