കളിയാരവങ്ങൾക്കിടയിൽ പ്രാർത്ഥനയോടെ ഒരു സ്ത്രീ; ഖത്തർ സ്റ്റേഡിയത്തിലെ വേറിട്ട കാഴ്ച

ഖത്തർ സ്റ്റേഡിയത്തിൽ, കോസ്റ്റാറിക്ക ജപ്പാനുമായി ഏറ്റുമുട്ടുമ്പോൾ പ്രാർത്ഥനയിലായിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ലോകവ്യാപകമായി വൈറലായി മാറിയിരുന്നു. “സ്‌റ്റേഡിയത്തിലെ എന്റെ ഈ ഫോട്ടോ ഇത്രയേറെ പ്രചരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ യേശുവിലും പരിശുദ്ധ മറിയത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്. ഈ കളിയിലുടനീളം ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. കളിയുടെ അവസാനഭാഗം ഞാൻ കണ്ടില്ല എന്നതാണ് സത്യം. ആ സമയമൊക്കെ ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു”- വൈറലായി മാറിയ ആ കോസ്റ്റാറിക്കക്കാരി സോണിയ റോഡ്രിഗസിന്റെ വാക്കുകളാണ് ഇത്.

ജപ്പാനെതിരായ അവരുടെ ടീമിന്റെ അവസാന മത്സരത്തിൽ ഖത്തറിലെ സ്റ്റേഡിയത്തിനുള്ളിൽ ഇരുന്നുകൊണ്ട് സോണിയ തന്റെ ടീമിന്റെ വിജയത്തിനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ആ പ്രാർത്ഥനയുടെ ഇടയിൽ ആരോ പകർത്തിയ ചിത്രമാണ് വൈറലായി മാറിയത്. എന്തായാലും അവരുടെ പ്രാർത്ഥന ഫലം കണ്ടു. കോസ്റ്റാറിക്ക ഒരു ഗോളിന് മത്സരം വിജയിക്കുകയും ചെയ്തു. “പരാജയങ്ങൾ ഉണ്ടാകാം; എങ്കിലും മുന്നോട്ടു പോവുക. വീണാലും വീണ്ടും എഴുന്നേൽക്കണം. അടുത്ത കളിക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു” – സോണിയ പറയുന്നു.

2022- ലെ ഖത്തർ ലോകകപ്പിനിടെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടയിലാണ് സോണിയയുടെ, പ്രാർത്ഥിക്കുന്ന ചിത്രം പകർത്തപ്പെട്ടതും ലോകത്തിനു മുന്നിൽ കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യമായി അത് മാറിയതും. സ്പെയിനിനെതിരെ 7-0 ന് വലിയ തോൽവി ഏറ്റുവാങ്ങിയ കോസ്റ്റാറിക്കയ്ക്ക് ജപ്പാനെതിരെയുള്ള മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.