“ജപമാല ആയിരുന്നു ആ ദിനങ്ങളിലെ ഏക ആശ്രയം”: ഭീകരരുടെ കയ്യിൽ നിന്നും രക്ഷപെട്ട സി. ഗ്ലോറിയ നർവേസിന്റെ സാക്ഷ്യം

നാലു വർഷവും എട്ടു മാസവും ഇസ്ലാമിക ഭീകരരുടെ തടവിലായിരുന്ന സി. ഗ്ലോറിയ നർവേസ്, തട്ടിക്കൊണ്ടു പോകപ്പെട്ട പ്രയാസകരമായ ആ ദിനങ്ങളെ താൻ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ദൈവവചനം മനസിൽ ഉരുവിടുകയും ജപമാല ചൊല്ലുകയും സങ്കീർത്തനങ്ങൾ ചൊല്ലുകയും ചെയ്തതിലൂടെയാണ് തനിക്ക് ആ പരീക്ഷണസമയത്തെ അതിജീവിക്കാൻ സാധിച്ചതെന്ന് സി. ഗ്ലോറിയ വെളിപ്പെടുത്തുന്നു.

തീവ്രവാദികളുടെ കയ്യിൽ തടവിലായിരുന്ന സമയത്ത് തന്റെ കയ്യിൽ ഒരു ബൈബിൾ പോലും ഉണ്ടായിരുന്നില്ലെന്ന് സിസ്റ്റർ പറയുന്നു. എങ്കിലും ആഫ്രിക്കയിലെ ആ മരുഭൂമിയുടെ നിശ്ശബ്ദതയിൽ സിസ്റ്റർ ദൈവവചനം മനസ്സിൽ ഏറ്റുപറഞ്ഞു. സങ്കീർത്തനങ്ങൾ ചൊല്ലി പ്രാർത്ഥിച്ചിരുന്നു. “എന്റെ അധരത്തിലും ഹൃദയത്തിലും ദൈവവചനങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ ഞാൻ അപകടനിമിഷങ്ങളെയൊക്കെ തരണം ചെയ്തു. പല അപകടങ്ങളിൽ നിന്നും എന്നെ രക്ഷിച്ചത് ജപമാലയായിരുന്നു” – സിസ്റ്റർ വെളിപ്പെടുത്തുന്നു.

ആ അഞ്ച് വർഷത്തിൽ എല്ലാ സമയങ്ങളിലും ദൈവസ്നേഹത്തിന്റെ അനുഭവം സ്വന്തമാക്കാൻ തനിക്ക് കഴിഞ്ഞുവെന്നും സങ്കീർത്തനങ്ങൾ തന്നെ ശക്തിപ്പെടുത്തിയെന്നും സിസ്റ്റർ ഗ്ലോറിയ പറയുന്നു. സാധിക്കുന്ന എല്ലാ രാത്രിയിലും 91-ാം സങ്കീർത്തനം ചൊല്ലി സിസ്റ്റർ പ്രാർത്ഥിക്കുമായിരുന്നു.

ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീ സമൂഹത്തിലെ അംഗമായിരുന്ന സി. ഗ്ലോറിയയെ 2017 ഫെബ്രുവരി 7- നാണ് മാലിയിൽ നിന്നും അൽ ഖ്വയ്ദയുമായി ബന്ധമുള്ള സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്‌ലാം ആൻഡ് മുസ്ലിംസ് (എസ്‌ജിഐഎം) തട്ടിക്കൊണ്ടു പോയത്. 2021 ഒക്ടോബറിൽ സിസ്റ്ററിനെ മോചിപ്പിക്കുന്നതു വരെ തടവിലാക്കിയിരുന്നു അവർ. സിസ്റ്റർ ഗ്ലോറിയ പറഞ്ഞു: തടവിലായിരുന്ന ദിവസങ്ങളിൽ ആഴ്‌ചകളെക്കുറിച്ചോ, ദിവസങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ല. ഏത് ആരാധനാക്രമ കാലത്തിലാണെന്നു പോലും എന്ന് തനിക്ക് അറിയില്ലായിരുന്നു. ഞാൻ തന്നെ മനസിൽ കരുതി. ‘ഒരുപക്ഷേ ഇത് ക്രിസ്തുമസ് ആയിരിക്കാം. ജപമാല ചൊല്ലി പ്രാർത്ഥിക്കാം. മറ്റു ചിലപ്പോൾ വിശുദ്ധവാരം ആയിരിക്കാം എന്ന് വിചാരിച്ചുകൊണ്ട് കുരിശിന്റെ വഴി ചൊല്ലിയും പ്രാർത്ഥിക്കുമായിരുന്നു” – സിസ്റ്റർ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.