സംപ്രീതിയിലെ മാലാഖാമാർക്ക് ഉന്മേഷം പകരാൻ ‘ഏഞ്ചൽസ് ഫിഷ് സ്പാ’

മാനസികമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് കുടമാളൂർ ‘സംപ്രീതി’ ഭവനത്തിലുള്ളത്. ഇപ്പോൾ അവരോടൊപ്പം തായ്‌ലൻഡിൽ നിന്നുള്ള കുറച്ച് കുഞ്ഞൻ മത്സ്യങ്ങളുമുണ്ട്: സംപ്രീതിയിലെ മാലാഖാമാർക്ക് ഉന്മേഷം പകരാൻ പുതുതായി ആരംഭിച്ച ‘ഏഞ്ചൽസ് ഫിഷ് സ്പാ’ യിലെ ‘ഡോക്ടർ ഫിഷ്’ കുഞ്ഞുങ്ങളാണ് അവ. ചികിത്സക്കായി ഉപയോഗിക്കുന്ന ഇത്തരം മത്സ്യങ്ങൾ സംപ്രീതിയിലെ മാലാഖാമാർക്ക് കൂടുതൽ ഉപകാരപ്പെടും എന്ന് മനസിലാക്കി ആരംഭിച്ച പുതിയ സംരംഭം.

‘ഗാര റൂഫാ’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചെറിയ ഇനം മത്സ്യമാണ് റെഡ് ഗാര. ‘ഡോക്ടർ ഫിഷ്’ എന്നും ഈ മീനുകൾ അറിയപ്പെടുന്നു. ഈ പേരിൽ അറിയപ്പെടാൻ കാരണം അവ ചികിത്സക്കായി ഉപയോഗിക്കുന്നു എന്നത് തന്നെ. അവയുടെ സ്പർശനത്തിലൂടെ മനുഷ്യശരീരത്തിന് നിരവധി ഗുണങ്ങൾ ലഭ്യമാകുന്നു. സ്പാകളിൽ ഉപയോഗിക്കുന്ന തരം മത്സ്യമാണിത്. പതിയെ കാലുകൾ വെള്ളത്തിൽ ഇറക്കി വെയ്ക്കുമ്പോൾ കാലുകളെ തൊട്ട് തലോടി കടന്നുപോകുന്ന ചെറിയ മീനുകൾ! അവയിന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ഉപയോഗിക്കുന്ന മസാജിംഗ് ഇഫക്ട് ഉള്ള മീനുകളാണ്. ഡെഡ് സെൽസ് എടുത്ത് കളയാനും കൂടുതൽ ഉന്മേഷം പകരാനും ഈ മീനുകളുടെ സ്പർശനം വഴി സാധിക്കും.

“‘സംപ്രീതി’യിൽ മാലാഖാമാരുടെ അടുത്ത് ഈ മത്സ്യത്തെ കൊണ്ടുവരുവാൻ കാരണം, ഇതവർക്ക് കൂടുതൽ ഉന്മേഷം നൽകുന്നതിനും ബ്ലഡ് സർക്കുലേഷൻ പ്രധാനം ചെയ്യുന്നതിനും സഹായിക്കും എന്നതാണ്. ഇവിടുത്തെ ഫിഷ് ടാങ്കിൽ ഇപ്പോൾ ഈ കുഞ്ഞൻ മത്സ്യങ്ങളും ഉണ്ട്. സംപ്രീതിയിലെ മാലാഖാമാർക്ക് തന്നെ ഈ ‘ഫിഷ് സ്പാ’ യിൽ വെള്ളത്തിലേക്ക് കാലുകളിട്ട് ഇരിക്കത്തക്ക രീതിയിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.” -സംപ്രീതിയുടെ ഡയറക്ടർ ഫാ. റ്റിജോ മുണ്ടുനടക്കൽ പറയുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഗാര റൂഫ, സ്പാ ചികിത്സക്കായി ഉപയോഗിച്ചു വരുന്നു. ഈ ചെറു മീനുകൾ സോറിയാസിസ് രോഗികളുടെ സ്ട്രാറ്റം കോർണിയം ചർമ്മ പാളികൾ ഭക്ഷിക്കുന്നതിലൂടെ അവ നീക്കം ചെയ്യുന്നു. ഇന്ന് വലിയ  ഷോപ്പിങ് മാളുകളിൽ ഒക്കെ ഇതിനുള്ള അവസരങ്ങൾ ഉണ്ട്. ഇത്തരം സ്പാകളിൽ പത്ത് മിനിറ്റ് സമയത്തേക്ക് തന്നെ നൂറ് രൂപ നിരക്കാണ് ഉള്ളത്.

2012-ലാണ് മാനസിക വെല്ലുവിളി നേരിടുന്ന, സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരും ആരോരുമില്ലാത്തവരുമായ മക്കൾക്കായി ‘സംപ്രീതി’ എന്ന ഭവനം സ്ഥാപിതമാകുന്നത്. ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ (എംസിബിഎസ്) നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഫാ. റ്റിജോ മുണ്ടുനടക്കൽ ആണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.