വേദനകളെ പുഞ്ചിരിയോടെ നേരിട്ട് പറന്നകന്ന ഈശോയുടെ കൂട്ടുകാരി

മരിയ മെഴ്‌സിഡസ് കുജോ ബ്ലാസ്കോ എന്ന സ്പാനിഷ് യുവതി ലോകത്തിലേക്ക്  ജനിച്ചുവീണതു തന്നെ വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ്. 1989 മെയ് 12-ന് ജനിച്ച കുഞ്ഞിനെ, അവളുടെ മാതാപിതാക്കളെ ഏൽപിക്കുമ്പോൾ ഡോക്ടർ പറഞ്ഞത്, ‘ഈ കുഞ്ഞിന്റെ തലയുടെ വലിപ്പം മൂലം ലോകത്തിലേക്കുള്ള കടന്നുവരവ് പോലും അസാധ്യമായ ഒന്നായിരുന്നു. എന്നാൽ അവൾ ആരോഗ്യവതിയായി കാണപ്പെടുന്നു’ എന്നാണ്. ദൈവത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ട് അന്നു മുതൽ ആ മാതാപിതാക്കൾ മകളെ വളർത്തി. 1998 മെയ് 8-ന് അവൾ തന്റെ ആദ്യകുർബാന സ്വീകരണം നടത്തി. അന്നു മുതൽ അവൾ ഈശോയെ തന്റെ ഉള്ളിൽ വഹിച്ചുതുടങ്ങിയിരുന്നു.

മരിയ വളർന്ന് ഒരു കായികതാരമായി മാറി. ഡാൻസും പെയിന്റിങ്ങും ഒക്കെ ഹരമാക്കി അവൾ തന്റെ ജീവിതം ഏറ്റവും സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോയി. 2012-ൽ മരിയ തന്റെ നിയമബിരുദവും പൂർത്തിയാക്കി. അങ്ങനെയിരിക്കെയാണ് സുഹൃത്തുക്കളുമൊത്ത് അവൾ ഒരു യാത്ര നടത്തുന്നത്. ജർമ്മൻ നഗരമായ മ്യൂണിക്കിലേക്കു നടത്തിയ ആ യാത്ര പലതരത്തിലുള്ള ദൈവാനുഭവങ്ങൾ അവൾക്ക് സമ്മാനിച്ചു. താൻ ഒറ്റയ്ക്കല്ല, തന്നോടൊപ്പം ക്രിസ്തുവുണ്ട് എന്ന ശക്തമായ ബോധ്യം മരിയയിൽ ഉടലെടുത്തു. ആ ബോധ്യത്തിന്റെ വെളിച്ചത്തിൽ മരിയയും സുഹൃത്തുക്കളും ചേർന്ന് ‘യൂത്ത് ഓഫ് ദ ഫൗണ്ടേഷൻ ട്രൂ ഡിവോഷൻ ടു ദ ഹാർട്ട് ഓഫ് ജീസസ്’ എന്ന കൂട്ടായ്മ രൂപീകരിച്ചു. ഈശോയുടെ തിരുഹൃദയത്തിലേക്ക് പിന്നീടുള്ള ഓരോ ദിവസവും അവൾ അടുത്തുകൊണ്ടിരുന്നു.

പരീക്ഷണം പോലെ കടന്നുവന്ന സഹനം

അങ്ങനെയിരിക്കെയാണ് 2019-ൽ മരിയക്ക് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. സാധാരണ ആളുകളെപ്പോലെ ആ വാർത്ത അവളെ വേദനയിപ്പിക്കുകയല്ല, മറിച്ച് സന്തോഷിപ്പിക്കുകയായിരുന്നു ചെയ്തത്. കാരണം ഈ വേദനകളിലൂടെ തനിക്കും ദൈവത്തിന്റെ സഹനത്തിൽ പങ്കുചേരാൻ കഴിയുമല്ലോ എന്നും ഈശോയുടെ സ്വർഗ്ഗീയഭവനത്തിലേക്ക് എത്താൻ കഴിയുമല്ലോ എന്നതും അവളെ സന്തോഷിപ്പിച്ചു. “എനിക്ക് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യം ഞാൻ സുഖം പ്രാപിക്കുന്നു എന്നതാണ്; ഏറ്റവും നല്ല കാര്യം ഞാൻ സ്വർഗത്തിലേക്ക് പോകുന്നു എന്നതാണ്. അതിനാൽ, നിങ്ങൾ ഏതു രീതിയിൽ നോക്കിയാലും എല്ലാം നല്ലതാണ്” – മരിയയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

ആരോഗ്യസ്ഥിതി മോശമായതോടെ ചികിത്സകളും കീമോ തെറാപ്പിയും ആരംഭിച്ചു. കീമോ തെറാപ്പിയിലൂടെ തന്റെ തലമുടി നഷപ്പെടുമെന്ന ബോധ്യം ഉണ്ടായതിനാൽ 2020-ലെ ക്രിസ്തുമസിന് ഉണ്ണീശോയ്ക്കു സമ്മാനമായി അവൾ തന്റെ മുടി നൽകി.

ചികിത്സകൾ ആരംഭിച്ചു. രോഗശയ്യയിൽ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയിലും ദൈവം തനിക്കായി ഒരു വലിയ ജോലി ഏൽപിച്ചിട്ടുണ്ടെന്ന് അവൾ പറയുമായിരുന്നു. “ആത്മാക്കളെ യേശുവിലേക്ക് കൊണ്ടുവരിക” എന്ന ജോലിയാണ് ഇപ്പോൾ തനിക്കെന്ന് ചിരിച്ച മുഖത്തോടെ പറയുന്ന മരിയ എല്ലാവർക്കും അത്ഭുതമായി മാറുകയായിരുന്നു. “എന്റെ അസുഖകാലത്ത് ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം ഞാൻ അനുഭവിച്ചു. എന്റെ കുരിശിൽ ഞാൻ പൂർണ്ണമായും സന്തോഷവതിയായിരുന്നു” – അവൾ പറഞ്ഞു.

ഫാത്തിമ മാതാവിന്റെ തിരുനാൾ ദിവസമായ മെയ് 13-ന് കീമോ തെറാപ്പി സൈക്കിളുകൾ അവസാനിച്ചു. വൈകാതെ തന്നെ ഓപ്പറേഷനുള്ള തീയതിയും നിശ്ചയിക്കപ്പെട്ടു. ഈ ദിവസങ്ങളിൽ ദൈവഹിതം നടക്കാൻ അവൾ പ്രാർത്ഥിച്ച് ഒരുങ്ങി. ഓപ്പറേഷൻ നടത്തിയെങ്കിലും അത്ഭുതമെന്നു പറയട്ടെ, മുൻപുള്ള കാൻസർ റിപ്പോർട്ടുകളിൽ പറയുന്നതുപോലെ ആ രോഗാവസ്ഥയുടെ ഒരു ലക്ഷണവും കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.

ഓപ്പറേഷന്റെ സമയത്തെ ദൈവാനുഭം

ഓപ്പറേഷൻ തിയേറ്ററിൽ കയറുന്നതിനു മുൻപ് അവൾ നന്നായി പ്രാർത്ഥിച്ച് ഒരുങ്ങിയിരുന്നു. കുമ്പസാരവും ബലിയർപ്പണവും ദിവകാരുണ്യ സ്വീകരണവും നടത്തിയതിനു ശേഷമായിരുന്നു ഓപ്പറേഷനായി അവൾ എത്തിയത്.

അങ്ങനെ ഓപ്പറേഷൻ റൂമിൽ എത്തി. “ഞാൻ യേശുവിന് എന്നെത്തന്നെ ഏൽപിച്ചുകൊടുത്തു. എല്ലാം അവന് വാഗ്ദാനം ചെയ്തു. ഓപ്പറേഷൻ സമയത്ത് ആ തീയേറ്റർ കാൽവരിയായി മാറി; ഓപ്പറേഷൻ ടേബിൾ കുരിശായും. ഓപ്പറേഷൻ തുടങ്ങുന്നതിനു മുൻപ് ഡോക്ടർ വന്നു പറഞ്ഞു: തലയിൽ ഒരു ബാൻഡ് കെട്ടുകയാണ്. അൽപം മുറുകെ ആയിരിക്കും എന്ന്. ആ അവസരത്തിൽ എനിക്ക് മുന്നിലെത്തിയത് ഈശോയെ മുൾമുടി ധരിപ്പിക്കുന്ന സന്ദർഭമാണ്. എന്റെ ശിരസിലും അവിടുത്തെ മുൾമുടി വയ്ക്കപ്പെട്ടിരിക്കുന്നു. ആ നിമിഷം ആ വേദനകളൊന്നും എന്നെ അലോസരപ്പെടുത്തിയില്ല” – മരിയ പറയുന്നു.

ഓപ്പറേഷനു ശേഷം ആ വേദനകളെയെല്ലാം കുരിശിനോട് ചേർത്തുവച്ച് അവൾ അതിജീവിച്ചു. “ഞാൻ വളരെ സെൻസിറ്റിവായ വ്യക്തിയാണ്. ആ എനിക്ക് ഇതെല്ലാം സഹിക്കാനുള്ള ശക്തി ലഭിച്ചത് ക്രിസ്തുവിൽ നിന്നാണ്” – അവൾ പറഞ്ഞു. ഓപ്പറേഷനു ശേഷം മരിയ കൂടുതൽ ശക്തയായി ജീവിതത്തിലേക്ക് തിരിച്ചുവന്നു; അതിലും ശക്തമായിരുന്നു അവളുടെ വിശ്വാസവും. അങ്ങനെ അവൾ തിരികെ അത്‌ലറ്റിക് ഫീൽഡിലേക്ക് തിരിച്ചെത്തി എക്സർസൈസുകളും പരിശീലനവും മറ്റും തുടർന്നുകൊണ്ടേയിരുന്നു.

വീണ്ടും ട്യൂമർ; പരീക്ഷണങ്ങളിൽ തളരാതെ മരിയയും

പതിവുപോലെ നടന്ന പരിശീലനങ്ങൾക്കിടയിലാണ് മരിയക്ക് കാലിന് അസഹനീയമായ വേദന വരുന്നത്. വൈദ്യപരിശോധനയിൽ അവൾക്ക് നട്ടെല്ലിൽ നിരവധി മുഴകളുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ ആ വാർത്തയും അവളെ ദുഃഖത്തിലേക്കും നിരാശയിലേക്കും തള്ളിവിട്ടില്ല. “കൂന് വരുന്നതായി തോന്നുന്നു” എന്ന് പറഞ്ഞു അവൾ അതിനെ തമാശപൂർവ്വം നേരിടുകയാണ് ചെയ്തത്. “ദൈവം നമ്മെ കാത്തിരിക്കുന്നു എന്ന് സ്വർഗ്ഗത്തിന് അറിയാം. അതുകൊണ്ടാണ് അവൻ ഇവിടെ നമുക്ക് കൂടുതൽ കഷ്ടപ്പാടുകൾ അനുവദിക്കുന്നത്. കാരണം അവയൊന്നും അവൻ അനുഭവിച്ച വേദനകളുമായുള്ള താരതമ്യത്തിൽ ഒന്നുമല്ല” – അവൾ പറഞ്ഞു.

ആഗസ്റ്റ് 5-ന് അവൾ ദൈവാലയത്തിൽ എത്തി. സൂര്യകാന്തിപ്പൂക്കളാൽ തീർത്ത ഒരു വലിയ ബൊക്കയുമായിട്ടായിരുന്നു അവൾ വന്നത്. അത് അവൾ ദൈവതിരുമുമ്പിൽ സമർപ്പിച്ചു മടങ്ങി. അന്ന് രാത്രി തലവേദന രൂക്ഷമാവുകയും ആശുപത്രിയിലെത്തിച്ച അവൾക്ക് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും ചെയ്തു. ആഗസ്റ്റ് ആറാം തീയതി അവളുടെ ശരീരവും നിശ്ചലമായി. മരണത്തിനു മുൻപുള്ള സമയങ്ങളിൽ അവൾ പറയുമായിരുന്നു: ഇപ്പോൾ എനിക്ക് 33 വയസ്. ഈശോയുടെ അതേ പ്രായം!

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.