‘ദയനീയം ഈ അവസ്ഥ’ – ദൈവാലയമില്ലാതെ ഈസ്റ്റർ ആഘോഷിക്കാനൊരുങ്ങുന്ന ഒരു ഉക്രേനിയൻ ഗ്രാമം

വടക്കൻ ഉക്രൈനിലെ ലുകാഷിവ്ക എന്ന ചെറിയ ഗ്രാമത്തിൽ ഓർത്തഡോക്സ് വിശ്വാസികളുടെ ഈസ്റ്റർ ദിനമായ ഏപ്രിൽ 24 -ന് ഈസ്റ്റർ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല. ഇഷ്ടികയും കരിങ്കല്ലും കൊണ്ട് നിർമ്മിച്ച ആ ദൈവാലയത്തിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒരു ലോഹക്കുരിശ് മാത്രമാണ്. ചുറ്റുപാടും, ചിതറിക്കിടക്കുന്ന ഇഷ്ടികകളും യുദ്ധത്തിന്റെ വേദനിപ്പിക്കുന്ന ഓർമ്മകളും മാത്രം.

ആ ദൈവാലയത്തെ റഷ്യൻ സൈനികർ വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാക്കി മാറ്റിയെന്ന് പ്രദേശവാസികൾ വേദനയോടെ പറയുന്നു. റഷ്യൻ സൈന്യം അവിടെ നിന്നും പോകാൻ വേണ്ടി ഉക്രേനിയൻ സൈന്യം അവിടെ ഷെല്ലാക്രമണം നടത്തി. ഈ ദൈവാലയത്തിന്റെ സ്വർണ്ണത്താഴികക്കുടങ്ങളിൽ ഒന്ന് പൊട്ടിത്തെറിച്ചു. അതിന്റെ സ്വർണ്ണം പൂശിയ കുരിശ് ഒരു പുറംഭിത്തിയിൽ ഉയർത്തിയിരിക്കുന്നു.

“വളരെ ദയനീയമാണ് ഈ അവസ്ഥ” – 70 വയസ്സുള്ള പ്രദേശവാസിയായ വാലന്റീന ഇവാനിവ്ന പറയുന്നു. ഓർത്തഡോക്‌സ് വിശ്വാസികളുടെ ദുഃഖവെള്ളിയാഴ്ച ദിനം ആളുകൾ സമീപത്ത് ഉപേക്ഷിച്ച റഷ്യൻ സൈനികവാഹനങ്ങൾ പൊളിച്ചുമാറ്റുമ്പോൾ വേദനയോടെ നോക്കിനിൽക്കാനേ അവർക്ക് ആകുമായിരുന്നുള്ളൂ.

ചെർനിഹിവ് നഗരത്തിനടുത്തുള്ള ഒരു ഗ്രാമമായ ലുകാഷിവ്കയിലെ ഈ ദൈവാലയം രണ്ടാം ലോകമഹായുദ്ധത്തെയും സോവിയറ്റ് യൂണിയന്റെ അതികഠിനമായ വർഷങ്ങളെയും അതിജീവിച്ചതാണ്. അന്ന് ദൈവാലയത്തിൽ നിന്നും വിശ്വാസപരമായ വസ്തുക്കൾ നീക്കം ചെയ്തിരുന്നുവെങ്കിലും ദൈവാലയത്തിന് ഒരു കേടുപാടും സംഭവിച്ചിരുന്നില്ല. റഷ്യയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്ന ദൈവാലയത്തിന്റെ പഴയ ഭംഗി വീണ്ടെടുക്കാൻ വർഷങ്ങളെടുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

ദൈവാലയ മണികളും നിലംപതിച്ചു. അത് വെടിമരുന്ന് കേസിംഗുകളും റഷ്യക്കാർ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച ടിൻ ചെയ്ത മാംസത്തിന്റെ ക്യാനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. മെഴുകുതിരി സ്റ്റാൻഡിന്റെ അവശിഷ്ടങ്ങളും ഒരു ചളുങ്ങിയ ചായപ്പാത്രവും ദൈവാലയപരിസരങ്ങളിൽ ചിതറിക്കിടക്കുന്നുണ്ട്.

ഈ വലിയ ആഴ്ചയിൽ ഈസ്റ്റർ ബ്രെഡ് ഉണ്ടാക്കാൻ അവർക്ക് ഗ്യാസ് ലഭ്യമല്ല. യേശുവിന്റെ ഉയിർപ്പ് നൽകുന്ന പ്രത്യാശയാണ് അവരെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നത്.

“ഓർക്കുക, യേശു ഉയിർത്തെഴുന്നേറ്റു. ഉക്രൈനും അതു തന്നെ ചെയ്യും” – സൈനിക ചാപ്ലിൻ ഗ്രാമവാസികളോടു പറഞ്ഞു. റഷ്യക്കാർ പിടിച്ചെടുക്കാൻ തീരുമാനിച്ച തെക്കൻ നഗരമായ മരിയുപോൾ പോലുള്ള സ്ഥലങ്ങളിൽ മുൻനിരയിലുള്ളവർക്കായി പ്രാർത്ഥിക്കാൻ അദ്ദേഹം ഗ്രാമീണരോട് ആഹ്വാനം ചെയ്തു. ദൈവാലയത്തിന് പുറത്ത് ആക്രമണത്തിനായി വിക്ഷേപിച്ച ഒരു റോക്കറ്റിന്റെ ചിറകുള്ള ഭാഗം ചെളിയിൽ പൂണ്ടുകിടക്കുന്നു. എന്തൊക്കെ നഷ്ടപ്പെട്ടാലും ഈ ദൈവാലയം പുനർനിർമ്മിക്കുമെന്ന തീരുമാനത്തിലാണ് ഗ്രാമവാസികൾ. ഒരുവശത്ത് യുദ്ധം അതിതീവ്രമായി തുടരുമ്പോഴും അതിജീവനത്തിന്റെ പാതയിലാണ് ലുകാഷിവ്ക നിവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.